“നിങ്ങൾ ആദ്യം പറയുമ്പോൾ ഞാനിത്ര പ്രതീക്ഷിച്ചില്ല….”
ഏറെ നേരത്തെ നിശ്ശബ്‌ദതക്ക് ശേഷം സുനിലിന്റെ ഡാഡി പറഞ്ഞു.
“എനിക്ക് ആ കുട്ടിയെ ഒന്നു കാണണം….”
“ഞാൻ വിളിച്ചു കൊണ്ടുവരാം….”
പറഞ്ഞ് തീരുന്നതിന്നു മുമ്പ് സുനിൽ ഓട്ടം പിടിച്ചു.
പ്രവേശന കവാടത്തിന്ന് അരികിൽത്തന്നെ മാരി നിൽപ്പുണ്ടായിരുന്നു.
“ചേച്ചി വാ…. എന്റെ ഡാഡിയെ പരിചയപ്പെടുത്തിത്തരാം…”
മാരി മടിച്ചു നിന്നു.
“വരൂന്ന്…. ഭയപ്പെടാനൊന്നുമില്ല….”
സുനിൽ കൈ പിടിച്ചു വലിച്ചു.
മാരി മടിച്ചു മടിച്ച് മുന്നോട്ടു നടന്നു.
“ഡാഡീ…. ഇതാണ് ഞങ്ങളുടെ സ്വന്തം ചേച്ചി…..”
ഡാഡി മാരിയെ കണ്ണിമയ്‌ക്കാതെ നോക്കി നിന്നു.
“വണക്കം.”
മാരി സങ്കോചത്തോടെ മുഖം കുനിച്ചു.
“മാരി എന്നല്ലേ പേര്…. എല്ലാ കഥകളും ഇവര് പറഞ്ഞ് തന്നു.
എങ്ങിനെയാണ് നന്ദി പറയേണ്ടത് എന്ന് അറിയില്ല….”
കൃതജ്ഞത വഴിയുന്ന സ്വരത്തിൽ ഡാഡി പറഞ്ഞു.
നന്ദിയോ? എന്തിന്? ഞാൻ ഇവരുടെ ചേച്ചിയല്ലേ?“
മാരി നിഷേധരൂപത്തിൽ തലയാട്ടി.
”ഇവരുടെ ജീവനുവേണ്ടി കുരുസിമൃഗമാകുന്നതും എനിക്ക് സന്തോഷം….“
മാരിയുടെ വാത്സല്യം നിറഞ്ഞ സ്വരം ഉയർന്നു.
ആകാശത്ത് വീണ്ടും ഹെലികോപ്‌റ്റർ പ്രത്യക്ഷപ്പെട്ടു.
മാരി ഭയത്തോടെ ഓടിപ്പോകാൻ നോക്കി.
”പേടിക്കേണ്ട….. പിശാചല്ല. മനുഷ്യനെ എടുത്തു പറക്കുന്ന വാഹനമാണ്. രാവണന്റെ പുഷ്‌പകവിമാനം എന്നു കേട്ടിട്ടുണ്ടോ? അതുപോലെ.“
സുനിൽ പിടിച്ചു നിർത്തി.
ഹെലികോപ്‌റ്ററിൽ നിന്നും പോലീസുകാർ ചാടിയിറങ്ങി ഡാഡിയെ സല്യൂട്ട് ചെയ്‌തു.
പോലീസിന്റെ വേഷവും കാൽ വലിച്ചു ചവിട്ടിയുള്ള സെല്യൂട്ടടിയും മാരിയിൽ ഏറെ കൗതുകമുണ്ടാക്കി എന്ന് മുഖം കണ്ടാൽ അറിയാം.
”അപ്പോൾ ഇനി നമുക്ക് ഭീകരന്മാരുടെ ഒളിത്താവളം വളയാം.“
ഡാഡി പറഞ്ഞു.
”കണ്ണാടിബംഗ്ലാവിലേക്കുള്ള വഴി കാണിക്കിൻ കുട്ടികളേ….“
ഡാഡി പറഞ്ഞു.
