ഭാഗം-18

ഒന്നിൽ നിന്നും രക്ഷപ്പെട്ടു എന്നു വിചാരിക്കുമ്പോഴേക്കും മറ്റൊന്ന്‌ അതിൽ നിന്നു രക്ഷപ്പെട്ടാൽ മറ്റൊന്ന്‌. ഹൊറർ സിനിമയിലെ രംഗങ്ങളേപ്പോലെ.

ഈ തിരക്കഥ ആരാണാവോ എഴുതി ഉണ്ടാക്കുന്നത്‌.

കോണിയിലൂടെ ഇറങ്ങിവരുന്ന ഭീകരന്മാരുടെ ഓരോ ചവിട്ടും ജീവനിൽ വന്നു പതിക്കുംപോലെ.

അവർ വാതോരാതെ കിഴവനെ ചീത്ത പറഞ്ഞു കൊണ്ടിരുന്നു.

കോണി ഇറങ്ങി മുന്നോട്ടു നടന്ന്‌ അവർ മറ്റൊരു കോണിൽ എത്തി.

തോക്ക്‌ മൂലയിൽ കുത്തിച്ചാരി വെച്ചു. പിന്നെ ചാക്കിന്റെ കെട്ടഴിച്ച്‌ പലതരം വസ്‌തുക്കൾ പുറത്ത്‌ എടുത്ത്‌ നിലത്തു പരത്തി.

“കഴിഞ്ഞവർഷത്തെപ്പോലെയല്ല. ഈ വർഷം നമ്മൾ റിപ്പബ്ലിക്ക്‌ ദിനപരേഡ്‌ കലക്കും…. എല്ലാം റഡിയായല്ലോ…..”

തലവൻ പറഞ്ഞു.

“അവർ പറഞ്ഞതുപോലെ പൈസ മുഴുവൻ തരില്ലെ? അതോ കാര്യം കഴിഞ്ഞാൽ മുങ്ങുമോ?”

അനുയായികളിൽ ഒരാൾ ചോദിച്ചു.

“നീ പേടിക്കാതെ; മുഴുവൻ പൈസയും അവർ തരും. നമ്മൾ ലക്ഷപ്രഭുക്കളാകും…”

തലവന്റെ സ്വരത്തിൽ ആഹ്ലാദം

“എന്തെങ്കിലും കാരണവശാൽ അവർ പൈസ തന്നില്ലെങ്കിൽ, നമ്മൾ അടുത്തതായി അവരുടെ ജീവന്‌ വില പറയും.”

തലവൻ മീശയിൽ വിരലുകൾ ഓടിച്ചു.

അവൻ പലതരം ഉപകരണങ്ങളിൽ വയറുകൾ ഘടിപ്പിച്ചുകൊണ്ടിരുന്നു.

“എല്ലാ സംസ്‌ഥാനത്തും ഒരേ സമയത്ത്‌ ഒരേപോലെ ബോംബ്‌ പൊട്ടുക. ദീപാവലിയുടെ മാലപ്പടക്കംപോലെ. നല്ല രസമായിരിക്കും. കണ്ടുകൊണ്ടിരിക്കാൻ….”

അനുയായികളിൽ ഒരാൾ ഓർത്തോർത്തു ചിരിച്ചു.

“നീ പണി എടുക്കുന്നതിൽ ശ്രദ്ധിക്ക്‌ ഏതെങ്കിലും കണക്ഷ്‌ൻ മാറിക്കൊടുത്താൽ മാലപ്പടക്കംപോലെ ബോംബു പൊട്ടുക ഇതിനകത്തായിരിക്കും. ദീപാവലി വിഷു പോലെയല്ല. നമ്മുടെ സാക്ഷാൽ വിഷുപോലെ.”

നേതാവ്‌ അയാളെ ശാസിച്ചു.

അതോടെ മുറി നിശ്ശബ്‌ദമായി.

ഇനി ഇതിനകത്തു നിൽക്കുന്നതിൽ അർത്ഥമില്ല. ഇവരുടെ കണ്ണിൽപ്പെടാതെ ശബ്‌ദമില്ലാതെ പുറത്തു കടക്കണം.

