ചെടികളുടെ മറവിൽ ശ്വാസം പോലും വിടാതെയുള്ള ഇരിപ്പ്.
ശരീരത്തിൽ എന്തോ അരിച്ചു കേറുന്നു. ഉറുമ്പാവണം. എന്തുവന്നാലും അനങ്ങരുത്. പേടിച്ച് ശബ്‌ദം പുറത്തുവരാതിരിക്കാൻ റഹിം സ്വയം വായപൊത്തിപ്പിടിച്ചിരുന്നു.
കുറ്റിച്ചെടികൾ ഞെരിഞ്ഞമരുന്ന ശബ്‌ദം. അൽപ്പം ദൂരെ ഇലകൾക്കിടയിലൂടെ കടുവയുടെ മുഖം തെളിഞ്ഞുവന്നു.
പെട്ടെന്ന് മരത്തിനു മുകളിലിരിക്കുന്ന കുരങ്ങന്മാർ ബഹളം കൂട്ടാൻ തുടങ്ങി.
ഭാഗ്യം. കടുവയുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. കുഞ്ഞുങ്ങളെ മാറോടു ചേർത്തുപിടിച്ച അമ്മമാർ മരത്തിന്റെ ഒത്ത മുകളിലേക്ക് കയറിപ്പോയി. കൊച്ചുവാനരന്മാർ താഴത്തെ കൊമ്പിൽ ഇരുന്ന് ഇളിച്ചുകാട്ടി. പിന്നെ കൂടുതൽ മുകളിലേക്ക് ചാടിക്കയറി ഏറ്റവും ഉയർന്ന കൊമ്പിൽ എത്തി ട്രപ്പീസ് കളി ആരംഭിച്ചു.
കടുവ കുറേനേരം മരത്തിന്റെ മുകളിലേക്ക് നോക്കിനിന്നു.
ധൈര്യമുണ്ടെങ്കിൽ താഴേക്ക് ഇറങ്ങി വാടാ-
എന്നൊരു മട്ട്.
ഒന്നുകൂടി മുരണ്ട് സ്വന്തം പ്രതിഷേധം രേഖപ്പെടുത്തി അത് സ്‌ഥലം വിട്ടു.
അപ്പോഴാണ് ശ്വാസം നേരെ വീണത്.
ചെടിയുടെ മറവിൽ നിന്നും പുറത്തു കടന്നു.
ഇനിയിപ്പോൾ ബേബിയെ കണ്ടെത്തണം.
ബാക്കിയുള്ളവർ മുഴുവൻ ഇതേ ചുറ്റുവട്ടത്താണല്ലോ വീണത്. അതുകൊണ്ട് ബേബിയും അടുത്തെവിടെയെങ്കിലും ഉണ്ടാവും.
തൊട്ടപ്പുറത്ത് കഴുകന്മാർ വട്ടമിട്ട് പറക്കുന്നു. അതിൽ ചിലത് പെട്ടെന്ന് റോക്കറ്റുപോലെ ഭൂമിയിലേക്ക് പറന്നിറങ്ങുന്നുണ്ട്.
“അയ്യോ…… അങ്ങോട്ടു നോക്കൂ…..”
രമ്യയുടെ ഭയം നിറഞ്ഞ സ്വരം.
ബേബി നിലത്തു വീണു കിടക്കുന്നു.
ചുറ്റും കഴുകന്മാർ. അവ ചാഞ്ഞും ചെരിഞ്ഞും നോക്കി ചാടിച്ചാടി നടക്കുകയാണ്. ഏതു നിമിഷവും ശരീരത്തിൽ ചാടി വീണ് കൂർത്ത കൊക്കുകൊണ്ട് പച്ചമാംസം കടിച്ചു കീറാൻ പാകത്തിൽ.
