ഭാഗം-7

“ഇത്‌ ശരിക്കും പട്ടിയെ ഇടുന്ന കൂടാണ്‌ എന്നു തോന്നുന്നു. എന്തെല്ലാമോ ശരീരത്തിൽ അരിച്ചു നടക്കുന്നു.”

രമ്യ ശരീരം മുഴുവൻ മാന്തി.

“പട്ടിക്ക്‌ കൊടുക്കുന്ന ഭക്ഷണം ആയാലും മതിയായിരുന്നു വിശന്നിട്ടു വയ്യ.”

റഹിം വയർ പിടിച്ച്‌ അമർത്തി.

ഇപ്പോഴത്തെ പ്രധാന പ്രശ്‌നം വിശപ്പല്ല. എങ്ങനെ ഇവിടെ നിന്ന്‌ രക്ഷപ്പെടും എന്നതാണ്‌.

മറ്റൊരു തരത്തിൽ ചിന്തിച്ചാൽ ഇതല്ലേ ഏറ്റവും സുരക്ഷിതമായ സ്‌ഥലം? താമസിക്കാൻ ഈ കൂടുകിട്ടിയില്ലായിരുന്നെങ്കിൽ നാളെ കാലത്തെ പ്രഭാതം വല്ല മൃഗങ്ങളുടെയും വയറ്റിൽ ഇരുന്നു കാണേണ്ടി വരുമായിരിക്കില്ലേ?

ചിന്തയുടെ ചൂടിൽ സുനിൽ വിയർത്തു.

ദൂരെ നിന്ന്‌ ആന ചിന്നം വിളിക്കുന്ന ശബ്‌ദം.

“ആന ഇങ്ങോട്ട്‌ വരോ? നമുക്കാണെങ്കിൽ ഓടാനും പറ്റില്ല.”

പേടിക്കാനുള്ള പുതിയ പുതിയ കാരണങ്ങൾ കണ്ടെത്തിപ്പിടിക്കയായിരുന്നു റഹിം.

“നമ്മൾ കുരുതിമൃഗങ്ങളാണ്‌. കുരുതി മൃഗങ്ങളെ കുരുതി കൊടുക്കാതിരുന്നാൽ മലൈഭൈരവൻ കോപിക്കും. മടിയിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള വസൂരിയുടെ വിത്തെറിയും. അതോടെ കാടന്മാരുടെ കുലം മുടിയും. ഇവരുടെ വിശ്വാസം അങ്ങനെയാണ്‌.”

സുനിൽ തുടർന്നു.

“വരുന്ന കറുത്തവാവുവരെ നമ്മെ ഒരു പോറൽപോലും ഏൽക്കാതെ സംരക്ഷിക്കേണ്ടത്‌ ഇവരുടെ ആവശ്യമാണ്‌. അത്‌ അവർ ചെയ്‌തു കൊള്ളും. അതുകൊണ്ട്‌ ധൈര്യമായി ഇരുന്നോളൂ…..”

അതൊരു ഉത്തേജക മരുന്നായിരുന്നു. റഹിം ആള്‌ ഉഷാറായി.

കൂട്ടിൽ നിശ്ശബ്‌ദത പരന്നു.

“മൃഗങ്ങളെ ഇടുന്ന കൂടല്ലേ? നമ്മെപ്പോലെ ബുദ്ധിയുള്ള മൃഗങ്ങൾക്ക്‌ കൈപുറത്തേക്ക്‌ നീട്ടിയാൽ സാക്ഷ നീക്കി വാതിൽ തുറക്കാൻ പറ്റ്വോ?”

റഹിമിന്റെ തലയിലെ ബൾബ്‌ കത്തി.

“ഇപ്പോഴാണ്‌ നിന്റെ തലച്ചോറ്‌ പ്രവർത്തിക്കാൻ തുടങ്ങിയത്‌. ഇതുവരെ വയറ്റിലെ ചോറ്‌ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളൂ……കൊടുകൈ……..”

