ആഹൂയ്………. ഊഹൂയ്….
അവർ മലകേറിക്കൊണ്ടേയിരുന്നു.
“പടച്ചോനേ… കുന്തം. പൊട്ടിച്ചാടരുതേ…..”
ഇടയ്‌ക്കിടെ റഹീമിന്റെ പ്രാർത്ഥന ഉയർന്നു കേട്ടുകൊണ്ടിരുന്നു.
ഒടുവിൽ മലയുടെ മുകളിൽ എത്തി.
മുന്നിൽ തല കൂർപ്പിച്ച മുളങ്കമ്പുകൊണ്ട് ഉണ്ടാക്കിയ മതിൽ. ആനയ്‌ക്ക് പോലും പെട്ടെന്ന് അകത്തു കേറാൻ പറ്റില്ല. അത്രമേൽ ഉറപ്പുണ്ടതിന്
പ്രവേശന കവാടത്തിൽ എത്തിയപോൾ പടി കാവൽക്കാർ തലകുനിച്ച് നേതാവിനെ വണങ്ങി. പിന്നെ അഴി വാതിൽ തുറന്നു.
വേലിക്കകത്ത് പരന്നുകിടക്കുന്ന മൈതാനം. അതിൽ നിറയെ പന്തം കത്തിച്ചു വെച്ചിരിക്കുന്നു.
അതിന്റെ വെളിച്ചത്തിൽ ചുറ്റും ചിതറിക്കിടക്കുന്ന കുടിലുകൾ കാണാം.
കൂമ്പൻ തൊപ്പി വിതറിയപോലെ.
കുടിൽ മുഴുവൻ മുളയും പുല്ലും കൊണ്ടാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിന്റെ മോന്തായത്ത് പുല്ല് ഉരുട്ടിക്കെട്ടി മകടുംപോലെ വെച്ചിരിക്കുന്നു.
കുടിലുകൾക്കു മുന്നിൽ കാട്ടുജാതിക്കാർ കൂട്ടം കൂടി നിൽക്കുന്നു. ബലിമൃഗത്തിനെ കാണാനുള്ള ഉത്സാഹത്തിലാവണം.
“മൂപ്പാ…. മലമൂപ്പാ….”
എല്ലാവരും കൂടി താരതമ്യേന വലിയ ഒരു കുടിലിനു മുന്നിൽ എത്തി.
“മൂപ്പാ…. മലമൂപ്പാ…. ബലിമൃഗത്തിനെ കൊണ്ടുവന്നിട്ടുണ്ടേ……..”
നേതാവ് വിളിച്ചു പറഞ്ഞു.
കുടിലിന്റെ പല്ലുവാതിൽ തുറന്നു.
കാടൻ വേഷത്തിൽ ഒരു വൃദ്ധൻ പുറത്തു വന്നു.
“മൂപ്പാ…. വണക്കം….”
എല്ലാവരും മൂപ്പന്റെ മുന്നിൽ കുമ്പിട്ടു.
“ഇതാ…. വലയിൽ കുടുങ്കിന ബലി മൃഗം….”
അവർ കുന്തം നിലത്തുവച്ചു.
“ഇദ് ബലിമൃഗമാ? ശിന്നക്കുട്ടികളല്ലേ?
മൂപ്പൻ നെറ്റിക്കുമേൽ കൈപ്പടം വെച്ച് വെളിച്ചം മറച്ച് സൂക്ഷിച്ചു നോക്കി.
”ഇതു താൻ വലയിൽ കുടുങ്കിന ബലിമൃഗം.“
തലവൻ വിശദീകരിച്ചു.
കുട്ടികളെ എന്തുചെയ്യണം?
കാടന്മാർക്കിടയിൽ ചർച്ചയായി.
ഇവരെ കുന്തത്തിന്മേൽ നിന്ന് അഴിച്ചു വിടണം. ചെറിയ കുട്ടികളല്ലേ….?