പൂച്ചയെപ്പോലെ പതുങ്ങി കോണി കയറി.

ആരുടേയോ കാൽ ശവപ്പെട്ടിയിൽ തട്ടി ശബ്‌ദമുണ്ടാക്കി.

“ആരടാ അത്‌?”

നേതാവ്‌ ഒച്ചവെച്ചുകൊണ്ട്‌ ചാടി എണീറ്റു.

“ഓടിക്കോ……..ഓടിക്കോ……”

വാതിലിലൂടെ നേരെ പുറത്തേക്ക്‌.

പുറത്തെത്തിയതും ചെടികൾക്കിടയിലേക്ക്‌ വലിഞ്ഞു.

“എവിടെ? അവരെവിടെ?”

നേതാവും സംഘവും തോക്കുമായി പുറത്തെത്തി.

“അവരെവിടെ?”

ഉറങ്ങിക്കിടക്കുന്ന കിഴവനെ അവർ കാലുകൊണ്ട്‌ തട്ടിയുരുട്ടി.

“ശവം… ചത്തതുപോലെയാണ്‌ കിടക്കുന്നത്‌….”

ദേഷ്യം സഹിയാതെ നേതാവ്‌ ഒരു ചവിട്ടു കൊടുത്തു.

അപ്പോഴും കിഴവന്‌ ഒരു മാറ്റവും ഉണ്ടായില്ല.

അവർ തോക്കുമായി കുറ്റിച്ചെടികൾക്കിടയിലേക്ക്‌ കടന്നു.

ഒന്നു രണ്ടു പ്രാവശ്യം അരികിലൂടെത്തന്നെ അവർ കടന്നു പോയി. കണ്ടില്ല. ഭാഗ്യം എന്നേ പറയാവൂ.

അവർ അകന്നകന്നു പോകുന്നത്‌ കാലടി ശബ്‌ദത്തിൽ നിന്നും അറിഞ്ഞു.

മിനിറ്റുകൾ കടന്നു പോയി.

“ഭാഗ്യമുണ്ട്‌. ഇത്തവണയും നമ്മൾ രക്ഷപ്പെട്ടു….”

രമ്യ മന്ത്രിച്ചു.

“ഇല്ല മക്കളേ….. രക്ഷപ്പെട്ടിട്ടില്ല….”

പിന്നിൽ നിന്നും കനത്ത സ്വരം.

ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ അരികിൽത്തന്നെ നേതാവ്‌. തോക്കും ചൂണ്ടി. കാഞ്ചിയിൽ വിരലമർത്തി.

അയാൾ വിസിൽ വിളിച്ച്‌ ഒപ്പം ഉള്ളവർക്ക്‌ സിഗ്നൽ കൊടുത്തു.

ദൂരെ നിന്ന്‌ അവരുടെ മറുവിസിലും ഉയർന്നു.

“ഓടി പോകാൻ ശ്രമിച്ചാൽ ആ നിമിഷം ഞാൻ വെടിവെച്ചു കൊല്ലും…..”

അയാൾ മുരണ്ടു.

“നിങ്ങളെ വെറുതെ കൊന്നിട്ടു കാര്യമില്ല. എന്തൊക്കെ വിവരങ്ങൾ നിങ്ങൾ ചോർത്തി പുറത്ത്‌ എത്തിച്ചു എന്ന്‌ അറിയണമല്ലോ…..”

അയാൾ വീണ്ടും മുരണ്ടു.

“അകത്തേക്ക്‌ നടക്കിൻ……..”

ഒളിച്ചിരിക്കുന്ന സ്‌ഥലത്തുനിന്ന്‌ എഴുന്നേറ്റു.

അയാൾ പറഞ്ഞ ദിക്കിലേക്ക്‌ നടക്കുകയാണ്‌ ബുദ്ധി. ഇല്ലെങ്കിൽ ഇപ്പോൾ തന്നെ വെടിവെച്ചു കൊല്ലും ഉറപ്പ്‌.