സുനിൽ ചാടി എണീറ്റ്‌ റഹീമിന്‌ കൈകൊടുത്തു.

സുനിൽ അഴിയുടെ വിടവിലൂടെ പുറത്തേക്ക്‌ കയ്യ്‌ നീട്ടി സാക്ഷ തപ്പി നോക്കി.

സാക്ഷ തൊടാൻ എത്തുന്നില്ല.

ഓരോരുത്തരും മാറിമാറി പരിശ്രമിച്ചു. ഇനി അതിന്റെ കുറവുകൊണ്ടാണെന്നു വരേണ്ട ഫലം എല്ലാം ഒന്നു തന്നെയായിരുന്നെന്നു മാത്രം.

“ഇവന്മാര്‌ മണ്ടന്മാരാണ്‌ എന്നു കരുതിയ നമ്മളാണ്‌ മണ്ടന്മാർ…..”

രമ്യ നാക്കു കടിച്ചു.

വലയിൽ ഏതുതരം മൃഗമാണ്‌ കുടുങ്ങുക എന്ന്‌ അറിയില്ലല്ലോ. കുരങ്ങുകളാകാം. ആൾക്കരടിയാകാം. അവയ്‌ക്ക്‌ പോലും കൈ നീട്ടി സാക്ഷ നീക്കാൻ പറ്റാത്ത രൂപത്തിലാണ്‌ അതിന്റെ നിർമ്മിതി.

ഏതായാലും ഇവിടുത്തെ ആസ്‌ഥാന എഞ്ചിനിയർ ആൾ ഒരു അടിപൊളിതന്നെ.

സമയം ഇഴഞ്ഞുനീങ്ങി.

ചുറ്റുമുണ്ടായിരുന്ന കുടിലുകളിലെ വെളിച്ചം ഓരോന്നായി കെട്ടു.

മലൈഭൈരവന്റെ മണ്ഡപത്തിലെ ദീപം മാത്രം മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

“ഇനി നമുക്ക്‌ കിടക്കാം…..”

“ഭക്ഷണം കഴിക്കാതെ കിടന്നാൽ എനിക്ക്‌ ഉറക്കം വരില്ല….”

റഹിം ചെറിയ കുട്ടികളേപ്പോലെ ശാഠ്യം പിടിച്ചു.

“കണ്ണടച്ചു കിടന്നാൽ മതി ഉറക്കം തനിയെ വരും.”

സുനിൽ അവന്റെ പുറത്തു തട്ടി.

എല്ലാവരും കിടന്നു.

“വീട്ടിൽ നിന്നു പോന്നിട്ട്‌ ഒരു പാട്‌ കാലം ആയതുപോലെ….”

രമ്യ നെടുവീർപ്പിട്ടു.

പറഞ്ഞതു ശരിയാണ്‌. വീട്ടിൽ നിന്ന്‌ പോന്നിട്ട്‌ പത്തു പതിനാറു മണിക്കൂറേ ആയിട്ടുള്ളൂ. എന്നാലും വർഷങ്ങൾ കഴിഞ്ഞപ്പോലെ.

ക്ഷീണം കാരണമാകണം ഉറക്കത്തിലേക്ക്‌ പെട്ടെന്നുതന്നെ വഴുതി വീണു.

ആരോ തേങ്ങിക്കരയുന്ന ശബ്‌ദം കേട്ടാണ്‌ ഞെട്ടിയുണർന്നത്‌…..

സുനിൽ പിടഞ്ഞെണീറ്റു.

ബേബിയാണ്‌. അവൻ എഴുന്നേറ്റിരുന്ന്‌ മുഖം പൊത്തി കരയുകയാണ്‌.

“എന്നാ ബേബീ…..?”

“ഞാൻ അമ്മച്ചിയെ സ്വപ്‌നം കണ്ടു….”

“സാരല്യാ….. നമുക്ക്‌ പെട്ടെന്നു തന്നെ വീട്ടിൽ പോകാൻ ഒക്കും. നീ ഇപ്പോൾ കിടന്നുറങ്ങ്‌….”