”ഞങ്ങൾ ഇപ്പോൾ വരാം….“
സുനിൽ കൈ വിട്ടതും മാരി ഓടടാ ഓട്ടം
”അച്ഛന് മകൻ തന്നെ വഴി കാണിക്കട്ടെ.“ രമ്യ പറഞ്ഞു.
”കളിയിൽ വാപ്പ മോനാണ്“….
റഹിം വിളിച്ചു പറഞ്ഞു.
നിശ്ശബ്‌ദരായി കുന്നിറങ്ങി.
കണ്ണാടി ബംഗ്ലാവിന്നരികിൽ എത്തിയപ്പോൾ ചെടികൾക്കിടയിലൂടെ ഉഴഞ്ഞു.
മുറ്റത്ത് അന്തംവിട്ടതുപോലെ കിഴവൻ. അടുത്തു തന്നെ ശൊക്കനും.
മദ്യത്തിന്റെ മണം കേട്ടിട്ടാവണം. മത്സ്യം കണ്ട പട്ടിയേപ്പോലെ വിടാതെ കൂടിയിട്ടുണ്ട്.
പിശാശ് എന്നു പറഞ്ഞാൽ എന്താണത്?” ഒന്നു വ്യക്തമായിട്ട് പറയ്…
കിഴവൻ അക്ഷമനായി.
പിശാശ് എന്നു പറഞ്ഞാൽ ആകാശത്തുകൂടി പാറിനടക്കുന്ന പെരുത്ത പക്ഷി. അത് ആദ്യമായി കാട്ടിൽ വന്നിറങ്ങി. അതിന്റെ വയറ് കീറി പിളർന്ന് കൊച്ചുകൊച്ചു പിശാചുക്കൾ പുറത്തിറങ്ങി. അവർക്കൊക്കെ പ്രത്യേക തരം വേഷമുണ്ട്. തലയിൽ തൊപ്പിയുണ്ട്. കയ്യിൽ തീ തുപ്പുന്ന യന്ത്രമുണ്ട്.
നാലുകുട്ടികളും അവിടേക്ക് ഓടിച്ചെന്നു. അതോടെ ഉറപ്പായി അവരും കൊച്ചു പിശാചുക്കൾ തന്നെ
കഷ്‌ടം അതല്ല! മൂപ്പന്റെ മകളും പിശാശുക്കളുടെ അരികിലേക്ക് ചെന്ന് സംസാരിച്ചു.
“പിശാച് തൊട്ടാൽ എന്ന ശിക്ഷ എന്ന് തെരിയുമാ? കുരുസി ശിക്ഷഃ പൂശാരി അവളെ കുരുസി കൊടുക്കാൻ പറയും ഉറപ്പ്.”
പലപ്പോഴും ശൊക്കൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.
“അപ്പോൾ അത് പോലീസുകാരാണ്. എനിക്ക് വേഗം രക്ഷപ്പെടണം. അവരുടെ കയ്യിൽപ്പെട്ടാൽ അവർ എന്നെ ആയിരം പ്രാവശ്യം തൂക്കിക്കൊല്ലും….”
കിഴവൻ ചാടി എഴുന്നേറ്റു.
“അപ്പോൾ ഇവരോ?”
ബോധം കെട്ട് നിലത്തു വീണു കിടക്കുന്ന ഭീകരന്മാരെ ചൂണ്ടി ശോക്കൻ ചോദിച്ചു.
“അവരെ പോലീസു പുടിക്കുകയോ തൂക്കിക്കൊല്ലുകയോ എന്തു വേണമെങ്കിലും ചെയ്‌തോട്ടെ. അത് അവരുടെ കാര്യം. എനിക്ക് എന്റെ കാര്യം. എനിക്ക് എന്റെ വഴി….”
കിഴവൻ അകത്തേക്ക് നടന്നു.
“പെരിയവരേ ഒരു കുപ്പി താ….”
ശൊക്കൻ രണ്ടടി മുന്നോട്ടു വച്ച് യാചിച്ചു.