“നടക്ക്‌…”

കഴുത്തിന്നു പിറകിൽ തോക്കിന്റെ കുഴൽ മുട്ടുന്നുണ്ടായിരുന്നു

“നിൽക്കാതെ മുന്നോട്ടു നടക്കിൻ……”

അയാൾ ഒച്ചവെച്ചു

ഒന്നും മിണ്ടാതെ നടന്നു.

ഓടിപ്പോയാലോ? കാര്യമില്ല അയാളുടെ കയ്യിൽ തോക്കാണ്‌. എങ്ങനെ ഓടിയാലും നാലുപേർക്കും കൂടി രക്ഷപ്പെടാൻ പറ്റില്ല ഉറപ്പ്‌.

നേതാവ്‌ എത്ര കണ്ട്‌ അരികിൽ ഉണ്ട്‌ എന്ന്‌ അറിയാൻ വെറുതെ ഒളികണ്ണിട്ടു നോക്കിയതാണ്‌.

പിന്നിൽ ആരും ഇല്ലാത്തതുപോലെ.

ശരിക്കും തിരിഞ്ഞു നോക്കുമ്പോൾ നേതാവിന്റെ പൊടിയില്ല.

ഇതെന്തു മറിമായം? അയാൾ എങ്ങോട്ട്‌ അപ്രത്യക്ഷമായി?

ചുറ്റും നോക്കുമ്പോൾ ചെടികൾക്കിടയിലൂടെ ചേച്ചിയുടെ തല പുറത്തു വന്നു.

“പേടി വേണ്ട…..ഞാൻ അമ്പ്‌ എയ്‌ത്‌ വീഴ്‌ത്തി.” ചേച്ചി ചിരിച്ചു കൊണ്ടു അടുത്തു വന്നു.

“ഇനിയും രണ്ടു മൂന്നു പേർ കൂടിയുണ്ട്‌. സൂക്ഷിക്കണം. അവരുടെ കയ്യിൽ തോക്കുണ്ട്‌.”

സ്വരം താഴ്‌ത്തി പറഞ്ഞു.

“അവരെയും അമ്പ്‌ എയ്‌തു വിട്ടു. ബോധമില്ലാതെ വഴിയിൽ കിടപ്പാണ്‌.”

ദൂരേക്ക്‌ വിരൽ ചൂണ്ടി ചേച്ചി പറഞ്ഞു.

ശൊക്കനെ തേടി പോയതാണ്‌. രണ്ടു മൂന്നു പേരെ വഴിയിൽ വെച്ചു കണ്ടു ഇങ്ങോട്ടു വരുകയാവും എന്നു കരുതിയില്ല. ശൊക്കനെ കണ്ടില്ല. അപ്പോൾ ഇവിടെയ്‌ക്കു വന്നതാണ്‌ ഇവിടെ വന്നപ്പോൾത്തന്നെ കാര്യം മനസ്സിലായി. തഞ്ചത്തിന്നു നോക്കി നിന്ന്‌ അമ്പയച്ചു. ഇല്ലെങ്കിൽ അവർ തീതുപ്പുന്ന യന്ത്രം കൊണ്ട്‌ കൊല്ലും.

“ചേച്ചി ആ നേരത്തു വന്നില്ലായിരുന്നെങ്കിൽ?”

മരബംഗ്ലാവിന്റെ മുകളിൽ മനോരാജ്യം കണ്ടു കൊണ്ടിരുന്ന സുനിൽ ഞെട്ടിയുണർന്നു ചോദിച്ചു.

“ഇപ്പോൾ നമ്മുടെ ശരീരത്തിൽ ഉറുമ്പ്‌ അരിക്കുന്നുണ്ടാവും. അതു തന്നെ…….”

റഹിം പെട്ടെന്നു തന്നെ പറഞ്ഞു.

“എന്താ ആരെയും കാണാത്തത്‌? നമ്മൾ എപ്പോൾ ഫോൺ വിളിച്ചു പറഞ്ഞതാ…..”