അവന്റെ കയ്യിൽ മെല്ലെ തടവിക്കൊടുത്തു.

“ഇല്യ…. ഈ കാടന്മാര്‌ നമ്മളെ കൊല്ലും…..”

“ഇന്ന്‌ ഒരു ദിവസം കൊണ്ടുതന്നെ നമ്മൾ എത്രയെത്ര ആപത്തിൽ കുടുങ്ങി. എല്ലാറ്റിൽ നിന്നും നമ്മള്‌ രക്ഷപ്പെട്ടില്ലെ? ഇനിയും നമ്മൾ രക്ഷപ്പെടും. എനിക്കുറപ്പുണ്ട്‌. ധൈര്യമായിട്ട്‌ ഉറങ്ങിക്കൊള്ളൂ….”

ബേബി മടിച്ചു മടിച്ചു കിടന്നു. പിന്നെ പെട്ടെന്ന്‌ വീണ്ടും ഉറക്കമായി.

സുനിൽ ഉറക്കത്തെയും ധ്യാനിച്ചു കണ്ണടച്ചു കിടന്നു.

എന്തോ ബഹളം കേട്ടാണ്‌ ഉണർന്നത്‌.

നേരം നന്നെ വെളുത്തിരിക്കുന്നു.

എപ്പോഴാണ്‌ ഉറങ്ങിയത്‌ ആവോ….

കൂടിനു ചുറ്റും കാടന്മാർ വന്നു നിറഞ്ഞിട്ടുണ്ട്‌.

അദ്‌ഭുത ജീവികളെ പകൽ വെളിച്ചത്തിൽ കാണാനെത്തിയിരിക്കുകയാണവർ.

സുനിൽ എണീറ്റു.

കൂട്ടുകാരെ വിളിച്ചുണർത്തി.

എല്ലാവരും ഉണർന്ന്‌ എഴുന്നേറ്റിരിപ്പായപ്പോൾ കൂടിന്നുചുറ്റും കൂടിയവർ നേരിയ ഭയത്തോടെ പിന്നോട്ടു മാറി.

“ഗളിവറുടെ യാത്രയിൽ ഇങ്ങനെ ഒരു രംഗമുണ്ട്‌. ലില്ലിപ്പുട്ടിലെ ജനങ്ങൾ ഗളിവറെ നോക്കി നിൽക്കുന്നത്‌……”

രമ്യ കോട്ടുവാ ഇട്ടു.

“അതു കഥ…. വായിക്കാനും രസം. ഇത്‌ ജീവിതം. ഒർക്കാനും കൂടി പറ്റാത്തത്‌….”

അതുപോലെ ഈ കഥയും ഒരു ശുഭപര്യാവസായി ആയാൽ മതിയായിരുന്നു.

“എല്ലാവരും പോ…. എല്ലാവരും പോ…..”

തലവൻ ബഹളം കൂട്ടിക്കൊണ്ട്‌ ഓടി വന്നു.

“മൂപ്പന്റെ മകൻ കൊച്ചു തലൈവി മാരി വന്താച്ച്‌…. വന്താച്ച്‌….”

തലവൻ വീണ്ടും ഒച്ചവച്ചു.

നിമിഷങ്ങൾ വേണ്ടി വന്നില്ല. കൂടിനു ചുറ്റും വിജനമായി.

എന്തു മാരണമാണാവോ വരുന്നത്‌? പേരുകേട്ടാൽത്തന്നെ എല്ലാവരും ഒഴിഞ്ഞ്‌ പോകാൻ പാകത്തിൽ.

ദൂരെ നിന്ന്‌ കാടൻവേഷം അണിഞ്ഞ ഒരു പെൺകുട്ടി നടന്നു വന്നു.

ഇവളാണോ ആൾക്കാരേ മുഴുവൻ പേടിപ്പിക്കുന്ന താടക?

അവളുടെ കാലിലെ കൊലുസ്സ്‌ കിലുങ്ങി.