ചിലർ വാദിച്ചു.
ബലിമൃഗം അല്ലേ? എല്ലാ മൃഗങ്ങളെയും പോലെത്തന്നെ ഈ മൃഗങ്ങളെയും കണക്കാക്കിയാൽ മതി.
വേറെ ചിലരും വിട്ടു കൊടുത്തില്ല.
വാദം മൂത്തു ബഹളമായി. ബഹളം ഉന്തിലും തള്ളിലും എത്തി.
”മുണ്ടാതിരി. മൂപ്പൻ പറയട്ടും….“
തലവൻ ആജ്ഞാപിച്ചു.
പെട്ടെന്ന് ചുറ്റും നിശ്ശബ്‌ദമായി.
മാറിൽ തൂക്കിയിട്ടിരിക്കുന്ന കല്ലുമാലയിൽ വിരലോടിച്ചുകൊണ്ട് മൂപ്പൻ നിമിഷങ്ങളോളം നിന്നു.
”പൂശാലിയേ വിളി, എന്തു ചെയ്യണമെന്ന് പൂശാലി കൽപ്പിക്കട്ടും….“
മൂപ്പൻ നിർദ്ദേശിച്ചു.
”പൂശാലീീീ…… പൂശാാാലി…“
ആരോ ഓടിപ്പോയി.
താമസമുണ്ടായില്ല. കണ്ണിന്റെ പുരികംപോലും നരച്ച ഒരു പടുവൃദ്ധൻ മുടന്തി നടന്നെത്തി.
എല്ലാവരും തലകുമ്പിടുന്നുണ്ട്. ഇയാൾ തന്നെയാവണം പൂശാലി.
പൂശാലിയുടെ മുതുകിൽ ഒരുണ്ട. ഒട്ടകത്തിന്റെ പൂഞ്ഞപോലെ. അതിന്റെ കനം കൊണ്ടാവണം. കൂന്നുകൂന്നാണ് നടപ്പ്.
”എന്താ അതിന്റെ ശരീരം മുഴുവൻ?“
”അത് വെണ്ണീറ് കുറിയിട്ടതാണ്….“
”ഏതാണ്ടട്യേ ബം? വെള്ളിക്കെട്ടൻ പാമ്പുപോലെ?“
റഹീമിന് ചിരിയടക്കാൻ ആയില്ല.
”ഇയാള് ആണ് പൂജാരി. ഇവര് ബഹുമാനിക്കണതു കാണുന്നില്ലേ? ഇയാൾ ഒരു കാര്യം പറഞ്ഞാൽ അതിന് അപ്പീലില്ല. കളിയാക്കി ചിരിക്കേണ്ട. അയാൾക്ക് ദേഷ്യം വരും. വന്നാൽ അപകടമാണ്. ഇപ്പോൾ അയാളുടെ കയ്യിലാണ് നമ്മുടെ ജീവൻ കിടക്കുന്നത്…..“
സുനിൽ മന്ത്രിച്ചു.
”ഈശ്വരാ…. ഇയാൾ വെറുതെ വിട്ടയ്‌ക്കണേ….“
കൈപിടിച്ചു കെട്ടിയതുകൊണ്ട്, തൊഴുതു പ്രാർത്ഥിക്കാൻ പറ്റാത്തതിൽ രമ്യക്ക് ഖേദം തോന്നി.
മൂപ്പൻ പൂശാലിയെ സ്വീകരിച്ചിരുത്തി.
”എന്താണ് പ്രഛനം?“
പൂശാലി ചോദിച്ചു.
”ഈ വരും കറുത്തവാവിന് എൻ മകൻ മാരിയുടെ ഇരുപതാമത് പിറന്തനാൾ. അന്ന് കുരുസി കഴിക്കേണ്ട? കുരുസി മൃഗത്തെ കിട്ടാൻ കാട്ടിൽ വല വിരിച്ചു. മൃഗങ്ങൾക്ക് പകരം വലയിൽ കുടുങ്കിയത് ഇന്ത ശിന്ന കൊച്ചുങ്ങൾ താൻ.“
മൂപ്പൻ വിശദികരിച്ചു.