ബേബി അക്ഷമനായി.

“ഒന്നുകൂടി വിളിക്കാമെന്നു വച്ചാൽ മൊബൈൽ വീണ്ടും മരിച്ചിരിക്കുന്നു.”

സുനിൽ പറഞ്ഞു.

“അവർക്ക്‌ മനസ്സിലായി എന്ന്‌ ഉറപ്പല്ലെ?”

രമ്യയ്‌ക്ക്‌ സംശയം തീരുന്നില്ല.

താഴത്ത്‌ മൂപ്പന്റെ കുടിലിനു മുന്നിൽ ആൾക്കൂട്ടം മുടങ്ങിയ കുരുസി എങ്ങനെ ഭംഗിയായി നടത്താം എന്ന്‌ തിരിക്കിട്ട ചർച്ചയാണ്‌ അവിടെ.

“നമ്മൾ ഇന്നിവിടെ നിന്ന്‌ രക്ഷപ്പെടും എന്ന്‌ പറയുമ്പോൾ എനിക്ക്‌ വിശ്വസിക്കാനേ കഴിയുന്നില്ല……. ഒന്നുകിൽ ഇതുവരെ നടന്നതൊക്കെ ഒരു സ്വപ്‌നം. അല്ലെങ്കിൽ രക്ഷപ്പെടാൻ പോകുന്നു എന്ന കാര്യം ഒരു സ്വപ്‌നം….”

രമ്യ പറഞ്ഞു.

“നമ്മൾ രക്ഷപ്പെടും….. പക്ഷേ, ചേച്ചിയോ?”

സുനിൽ ചോദിച്ചു.

“അയ്യോ അതു ശരിയാണല്ലോ….. വീട്ടിൽ പോണ സന്തോഷത്തിൽ ഞാനതു മറന്നു.”

രമ്യയുടെ സ്വരത്തിൽ കുറ്റബോധം.

എന്താ ചെയ്യാൻ പറ്റുക? എന്തെങ്കിലും പ്രായിശ്ചിത്തം ചെയ്‌താൽ പൂശാലി സമ്മതിക്കുമോ ആവോ!

“ഇതിപ്പോൾ ശുഭപര്യവസായിയായി കഥ അവസാനിച്ചു എന്ന്‌ പ്രതീക്ഷിച്ചിരിക്കുമ്പോൾ…….”

ബേബി നിരാശയോടെ പകുതിവച്ചു നിർത്തി.

“എല്ലാം ശുഭപര്യവസായിയാവും…..”

ഇത്തവണ റഹീമാണ്‌ ഉറപ്പിച്ചു പറഞ്ഞത്‌.

“എങ്ങനെ?

”എങ്ങനെയാണ്‌ എന്ന്‌ അറിയുമായിരുന്നെങ്കിൽ ഞാനതു പറയുമായിരുന്നില്ലേ? പക്ഷേ, എന്റെ അന്തരാത്മാവ്‌ അങ്ങനെ മന്ത്രിച്ചു കൊണ്ടിരിക്കുന്നുണ്ട്‌….“

റഹിം തറപ്പിച്ചു പറഞ്ഞു.

”ഏതായാലും വിശക്കാൻ തുടങ്ങിയാൽ നിനക്ക്‌ വെളിപാട്‌ ഉണ്ടാവും. ഏതെങ്കിലും ഒരു ചോറ്‌ ഏത്‌ നേരത്തും വർക്ക്‌ ചെയ്‌തോളും……..“

ബേബി ദേഷ്യം പിടിച്ചിട്ടും റഹിം അനങ്ങിയില്ല.

”എനിക്ക്‌ ഉറപ്പുണ്ട്‌.“

റഹിം വീണ്ടും പറഞ്ഞു.

ആകാശത്ത്‌ നിന്ന്‌ ശബ്‌ദം കേൾക്കാനുണ്ടോ?

”വീട്ടുകാര്‌ വന്നാൽ നിങ്ങൾ പൊയ്‌കൊള്ളുവിൻ. ഞാൻ വരുണ്‌ല്യാ….“

സുനിൽ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു.

