ഭാഗം-8

മലൈഭൈരവന്റെ പ്രതിമക്കരികിൽ കാടന്മാർ കൂട്ടംകൂടി നിൽക്കുന്നു. അവിടെ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്‌. അവരുടെ മറവുകാരണം ഒന്നും കാണാൻ വയ്യ!

പൂശാലി തുള്ളുന്നതിന്റെ ബഹളം മാത്രം ഉയർന്നു കേട്ടുകൊണ്ടിരുന്നു.

ആൾക്കാരെ വകഞ്ഞുമാറ്റി മാരി ഓടിവന്നു കഴുത്തിൽ അണിഞ്ഞിരുന്ന ചെമ്പരുത്തിപ്പൂമാല പോലും ഊരിക്കളയാതെ.

“വാ….. എല്ലാവരും പുറത്തു വാ….”

മാരി സാക്ഷ നീക്കി വാതിൽ മലക്കെ തുറന്നു. കൂട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ശരിക്കും സ്വാതന്ത്ര്യം കിട്ടിയ അനുഭൂതി.

“നന്ദി എങ്ങനെ പറയണം എന്നറിയില്ല”.

“നമ്മൾ കൂട്ടുകാരായില്ലേ? ഇത്‌ എന്റെ കടമ. പിന്നെ എന്തിന്‌ നന്ദി?”

മാരി വെളുക്കെ ചിരിച്ചു.

എല്ലാവരും എന്റെ കൂടെ വരൂ -മാരി ആംഗ്യം കാണിച്ചു മുന്നിൽ നടന്നു.

മൂപ്പന്റെ കുടിലിന്റെ ഒ​‍ു ഭാഗത്തുകൂടി കുട്ടികളെ അകത്തേക്കാനയിച്ചു.

“ഇരി….എല്ലാവരും ഇരി”

മാരിയുടെ മുറിതന്നെയാവണം. അവർ ഉടുക്കുന്നതുപോലുള്ള വസ്‌ത്രങ്ങൾ അഴയാൽ തൂങ്ങിക്കിടപ്പുണ്ട്‌.

മാരി അകത്തേക്ക്‌ നോക്കി. എന്തോ ആജ്‌ഞ്ഞാപിക്കുന്നതു കേട്ടു.

നിമിഷങ്ങൾക്കകം ഭക്ഷണ സാധനങ്ങളേക്കൊണ്ട്‌ മുറി നിറഞ്ഞു.

ഏതോ അരിവേവിച്ച ചുവന്ന നിറത്തിലുള്ള ചോറ്‌. പലതരം മൃഗങ്ങളൂടെ ഇറച്ചികൊണ്ടുള്ള കറികൾ.

“കറിമസാൽ ചേർക്കാത്തതുകൊണ്ട്‌ നല്ല സ്വാദ്‌…”

ബേബി പറഞ്ഞു.

“പച്ചയിറച്ചി തന്നാൽപ്പോലും ഞാൻ വിഴുങ്ങും…. ”റഹിം പ്രഖ്യാപിച്ചു.

വിശപ്പു തന്നെയാണ്‌ സ്വാദ്‌. തിന്നുന്നതിൽ ആരും മോശമുണ്ടായിരുന്നില്ല.

റഹിം ആക്രാന്തത്തോടെ വെട്ടിവിഴുങ്ങുന്നതു കണ്ടപ്പോൾ മാരി കുടുകുടെ ചിരിച്ചു പോയി.

നേരത്തെ പറഞ്ഞത്‌ സത്യമായിരുന്നു എന്ന്‌ അവൾക്കിപ്പോൾ ബോധ്യമായിക്കാണണം.

“ആനയെ ഒന്നായി പുഴുങ്ങിവെച്ചു കൊടുത്താലും ഇവൻ തൊണ്ട തൊടാതെ വിഴുങ്ങും….”

സുനിൽ വിശദീകരിച്ചു കൊടുത്തു.

