സൂര്യൻ മറയാറായിരിക്കുന്നു. കാടല്ലേ അതിനു വളരെ മുമ്പുതന്നെ ഇരുട്ടു പരക്കും.
ഇരുട്ടു വീണാൽ വിശേഷിച്ചൊന്നും ചിന്തിക്കാനില്ല. ഏതെങ്കിലും മൃഗത്തിന്റെ തീൻമേശയിൽ സസന്തോഷം നീണ്ടു നിവർന്നുകിടന്നു കൊടുക്കാം. ബാക്കി കാര്യം അവ നോക്കിക്കൊള്ളും.
“ഏതെങ്കിലും മരത്തിന്റെ മുകളിൽ കയറി ഇരുന്നാലോ?” – ബേബിയുടെ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങിയിരിക്കുന്നു.
“എനിക്ക് മരത്തിൽ കയറാൻ അറിയില്ല.”
റഹീമിന്റെ നിസ്സഹായ സ്വരം.
“മരം കയറാൻ പറ്റുന്നവർക്കുതന്നെ ഇത്രയും വലിയ മരത്തിൽ കയറാൻ പറ്റ്വോ” കയറിയാൽത്തന്നെ ഉറക്കം തൂങ്ങി താഴെ വീഴില്ലേ?“
രമ്യ റഹീമിനെ പിൻതാങ്ങി.
കാട്ടു വള്ളികൾ കൊണ്ടു കെട്ടിയിടണം. പക്ഷേ, രാത്രി കടുവ മരത്തിലേക്ക് കയറിവന്നാലോ? താഴേത്തേക്ക് ചാടാനും കൂടി പറ്റില്ല.
ആലോചന കൊണ്ട് തല ചൂടായി.
”ഞാനൊരു പരീക്ഷണം നടത്തട്ടെ.“
സുനിൽ ബൈനോക്കുലർ ചുമലിൽ തൂക്കി മരത്തിലൂടെ പൊത്തിപ്പിടിച്ച് മോലോട്ടു കയറി.
വയർ ഉരഞ്ഞ് പൊട്ടുന്നുണ്ട്!
സാരമില്ല. ലക്ഷ്യമാണ് പ്രധാനം…..
കഴിയുന്നത്ര മുകളിൽ എത്തി ഒരു കൊമ്പിൽ ശരീരം ഊന്നി, ബൈനോക്കുലറിലൂടെ ചുറ്റും നോക്കി.
ഒരു ഭാഗത്ത് പുഴ. അതിൽ നീന്തിത്തുടിക്കുന്ന കാട്ടാനകൾ
മറ്റൊരു ഭാഗത്ത്…..
”യുറേക്കാ….യുറേക്കാ…“
സുനിൽ വിളിച്ചുകൂവി.
”എന്താ…..എന്താ…. പറയ്…..“
”കുറച്ചു ദൂരെ ഒരു വീട്…“
”വല്ല കാട്ടു ജാതിക്കാരുടേതുമായിരിക്കും.“
രമ്യ പറഞ്ഞു.
”കാട്ടുജാതിയെങ്കിൽ കാട്ടുജാതി. രാത്രി കേറിക്കിടക്കാനൊരു ഇടമായല്ലോ“
”കണ്ടാൽ കാട്ടുജാതിക്കാരുടെ വീടൊന്നുമല്ല. ഒന്നാം തരം കണ്ണാടി ബംഗ്ലാവ്…“
ഈ കാട്ടിൽ ഒരു കണ്ണാടി ബംഗ്ലാവോ? അത്ഭുതം എന്നെ പറയാവൂ.
”ഇതാ…….. ഈ വഴിക്ക് പോയാൽ മതി….“
സുനിൽ വിരൽ ചൂണ്ടി.
”കയ്യ് വിട്ട് കളിക്കേണ്ട മോനേ….ഡയറക്ഷൻ പോയാൽ വീണ്ടും നോക്കി കണ്ടെത്താം. പിടിവിട്ട് താഴേപ്പോന്നാൽ അടപ്പ് കാണില്ല. അതു പിന്നെ ഉണ്ടാക്കാനും കഴിയില്ല.“
റഹിം വിളിച്ചു പറഞ്ഞതു കാര്യമാണ്. വളരെ സൂക്ഷിച്ചാണ് മരത്തിലൂടെ താഴേക്ക് ഇറങ്ങിയത്.
”ശരി…. നമുക്ക് പോകാം…“
താഴത്ത് എത്തിയപ്പോൾ എല്ലാവർക്കും ബംഗ്ലാവിൽ എത്താനുള്ള തിടുക്കം കാണാമായിരുന്നു.