പൂശാലി കുരുതിമൃഗങ്ങളെ സൂക്ഷിച്ചു നോക്കി.
അമ്മേ….. ആ കണ്ണുകളുടെ ഒരു ശക്തി. ശരീരത്തിൽ തുളഞ്ഞ് കേറും എന്നു തോന്നും.
”മനുഷ്യക്കുഞ്ഞുങ്കളല്ലവാ…. അതാണ് പ്രഛ്‌നം.“
”കുരുസി നേർന്ന് വലവിരിച്ചാൽപ്പിന്നെ വലയിൽ അര് കുടുങ്ങിയാലും കുരസിമൃഗം താൻ. വലയിൽ കുടുങ്കിയാൽ കുരുസി കഴിച്ചേ ഒക്കൂ. ഇല്ലാമൽ മലൈഭൈരവൻ കോപിക്കു….“
പൂശാലി പറഞ്ഞു.
ആ സ്വരം കേട്ടാൽ ഏതോ പാതാളത്തിൽ നിന്ന് വരികയാണെന്നു തോന്നും.
”എന്നാലും മനുഷ്യക്കുട്ടികളല്ലേ?“
മൂപ്പൻ പറഞ്ഞു തീർന്നില്ല. അതിനുമുമ്പ് പൂശാലി കുരച്ചു ചാടി.
”മലൈ ഭൈരവന്റെ ശക്തിയെ പരീക്ഷിക്കണമോ? മടിയിൽ കരുതി വയ്‌ക്കുന്ന കുരിപ്പിന്റെ വിത്തുകൾ വാരി എറിയും. ഏഴു ദിവസം പനിക്കും. വസൂരി മാല വരും. ശരീരം മുഴുവൻ പൊട്ടി ഒലിച്ചു മരിക്കും. കുലം മുടിയും വേണമോ?“
പൂശാലി അഭിമാന പ്രശ്‌നം പോലെ കലിതുള്ളി.
”അയ്യോ ഒരു പരീക്ഷണവും വേണ്ടേ….“
മൂപ്പൻ വീണ്ടും വീണ്ടും താണു തൊഴുതു.
പൂശാലി എഴുന്നേറ്റ് പുറത്തേക്കിറങ്ങി.
ആഹൂയ്…..ഊഹൂയ്……
പൂശാലിയുടെ പിന്നാലെ നൃത്തച്ചുവടുകൾ നീങ്ങി.
”അയ്യോ…. നമ്മളെ കുരുതി കൊടുക്കാൻ കൊണ്ടു പോകുകയാണോ?“
”ഒരിക്കലുമല്ല……. പക്ഷേ കറുത്തവാവു ദിവസം.“
ആഹൂയ്……ഊഹൂയ്….
ബഹളം വർദ്ധിച്ചു.
മുന്നിൽ മണ്ഡപം. അതിന്റെ നടുവിൽ മലൈഭൈരവന്റെ പനയോളം പൊക്കമുള്ള പ്രതിമ.
കണ്ണു തുറിച്ച്. കോമ്പല്ല് പുറത്തു കാട്ടി, നാവ് നെഞ്ചുവരെ നീട്ടി.
നോക്കിയാൽ ശരിക്കും ഭയമാകും.
നൃത്തത്തിന്നു വേഗത കൂടി. അവർ മലൈഭൈരവന്റെ മണ്ഡപത്തെ പ്രദക്ഷിണം വെക്കുകയാണ്.
മൂന്നു പ്രദക്ഷിണം കഴിഞ്ഞപ്പോൾ ഏറ്റുകാർ കുന്തം താഴെ വെച്ചു അവർ കുമ്പിട്ടു തൊഴുതു പിൻവാങ്ങി.