“ആന വായിൽ എത്തിയാലും ആനവായിൽ അനാസിൻ പോയപോലെ ഉണ്ടാവൂ എന്ന്‌ ഇവളോട്‌ പറഞ്ഞിട്ടു കാര്യമില്ലല്ലോ. അമ്മുകുട്ടിയമ്മക്ക്‌ എന്ത്‌ അമ്പാസിഡറ്‌ എന്നു പറഞ്ഞപോലാവില്ലേ?

ബേബി പരിതപിച്ചു.

ഭക്ഷണം കഴിഞ്ഞപ്പോൾ മുളംകുംഭത്തിൽ തേൻ കൊണ്ടുവന്നു വെച്ചു. നാട്ടിൽ കിട്ടുന്ന ശർക്കരവെള്ളമല്ല അടിപൊളി തേൻ.

മുളംകുഭത്തിന്നുവേണ്ടി ചെറിയ ഒരടിപിടിതന്നെ നടന്നു.

എവിടെയാണ്‌ തട്ടിയത്‌ അറിയില്ല. ബേബിയുടെ കൈമുട്ടിലെ മുറിവ്‌ ഇളകി. ചോര ഒലിക്കാൻ തുടങ്ങി.

”എന്നതാ കാര്യം?“

മാരി പരിഭ്രമത്തോടെ ചോദിച്ചു.

”ഞാൻ പറഞ്ഞു തരാം….“

സുനിൽ പറഞ്ഞു.

വിനോദയാത്ര പോന്നതും. മലഞ്ചെരിവിലൂടെ വീണതും വലയിൽ കുടുങ്ങിയതും എല്ലാം വിസ്‌തരിച്ചു പറഞ്ഞു കൊടുത്തു അവളുടെ കണ്ണുകൾ അത്ഭുതം കൊണ്ട്‌ വിടർന്നു.

”മലയുടെ ചെരിവിലൂടെ വീണിട്ടും ഒന്നും പറ്റിയില്ലേ?“

അവൾ തലക്ക്‌ കയ്യും കൊടുത്ത്‌ ഇരുന്നു.

”ഭാഗ്യം. മലൈഭൈരവൻ രക്ഷിച്ചതാവും…..“

ഇപ്പോൾ മലൈഭൈരവൻ ശിക്ഷിക്കാനാണ്‌ പോകുന്നത്‌….!

സുനിൽ പറഞ്ഞില്ല.

”വാ എൻ കൂടെ വാ“

മാരി എഴുന്നേറ്റ്‌ പുറത്തേക്ക്‌ നടന്നു. കുടിലിനെ ഒന്നു ചുറ്റി ഉമ്മറത്തെത്തി.

ഉമ്മറത്ത്‌ ചെറിയ മരത്തടികൾ കൂട്ടിക്കെട്ടി വള്ളിക്കൊണ്ടു വരിഞ്ഞ കട്ടിൽ.

മുന്നിൽ മുറുക്കാൻ നിറച്ച താമ്പാളവുമായി മൂപ്പൻ കുനിപ്പിടിച്ചിരിപ്പുണ്ട്‌.

”അപ്പാ……“

മൂപ്പൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു.

”വണക്കം മൂപ്പാ….“

നാലു പേരും തലകുമ്പിട്ട്‌ തൊഴുതു.

”അപ്പാ…. ഇവരുടെ ശരീരത്തിൽ നിറയെ മുറിവ്‌. എന്തെങ്കിലും മരുന്ന്‌….“

മൂപ്പൻ ഓരോരുത്തരെയും കട്ടിലിൽ പിടിച്ചിരുത്തി മാറിമാറി പരിശോധിച്ചു. പിന്നെ മുറ്റത്തേക്കിറങ്ങി. ഏതെല്ലാമോ ചെടികളുടെ ഇലകൾ പിഴുതെടുത്ത്‌ തിരിച്ചു വന്നു. അത്‌ ഉള്ളം കയ്യിൽ ഇട്ട്‌ ഞരിച്ചു പിഴിഞ്ഞ്‌ നീരെടുത്തു.

”നീറുമോ?“

ബേബി ഭയത്തോടെ ചോദിച്ചു.

തീരെ നീറില്ല – മൂപ്പൻ തലയാട്ടി.