”ഞാൻ മുന്നിൽ നടക്കാം. രമ്യ നടുവിൽ നടക്കട്ടെ…“
സുനിൽ നിർദ്ദേശിച്ചു.
”അതേ… ബേബി ഏറ്റവും പിന്നിലും നടക്കട്ടെ.“
റഹിം പറഞ്ഞു.
”അതെന്താ അങ്ങനെ? ഏറ്റവും ഒടുവിൽ നിനക്ക് നടന്നാൽ എന്താ?“
റഹിം നിന്ന് തല മാന്തി.
”എല്ലാറ്റിലും പിന്നിൽ നടന്നാൽ എനിക്ക് പേടിയാവും… അതു തന്നെ…“
പിന്നെ പുത്തരിയിൽ കല്ലു കടിച്ചപോലെ ചിരിച്ചു.
കുറ്റിച്ചെടികൾക്കിടയിലൂടെ വഴിയുണ്ടാക്കി മുന്നോട്ടു നീങ്ങി.
ചെടികൾ കുറഞ്ഞ വെളിമ്പ്രദേശത്ത് എത്തി.
”ഹൗ രക്ഷപ്പെട്ടു. ഇനിയും മുള്ളുകൊണ്ട് ശരീരം കീറിമുറിയില്ലല്ലോ….“
രമ്യ ആശ്വസിച്ചു.
”രക്ഷപ്പെട്ടു എന്നു മുഴുവൻ ഉറപ്പിച്ച് പറയേണ്ട. വല്ല മൃഗങ്ങളും നേർക്കു വരികയാണെങ്കിൽ ഒളിക്കാൻപോലും ഒരിടമല്ല“.
ബേബി പറഞ്ഞ് നാവെടുത്തില്ല. അതിനുമുമ്പ് ദൂരെനിന്ന് ആനചീറുന്ന ശബ്‌ദം ഉയർന്നു.
”എന്തൊരു കരിനാവാണിത്. ഇനി നാവ് വളയ്‌ക്കല്ലേ….“
റഹീമിന്റെ ഹൃദയമിടിപ്പ് ഉയർന്നു കേട്ടു.
ദൂരെ മലഞ്ചെരിവുകൾ ഇരുട്ടിൽ മൂടാൻ തുടങ്ങിയിരിക്കുന്നു.
”നമുക്ക് വേഗം നടക്കാം.“
എല്ലാവരും ഒത്തു പിടിച്ചു.
”ഒന്നു സാവധാനം… ഞാൻ ക്ഷീണിച്ചു.“
റഹിം ശരിക്കും കിതക്കുന്നുണ്ടായിരുന്നു.
”ശരീരം ഒന്നിളകട്ടെ. നിന്റെ പൊണ്ണത്തടി പോയികിട്ടൂലോ“
”ഇനി ആന പിന്നാലെ വന്നാലും കാര്യമില്ല. എനിക്ക് ഇതിനേക്കാൾ സ്‌പീഡിൽ പറ്റില്ല.“
കിതപ്പിന്റെ ശക്തിയിൽ റഹീമിന്റെ സംഭാഷണം മുറിഞ്ഞുമുറിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു.
”ആനയും ആനമാർക്ക് റഹീമും ഓട്ടം പിടിച്ചാൽ നാം വിഷമിക്കും…. ഏതാണ് ആന എന്നറിയാതെ…. “
ബേബി ഓർത്തുചിരിച്ചു.
ഇരുട്ടുന്നതിനുമുമ്പ് കണ്ണാടി ബംഗ്ലാവിൽ എത്തണം. ഇല്ലെങ്കിൽ പൊണ്ണത്തടിയല്ല; ഈർക്കിൽ തടിയാണെങ്കിലും പോയികിട്ടും.
മരങ്ങളിൽ ചേക്കേറാനുള്ള തയ്യാറെടുപ്പായിരിക്കണം, പക്ഷികൾ അങ്ങോട്ടും ഇങ്ങോട്ടും പറന്നുകൊണ്ടിരിക്കുന്നു.
കുറച്ച് പുൽപ്രദേശം. പിന്നെ കുറ്റിച്ചെടികളും വള്ളിപ്പടർപ്പുകളും വൻമരങ്ങളും. അതു കഴിഞ്ഞാൽ വീണ്ടും പുൽപ്രദേശം.
ഏതു നിമിഷവും ഇരുട്ടുവന്ന് പൊതിയാം.