കിഴവൻ മടിയിൽ തിരുകിയിരുന്ന പാതി ഒഴിഞ്ഞ കുപ്പി എടുത്ത് ശൊക്കനു കൊടുത്തു.
നിധികിട്ടിയപോലെ സന്തോഷംകൊണ്ട് ശൊക്കന്റെ കണ്ണുനിറഞ്ഞു.
അയാൾ ആനന്ദനൃത്തം ചവിട്ടിക്കൊണ്ട് കടന്നു പോയി.
കിഴവൻ അകത്തേക്ക് കയറി.
“അയാൾ മറ്റു വഴികളിലൂടെ രക്ഷപ്പെടാതെ നോക്കണം….”
ഡാഡി ആജ്ഞാപിച്ചു.
ഏറെ താമസിച്ചില്ല. കിഴവൻ ഒരു ഭാണ്ഡക്കെട്ടുമായി പുറത്തെത്തി.
പോലീസുകാർ ഇരച്ചുകയറി. എന്താണ് സംഭവിക്കണതെന്ന് മനസ്സിലാകുന്നതിനു മുമ്പുതന്നെ കീഴ്‌പ്പെടുത്തി കൈ പിറകിലേക്ക് കെട്ടിക്കഴിഞ്ഞിരുന്നു.
ഭീകരന്മാരുടെ കയ്യും പിന്നിലേക്ക് പിടിച്ചു കെട്ടി. അപ്പോഴും അവർ ശരിക്കും മയക്കത്തിൽത്തന്നെയായിരുന്നു.
കിഴവൻ ഒന്നും പറയാതെ മുഖം താഴ്‌ത്തി നിന്നു.
“എന്താ നിന്റെ പേര്?”
സുനിലിന്റെ ഡാഡി മുഖം പിടിച്ച് ഉയർത്തി.
കിഴവൻ ഒന്നേ നോക്കിയുള്ളു. പിന്നെ ഭയത്തോടെ മുഖം തിരിച്ചു.
ആ മുഖത്തേക്ക് നിമിഷങ്ങളോളം നോക്കി നിന്ന ഡാഡിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.
“നീ…നീ….നീ മരിച്ചിട്ടില്ലേ?”
ആ മുഖത്ത് രക്തം ഒന്നിച്ച് ഇരച്ചു കയറി.
കിഴിവൻ ഒന്നും പറഞ്ഞില്ല.
“പറയെടാ നീ എന്റെ കുഞ്ഞിനെ കൊന്നു അല്ലേ?”
ഡാഡിയുടെ കൈകൾ ആ കഴുത്തിൽ അമർന്നു.
കിഴവൻ ആകാശത്തേക്ക് ഉയർന്നു.
“എന്നെ കൊല്ലല്ലേ ഏമാനേ….”
കിഴവൻ വായുവിൽ പിടച്ചു.
“നിന്നെ ഞാൻ കൊല്ലും.”
ഡാഡിയുടെ ശബ്‌ദം ഉയർന്നു.
“പറയാം…. ഞാൻ എല്ലാം പറയാം….”
കിഴവൻ കരഞ്ഞു.
ഡാഡി പിടിവിട്ടു. കിഴവൻ നിലത്തു വീണു.
മെല്ലെ എഴുന്നേറ്റ് കിഴവൻ നിലത്തിരുന്നു.
“എന്നെ അന്ന് ജയിലിൽ പിടിച്ചിട്ടത് സാറാണ്. എന്നെങ്കിലും ജയിലിൽ ചാടണമെന്നും പ്രതികാരം ചെയ്യണമെന്നും ഞാൻ ഉറപ്പിച്ചിരിക്കുകയായിരുന്നു. ജയിൽ ചാടി എത്തിയപ്പോൾ സാറ് വീട്ടിൽ ഉണ്ടായിരുന്നില്ല. തൊട്ടിലിൽ കിടന്നു കളിക്കുന്ന കുഞ്ഞിനെ എടുത്ത് ഞാൻ പോന്നു. ഇവിടെയ്‌ക്കാണ് ഓടിപ്പോന്നത്. കാടിന്റെ നടുവിൽ വെച്ച് ഒറ്റയാനുമായി ഒത്തുമുട്ടി. ജീവനാണല്ലോ വലുത്. അടുത്തു കണ്ട വള്ളിക്കുടിലിലേക്ക് കുഞ്ഞിനെ കിടത്തി ഞാൻ ഓടി. പിന്നെ കുറേ കഴിഞ്ഞ് തിരിച്ചു വന്നുനോക്കുമ്പോൾ കുഞ്ഞിനെ കാണാനില്ല…. കാട്ടു മൃഗങ്ങൾ വല്ലതും തിന്നിരിക്കും. ഞാൻ ഉറപ്പിച്ചു.”
