ഒരു കൃഷിക്കാരന്റെയടുക്കൽ ധാരാളം വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു. പോത്ത്, എരുമ, കാള, ആട്, തുടങ്ങി ഇത്തിരിപ്പോന്ന മുയലുകൾ വരെ അക്കൂട്ടത്തിലുണ്ടാായിരുന്നു.
അങ്ങനെയിരിക്കെ, അക്കൂട്ടത്തിലൊരു മുയലിനു പോത്തുമായി ചങ്ങാത്തം കൂടണമെന്ന് മോഹമുദിച്ചു. വിവരം പോത്തിനെ അറിയിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഹ! ഹ! ഹ! നല്ല ആഗ്രഹം തന്നെ! ഞാൻ അമർത്തിയൊന്നു ഊതിയാൽ പറന്നു പോകുന്ന നിന്നോട് കൂട്ട് കൂടുകയോ…..! ആർക്കുമുന്നിലും തലകുനിക്കാത്തവനാണ് ഞാൻ. അങ്ങനെയുളളവരുമായി മാത്രമേ ഞാൻ കൂട്ടുകൂടൂ….” പോത്തിന്റെ അഹന്ത നിറഞ്ഞ പരിഹാസം മുയലിനെ വല്ലാതെ വേദനിപ്പിച്ചു. അവൻ പിന്നീടൊന്നും പറഞ്ഞില്ല.
പിന്നീടൊരു ദിവസം കൃഷിക്കാരൻ മറ്റൊരാളുമായി ആലയിലെത്തി. ഒരു കശാപ്പുകാരനായിരുന്നു അത്. അറയിൽ തൂക്കിയ വലിയ കത്തിയും ഉണ്ടക്കണ്ണുകളും കണ്ടപ്പോഴേ മുയലിനു ആളെ മനസ്സിലായി.
“ടെ.. ഇവനെത്തന്നെ മതി…. ഒരു ക്വിന്റൽ ഇറച്ചിക്കിവൻ ധാരാളം മതി…..” കൃഷിക്കാരൻ പോത്തിനെ കശാപ്പുകാരന് വിറ്റു. കഴുത്തിൽ കയറിട്ടു പോത്തിനെ കൊണ്ടു പോകുന്നത് കണ്ടപ്പോൾ പാവം മുയലിനു കരച്ചിൽ വന്നു.
നോക്കണേ, വലിയ ആളാണെന്ന് ഭാവിച്ച പോത്തിന്റെ കഷ്‌ടകാലം….!
Generated from archived content: kattu1_sep14_10.html Author: gifu_melattur