പൂശാലി മലൈഭൈരവന്റെ മുന്നിൽ ചെന്നു നിന്ന് കൈകൂപ്പി തൊഴുതു നിന്നു.
പൂശാലിയുടെ കാലിൽ നിന്നും വിറ മുകളിലേക്ക് കേറിവരും പോലെ. ഒടുവിൽ ഉറഞ്ഞുതുള്ളാൻ ആരംഭിച്ചു.
”കുഞ്ഞികൂനന്റെ ഈ പൊട്ടൻകളി കണ്ടാൽ എനിക്ക് ചിരിവരും….“
”ചിരിക്കരുത് റഹീമേ….“
സുനിൽ സ്വരം താഴ്‌ത്തി മന്ത്രിച്ചു.
പൂശാലി ശംഖിൽ തിർത്ഥം എടുത്ത് ശരീരത്തിലേക്ക് ശക്തിയായി ഒഴിച്ചു.
വീഴ്‌ചയിൽ പറ്റിയ മുറിവുകളിൽ വെള്ളമായപ്പോൾ നീറാൻ തുടങ്ങി.
തലവൻ മുന്നോട്ടുവന്ന് കെട്ടുകൾ അഴിച്ചു.
ഓടി രക്ഷപ്പെടാതിരിക്കാൻ വേണ്ടിയാവണം. കെട്ടഴിച്ചു കൊണ്ടിരിക്കുമ്പോൾ കുന്തമുനകൾ കഴുത്തിൽ സ്‌പർശിച്ചുകൊണ്ടിരുന്നു.
കെട്ടഴിച്ചു കഴിഞ്ഞപ്പോൾ ശരീരത്തിൽ വേദനയും നീറ്റവും കൂടുകയാണ് ചെയ്‌തത്.
”ഇവരെ മൃഗക്കൂട്ടിൽ ഇട്ട് പൂട്ടുവിൻ…“
പൂശാലി കൽപ്പിചു.
”ഇത് മനുഷ്യക്കുഞ്ഞുങ്ങൾ അല്ലവാ?“
തലവൻ തല മാന്തി.
”അതുകൊണ്ടന്നതാ? വലയിൽ കുടുങ്കിയോ? അപ്പോൾപ്പിന്നെ കുരുസിമൃഗമാക്കും. കുരുസി മൃഗത്തിനെ ഇട്ട് പൂട്ടുന്നതിനാണ് മൃഗക്കൂട്.“
പൂശാലി അകത്തേക്ക് പോയി.
മൈതാനത്തിന്നു നടുവിൽ ഒരു അഴിക്കൂട്. അതിന്നടുത്തേക്ക് വലിച്ചിഴച്ചു.
”ഓടിയാലോ?“
ബേബി ചോദിച്ചു.
”എന്നാൽ ഇവർക്ക് കറുത്തവാവുവരെ കാക്കേണ്ടിവരില്ല….. അതു മാത്രം ലാഭം….“
രമ്യ പിറുപിറുത്തു.
”ഇതു പട്ടിക്കൂടാണെന്നു തോന്നുന്നു….“
”എന്തു കൂടായാലും എനിക്കിത്തിരി വിശ്രമിക്കണം….“
ശൂ!! കൂട്ടിലേക്ക് പിടിച്ചുതള്ളുമ്പോൾ തലവൻ ശബ്‌ദമില്ലാതിരിക്കാൻ ആംഗ്യം കാണിച്ചു.
കൂടിന്റെ വാതിൽ അടഞ്ഞു.
പുറത്ത് അതിന്റെ സാക്ഷ വീഴുന്ന ശബ്‌ദം വ്യക്തമായും കേട്ടു.
Generated from archived content: vanamkadinte6.html Author: aryan_kannanur
Click this button or press Ctrl+G to toggle between Malayalam and English