കാലത്ത് ഉണർന്നപ്പോൾ സൂര്യൻ തലക്കു മുകളിൽ എത്തിയിരുന്നു.
വീട്ടിലാണെങ്കിൽ കാലത്ത് അഞ്ചുമണിക്ക് ടൈംപീസിലെ അലാറം അടിക്കുന്നതോടെ വണ്ടി സ്‌റ്റാർട്ട് ആവും.
വായന, കുളി, റ്റ്യൂഷൻ.
എന്തൊക്കെ അഭ്യാസം കഴിഞ്ഞിട്ടുവേണം സ്‌കൂളിലെത്താൻ. എന്നിട്ടു വേണ്ടേ അതുവരെയുള്ള ക്ഷീണം തീർക്കാൻ, ഒന്നു ഉറങ്ങാൻ!
വീട്ടിലിപ്പോൾ എന്താവും സ്‌ഥിതി?
വീട്ടുകാരെ ഓർക്കുമ്പോൾ സങ്കടം വരുന്നുണ്ട്.
കാണണം എന്ന മോഹവും ഉണ്ട്.
പക്ഷേ, കാട് ഇഷ്‌ടമായി വരുന്നതുപോലെ.
ഇഷ്‌ടം പോലെ തെണ്ടി നടക്കാം. ഇഷ്‌ടം പോലെ കിടന്നുറങ്ങാം.
ജീവിതത്തിൽ ആദ്യം കിട്ടുന്ന സ്വാതന്ത്ര്യം.
“സ്വാതന്ത്ര്യം ഏതുവരെ? അടുത്ത കറുത്തവാവുവരെ….”
റഹിം വിലപിച്ചു.
“അത് ഇടയ്‌ക്കിടെ ഓർമ്മിപ്പിക്കാതെ….”
ബേബി ദേഷ്യപ്പെട്ടു.
“നമുക്ക് കുളിച്ചു വരാം…”
സുനിൽ എഴുന്നേറ്റു.
“കുളിക്കണോ?” വീട്ടിലാകുമ്പോൾ എന്നും കുളിക്കാറുള്ളതല്ലേ?
റഹിം തല ചൊറിഞ്ഞു.
“ലക്ഷക്കണക്കിനു വിലപിടിപ്പുള്ള ആന പല്ലു തേക്കുന്നില്ല കുളിക്കുന്നില്ല അല്ലേ!”
ബേബി റഹീമിനെ കളിയാക്കി.
“കണ്ടാൽ ആന തന്നെ. ആനയോളം തിന്നുകയും ചെയ്യും…… കഴിഞ്ഞില്ലേ നീയും അനയുമായിട്ടുള്ള റിലേഷൻ….”
രമ്യ ഒരു നിമിഷം നിർത്തി. പിന്നെ ഒച്ചവെച്ചു..
“എണീക്കട ചെക്കാ അവ്‌ട്‌ന്ന്….”
റഹിം ചാടി എണീറ്റു.
“നീ ഈ മരബംഗ്ലാവ് ചവിട്ടുപ്പൊളിക്കേണ്ട. ചുരുങ്ങിയത് ഒരു കിലോമീറ്റർ താഴെയാണ് ഭൂമി.. അതു മറക്കേണ്ട….”
സുനിൽ ശാസിച്ചു. എന്നിട്ട് മുന്നിൽ ഇറങ്ങി.
പുറത്തേക്കുള്ള അഴിവാതിലിന്റെ അരികിൽ എത്തിയപ്പോൾ കാവൽക്കാർ കുന്തം ഗുണനചിഹ്‌നം പോലെ പിടിച്ചു.
“ബലി മൃഗങ്ങളെ തടഞ്ഞാൽ എന്നാ ശിക്ഷ എന്ന് അറിയുമോ?”
സുനിൽ ഗൗരവത്തിൽ പറഞ്ഞു.
സൂത്രം ഫലിച്ചു.
അവർ അഴിവാതിൽ തുറന്നു തന്നു.
“നീ ഒരു ബുദ്ധിക്കാരൻ തന്നെ…..”
നടക്കുമ്പോൾ ബേബി സുനിലിനെ അഭിനന്ദിച്ചു.
“ഈ ബുദ്ധി കാട്ടുമൃഗങ്ങൾക്കരികിൽ നടക്കില്ല….”
രമ്യ ഓർമ്മിപ്പിച്ചു.