മൂപ്പൻ കണ്ണു ചിമ്മി നിമിഷങ്ങളോളം നിന്നു. പിന്നെ എന്തോ തോറ്റം ചൊല്ലി. ഒടുവിൽ പിഴിഞ്ഞുണ്ടാക്കിയ ചാറ്‌ മുറിവുകളിലേക്ക്‌ ഇറ്റിച്ചു.

ശരീരത്തിൽ ഒരുതരം തണുപ്പ്‌ വ്യാപിക്കുന്നതുപോലെ. നിമിഷങ്ങൾ കഴിഞ്ഞില്ല. വേദന പമ്പകടന്നു.

”കുറച്ചു കഴിഞ്ഞാൽ മുറിപ്പാടുപോലും കാണില്ല“.

മൂപ്പൻ ഉറപ്പു നൽകി.

മൂപ്പനോട്‌ യാത്ര പറഞ്ഞ്‌ ഇറങ്ങി.

”നമ്മൾ ഇനി എങ്ങോട്ടാ പോകുന്നത്‌?“ പട്ടിക്കൂട്ടിലേക്ക്‌ തന്നെയാണോ?

രമ്യ സംശയം പറുത്തുവിട്ടു.

”അല്ല… നിങ്ങൾക്ക്‌ വേറെ കുടിൽ ഉണ്ട്‌ താമസിക്കാൻ“ മാരി പറഞ്ഞു.

ചുറ്റും ചിതറിക്കിടക്കുന്ന കുടിലുകൾക്കിടയിലൂടെ മാരിയുടെ പിറകെ നടന്നു.

വീടുകൾ കടന്ന്‌ മൈതാനത്തിന്റെ ഒരു മൂലയിൽ എത്തി.

”ഇതാണ്‌ നിങ്കളുടെ വീട്‌…..“

മാരി പറഞ്ഞു.

മുന്നിൽ പെരുത്ത മരം മാത്രം. കുരങ്ങന്മാരെപ്പോലെ മരത്തിൽ താമസിക്കാനോ?

മരത്തിന്‌ ഉയരം എത്രയുണ്ടെന്നറിയാൻ മുഖം ഉയർത്തി നോക്കിയതാണ്‌.

അത്ഭുതം കൊണ്ട്‌ കണ്ണ്‌ തള്ളിപ്പോയി.

മരത്തിന്റെ മുകളിൽ മനോഹരമായ ഒരു ബംഗ്ലാവ്‌. അതിൽ നിന്നും വള്ളി കൊണ്ടുണ്ടാക്കിയ ഒരു കോണി തൂക്കിയിട്ടിരുന്നു.

അതിനു മുകളിൽ ചെന്ന്‌ താഴോട്ട്‌ നോക്കിയാൽ തലതിരിയില്ലേ?

കയറ്‌ കോണി മുകളിലേക്ക്‌ വലിച്ചു കേറ്റിയാൽ മനുഷ്യനെയോ മൃഗങ്ങളെയോ ഭയപ്പെടേണ്ട. ഇത്രയും സുരക്ഷിതമായ ഒരു സ്‌ഥലം ഈ കാട്ടിൽ എവിടെ നിന്നു കിട്ടും?

മാരിയാണ്‌ കോണിയിലൂടെ ആദ്യം കയറിയത്‌.

മുകളിൽ എത്തി നോക്കുമ്പോൾ എല്ലാ സൗകര്യവുമുണ്ട്‌.

ആഹാ…. എന്തു രസം….

റഹിം പുല്ലു വിരിച്ച മെത്തയിൽ നീണ്ടു നിവർന്നുകിടന്നു.

”നിങ്ങൾ വിശ്രമിച്ചോളൂ. ഞാൻ പിന്നെ വരാം.“

മാരി മെല്ലെ താഴേക്ക്‌ ഇറങ്ങിപ്പോയി.

നല്ല കാറ്റ്‌. തനിയെ കണ്ണടയുന്നു.

പിന്നെ ഉണരുന്നത്‌ മാരി വിളിച്ചിട്ടാണ്‌.