ഒരു കൊമ്പ് ഒടിച്ചെടുത്ത് വായുവിൽ വീശി കഴുകന്മാരെ ഭയപ്പെടുത്തിക്കൊണ്ട് ഓടിച്ചെന്നു. റഹീമും രമ്യയും ഒപ്പം തന്നെയുണ്ടായിരുന്നു.
കഴുകന്മാർ ചാടിച്ചാടി കുറച്ചു ദൂരം പോയി ആളൊഴിയുന്നത് കാത്തു നിൽപ്പായി.
ബേബി കമഴ്‌ന്നാണ് കിടക്കുന്നത്.
അവനെ മലർത്തിക്കിടത്തി.
‘ബേബി……..ബേബി……..’
അവന്റെ കഴുത്തിൽ കുരുങ്ങിയിരുന്ന ബൈനോക്കുലർ ഊരി എടുത്തു.
“ബേബി……..ബേബി……..”
കുലുക്കി വിളിച്ചു.
അവൻ കണ്ണു തുറന്നില്ല. പക്ഷേ, ശക്തിയായ സ്വരത്തിൽ ശ്വാസോച്ഛാസം ചെയ്യുന്നുണ്ടായിരുന്നു.
ഇത്തിരി വെള്ളം കിട്ടിയാൽ മുഖത്തു തളിക്കാമായിരുന്നു. ചുറ്റും നോക്കി. ഭാഗ്യം. തൊട്ടപ്പുറത്ത് ഒരു നീർച്ചാല്.
വലിയ ഒരു ഇല പൊട്ടിച്ച് കുമ്പിൾ കുത്തി അതിൽ നിറയെ തെളിഞ്ഞ വെളളം എടുത്ത് തിരിച്ചെത്തി.
കുമ്പിൾ ശക്തിയായി ബേബിയുടെ മുഖത്തേയ്‌ക്ക് ചരിച്ചു.
അവൻ ഞെട്ടിപ്പിടഞ്ഞ് കണ്ണുതുറന്നു.
പിന്നെ അപരിചിതരെ എന്നപോലെ ഭയത്തോടെ മാറിമാറി നോക്കി.
“ഇതു ഞങ്ങളാ ബേബീ…..”
നിമിഷങ്ങളോളം അതേ നോട്ടം. പിന്നെ സാവധാനം അവന്റെ കണ്ണിൽ സൗഹൃദത്തിന്റെ തിളക്കം തെളിഞ്ഞുവന്നു.
ഭാഗ്യമുണ്ട്. ഇവനും കാര്യമായ കുഴപ്പം ഒന്നുമില്ല.
ദാഹിക്കുന്നു- ബേബി ആംഗ്യം കാണിച്ചു.
വീണ്ടും ഓടിപ്പോയി കുമ്പിൾ നിറയെ വെള്ളവുമായി തിരിച്ചെത്തി.
രമ്യയും റഹീമും കൂടി ബേബിയെ എഴുന്നേൽപ്പിച്ച് താങ്ങി ഇരുത്തി.
സുനിൽ വായയിലേക്ക് വെള്ളം ഒഴിച്ചുകൊടുത്തു.
അവൻ ആർത്തിയോടെ കുടിക്കുമ്പോൾ ഏതോ അണ്ഡകടാഹത്തിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതുപോലെ ശബ്‌ദം ഉയർന്നു.
“നമ്മളിപ്പോൾ എവിടെയാണ്?”
ബേബിയുടെ തൊണ്ടയിൽനിന്നും ഞരക്കം ഉയർന്നു.
“നിന്റെ ക്ഷീണമൊക്കെ മാറിയോ?”
വിഷയം മാറ്റാനുള്ള ഒരു ശ്രമം നടത്തിനോക്കി.
“ഞാൻ……ചോദിച്ചതു കേട്ടില്ലേ?”
അവൻ ചുറ്റും നോക്കി. പിന്നെ പൊട്ടിക്കരഞ്ഞു.
“എനിക്കെന്റെ അമ്മച്ചിയെ ഇപ്പോൾ കാണണം….”
