കേശു ശുദ്ധഗതിക്കാരനായ ഒരു കൃഷിക്കാരനാണ്. ഭാര്യ ദുര്‍മ്മോഹിയായ കാര്‍ത്തു. പറമ്പില്‍ കപ്പയും വാഴയും ചേമ്പും നട്ടു പിടിപ്പിച്ചിട്ടുണ്ട് . കുറച്ച് ചേന നടണമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് സൂട്ടും കോട്ടുമിട്ട ഒരു ചെറുപ്പക്കാരന്‍ ആ വഴി വന്നത്. വിരണ്ടു പോയ കേശുവിനോട് ചെറുപ്പക്കാരന്‍ പറഞ്ഞു.
” പേടിക്കേണ്ട ഞാന്‍ വിത്തു വില്പ്പനക്കാരനാണ്.”
” എന്ത് വിത്ത്”
” ചേന വിത്ത് …സ്വര്‍ണ്ണ ചേന”
” സ്വര്‍ണ്ണചേനയോ? എന്താ വില?”
സ്വര്‍ണ്ണമെന്നു കേട്ടപ്പോഴേ കാര്‍ത്തു ചാടിവീണൂ.
” വില അല്പ്പം കൂടുതലാ… കിലോക്ക് നൂറു രൂപ”
”നൂറു രൂപയോ? എന്താ ഈ ചേനയുടെ പ്രത്യേകത?”
”ഈ ചേനവിത്ത് കുഴിച്ചിട്ടാല്‍ കൃത്യം ഒരു വര്‍ഷം കഴിയുമ്പോള്‍ ഒറിജിനല്‍ സ്വര്‍ണ്ണചേന കുഴിച്ചെടുക്കാം”
” ഒറിജിനല്‍ സ്വര്‍ണ്ണമോ!!!എങ്കി എനിക്ക് നൂറു കിലോ ചേന വിത്ത് വേണം ” കാര്‍ത്തു പറഞ്ഞു.
” എടീ ഇങ്ങ് വന്നേ ഞാനൊന്നു പറയട്ടെ”
”എന്താ”
കേശു ഭാര്യയെ ദൂരേക്കു മാറ്റി നിര്‍ത്തി പറഞ്ഞു
” എടീ ഇത് വെട്ടിപ്പാ ചേന കുഴിച്ചിട്ടാല്‍ സ്വര്‍ണ്ണം കിട്ടത്തില്ലടീ”
” നിങ്ങളൊന്നു ചുമ്മാതിരി മനുഷ്യാ ഈ ദാരിദ്ര്യത്തില്‍ നിന്നും നമുക്കൊന്നു കരകയറേണ്ടേ? അതിനുള്ള അവസരമാ ഇപ്പോ നമ്മുടെ മുന്നില്‍ വന്നിരിക്കുന്നത്”
”ശരി നിന്റെ ഇഷ്ടം പോലെ ”
അങ്ങനെ കടം വാങ്ങിയ പതിനായിരം രൂപ കൊടുത്ത് നൂറു കിലോ ചേന വിത്ത് വാങ്ങി പറമ്പില്‍ കുഴിച്ചിട്ടു. വര്‍ഷം ഒന്നു കടന്നു പോയി.
വിളവെടുപ്പ് ദിവസം കാര്‍ത്തു തുള്ളിച്ചാടി.
” ഇന്നു മുതല്‍ നമ്മള്‍ കോടീശ്വരരാകും മനുഷ്യാ നോക്കിക്കോ”
പക്ഷെ കേശുവിന്റെ മുഖത്ത് യാതൊരു സന്തോഷവും കണ്ടില്ല.
കേശുവും കാര്‍ത്തുവും കൂടി ചേന മുഴുവന്‍ മാന്തിയെടുത്തു വിയര്‍ത്തു!
” എടീ ഇത് സാധാ ചേനയാണല്ലോ നട്ട വിത്തിനേക്കാള്‍ തീരെ ചെറുതാ കഷ്ടപ്പെട്ടത് മിച്ചം”
” ഒന്ന് ചുമ്മാതിരി മനുഷ്യാ ചേനക്കുള്ളീല്‍ ഒറിജിനല്‍ സ്വര്‍ണ്ണം കാണും നമുക്ക് മുറിച്ചു നോക്കാം”
രണ്ടു പേരും കൂടി ചേന മുഴുവന്‍ കുത്തിയിരുന്ന് മുറിക്കാന്‍ തുടങ്ങി. സ്വര്‍ണ്ണത്തിന്റെ ഒരു തരി പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
” അപ്പോ കള്ളന്‍ നമ്മളെ പറ്റിച്ചതാ അല്ലേ മനുഷ്യാ?”
” എടീ കള്ളന്‍ പറ്റിച്ചതല്ല നിന്റെ അത്യാഗ്രഹം കള്ളന്‍ മുതലെടുത്തതാ അത്യാഗ്രഹം ആപത്താണെന്ന് ഇപ്പോഴെങ്കിലും നിനക്ക് മനസിലായോ ”
Generated from archived content: unnikkatha1_agu29_13.html Author: babu_alappuzha
Click this button or press Ctrl+G to toggle between Malayalam and English