“അർഹതയുള്ളത് അതിജീവിക്കും.”
സുനിൽ തറപ്പിച്ചു പറഞ്ഞു.
“സുനിലിന്റെ ശരീരത്തിൽ സയൻസു ടീച്ചറുടെ പ്രേതം കേറിയിട്ടുണ്ട്.” ബേബി കളിയാക്കി.
“ഛെ…. നല്ല രസം പിടിച്ചു വരുമ്പോൾ സ്‌കൂളിന്റെ കാര്യം പറഞ്ഞ് ബോറടിപ്പിക്കാതേ…..”
റഹിം പല്ലിളിച്ചു.
കുന്നിറങ്ങി.
വഴിയിൽ ഒന്നു രണ്ടു കാട്ടു മൃഗങ്ങളെ കണ്ടു. തുള്ളിക്ക് മാറി ഒഴിഞ്ഞ് നടന്നു.
പുഴയിൽ ഒരാനക്കൂട്ടം. മതിയാകുന്നതുവരെ വെള്ളം കുടിച്ച് അവ കേറിപ്പോകുന്നതുവരെ കാത്തുനിന്നു.
“സൂക്ഷിക്കണേ….”
സുനിൽ ഓർമ്മിപ്പിച്ചു.
ഒരടി മുന്നോട്ടു വെച്ചതേയുള്ളൂ. പാതി പുഴയിലേക്കും പാതികരയിലേക്കുമായി നീണ്ടുനിവർന്നു കിടന്നുകൊണ്ട് ഒരു മുതലച്ചാർ വെയിൽ കായുന്നു.
ഇതെന്തൊതുതൊന്തിരവ്.
ബഹളം കേട്ടാവണം അത് കണ്ണ് തുറന്നു നോക്കി. ഉറക്കം കളഞ്ഞതിലുള്ള നിരസം അതിൽ തെളിഞ്ഞു കാണാമായിരുന്നു.
അലസമായി ഒന്നു കോട്ടുവാ ഇട്ട്, പ്രതിഷേധം പ്രകടിപ്പിക്കാൻ വാൽ വെള്ളത്തിൽ ഒന്ന് അമർത്തി അടിച്ച്. വെള്ളത്തിലൂടെ നീന്തിപ്പോയി.
ഞരിയാണിയരെ വെള്ളം എത്തിയപ്പോൾ റഹിം നിന്നു. പിന്നെ മുട്ടുകുത്തിയിരുന്ന് വെള്ളം ശരീരത്തിലേക്ക് ഒഴിക്കാൻ തുടങ്ങി.
“കുറച്ചു കൂടി ഇറങ്ങിക്കോ….”
“വേണ്ട…. വേണ്ട…. എനിക്ക് ഇതിനു മാത്രമുള്ള ധൈര്യമേയുള്ളൂ”
“മാരി പറഞ്ഞത് കേട്ടില്ലേ? പുഴയുടെ നടുവിലേക്ക് ചെന്നാലേ മുതല പിടിക്കൂ….. ഇവിടെയൊക്കെ സുരക്ഷിത മേഘലയാണ്…..”
സുനിൽ വിശദീകരിച്ചു.
“ഞാൻ കേട്ടു. എനിക്ക് മനസ്സിലാവുകയും ചെയ്‌തു. പക്ഷേ മുതല കേട്ടോ മനസ്സിലാക്കിയോ ഇതൊന്നും നമുക്കറിയില്ലല്ലോ…..”
റഹിം സത്യസ്‌ഥിതി പറഞ്ഞു.
“നീ കുറച്ചു കൂടി ഇറങ്ങിയാൽ ഞങ്ങൾക്ക് ഉപകാരമാവും…..”
ബേബി പറഞ്ഞു.
“എന്നെ തിന്നാൽ മുതലയുടെ വിശപ്പ് തീരും. പിന്നെ അത് നിങ്ങളെ ഒഴിവാക്കും അതല്ലേ?”
“അതല്ലേ, നീ വെള്ളത്തിലേക്ക് ഇറങ്ങിയാൽ വെള്ളം പൊന്തും അപ്പോൾ ഞങ്ങൾക്ക് കരയിൽ നിന്നു തന്നെ കുളിക്കാമല്ലോ”
ഇതു കേട്ടിട്ടും റഹിം ചൂടായില്ല. അത്ഭുതം!
ധൈര്യം കാണിക്കാനാവണം രമ്യ വെള്ളത്തിലേക്ക് എടുത്തു ചാടി.