കിഴവൻ നിർത്തി.
“നീ കൊന്നിട്ടില്ല എന്നു വരുത്താൻ നുണകഥ പറയുകയാണ് അല്ലേ.”
സുനിലിന്റെ ഡാഡി മുഷ്‌ടി ചുരുട്ടി.
“സത്യമായിട്ടും നുണയല്ലേ ഏമാനേ. ആ കുഞ്ഞിനെ മൃഗങ്ങൾ കൊന്നിരുന്നില്ല. കാടന്മാർ ആ കുഞ്ഞിനെ കണ്ടെത്തി. അവർ അതിനെ കൊണ്ടുപോയി മൂപ്പനു കൊടുത്തു. മൂപ്പൻ അതിനെ വളർത്തിയുണ്ടാക്കി.
”മൂപ്പന്റെ മകൾ മാരിയോ?“
സുനിൽ അത്ഭുതത്തോടെ ചോദിച്ചു.
”അതെ അതു തന്നെ. രണ്ടു മൂന്നു പ്രാവശ്യം ഞാൻ അവിടേക്ക് ചെന്നു നോക്കിയതാണ്. അതിനെ തട്ടിക്കൊണ്ടു വരാൻ. അതിന് കഴിഞ്ഞില്ല. പിന്നെ വർഷങ്ങൾ കഴിഞ്ഞപ്പോൾ ഞാനാകാര്യം വിടുകയും ചെയ്‌തു.“
കിഴവൻ നിർത്തി.
”അപ്പോൾ മാരിച്ചേച്ചി എന്റെ ശരിക്കും ചേച്ചിയാണല്ലേ…“
സുനിൽ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
”ഡാഡി…. നമുക്ക് ചേച്ചിയുടെ അരികിലേക്ക് പോകാം.“
”ശരി… പോകാം….“
ഡാഡി പോലീസുകാർക്ക് എന്തെല്ലമോ നിർദ്ദേശം നൽകി.
ഇത്തവണയും വഴികാട്ടാൻ മുന്നിൽ നടന്നത് സുനിൽ തന്നെയാണ്. നടക്കുകയല്ല ഓടി എന്നു പറയുന്നതാവും ശരി എന്നിട്ടും റഹിം കിതച്ചില്ല. ക്ഷീണിച്ചില്ല. പതുക്കെ എന്നു പറഞ്ഞില്ല.
മലകേറി പ്രവേശന കവാടത്തിൽ എത്തി.
കാവൽക്കാരുടെ പൊടി പോലുമില്ല.
എല്ലാ കുടിലും നിശ്ശബ്‌ദം.
മൂപ്പന്റെ കുടിലിന്നരികിൽ എത്തുമ്പോഴേക്കും മാരി ഓടി വന്നു.
”വാങ്കോ….വാങ്കോ….“
അവൾ സസന്തോഷം സ്വാഗതം ചെയ്‌തു.
ഉമ്മറത്ത് മൂപ്പൻ ഉണ്ടായിരുന്നു.
”ഞാൻ ഈ സുനിൽ എന്നു പറയുന്ന കുട്ടിയുടെ അച്ഛൻ…. മൂപ്പനെ ഒന്നു പരിചയപ്പെടാൻ വന്നതാണ്….“
സുനിലിന്റെ ഡാഡി തൊഴുതു.