“ശബ്‌ദം കേട്ടാൽ കോമരത്തിന്റെ കാലിലെ ചിലമ്പു പോലുണ്ട്‌.”

ബേബി പരിഹാസസ്വരത്തിൽ പറഞ്ഞു.

“മൂപ്പന്റെ മകളാണ്‌ വരുന്നത്‌. മാരി……. മൂപ്പന്റെ മകളായതുകൊണ്ടുതന്നെ പേമാരിയേക്കാൾ സൂക്ഷിക്കണം….. അധികാരവും അതുകൊണ്ടുള്ള ധിക്കാരവും കാണും…..”

സുനിലിന്റെ വക മുന്നറിയിപ്പ്‌.

അവൾ നടന്നു നടന്ന്‌ അടുത്ത്‌ എത്തി. കൂടിന്നുള്ളിലേക്ക്‌ നോക്കി നിന്നു. നേരിയ ഭയത്തോടെ അതിനേക്കാൾ അത്‌ഭുതത്തോടെ.

“നമസ്‌കാരം കൊച്ചു തലൈവി….”

സുനിൽ കുമ്പിട്ടു. പിന്നെ നീട്ടിവലിച്ചു തൊഴുതു.

മാരി ഏറെ നേരം സങ്കോചത്തോടെ നോക്കി നിന്നു. പിന്നെ “വണക്കം…. വണക്കം…”

ബേബിയും രമ്യയും ഒപ്പം വണക്കം പറഞ്ഞു.

“വണക്കം…..വണക്കം….”

മാരി രണ്ടു പേർക്കും പ്രത്യേകം പ്രത്യേകം വണക്കം പറഞ്ഞു.

“ഈ തടിമാടന്‌ വണക്കം ഇല്ലേ?”

റഹീമിനെ ചൂണ്ടി മാരി ചോദിച്ചു.

എന്തു മറുപടി പറയണമെന്നറിയാതെ റഹിം പരുങ്ങിനിന്നു.

“രണ്ടു മൂന്നു ദിവസമായി ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട്‌, ക്ഷീണം കാരണം ഇവന്‌ അനങ്ങാൻ വയ്യാതായിരിക്കുന്നു. അതുകൊണ്ടാണിവൻ വണക്കം പറയാതിരുന്നത്‌….”

സുനിൽ ഇടയ്‌ക്ക്‌ കേറിപ്പറഞ്ഞു.

മൂപ്പന്റെ മകളല്ലേ ബഹുമാനിച്ചില്ല എന്നു വരേണ്ട! ഒരാളുടെ ജീവൻ രക്ഷിക്കാനാകുമെങ്കിൽ ഒരു നുണ പറഞ്ഞാലും പാപമില്ല.

മാത്രമല്ല ആരൊക്കെ സഹായിച്ചാലാണ്‌ ഇവിടെ നിന്ന്‌ രക്ഷപ്പെടാൻ പറ്റുക എന്നറിയില്ലല്ലോ!

“ഇതുവരെ ഭക്ഷണമൊന്നും കിട്ടിയില്ലേ?”

മാരിയുടെ നെറ്റി ചുളിഞ്ഞു.

“ഇന്നലെയും കിട്ടിയില്ല. ഇന്നിതുവരെയും കിട്ടിയില്ല…..”

സുനിൽ താഴ്‌മയോടെ ബോധിപ്പിച്ചു.

മന്ത്രവാദം ഫലിച്ചു. മാരിയുടെ മുഖം കണ്ടാൽ അറിയാം. റഹീമിനോടുള്ള സൗന്ദര്യപ്പിണക്കം തീർന്നെന്ന്‌.

“തലൈവൻ എവാ​‍ാടെ?”

മാരി ഉറക്കെ വിളിച്ചു ചോദിച്ചു.

തലവൻ ഓടി വന്നു.

“ഇവർക്ക്‌ ശാപ്പാട്‌ കൊടുത്തില്ലേ?”