“മോനേ…. ഉറക്കെ ശബ്‌ദിക്കല്ലേ…..”
റഹിം ബേബിയുടെ വായ്‌പൊത്തി.
“ഇപ്പോൾത്തന്നെ ഒരു കടുവയുടെ വായിൽ നിന്നും കഷ്‌ടിച്ചു രക്ഷപ്പെട്ടിട്ടേയുള്ളൂ.”
രമ്യ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ശബ്‌ദമുണ്ടാക്കിയാൽ ഈ കാട്ടിലുള്ള എല്ലാ മൃഗങ്ങളും കൂടിവന്ന് നമ്മുടെ മയ്യത്ത് എടുക്കും.”
റഹിം ഓർമ്മിപ്പിച്ചു.
കാത്തുനിന്ന് കഴുകന്മാർക്ക് മടുത്തു എന്നു തോന്നുന്നു. അവ ഓരോന്നായി പറന്നുപോയി.
“നമ്മുടെ ബസ്സെവിടെ?”
“ആർക്കറിയാം….. മുകളിൽ എവിടെയോ ആണ്….”
എല്ലാവരും മുകളിലേക്ക് നോക്കി.
കുത്തനെ ഉയർന്നുപോകുന്ന മലയുടെ ചെരുവിൽ പടർന്നു നിൽക്കുന്ന കുറ്റിച്ചെടികൾ കാഴ്‌ച മുടക്കി.
“ഒരു പക്ഷേ, ഹോൺ അടിച്ച് ഹോൺ അടിച്ച് നമ്മെ കാത്തു നിൽക്കുന്നുണ്ടാവും….”
രമ്യയുടെ സ്വരത്തിൽ പ്രത്യാശ മുറ്റി നിന്നിരുന്നു.
“അധികനേരം കാത്തുനിൽക്കാൻ അവയ്‌ക്ക് കഴിയില്ല. കോടമഞ്ഞ് ഇറങ്ങുന്നതിന്നുമുമ്പ് ചുരം മുഴുവൻ താണ്ടിത്തീർക്കണം. ഗൈഡ് പറഞ്ഞത് കേട്ടില്ലേ?”
നിമിഷങ്ങളുടെ നിശബ്‌ദത.
“നമ്മൾ മിസ്സായ വിവരം അറിയാതെ അവർ വണ്ടി വിട്ടിരിക്കുമോ?”
വീണ്ടും ചുറ്റും നിശ്ശബ്‌ദത നിറഞ്ഞു.
“മൊബൈൽ ഉണ്ടെങ്കിൽ വിളിച്ചു നോക്കാമായിരുന്നു.”
രമ്യ പറഞ്ഞു.
“മൊബൈൽ ആണല്ലോ ഈ കുഴപ്പം മുഴുവൻ ഉണ്ടാക്കിയത്. അതിന്റെ പേര് എനിക്കു കേൾക്കേണ്ട.”
സുനിൽ മുഖം തിരിച്ചു.
“പോട്ടെ…… സാരല്യാന്ന്….”
“ശരിയാണ്…. അത് പോട്ടേ എന്നു വെച്ചാൽ മതിയായിരുന്നു. കയ്യിൽ നിന്നും വീണുപോകുമ്പോൾ അതൊന്നും ഓർത്തില്ല. അല്ലെങ്കിൽ ഒന്നും ഓർത്തില്ല. അറിയാതെ എന്തോ പ്രവർത്തിച്ചു എന്നു മാത്രം….”
സുനിൽ നെടവീർപ്പിട്ടു.
“നിങ്ങൾ എന്നെ രക്ഷിക്കാൻ ശ്രമിക്കരുതായിരുന്നു. ഞാൻ കാരണം നിങ്ങളും.”
സുനിലിന്റെ തൊണ്ട ഇടറി.
“പിന്നെ നിയ്യ് കൊക്കയിലേക്ക് വീഴുമ്പോൾ ഞങ്ങൾ നോക്കി നിൽക്കണോ?”
