ഒരിടത്ത് രാമു എന്നൊരു ദരിദ്ര ബാലനുണ്ടായിരുന്നു. അവന് സ്വന്തമെന്ന് പറയാന്‍ ആരും ഉണ്ടായിരുന്നില്ല. തികച്ചും അനാഥന്‍. ആരും അവനെ സ്നേഹിച്ചിരുന്നില്ല. എച്ചിലിലകള്‍ നക്കിത്തിന്ന് ഭിക്ഷക്കാരോടൊപ്പം അവന്‍ വളര്‍ന്നു. തെരുവു പട്ടികളായിരുന്നു അവന്റെ കൂട്ടുകാര്‍.
കീറിപ്പറിഞ്ഞ കുപ്പായം. മുടി വളര്‍ന്ന് കാടായി. കണ്ണിലേക്ക് വീഴുന്ന മുടിയിഴകള്‍ അവന്‍ മാടിയൊതുക്കും. അനുസരണയില്ലാത്ത ഈ മുടി വെട്ടിച്ചിട്ടു തന്നെ കാര്യം. രാമു ഒരു മുടിവെട്ടുകാരനെ സമീപിച്ചു. കൂലികൊടുക്കാന്‍ അവന്റെ കൈവശം ചില്ലിക്കാശില്ല. മുടിവെട്ടുകാരന്‍ അവനെ ഓടിച്ചു വിട്ടു. പിന്നീട് പല മുടിവെട്ടുകാരുടെയും മുന്നില്‍ അവന്‍ എത്തി. ആരു തന്നെ അവന്റെ മുടി വെട്ടിക്കൊടുക്കാന്‍ തയ്യാറായില്ല. കാലം അവന്റെ മുടി വളര്‍ത്തിക്കൊണ്ടേയിരുന്നു.
ഒരിക്കല്‍ നല്ലവനായ ഒരു മുടിവെട്ടുകാരന്‍ രാമുവിന്റെ മുടി സൗജന്യമായി വെട്ടാമെന്നേറ്റു. ആദ്യത്തെ മുടിമുറിഞ്ഞ് താഴെ വീണു. അത്ഭുതം! നിലത്തുവീണ മുടി സ്വര്‍ണ്ണമുടിയായി മാറിയിരിക്കുന്നു!!
വീണ്ടും വെട്ടിയിട്ട മുടികളോക്കെ സ്വര്‍ണ്ണമുടികള്‍!!
രാമു പുഞ്ചിരിച്ചുകൊണ്ടേയിരുന്നു.
മുടിവെട്ട് കഴിഞ്ഞ് രാമു സ്വര്‍ണ്ണമുടികള്‍ പെറുക്കിയെടുത്തു. അതില്‍ നിന്നും ഒരു പിടി മുടിവെട്ടുകാരനുകൊടുത്തു. ബാക്കി സ്വര്‍ണ്ണമുടികളുമായി അവന്‍ തെരുവിലേക്കിറങ്ങി.
രാമുവിന്റെ പട്ടിണിമാറി.
പഠിച്ച് മിടുക്കനായി. പണക്കാരനായി.
Generated from archived content: story2_jan14_15.html Author: babu_alappuzha