”ഇരിക്കണം സ്വാമീ….“
മൂപ്പൻ കട്ടിലിന്റെ ഒരു ഭാഗം കാണിച്ച് ആദരവോടെ ക്ഷണിച്ചു.
ഡാഡി കട്ടിലിൽ ഇരുന്നു.
”ഞാൻ വന്നത് മൂപ്പനോട് ഒരു സഹായം അഭ്യർത്ഥിക്കാനാണ്….“
”എന്നാ സഹായം വേണം?“
മൂപ്പൻ ചോദിച്ചു.
”എന്റെ മകൾ ഇവിടെയുണ്ട്. അവളെ എനിക്ക് വിട്ടു തരണം….“
”സ്വാമിയുടെ മകളോ? ഇവടയോ? അത് ആരപ്പാ?“
മൂപ്പൻ അത്ഭുതപ്പെട്ടു.
മൂപ്പൻ അത്ഭുതത്തോടെ വിടർന്ന കണ്ണുമായി നിൽപ്പാണ് മാരി.
ഡാഡി കിഴവൻ പറഞ്ഞ കഥ വിസ്‌രിച്ചു.
”എന്റെ മകളെ ഒപ്പം കൊണ്ടുപോകാൻ എന്നെ അനുവദിക്കണം….“
ഡാഡിയുടെ കണ്ണ് നനഞ്ഞു.
”മൂപ്പപോട് പറ ചേച്ചി. നമുക്ക് നാട്ടിൽ പോകാം. ചേച്ചി ഇവിടെ നിന്നാൽ പൂശാലി കുരുസി കഴിക്കും.“
രമ്യ മാരിയുടെ കരം ഗ്രഹിച്ചു.
മാരി ആകെ അന്തിച്ചു നിൽപ്പാണ്.
എന്തു ചെയ്യണമെന്നറിയാതെ മൂപ്പനും ഇരിപ്പാണ്.
”തടസ്സം ഒന്നും പറയരുത്….“
ഡാഡി അപേക്ഷിച്ചു.
”ഞാൻ പൂശാലിയോട് ചോദിക്കട്ടെ….“
മൂപ്പൻ മുറ്റത്തേക്കിറങ്ങി.
” ആ കിഴട്ടു ശവം സമ്മതിക്കില്ല. അതിന്റെ പുറത്തു കാണുന്ന കൂന് നിറയെ വിഷമാണ്.“
സുനിൽ വിലപിച്ചു.
”നീ പേടിക്കേണ്ട. നമ്മൾ ഇവിടെ നിന്ന് മാരിയേയും കൊണ്ടേ പോകൂ….“
ഡാഡി സ്‌നേഹത്തോടെ മാരിയെ നോക്കി.
അവൾ ഒന്നും അറിയുന്നില്ല എന്നു തോന്നുന്നു. അന്തംവിട്ടു ഒരേ നിൽപ്പാണ്.
”പൂശാലി….. പൂശാലി…..“
മൂപ്പൻ ഉറക്കെ വിളിച്ചു.
”അന്ത പിശാശ് കൂട്ടം പോകുംവരെ ഞാൻ വെളിയേ വരാത്….“
പൂശാലി അകത്തുനിന്നും വിളിച്ചു പറഞ്ഞു. ആ സ്വരം ഭയം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു…..
”മാരിയുടെ ശരിയായ അപ്പൻ വന്നിരിക്കേ….“
മൂപ്പൻ പറഞ്ഞു.
”മാരിയും പിശാശുതാൻ. അവളും പോവട്ടും. ഇല്ലാമൽ കുരുസി കഴിച്ചിടുവേൻ…“
പൂശാലി ഒച്ചവച്ചു.
കുട്ടികൾ സന്തോഷം കൊണ്ടു തുള്ളിച്ചാടി.
രമ്യ ഓടിച്ചെന്ന് മാരിയെ കെട്ടിപ്പിടിച്ചു.
മൂപ്പൻ കേറി വന്നു. ആ മുഖത്ത് ദുഃഖഭാവം ഉണ്ടായിരുന്നു.