”എത്ര നേരമായി നമ്മൾ നടക്കാൻ തുടങ്ങിയിട്ട്. ഇതിപ്പോൾ അമേരിക്കയിൽ എത്തേണ്ട സമയമായി.“
റഹിം ആവലാതിപ്പെട്ടു.
വീണ്ടും മുന്നോട്ട്.
ഒരു വളവ് തിരിഞ്ഞപ്പോൾ കണ്ണാടി ബംഗ്ലാവ് മുന്നിൽ പ്രത്യക്ഷമായി.
കണ്ടാൽ ഏറെ പഴക്കം തോന്നും.
വാതിലുകളുടെയും ജനലുകളുടെയും ചില്ല് ഒഴിച്ചാൽ, ചുമർപോലും മരം കൊണ്ടു നിർമ്മിച്ചതാണ്.
പണ്ടെന്നോ ഒലീവ് ഗ്രീൻ ചായം തേച്ചിട്ടുണ്ടെന്നു തോന്നും.
ചുറ്റുമുള്ള ചില്ലു വാതിലുകളിലൂടെ, പ്രകാശം പുറത്തേക്ക് അരിച്ചുവരുന്നുണ്ട്.
”പട്ടി ഉണ്ടോ എന്ന് നോക്കണം…..“
ഉമ്മറത്തേക്ക് നീങ്ങുമ്പോൾ റഹിം ഓർമ്മിപ്പിച്ചു.
”നീ ഒരു പേടിത്തൊണ്ടൻ“.
”സാറന്മാരെ…. ഞാൻ പേടിത്തൊണ്ടൻ തന്നെയാണ്… സമ്മതിച്ചു. പട്ടികടിച്ചാൽ ഏഴുപ്രാവശ്യം മണ്ണുകൂട്ടി കഴുകിയിട്ടൊന്നും കാര്യമില്ല പേ ഇളകും….“
”നിനക്കിനി ഇളകാനൊന്നും ഇല്ല….“
-മിണ്ടാതെ വരിൻ….
സുനിൽ ആംഗ്യം കാണിച്ചു.
ഉമ്മറവാതിലിന്നു തൊട്ടുമുന്നിൽ മുറ്റത്ത് ഒരു മുള നാട്ടിയിരിക്കുന്നു. അതിനു മീതെ കമഴ്‌ത്തിവെച്ച മൺകുടം. അതിൽ ഏതോ പിശാചിന്റെ മുഖം വരഞ്ഞ് വെച്ചിരിക്കുന്നു. അതിന്റെ തേറ്റകൾ വെട്ടിത്തിളങ്ങുന്നു.
ഒരു കാറ്റുവന്നാൽ ആടിക്കളിക്കുന്ന ആ മുഖവും കഴുത്തിൽ തൂക്കിയിരിക്കുന്ന തലയോട്ടിമാലകളും കണ്ടാൽ ആരും ഒന്നും ഞെട്ടും.
ഇത്‌പ്പൊ എന്തിനാവും ഇവിടെ നാട്ടിയിരിക്കുന്നത്? ഒരുപക്ഷേ, കണ്ണുതട്ടാതിരിക്കാനാവും.
വീടിന്റെ ഉമ്മറത്തേക്ക് കയറി അകത്തേക്ക് നോക്കി.
ഒന്നു രണ്ടു ട്യൂബ്‌ലൈറ്റുകൾ കത്തുന്നുണ്ട്. പക്ഷേ, ആരെയും കാണുന്നില്ല.
”ഇവിടെ ആരും ഇല്യേ?“
അകത്തു നിന്നും മറുപടി ഒന്നും വന്നില്ല.
”ഒരു മറുപടിയും കേട്ടില്ലല്ലോ…“
റഹിം പറഞ്ഞു.
ആരെങ്കിലും മറുപടി പറഞ്ഞില്ലെന്നു വരേണ്ട എന്ന മട്ട് പുറത്തു നിന്നും ചെന്നായ്‌ക്കൾ കൂട്ടമായി ഓരിയിട്ടു.
പിന്നെ അകത്തുനിന്നുള്ള മറുപടിക്കൊന്നും കാത്തില്ല. ഭയത്തോടെ നേരെ അകത്തേക്ക് ഓടിക്കയറി.
മോന്തായത്ത് അവിടവിടെ തൂങ്ങി നിന്ന് ശബ്‌ദിച്ചിരുന്ന കടവാവലുകൾ ചിറകടിച്ച് പുറത്തേക്ക് പറന്നുപോയി.