“മുതലയ്‌ക്ക് പെൺകുട്ടികളുടെ ഇറച്ചി ഇഷ്‌ടമല്ല എന്ന് മാരി പറഞ്ഞിട്ടില്ല. നീ വല്ലാതെ തുള്ളേണ്ട….”
ബേബി പറഞ്ഞ് നാക്കെടുത്തില്ല. ദൂരെ മുതലകളുടെ തല പൊന്താൻ തുടങ്ങി.
താമസമില്ലാതെ എല്ലാവരും കരയ്‌ക്ക് കയറി. വെയിൽ ഉള്ള സ്‌ഥലം നോക്കി നിന്നു.
വീട്ടിലാണെങ്കിൽ കുളികഴിഞ്ഞാൽ ഉണങ്ങിയ തോർത്തുകൊണ്ടാണ് തോർത്താറുള്ളത്. കുളിമുറിയിൽ നിന്നും പുറത്തിറങ്ങിയാൽ അമ്മ പിടിച്ചു നിർത്തി, സാരിയുടെ തുമ്പുകൊണ്ടു ഒന്നുകൂടി തല തോർത്തിക്കും. തലേല് വെള്ളം അപ്പിടി നിൽക്കണുണ്ട്. പോത്തുപോലെ വലുതായി ഇനിയും നേരാം വണ്ണം തല തോർത്താൻ അറിയില്ല. പിന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി നെറുകയിൽ രാസ്‌നാദി പൊടി തിരുമ്മിത്തരും.
ഇവിടെ തോർത്തുപോലുമില്ല. മൃഗങ്ങളേപ്പോലെ കാറ്റിലും വെയിലിലും ശരീരം ഉണങ്ങിക്കിട്ടണം.
സുനിലിന് ഓർത്തപ്പോൾ ചിരിവന്നു.
രമ്യയാണ് ആദ്യം കണ്ടത്.
പുഴയിൽ കുറച്ചുകൂടി മീതെ ഭാഗത്തായി ഒരു ചങ്ങാടം. അതിൽ നാലഞ്ച് പേർ.
അവരുടെ ഡ്രസ്സ് കണ്ടാൽ അറിയാം അവർ കാട്ടുജാതിക്കാരല്ല എന്ന്.
“നമുക്കവരെ വിളിച്ചാലോ? ഒരു പക്ഷെ, നമ്മേ തിരിഞ്ഞ് വരുന്നവരാണെങ്കിലോ?”
രമ്യയുടെ സ്വരത്തിൽ പ്രത്യാശ.
അവർ ആനക്കൊമ്പ്് മോഷ്‌ടിക്കാൻ വരുന്ന കാട്ടുകള്ളന്മാരാണെങ്കിലോ? കയ്യിൽ തോക്കു കണ്ടില്ലേ? അവർ നമ്മേ വെടിവെച്ചാലോ?
“അവർ ആരൊണെന്നു തീരുമാനമാവട്ടെ. അതുവരെ നമുക്ക് ഒളിച്ചിരിക്കാം…..”
സുനിൽ സ്വരം താഴ്‌ത്തി പറഞ്ഞു.
എല്ലാവരും ചെടിയുടെ പിന്നിലേക്ക് മറഞ്ഞു.
ചങ്ങാടം തുഴഞ്ഞ് തുഴഞ്ഞ് വന്ന് അവർ തൊട്ടടുത്ത് കരയിൽ അണച്ചു. പുഴയിലേക്ക് ചാഞ്ഞു നിൽക്കുന്ന ചെടികൾക്കിടയിൽ ഒളിപ്പിച്ചുവെച്ച് അവർ കരയിലേക്ക് ചാടി ഇറങ്ങി. അവരുടെ കയ്യിൽ തോക്കുകളും പുറത്ത് ചാക്കുകെട്ടുകളുമുണ്ടായിരുന്നു.
അവർ കാട്ടിലേക്ക് നടന്നുപോയി.
“അവൂർ നമ്മേ തിരഞ്ഞ് വരണവർ അല്ലാന്ന് എന്താ ഉറപ്പ്.
റഹിം സുനിലിന്റെ മുഖത്തേക്ക് നോക്കി.
”അത് ഞാൻ ബോധ്യപ്പെടുത്തിതരാം….“
സുനിൽ പതിഞ്ഞ സ്വരത്തിൽ വിശദീകരിച്ചു.