സമയം ഉച്ചതിരിഞ്ഞിരിക്കുന്നു.

”നമുക്ക്‌ കാട്‌ ചുറ്റിക്കാണേണ്ടേ?

മാരി ചോദിച്ചു.

“കാട്ടുമൃഗങ്ങൾ കൊല്ലില്ലേ?”

റഹീമിനു ഭയാ……

“എന്റെ കയ്യിൽ അമ്പും വില്ലും ഇരിപ്പുണ്ട്‌. ഏതു കാട്ടുമൃഗം വന്നാലും ഒരേയൊരമ്പ്‌ മതി.”

“ആന വന്നാലോ?”

മാരിയുടെ വാക്കുകൾ റഹിമിന്‌ വിശ്വാസം വരാത്തതുപോലെ.

“ആന വന്നാലും പൂന വന്നാലും ഒരേ ഒരമ്പ്‌. അതിൽ വിഷക്കായ്‌ അരച്ചു പുരട്ടിയിരിക്കും. അമ്പു തട്ടിയാൽ മതി മൂക്കും കുത്തിവീഴും…..”

“മരിച്ചു പോകോ?”

രമ്യക്ക്‌ ഭയം.

“ഞങ്ങൾ ആരെയും വെറുതെ കൊല്ലുകയേ ഇല്ല. അമ്പുകൊണ്ടാൽ സൂര്യൻ മറിഞ്ഞ്‌ തിരിച്ച്‌ അതേ ദിക്കിൽ വരുന്നതു വരെ ഒരേ കിടപ്പ്‌ കിടക്കും. അതുമാത്രം.”

മാരി വിശദീകരിച്ചു.

“നമുക്ക്‌ കാടു കാണാം….”

സുനിൽ പറഞ്ഞു.

കാടിനു വെളിയിൽ കടന്ന്‌ നാട്ടിൽ എത്തണമെങ്കിൽ കാട്‌ വഴികൾ പഠിച്ചിരിക്കേണ്ടേ?

“ശരി നമുക്ക്‌ പോകാം….”

എല്ലാവരും എഴുന്നേറ്റു കോണിയിലൂടെ താഴേക്ക്‌ തൂങ്ങി ഇറങ്ങി.

“ഇപ്പോഴാണെനിക്ക്‌ ശ്വാസം നേരെ വീണത്‌.”

ഭൂമി തൊട്ടപ്പോൾ റഹിം പറഞ്ഞു.

“എനിക്കും….”

ബേബിയും പറഞ്ഞു.

“നിനക്കെന്താ പ്രശ്‌നം? റഹീമിനെപ്പോലെ പേടി ഉണ്ടോ?”

“റഹീമിന്റെ കനം കാരണം നമ്മുടെ മരബംഗ്ലാവ്‌ പൊട്ടിച്ചാടുമോ എന്ന ഭയത്തിലായിലുന്നു ഞാൻ…..”

റഹിം ബേബിയുടെ നേർക്ക്‌ കൈമടക്കി ഓടിച്ചെന്നു. ബേബി ഒഴിഞ്ഞുമാറി.

പുറത്തേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ തലവനെ കണ്ടു.

“കൊച്ചു തലൈവി നന്നാ ശ്രദ്ധ വേണം….”

തലവൻ ഓർമ്മിപ്പിച്ചു.

“ഇവർക്ക്‌ കാട്‌ അറിയില്ലേ? ഓടാൻ അറിയില്ലേ? മരത്തിന്മേൽ കേറാൻ അറിയില്ലേ. ബലി മൃഗങ്ങൾക്ക്‌ വല്ലതും പറ്റി എന്നാൽ…..”

തലവന്റെ കണ്ണിൽ ഭയം.

“വിടമാട്ടേൻ….”

മാരി അമ്പും വില്ലും ഉയർത്തിക്കാട്ടി.

“ആര്‌? ഇത്‌ നാഗവല്ലിയുടെ പ്രേതമോ?”

രമ്യ അടക്കം പറഞ്ഞു.

കാവൽക്കാർ തലകുനിച്ച്‌ പുറത്തേക്ക്‌ കടക്കാനുള്ള അഴിവാതിൽ തുറന്നു തന്നു.