തലവൻ ശരിക്കും ഞെട്ടി.

“അയ്യോ…. അത്‌ മറന്നേ പോയ്‌….”

തലവൻ വിക്കി വിക്കി പറഞ്ഞു.

“ഈ തെറ്റിന്‌ എന്ന ശിക്ഷ അറിയുമോ?”

തലവന്റെ മുഖം വിളറി.

അയാൾ മാരിയുടെ കാൽക്കൽ വീണ്‌ നെഞ്ചത്തടിച്ച്‌ കരയാൻ തുടങ്ങി.

മാരി എന്തോ പറഞ്ഞ്‌ നാവെടുത്തില്ല. അയാൾ കൂടിനു നേരെ തിരിഞ്ഞ്‌ കരച്ചിൽ പുനരാരംഭിച്ചു.

എന്താണയാൾ കരയുന്നത്‌? എന്താണയാൾ പറയുന്നത്‌“? – ഒന്നും മനസ്സിലായില്ല.

”ഞാൻ പറഞ്ഞ്‌ തരാം….“

മാരി വിസ്‌തരിച്ചു.

കാട്ടിലെ ഏറ്റവും വലിയ കുറ്റം ബലിമൃഗങ്ങളെ പട്ടിണിക്കിടുന്നതാണ്‌. മലൈഭൈരവനെ പട്ടിണിക്കിട്ട ഫലമാണ്‌ കാട്ടിലെ ഏറ്റവും വലിയ ശിക്ഷ ഇതിനാണ്‌ കൊടുക്കാറ്‌. തെറ്റു ചെയ്‌തവനെ വനം കാടിന്റെ മദ്ധ്യത്തിൽ കൊണ്ടുപോയി കെട്ടിയിടും. വെള്ളമില്ല, ഭക്ഷണമില്ല, കാവലിന്‌ ആൾക്കാർപോലുമില്ല. പതിനഞ്ചുനാൾ കഴിഞ്ഞാൽ ചെന്നു നോക്കും. അപ്പോഴേക്കും വിശപ്പുകൊണ്ടു മരിച്ചിരിക്കും. ഇല്ലെങ്കിൽ കാട്ടുമൃഗങ്ങൾ കൊന്നുതിന്നിരിക്കും. അതിൽ നിന്നു രക്ഷപ്പെട്ടാലും സന്തോഷിക്കേണ്ട അവിടെനിന്ന്‌ തിരിച്ചുകൊണ്ടുവന്ന്‌ മലൈഭൈരവന്‌ കുരുസി കൊടുക്കും. എതായാലും മരണം ഉറപ്പ്‌.

കുട്ടികൾ മൂപ്പനോട്‌ ചെന്ന്‌ ആക്ഷേപം പറഞ്ഞാലേ ശിക്ഷ വിധിക്കൂ. അങ്ങനെ പറയരുതേ എന്നപേക്ഷിക്കാനാണ്‌ തലവൻ കൂടിന്നു നേരെ തിരിഞ്ഞ്‌ കരച്ചിലും പിഴിച്ചിലും നടത്തുന്നത്‌.

”എന്റെ കുടല്‌ മുഴുക്കെ കരിഞ്ഞിരിക്കുന്നു. നമുക്ക്‌ മൂപ്പനോട്‌ പോയി കംപ്ലയിന്റ്‌ പറയാം. ഇവനെ വെറുതെ വിട്ടൂടാ….“

റഹീമിന്റെ ദേഷ്യം പതഞ്ഞുപൊന്തി.

സുനിൽ റഹീമിന്റെ വാ പൊത്തി.

”വിശപ്പുകൊണ്ട്‌ ഞങ്ങൾ ഇപ്പോൾ മരിക്കും. അത്‌ സത്യമാണ്‌. എന്നാലും ഞങ്ങൾക്ക്‌ ഒരാക്ഷേപവുമില്ല. വേണമെന്നും വെച്ചിട്ടല്ലല്ലോ. പാവം, തലവൻ മറന്നതല്ലേ….“

സന്തോഷം കൊണ്ട്‌ തലവന്റെ കണ്ണു നിറഞ്ഞു.