”അവർ വഴി പരിചയമുള്ളവരാണ്. അതുകൊണ്ട് കാട്ടിൽ ആദ്യം വരുന്നവരല്ല. ചങ്ങാടം ഒളിപ്പിച്ചു വയ്‌ക്കുന്നതു കണ്ടാലും അതു മനസ്സിലാവും. നമ്മേ അന്വേഷിച്ചു വരുന്നവരുടെ കയ്യിൽ എന്തിനാ ചാക്കുകെട്ട്?“
കുറച്ചു നേരം ആരും ഒന്നും മിണ്ടിയില്ല.
”എതാണ്യേബം? ഷെർലക് ഹോംസിന്റെ പേരക്കുട്ടിയോ?“
റഹിം കളിയാക്കി.
തിരിച്ചു പോകുമ്പോൾ ശ്രദ്ധിച്ചാണ് പോയത്. കാട്ടു കള്ളന്മാരുടെ നേർ മുന്നിൽ ചെന്നു ചാടേണ്ടല്ലോ.
ഭക്ഷണത്തിന്നു കൂട്ടികൊണ്ടുപോകാൻ മാരി പ്രവേശന കവാടത്തിൽത്തന്നെ കാത്തുനിൽപ്പുണ്ടായിരുന്നു.
വെടുവെടിപ്പായ ഭക്ഷണം!
”ഇങ്ങനെ ഇത് തുടർന്നാൽ ഞാഞ്ഞൂൽപോലെ ഇരിക്കുന്ന രമ്യയും പിണ്ണാക്ക് ചാക്കാവും.“
ബേബി സംതൃപ്‌തിയോടെ ഏമ്പക്കം വിട്ടു.
ഊണു കഴിഞ്ഞപ്പോൾ മാരി കട്ടിലിന്നടിയിൽ നിന്ന് ഒരു മരപ്പെട്ടി ഉന്തിത്തള്ളി പുറത്തെടുത്തു.
അവൾ അത് തുറന്ന് ഓരോന്നായി പുറത്ത് എടുത്തു വെച്ചു.
മുഖം നോക്കുന്ന കണ്ണാടിയുടെ ഒരു കഷ്‌ണം. അതിന്റെ പിന്നിലെ രസം അടർന്നു പോയിരിക്കുന്നു. കുപ്പിവളപ്പൊട്ടുകൾ, റബ്ബർ വളകൾ, മലർത്തിയാൽ കണ്ണടയ്‌ക്കുന്ന പാവക്കുട്ടി. ഒന്നു രണ്ടു നാണയത്തുട്ടുകൾ. പെൻ ടോർച്ചിന്റെ ബാറ്ററി. അതിൽ ഇരുമ്പു കേറിയിരിക്കുന്നു. എല്ലാം അവളുടെ അമൂല്യസമ്പാദ്യങ്ങളാണ്.
എവിടെ നിന്നു കിട്ടിയതാണെന്ന് മാരിക്കും അറിയില്ല.
കാട്ടിൽ നിന്നും പുതുതായി എന്തു കിട്ടിയാലും അത് മൂപ്പന് കൊടുക്കും. മൂപ്പൻ അതു മാരിക്കു കൊടുക്കും.
രമ്യ ബാഗിന്റെ സിബ്ബ് തുറന്ന് അതിൽ നിന്ന് മുഖം നോക്കുന്ന വട്ടക്കണ്ണാടി പുറത്തെടുത്തു.
”കൊച്ചു തലൈവിക്ക് ഞങ്ങളുടെ സമ്മാനം.“
മാരി കണ്ണാടിയിലേക്ക് സൂക്ഷിച്ചു നോക്കി.
ഇത്ര നല്ല കണ്ണാടി അവളുടെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നുറപ്പ്.
അവൾ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.
സമ്മാനം ആരെയെല്ലാമോ കാണിക്കാൻ അവൾ ഓടിപ്പോയി.
”നിനക്ക് നിന്റെ മോന്തായം നോക്കേണ്ടേ?
പുറത്തേക്ക് നടക്കുമ്പോൾ ബേബി രമ്യയോട് ചോദിച്ചു.
“നമ്മള് കാടന്മാരായില്ലേ? ഇനി എന്തിന് കണ്ണാടി?”
രമ്യ ചുണ്ടു കോട്ടി.