ചുറ്റും ധാരാളം കുന്നുകളും മലകളും.

അത്‌ തേൻമലൈ – അവിടെ ചെന്നാൽ ധാരാളം തേൻ കിട്ടും. അത്‌ കുളിമലൈ. അവിടെ ചെന്നാൽ കുളി ജീവനോടെ വിഴുങ്ങും. അത്‌ ആനമലൈ. അവിടെ നിറയെ ആനകളാണ്‌.

ഇവിടെ ധാരാളം കടുവകളെ കാണും.

അവിടെ മുഴുവൻ ചെന്നായ്‌ക്കളാണ്‌.

മാരി വിശദീകരിച്ചുകൊണ്ടിരുന്നു.

തൊട്ടു മുന്നിൽ കുറ്റിക്കാട്ടിൽ ഒരനക്കം.

മാരി ചുണ്ടത്ത്‌ വിരൽ വച്ച്‌ നിശ്ശബ്‌ദരായിരിക്കാൻ ആംഗ്യം കാണിച്ചു. എന്നിട്ട്‌ അമ്പും വില്ലും എടുത്ത്‌ തയ്യാറായി നിന്നു.

നിമിഷങ്ങൾക്കകം മുന്നിലെ കുറ്റിക്കാട്ടിൽനിന്നും ഒരു കരിമ്പുലി കടന്നു വന്നു.

അത്‌ ഇരയെ കണ്ട സന്തോഷത്തോടെ പല്ലിളിച്ചു. ശരീരം ഒതുക്കി മുൻകാലിൽ പതുങ്ങി വാൽ ചുഴറ്റി മുന്നോട്ടു ചാടാൻ ഒരുങ്ങി നിന്നു.

മാരി ശരം തൊടുത്തു പിടിച്ചു.

കരിമ്പുലിയുടെ കണ്ണിലെ തിളക്കം കെട്ടു. അതു പിന്നിലേക്ക്‌ നീങ്ങി എന്തോ ദീന സ്വരം ഉണ്ടാക്കി. പിന്നെ തിരിഞ്ഞു നോക്കാതെ ഓടടാ ഓട്ടം!

“കരിമ്പുലി പേടിച്ചു സ്‌ഥലം വിട്ടു. നാഗവല്ലിയുടെ പ്രേതമല്ല സാക്ഷാൽ ചുടുല ഭദ്രകാളി തന്നെ!”

ബേബി പിറുപിറുത്തു.

“എന്നെയല്ല പേടി….. എൻ കയ്യിലെ അമ്പിനെ…..” മാരി ചിരിച്ചു.

പൂലിവാല്‌. പതുക്കെ പറഞ്ഞാലും കേൾക്കുമോ?

നാണം കൊണ്ട്‌ ബേബിയുടെ മുഖം കുനിഞ്ഞു. നടന്നു നടന്ന്‌ എത്തിയത്‌ പുഴവക്കത്താണ്‌.

ഇപ്പോൾ ആനകളെ കാണാനില്ല.

“ഞങ്ങൾ ഒന്നു കുളിക്കട്ടെ?”

മാരി സമ്മതരൂപത്തിൽ തലയാട്ടി.

കുളിച്ചാൽ ഒരു ഉണർവ്‌ കിട്ടും. എല്ലാവരും വെള്ളത്തിലേക്ക്‌ എടുത്തു ചാടി.

“സൂക്ഷിക്കണം താഴെ വെള്ളച്ചാട്ടം ഉണ്ട്‌. പിന്നെ നടുവിലെക്കൊന്നും പോകരുത്‌. ഈ ഭാഗത്തു തന്നെ കുളിച്ചാൽ മതി…..”

മാരി പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു.

വെള്ളത്തിലൂടെ തുടിച്ചു നീന്തി ഊളിയിട്ടു. മലക്കം മറിഞ്ഞു.

“നമ്മൾ ഇപ്പോൾ നീന്തി അക്കരക്കയറി രക്ഷപ്പെട്ടാൽ ഇവളെന്തു ചെയ്യും?”