രമ്യയുടെ സ്വരം പൊന്തി.
“സന്തോഷം വരുമ്പോൾ നമ്മൾ ഒരുമിച്ച്. സങ്കടം വരുമ്പോഴും നമ്മൾ ഒരുമിച്ച് ഇതുവരെ അങ്ങനയേ ഉണ്ടായിട്ടുള്ളൂ. ഇനിയും അങ്ങനയേ ഉണ്ടാവൂ. ഉണ്ടാകാവൂ.”
റഹിം സുനിലിന്റെ കയ്യിൽ അമർത്തിപ്പിടിച്ചു.
“നമുക്ക് ഇതിലെ കേറാൻ പറ്റ്വോ?
രമ്യ മുകളിലേക്ക് നോക്കി.
”കീഴോട്ട് വീഴണമാതിരി മേലോട്ട് വീഴില്ലല്ലോ…..
“ഈ മലഞ്ചെരിവിലൂടെ മങ്കീബ്രാന്റിന്നുപോലും മേലോട്ടു കയറാൻ പറ്റില്ല……േസോാാാാാ ഡീീീീീീപ്പ്”
റഹീം മുകളിലേക്ക് വിരൽ ചൂണ്ടി.
ശരിയാണ്…. അഗാധ കുണ്ട്.“
സുനിലും മേലോട്ട് വിരൽ ചൂണ്ടി.
ബേബി അനങ്ങിയതേ ഇല്ല.
”എന്താടാ ഇത്? മൗനവ്രതമോ?“
സുനിൽ ബേബിയുടെ ചെവിക്ക് പിടിച്ചു.
”എനിക്ക് എന്തോ പോലെ….“
ബേബിയുടെ സ്വരം നേർത്തു.
”അതു ശരിയാണ്…. എനിക്കും എന്തോ പോലെ….“
റഹീം തല മാന്തി.
”വിശന്ന് കുടല് കരിയാൻ തുടങ്ങിയിരിക്കുന്നു. എനിക്ക് അതാണ് പ്രശ്‌നം.“
റഹീം വീണ്ടും തല മാന്തി.
ഇനിയിപ്പോൾ എന്താണു ചെയ്യുക?
പലതരം കായ്‌കളും പഴങ്ങളും ചുറ്റും നിൽപ്പുണ്ട്. സ്വാദ് എന്താണ് എന്നറിയില്ല. മാത്രമല്ല എന്തു ധൈര്യത്തിലാണ് കഴിക്കുക. വിഷാംശം ഉണ്ടെങ്കിലോ?
”എന്തെങ്കിലും ബാക്കി ഉണ്ടോ നോക്കട്ടെ….“
രമ്യ ബാഗ് തുറന്നു.
”ഇത്രദൂരം സഞ്ചരിച്ചെത്തിയിട്ടും നിയ്യാ ബാഗിന്റെ പിടിവിട്ടില്ല അല്ലേ? കുറ്റമല്ല ആൾക്കാർ നിന്നെ സഞ്ചിമൃഗം എന്നു വിളിക്കുന്നത്….“
റഹിം മുഴുവൻ പല്ലും കാട്ടി ചിരിച്ചു.
”ഇതിൽ കുറച്ചു പഴമുണ്ട്. ഞാൻ ഒറ്റക്ക് തിന്നോളാം…“
രമ്യ മുഖം കൂർപ്പിച്ചു.
”ചതിക്കല്ലേ….. എന്നാൽ ഞാൻ വാക്ക് തിരിച്ചെടുത്തു. നിനക്ക് ഫീലിങ്ങ് ആയാൽ പറ്റില്ലല്ലോ. നീ സഞ്ചിമൃഗമല്ല വെറും മൃഗം….“
ഇത്തവണ രമ്യപോലും പൊട്ടിച്ചിരിച്ചു പോയി.