”ഇത് കണ്ണാടി ബംഗ്ലാവല്ല. പ്രേതബംഗ്ലാവ് ആണെന്ന് തോന്ന്‌ന്നു.“
റഹീമിന്റെ തൊണ്ട ഇടറി.
”പ്രേതത്തിന് കരണ്ട് ഉൽപ്പാദിപ്പിക്കാനും സ്വിച്ച് ഇടാനും ഒക്കെ അറിയോ?
സുനിലിന് ദേഷ്യം വന്നു.
“സോളാർ പാനൽവെച്ചാൽ മതിയല്ലോ. വല്ല ഇലക്‌ട്രിക്കൽ എഞ്ചിനീയറുടെ പ്രേതം ആണോ എന്ന് അറിയില്ലല്ലോ….”
ആരോ പിറുപിറുത്തു.
“ഇവിടാരുല്യേ?”
സുനിൽ വിളിച്ചു ചോദിച്ചു.
ശബ്‌ദംകേട്ട് അടുത്ത മുറിയിൽനിന്നും ഒരുപറ്റം കടവാവലുകൾ ചിറകടിച്ചു പറന്നുപോയി.
മെല്ലെ അടുത്ത മുറിയുടെ വാതിൽക്കൽ ചെന്ന് എത്തിനോക്കി.
“അയ്യോ…… അതെന്താണ്?”
മുറിയുടെ ഒരു മൂലയിൽ തുറന്നുവെച്ചിരിക്കുന്ന ഒരു ശവപ്പെട്ടി. അതിൽ താടിയും മുടിയും ഏറെ വളർന്ന് ജട പിടിച്ച് എല്ലിൻ കൂടുപോലെ ഒരു വൃദ്ധൻ നീണ്ടുനിവർന്നു കിടക്കുന്നു.
“ഡ്രാക്കുളപോലെ… നല്ലപോലെ ഇരുട്ടായിട്ടു വേണ്ടേ രക്തം തേടി ഇറങ്ങാൻ എന്നു കരുതി കിടക്കുകയായിരിക്കും….”
രമ്യയുടെ നേർത്ത സ്വരം.
ശരീരം അനങ്ങുന്നുണ്ടോ? – സുനിലിനും സംശയം.
സുനിൽ ചുണ്ടിൽ വിരൽവെച്ചു.
പൂച്ചയെപ്പോലെ പതുങ്ങി ശബ്‌ദമില്ലാതെ പുറത്തേക്ക്.
മരങ്ങൾക്കിടയിൽ കനത്ത ഇരുട്ടു വീണിരിക്കുന്നു.
മുറിയിൽ നിന്നും എന്തോ ശബ്‌ദമുയർന്നു.
“ഇനി ഇവിടെ നിൽക്കേണ്ട… നമുക്ക് ഓടാം.”
സുനിൽ ശബ്‌ദം താഴ്‌ത്തി പറഞ്ഞു.
ഇത്തവണ റഹീമിനുപോലും നല്ല വേഗത ഉണ്ടായിരിക്കുന്നു.
എവിടേയ്‌ക്കാണ് ഓടുന്നതെന്നറിയില്ല.
എവിടേയ്‌ക്കാണെങ്കിലും കുഴപ്പമില്ല. പ്രേതം ചോരക്കുടിക്കില്ലല്ലോ!
ഏറെ ഓടേണ്ടി വന്നില്ല. എന്തോ കാലിൽ തടഞ്ഞ് തറയിൽ ഉരുണ്ടുവീണു.
പിന്നെ താമസമുണ്ടായില്ല. ആരോ ആകാശത്തേക്ക് പിടിച്ചു പൊക്കാൻ തുടങ്ങി?.
“രക്ഷിക്കണേ…. രക്ഷിക്കണേ…”
റഹിം തന്നെയാണ് കരച്ചിൽ തുടങ്ങിവെച്ചത്.
പ്രേതം ആകാശത്തേക്ക് പൊക്കിക്കൊണ്ടു പോവുകയാണ് ചോര കുടിക്കാൻ.
“രക്ഷിക്കണേ…. രക്ഷിക്കണേ…”
വീണ്ടും ആർത്തലച്ചുകരഞ്ഞു.
അത് മലഞ്ചെരിവുകളിൽ തട്ടി പ്രതിധ്വനിച്ചു. വീണ്ടും വീണ്ടും.
Generated from archived content: vanamkadinte4.html Author: aryan_kannanur
Click this button or press Ctrl+G to toggle between Malayalam and English