പ്രപഞ്ച ജീവികൾ ജനിച്ചിടും മുന്നേ
പ്രകൃതിയീവിധ മുണർന്നിടും മുമ്പേ
ജനിച്ചു വീണതീച്ചെടികളല്ലയോ
തനിച്ചല്ലാ പൂപ്പൽകുരുന്നായെങ്ങുമേ
അതിൽ നിന്നും പിന്നെ തരാതരങ്ങളായ്
ക്ഷിതിയിലെമ്പാടും നിറഞ്ഞു വൃക്ഷങ്ങൾ
ക്ഷണനേരത്താലേ നടന്നതല്ലിവ
ക്ഷമയോടെ പല യുഗയുഗങ്ങായ്
അണുക്കളായ് പണ്ട് കടൽ ജലത്തിലായ്
അസംഖ്യമായ് ജീവൻ ഉറഞ്ഞുകൂടുന്നു.
അതിൽ നിന്നും ചിലർ കരയ്‌ക്കു കേറുന്നു.
സ്വതന്ത്രമായ് നില്‌ക്കാൻ ശ്രമിച്ചു നേടുന്നു
എവിടുന്നെത്തിയീ കണികകൾ ജീവൻ
ജഗത്തിനേകുവാനറിഞ്ഞതില്ല ഞാൻ
അതിൻപൊരുൾ തേടിത്തളരുന്നൂ ജ്ഞാനി-
യതങ്ങു നിൽക്കട്ടേയറിഞ്ഞതുകേൾക്കൂ
ലതകളും കുറ്റിച്ചെടികളും തണൽ
മരങ്ങളും പിന്നെതൃണങ്ങളും കൂടി
ഹരിതകമ്പളം ധരയ്‌ക്കു നൽകുന്നി-
തരിയ കൗതുകം നമുക്കുമേകുന്നു.
Generated from archived content: nurse1_may12_11.html Author: dr.jks_veetoor