”നീ എന്നെ മാത്രം പറയേണ്ട. ബേബി ബൈനോക്കുലറും വിട്ടിരുന്നില്ലല്ലോ.“
രമ്യ ചുണ്ടു കോട്ടി.
”താഴേക്ക് വീണതു മാത്രമേ എനിക്ക് ഓർമ്മയുള്ളു. പിന്നയല്ലേ ബൈനോക്കുലർ പിടിച്ചോ വിട്ടോ എന്നൊക്കെ നോക്കുന്നത്.“
”ഏതായാലും ഒന്നും പറ്റാതെ നമ്മൾ ഇവിടെ എത്തി എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല….“
സുനിൽ മേലോട്ടു നോക്കിനിന്നു.
രമ്യ പഴം വീതിച്ചു.
റഹിം ആക്രാന്തത്തോടെ പഴം തട്ടിപ്പറിച്ചു മേടിച്ചു.
തൊലിപൊളിച്ച് വായിലേക്ക് ഉയർത്തി.
പെട്ടെന്ന് ഒന്നു രണ്ടു കറുത്ത നിഴലുകൾ അനങ്ങുന്നതുപോലെ
അത്ഭുതം. റഹീമിന്റെ കയ്യിലെ പഴം ഒന്നുപോലും കാണാനില്ല.
ഇതെന്ത്? ജിന്നിന്റെ മലക്കം മറിച്ചിലോ?
മരത്തിന്നു മുകളിൽ കുരങ്ങന്മാരുടെ ബഹളം.
പഴം കിട്ടാൻ അവ തമ്മിൽ ശണ്‌ഠകൂടുകയാണ്.
”ബാക്കിയുള്ളവർ വിശന്ന് ചാവറായിരിക്കുമ്പോൾ…. തട്ടിപ്പറിച്ചുകൊണ്ടു പോയി പഴം കയ്യിൽ നിന്നും വീണ് പോണേ ബദരീങ്ങളേ…“
”റഹീം വിലപിച്ചു.“
”മനുഷ്യപ്പറ്റില്ലാത്ത കുരങ്ങന്മാർ“
”മൃഗപ്പറ്റുള്ള കുരങ്ങന്മാരായിരിക്കണം. അതുകൊണ്ടാണല്ലോ നിന്റെ കയ്യിൽ നിന്നുതന്നെ തട്ടിപ്പറിച്ചത്….“
സുനിൽ സ്വന്തം ഓഹരിയിൽ നിന്നും പഴം എടുത്തു കൊടുത്തു.
”നിന്നെ കണ്ടാൽ വിശപ്പുണ്ടെന്ന് ആർക്കാ തോന്നുക?“
ബേബിയും ഉഷാറായി.
”എല്ലാം കഴിഞ്ഞ് നോക്കുമ്പോൾ നിങ്ങളേക്കാൾ കൂടുതൽ പഴം എനിക്കു കിട്ടി….“
എല്ലാവരുടെയും ഓഹരി കിട്ടിക്കഴിഞ്ഞപ്പോൾ റഹീമിന് ഏറെ സന്തോഷമായി.
”ശദ്ധിച്ചോ…… ഇനിയും കുരങ്ങന്മാർക്ക് കൊടുക്കുകയാണെങ്കിൽ ചോലയിലെ വെള്ളം കുടിച്ച് വിശപ്പടക്കേണ്ടിവരും….“
രമ്യ മുന്നറിയിപ്പു നൽകി.
പഴം തിന്നുതീർന്നപ്പോൾ വയറിന്നകത്തെ കത്തൽ ഒന്നടങ്ങി.
പക്ഷെ മനസ്സിനകത്തെ കത്തൽ തീർന്നില്ല.
എങ്ങനെയാണ് ഇവിടെ നിന്നു രക്ഷപ്പെട്ട് നാട്ടിൽ എത്തുക.
Generated from archived content: vanamkadinte3.html Author: aryan_kannanur