റഹിം പതുക്കെ ചോദിച്ചു.

“ഇവളുടെ അമ്പിന്റെ റെയ്‌ഞ്ച്‌ ഏതുവരെ ഉണ്ടെന്ന്‌ അറിയോ? പുറത്തു തുളഞ്ഞു കേറിയാലോ?”

ബേബി ചോദിച്ചു.

“ഇവളെ മലൈഭൈരവന്‌ കുരുതി കൊടുത്ത്‌, രക്ഷപ്പെടാൻ നമുക്ക്‌ കഴിയോ? നമ്മുടെ മനസ്സാക്ഷി സമ്മതിക്കുമോ?

സുനിലിന്റെ സ്വരത്തിൽ ഗൗരവം.

”ഇവളെ കൊലയ്‌ക്ക്‌ കൊടുത്ത്‌ നമ്മളാരും രക്ഷപ്പെടുന്നില്ല. ഞാൻ തമാശ പറഞ്ഞതല്ലേ….“

റഹീമിന്റെ മുഖത്ത്‌ പുഞ്ചിരി പരന്നു.

”ഇവൾ രക്ഷപ്പെടും എന്നുണ്ടെങ്കിൽ നമുക്ക്‌ രക്ഷപ്പെടാൻ ഒരു വഴി പറഞ്ഞതാണ്‌ ഞാൻ….“

റഹിം വീണേടത്ത്‌ കിടന്ന്‌ ഉരുണ്ടു.

”അങ്ങിനെ ഒരു അവസരമുണ്ടായാൽ നിന്റെ ഈ വഴിയും ഞങ്ങൾ പരിഗണിക്കും…..“

രമ്യ ഉറപ്പ്‌ കൊടുത്തു.

വീണ്ടും വെള്ളത്തിൽ കുത്തിമറിഞ്ഞു.

എന്തോ ഒന്ന്‌ മുന്നിൽ വന്ന്‌ പൊന്തിയതുപോലെ.

സുനിൽ സൂക്ഷിച്ചു നോക്കി.

പാതി കണ്ണു തുറന്ന്‌ അലക്ഷ്യമായി കോട്ടുവായിടുന്ന ഒരു മുതല….

”അയ്യോ…. കരയ്‌ക്ക്‌ കേറിക്കോ…. വേഗം….“

സുനിൽ വിളിച്ചു പറഞ്ഞു.

പിടഞ്ഞു നീന്തി കരയ്‌ക്ക്‌ എത്തുമ്പോഴേക്കും മുതല കരയുടെ അടുത്ത്‌ എത്തിയിരുന്നു.

”ഞങ്ങളെ മുതലയേക്കൊണ്ട്‌ കൊല്ലിക്കാനായിരുന്നോ പ്ലാൻ?“

റഹിം വിറച്ചു.

”ഇവിടെ കരയ്‌ക്കടുത്തു കുളിച്ചാൽ മുതല ഒന്നും ചെയ്യില്ല. നടുവിൽ എത്തിയാൽ എല്ലുകൂടി കാണില്ല….. ഞാൻ പറഞ്ഞില്ലേ നടുവിൽ പോകേണ്ട എന്ന്‌….“

മാരി ചിരിച്ചു.

അപ്പോഴും റഹിം വിറക്കുന്നുണ്ടായിരുന്നു.

”തിരിച്ചു പോകാം അല്ലേ…..“

മാരി ചോദിച്ചു.

നടക്കുന്നതിനിടയിൽ സുനിൽ റഹീമിന്റെ ചെവിയിൽ മന്ത്രിച്ചു.

”എനിക്ക്‌ ആ പുഴയിലൂടെയുള്ള വഴി ഇഷ്‌ടമായി. തരം കിട്ടിയാൽ ആ വഴിയിലൂടെ രക്ഷപ്പെടാം അല്ലേ?“

റഹിം ദേഷ്യത്തോടെ കൊഞ്ഞനം കുത്തി.

സുനിൽ പൊട്ടിച്ചിരിച്ചു.

Generated from archived content: vanamkadinte8.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here