”ചേച്ചിയെ മരണത്തിലേക്ക്‌ വിട്ടുകൊടുത്ത്‌ എനിക്ക്‌ നാട്ടിലേക്ക്‌ പേരാൻ കഴിയില്ല….“

”ഞങ്ങളും നാട്ടിലേക്ക്‌ പോകുന്നില്ല….“

മൂന്നുപേരും പറഞ്ഞത്‌ ഒപ്പമായിരുന്നു.

”നമ്മൾ പ്രതിജ്ഞ ചെയ്‌തത്‌ ഓർമ്മയില്ലേ?“

നമ്മൾ നാലുപേരും പരസ്‌പരം പിരിയില്ലെന്ന്‌.

രമ്യയുടെ തൊണ്ട ഇടറി.

”ചേച്ചിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ എങ്ങും പോകുന്നില്ല.“

കരങ്ങൾ പരസ്‌പരം ചേർത്തുവെച്ച്‌ പ്രതിജ്ഞ എടുക്കുമ്പോൾ എല്ലാവരുടേയും കണ്ണ്‌ നിറഞ്ഞു കവിഞ്ഞിരുന്നു.

ദൂരെ ഹെലികോപ്‌റ്ററിന്റെ ശബ്‌ദം.

അത്‌ അടുത്തടുത്തു വന്നു.

വേഗം കോണിയിലൂടെ ഇറങ്ങി താഴെ എത്തി.

ചുറ്റും നോക്കി. കാടന്മാരുടെ പൊടിപോലുമില്ല.

താമസമുണ്ടായില്ല. മരച്ചില്ലകളിൽ കൊടുങ്കാറ്റ്‌ ഊതിക്കൊണ്ട്‌ ഹെലികോപ്‌റ്റർ പ്രത്യക്ഷമായി.

അത്‌ വേലിക്കെട്ടിനു പുറത്ത്‌ ലാന്റ്‌ ചെയ്‌തു.

നിലത്തു വീണുകിടന്നിരുന്ന കരിയിലകൾ പറന്നു നടന്നു.

ആഹ്ലാദാരവങ്ങളോടെ പുറത്തേക്ക്‌ ഓടി. പടി കാവൽക്കാർ മുഖം മറച്ച്‌ ഒരു മൂലയിൽ ഇരുപ്പുണ്ടായിരുന്നു.

ഹെലികോപ്‌റ്ററിൽ നിന്ന്‌ ആദ്യം ഇറങ്ങിയത്‌ ഡാഡിതന്നെയായിരുന്നു.

”ഡാഡീ……..“

സുനിൽ ഓടിച്ചെന്ന്‌ ഡാഡിയെ കെട്ടിപ്പിടിച്ചു. മറ്റു മൂന്നു പേർ കയ്യിൽ തൂങ്ങി.

”എത്ര ദിവസമായി ഞങ്ങൾ തീ തിന്നാൻ തുടങ്ങിയിട്ട്‌…..“

ഡാഡിയുടെ കണ്ണ്‌ ശരിക്കും നിറഞ്ഞൊഴുകി.

”വാ…. നമുക്ക്‌ പോകാം…….“

”പോകുന്നതിനു മുമ്പ്‌ ഇവിടുത്തെ ചില കാര്യങ്ങൾ പറയാനുണ്ട്‌ ഡാഡി…..“

സുനിൽ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

”ഇവിടെ എന്തായാൽ നമുക്ക്‌ എന്താ? വീട്ടുകാർ നിങ്ങളെ കാണാൻ കാത്തിരിക്കയാണ്‌………വേഗം വരിൻ … നമുക്ക്‌ ഒരു നിമിഷം വെറുതെ കളയാൻ ഇല്ല….“

ഡാഡി സുനിലിന്റെ കൈ പിടിച്ച്‌ വലിച്ചുകൊണ്ട്‌ ഹെലികോപ്‌റ്ററിന്റെ അരികിലേക്ക്‌ നടന്നു.

Generated from archived content: vanamkadinte18.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here