“നീയ്യിപ്പോൾ ചെയ്‌തത് ഏറ്റവും ബുദ്ധിപൂർവ്വമായ പ്രവർത്തിയായി. മാരിക്ക് സന്തോഷമായി. ഇതുകൊണ്ട് നമുക്ക് ഗുണമേ ഉണ്ടാവൂ……..”
സുനിൽ അഭിനന്ദിച്ചു.
“ഞാനതൊന്നും ഓർത്തിട്ടില്ല. എനിക്ക് ചേച്ചിയോട് തോന്നുന്ന ഒരു സ്‌നേഹം തോന്നി….”
“എനിക്കും ഒരടുപ്പും തോന്നുന്നുണ്ട്. ചേച്ചീ എന്ന് വിളിച്ചാലോ എന്നുവരെ ഞാൻ ആലോചിച്ചതാ….”
സുനിൽ പിന്താങ്ങി.
മരബംഗ്ലാവിലേക്ക് എത്തിയപ്പോഴേക്കും മാരിയും ഒപ്പം എത്തി.
“എവിടെയെല്ലാം ചുറ്റിയടിച്ചു?”
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ മാരി അന്വേഷിച്ചു.
“നമ്മുടെ മുതലപ്പുഴ വരെ….”
റഹിം പറയുന്ന രീതി കേട്ടാൽ ഇപ്പോഴും അവന്റെ അലോഹ്യം തീർന്നിട്ടില്ലെന്ന്.
“നിങ്ങൾ പുറത്തു പോയാൽ എനിക്ക് ഒരേ പേടി”.
മാരി മടിച്ചു മടിച്ചു പറഞ്ഞു.
“ഞങ്ങൾ ഓടി രക്ഷപ്പെടുമോ എന്നു കരുതിയിട്ടാണോ?”
മൂന്നു പേരും ഒപ്പം ചോദിച്ചു.
“അയ്യോ…. അതല്ല….. ഞാൻ പറഞ്ഞ് തരാം…”
മാരിയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു.
മലൈഭൈരവന്റെ ഊരിൽ വന്നുപെട്ടാൽ ആർക്കും പുറത്തുപോകാൻ പറ്റില്ല. അതു മലൈഭൈരവന്റെ നിശ്ചയം.
പണ്ടും പലരും ഇവിടെ അറിയാതെ വന്നുപെട്ടിട്ടുണ്ട്. അവരൊക്കെ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ കൊല്ലപ്പെട്ടിട്ടുണ്ട്. മലൈഭൈരവൻ ശക്തനാണ്. ആ കണ്ണ് വെട്ടിച്ച് ആർക്കും രക്ഷപ്പെടാനാവില്ല. ഊര് വിട്ട് പുറത്തു കടക്കുമ്പോഴേക്കും ഉയിർ പോയിട്ടുണ്ടാവും – അത് മലൈഭൈരവന്റെ നിശ്ചയം.
“അതിർത്തിയിൽ കാവൽ നിൽക്കുന്നവരായിരിക്കും കൊല്ലുന്നത്.” സുനിൽ എതിർത്തു.
“അങ്ങനെ പറയരുത്. രക്ഷപ്പെടുന്നതു കണ്ടാൽ കാവർക്കാർ അമ്പെയ്യും. അതു സത്യം. അവർ മരിക്കില്ല. ബോധം കെടുകയേ ഉള്ളൂ. അവരെ തൂക്കി കൊണ്ടുവരും കൊല്ലില്ല.”
“എന്നാൽ കാട്ടുമൃഗങ്ങളായിരിക്കും.”
“മൃഗങ്ങളും അല്ല.”
മാരി ഉറപ്പിച്ചു പറഞ്ഞു.
മരത്തിൽ തൂക്കിക്കൊല്ലുന്നു. തലയ്‌ക്ക് കല്ലുവെച്ചിടിച്ച് കൊല്ലുന്നു. പുഴവെള്ളത്തിൽ മുക്കി കൊല്ലുന്നു. കഴുത്തു ഞെരിച്ചു കൊല്ലുന്നു. മുറിച്ചു കൊല്ലുന്നു.
ശരിയാണ് ഇങ്ങനെയൊന്നും മൃഗങ്ങൾക്ക് കൊല്ലാൻ കഴിയില്ല.
ഇവിടെനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ പിന്നെ ആരാണ് കൊല്ലുന്നത്.?
സുനിലിന്റെ തല പെരുത്തു.
Generated from archived content: vanamkadinte9.html Author: aryan_kannanur