”പോയി വാ….. എപ്പോൾ ഏതാവത് വിഷയം വന്നാൽ ഈ കാട്ടിലേക്ക് തിരിച്ചു വാ….. അപ്പൻ ഇങ്കെ കാണും….“
മൂപ്പൻ മാരിയെ അണച്ചു നിർത്തി.
”അപ്പാ…..“
മാരി പൊട്ടിക്കരഞ്ഞു.
”പോയിവാ….?
മൂപ്പൻ തലയിൽ തൊട്ട് അനുഗ്രഹിച്ചു.
“പോയി വരാം…. അപ്പാ….”
സുനിലും രമ്യയും മാരിയെ പുറത്തേക്ക് ആനയിച്ചു.
ഭൈരവന്റെ മണ്ഡപത്തിന്നരികിൽ എത്തിയപ്പോൾ അവൾ നിമിഷങ്ങളോളം കൈ കൂപ്പി നിന്നു.
തിരികെ പുറത്തേക്കിറങ്ങുമ്പോഴും പടി കാവൽക്കാരെ കാണാനുണ്ടായിരുന്നില്ല.
രമ്യ മാരിയെ ഹെലികോപ്‌റ്ററിലേക്ക് കൈ പിടിച്ച് കയറ്റി. അപ്പോൾ മാരി വിറക്കുന്നുണ്ടായിരുന്നു.
ഹെലികോപ്‌റ്റർ മെല്ലെ ഉയരാൻ തുടങ്ങി.
താഴെ കുടിലുകളിൽ ചില തലകൾ പുറത്തേക്ക് ഭയത്തോടെ നീണ്ടു വരുന്നുണ്ടായിരുന്നു.
“ഞാൻ അപ്പോഴേ പറഞ്ഞില്ലേ നമ്മുടെ കഥ ശുഭപര്യവസായി ആയിരിക്കും എന്ന്….”
ബേബി സന്തോഷത്തോടെ പറഞ്ഞു.
“മുഴുവൻ സുഖപര്യവസായായി എന്നു പറയാൻ കഴിയില്ല. ചേച്ചി ദുഃഖത്തിലാണ്….”
സുനിൽ പറഞ്ഞു.
“അത് തനിയെ മാറും.”
ഡാഡി ആശ്വസിപ്പിച്ചു.
“ശരിക്ക് ശുഭപര്യവസായി ഇങ്ങനെയല്ല.”
റഹിം അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തി.
“പിന്നെ എങ്ങനെ വേണം.?”
ചോദ്യം കോറസ്സ് ആയിട്ടായിരുന്നു.
“നമ്മള് ഭീകരന്മാരെ പിടിച്ചു കൊടുത്തില്ലേ? ഇല്ലെങ്കിൽ ഇക്കുറീയിലെ റിപ്പബ്ലിക്ക് ദിനാഘോഷം അവർ കലക്കുമായിരുന്നില്ലേ? പ്രസിഡന്റിന്റെ ധീരതയ്‌ക്കുള്ള അവാർഡ് നമുക്ക് കിട്ടേണ്ടതാണ്. അത് അനൗണസ് ചെയ്‌തു കൊണ്ട് കഥ അവസാനിച്ചാലേ ശരിക്കും ശുഭപര്യവസായിയാകൂ.
റഹിം പല്ലിളിച്ചു.
”പോട ചെക്കാ അവ്‌ട്‌ന്ന്…. ചാവാതെ രക്ഷപ്പെട്ടതു തന്നെ ഭാഗ്യം. അവനിപ്പോൾ അവാർഡ് കിട്ടാഞ്ഞിട്ടേ…. നിനക്കൊക്കെ വേണ്ടത് പേ വാർഡാ….“
രമ്യ കൈ നിർത്തി. റഹീമിന്റെ പിരടിക്ക് കനത്തിൽ ഒന്നു സമ്മാനിച്ചു.
ചുറ്റും ചിരി പടർന്നു
അതിൽ മാരിയും പങ്കു ചേർന്നു.
അവസാനിച്ചു…
Generated from archived content: vanamkadinte19.html Author: aryan_kannanur
Click this button or press Ctrl+G to toggle between Malayalam and English