കുരങ്ങച്ചനും കാക്കകളും

പണ്ടൊരു ദേശത്തു അഹങ്കാരിയായ ഒരു കുരങ്ങച്ചനുണ്ടായിരുന്നു. ധാരാളം കാക്കകൾ താമസിക്കുന്ന ഒരു അരയാലിലായിരുന്നു കുരങ്ങച്ചന്റെയും താമസം. “ഞാൻ മനുഷ്യരുടെ ബന്ധുവാണ്‌. കണ്ടില്ലെ എന്റെ കൈയും കാലുമൊക്കെ” കുരങ്ങച്ചൻ സദാ വീമ്പിളക്കുമായിരുന്നു. വൈകാതെ മഴക്കാലം വന്നെത്താറായി. കാക്കകൾ ചുള്ളിക്കമ്പും ഉണക്കപ്പുല്ലും തൂവലും ഉപയോഗിച്ച്‌ ഉറപ്പുള്ള കൂടു പണിയാൻ തുടങ്ങി. അതെല്ലാം കണ്ടു വെറുതെയിരിക്കുകയായിരുന്ന കുരങ്ങച്ചനോട്‌ കാക്കകളിലെ തലമൂത്ത അമ്മാവൻ പറഞ്ഞു “കുരങ്ങച്ചാ, മഴക്കാലത്തിനു താമസമൊന്നുമില്ല…. അതിനു മുമ്പു മഴ നനയാത്ത ഒരിടം കണ്ടുപിടിച്ചുകൊള്ളൂട്ടോ….”

അതു കേട്ടപ്പോൾ കുരങ്ങച്ചൻ പൊട്ടിച്ചിരിച്ചു. “ഹാ…..ഹാ…….ഹാ…. മഴയൊക്കെ എനിക്കു പുല്ലാ…. മനുഷ്യരെപോലെ നല്ല വീടുണ്ടാക്കാൻ എനിക്കു പറ്റും….”

ഗ്രാമത്തിലെ ആളുകൾ കുടിലുകൾ ഉണ്ടാക്കുന്നത്‌ കുരങ്ങച്ചൻ കണ്ടിരുന്നു. അതുപോലെ ഒന്നു പണിയാൻ അവനും ശ്രമം ആരംഭിച്ചു. ഉണക്കക്കമ്പും ഇലയും പുല്ലുമൊക്കെ ചേർത്തു അവൻ വീടു പണിതു തീർത്തു. അങ്ങനെ മഴക്കാലം കലശലായി. കുരങ്ങച്ചന്റെ വീടു നിലം പൊത്തി. മനുഷ്യരെപ്പോലെ ഉറപ്പുള്ള വീടുണ്ടാക്കാൻ കുരങ്ങച്ചനുണ്ടോ പറ്റുന്നു….!

മഴയും കൊണ്ട്‌ തണുത്തു വിറച്ചിരിക്കുന്ന കുരങ്ങച്ചനെ നോക്കി കാക്ക മുത്തച്‌ഛൻ കൂട്ടിലിരുന്നുകൊണ്ടു പറഞ്ഞു. “പ്രകൃതിയെ മറന്നു മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കുന്നത്‌ മിടുക്കൊന്നുമല്ല കുരങ്ങച്ച…. ചുള്ളിക്കമ്പു ഉപയോഗിച്ചു ഞങ്ങൾ ഉണ്ടാക്കിയ വീട്‌ ഇതാ വീഴാതെ നിൽക്കുന്നു… മറ്റുള്ളവരെ അനുകരിക്കാൻ ശ്രമിക്കാതെ, സ്വന്തം കഴിവുകൾ കൊണ്ട്‌ ജീവിക്കാൻ ശ്രമിച്ചിരുന്നെങ്കിൽ കുരങ്ങച്ചന്‌ ഈ ഗതി വരുമായിരുന്നോ?” കുരങ്ങച്ചന്‌ ഉത്തരമൊന്നുമില്ലായിരുന്നു.

Generated from archived content: kattu1_nov22_10.html Author: gifu_melattur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here