”നന്നീ…..നന്നീ……..നന്നീ…..“

അയാൾ കൂടിനു മുന്നിൽ മുട്ടുകുത്തി തലകുനിച്ചു.

”ഈ സഹായം മറക്കില്ലാ….“

തലവന്റെ തൊണ്ട ഇടറി.

”ഇവാരെ കൂടിന്നു പുറാത്ത്‌ വിടണം.“

മാരി പറഞ്ഞു.

”പൂശാലി സമ്മതിക്കില്ലേ….

തലവൻ തല ചൊറിഞ്ഞു.

“നീ വലിയ സൂത്രശാലി…. നീ നിച്ചച്ചാൽ നടക്കും….”

മാരി തലവനെ പ്രോത്സാഹിപ്പിച്ചു.

അയാൾ ചിന്തയിൽ മുഴുകി.

കുറേ കഴിഞ്ഞപ്പോൾ എന്തോ ഐഡിയ തടഞ്ഞപോലെ അയാൾ തുള്ളിച്ചാടി.

അയാൾ മാരിയോട്‌ വിസ്‌തരിച്ചു.

പൂശാലിയുടെ അരികിൽ ചെന്നു പറയൂ. കൊച്ചു തലൈവിക്ക്‌ ബലിമൃഗങ്ങളുടെ ഒപ്പം കളിക്കണം. കൊച്ചു തലൈവിക്ക്‌ മൃഗക്കൂട്ടിൽ കയറാൻ പറ്റില്ലല്ലോ. അതുകൊണ്ട്‌ അവരെ കൂട്ടിൽ നിന്നും പുറത്തുവിടാൻ ഉത്തരവ്‌ ഉണ്ടാകണം.

“പുറത്തു വിട്ടിലെങ്കിലോ?”

“എപ്പടി വിടാതിരിക്കും? കൊച്ചു തലൈവി കോപിച്ചാൽ മലൈഭൈരവൻ കോപിക്കുന്നതിലും കഷ്‌ടം എന്ന്‌ പൂശാലിക്കും തെരിയാതിരിക്കുമാ…?

തലവൻ ചാടിത്തുള്ളി ഓടിപ്പോയി. പോയതിലും വേഗത്തിൽ തിരിച്ചെത്തുകയും ചെയ്‌തു.

അയാളുടെ മുഖം വാടിയിരുന്നു.

തലവൻ മുഖം കുനിച്ചുകൊണ്ടു വിവരിച്ചു.

ബലി മൃഗത്തിനെ കൂടുതുറന്നു വിടാൻ നിയമമില്ല. അവർ രക്ഷപ്പെട്ടാലോ? മാരിക്ക്‌ അവരെ പുറത്തുവിടാൻ ആശയുണ്ടെങ്കിൽ പുറത്തുവിടാം. പക്ഷെ മാരി മലൈഭൈരവന്റെ മുന്നിൽ എത്തി. കഴുത്തിൽ ചെമ്പരുത്തിമാല ചാർത്തി കാലുതൊട്ട്‌ സത്യം ചെയ്യണം. അഥവാ കുട്ടികൾ രക്ഷപ്പെടുകയാണെങ്കിൽ കറുത്ത വാവു ദിവസം അവർക്കു പകരം താൻ തന്നെ ബലിമൃഗമാകാമെന്ന്‌.

”ഇതു നടക്കില്ല….. നടക്കാൻ പാടില്ല.“

തലവന്റെ സ്വരത്തിൽ നിരാശയും ദുഃഖവും ഉണ്ടായിരുന്നു.

ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. ദിവസങ്ങൾ എണ്ണുക എന്നതല്ലാതെ!

തേങ്ങലടക്കാൻ എല്ലാവരും പാടുപെടുന്നുണ്ടായിരുന്നു.

Generated from archived content: vanamkadinte7.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here