ഇനി മൊബൈലേ രക്ഷയുള്ളൂ. കണ്ണാടിബംഗ്ലാവിൽ നിന്ന് അതു കൈക്കലാക്കാൻ എന്താണ് മാർഗം?
ഒരൊറ്റ ചിന്തമാത്രം.
“എനിക്കൊരു ഐഡിയ തോന്നുന്നുണ്ട്…..”
റഹിം ചാടി എണീറ്റു.
“ഇന്ത്യൻ നിയമസംഹിതയിൽ ആർക്കും വിഡ്‌ഢിത്തം പറയാനുള്ള അവകാശമുണ്ട്. പറഞ്ഞോ….”
ബേബി റഹീമിനെ ചൂടാക്കാനുള്ള ശ്രമത്തിലാണ്.
“എന്നാൽ ഞാൻ പറയുന്നുമില്ല….”
റഹിം വീണ്ടും ചുരുണ്ടു കൂടി.
“ബേബി പറഞ്ഞത് കാര്യമാക്കേണ്ട. അവൻ പറഞ്ഞത് അവന്റെ കാര്യമാണ്. നീ നല്ല കുട്ടിയല്ലേ പറയ്….”
രമ്യ റഹീമിനെ സമാധാനിപ്പിച്ചു.
“നമുക്ക് ബോധം കെടുത്തുന്ന അമ്പ് സംഘടിപ്പിച്ച് കിഴവന്റെ നേരെ പ്രയോഗിച്ചാലോ? അയാള് ബോധം കെട്ടു കിടക്കുന്ന സമയംകൊണ്ട് അവിടെ മുഴുവൻ അരിച്ചു പെറുക്കാം. നമ്മുടെ മൊബെൽ കണ്ടെത്താതിരിക്കില്ല.”
റഹിം പറഞ്ഞു തീരുന്നതിന്നു മുമ്പ് ബേബി എണീറ്റ് കൈ കൊടുത്തു.
“മിടുക്കൻ നിന്നെ ഞാൻ സമ്മതിച്ചു.”
“സുനിലിന് കരിനാവ് ഉണ്ട് എന്നാണ് തോന്നുന്നത്. പറയണതൊക്കെ ശരിയായി വരണു. അന്നു പറഞ്ഞ മാതിരി ഇപ്പോൾ തലയിലെ ചോറ് തന്നെയാ പ്രവർത്തിക്കണത്.”
രമ്യയും പുതിയ ഐഡിയയെ അംഗീകരിച്ചു.
ഇനി അതെങ്ങനെ പ്രാവർത്തികമാക്കാം….
അതായി അടുത്ത ചിന്ത
“അമ്പെയ്‌ത്തു പഠിക്കാം. ചേച്ചി സഹായിക്കാതിരിക്കില്ല…”
എല്ലാവർക്കും അതു സമ്മതമായിരുന്നു.
ഇനി സമയം കളയേണ്ട.
കോണിയിലൂടെ തൂങ്ങി താഴത്ത് എത്തിയപ്പോഴേക്കും മാരി നടന്നു വരുന്നുണ്ടായിരുന്നു.
“തേടിയ വള്ളി കാലിൽ ചുറ്റി.”
രമ്യ പറഞ്ഞു.
“എവിടെ എന്റെ കാലിൽ ചുറ്റിയാൽ ഞാൻ വീഴും.”
റഹിം ചുറ്റും നോക്കി.
“ഇത്രയും കാലം മലയാളം ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിട്ട് യാതൊരു ഗുണവും ഉണ്ടായിട്ടില്ല്യാ…”
രമ്യ മൂക്കത്തു വിരൽ വെച്ചു.
“മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമില്ലൊരു സൗരഭ്യം- അല്ലേ?”
റഹിം ശരിക്കും ഞെട്ടിച്ചു.
മാരി നടന്ന് അടുത്തെത്തി.
ആ മുഖം വാടിയിരുന്നു.
“പൂസാലി കുരുസിയുടെ ദിവസം നിശ്ചയിച്ചു. ഇന്നേക്ക് എട്ടാനാൾ”
മാരിയുടെ സ്വരം ഇടറി.
ആരും ഒന്നും മിണ്ടിയില്ല.
ഒരിക്കൽ രക്ഷപ്പെട്ടു എന്നു കരുതി എപ്പോഴും രക്ഷപ്പെടാമെന്നു കരുതേണ്ടാ!
അതിനുമുമ്പ് പദ്ധതി നടപ്പാക്കണം.
“ഞങ്ങൾക്ക് ചേച്ചിയുടെ സഹായം വേണം.”
“എന്റെ സഹായമോ? പറയൂ. ഞാനത് സന്തോഷത്തോടെ ചെയ്യും…”
മാരിയുടെ മുഖം തെളിഞ്ഞു.
“ഞങ്ങൾക്ക് അമ്പെയ്‌ത്ത് പഠിപ്പിച്ചു തരണം ചേച്ചി…”
“അമ്പെയ്‌ത്തോ?”
അത്ഭുതം കൊണ്ട് മാരിയുടെ കണ്ണുകൾ വിടർന്നു.
“അമ്പെയ്‌ത്തു പഠിക്കാൻ വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്യണം. അല്ലെങ്കിൽ ആനയ്‌ക്ക് ഉന്നം പിടിച്ചാൽ അനങ്ങൻ മലയ്‌ക്ക് കൊള്ളും.”
മാരി ഗൗരവത്തിൽ പറഞ്ഞു.
“ഞങ്ങൾ നന്നായി പഠിക്കും… നാലു പേരിൽ ഒരാളെങ്കിലും നന്നായാലോ?”
രമ്യ ഇടപെട്ടു.
“കുരുസിക്ക് എട്ടു ദിനം മാത്രം ഇരിക്കെ.”
മാരിയുടെ ശബ്‌ദത്തിൽ ദുഃഖമുണ്ടായിരുന്നു.
“ഞങ്ങളെ സഹായിക്കാമെന്ന് ചേച്ചി വാക്കുതന്നതാണ്…”
ബേബി ഇടയ്‌ക്കു കേറി പറഞ്ഞു.
മാരി നിമിഷങ്ങളോളം നിശ്ശബ്‌ദനായി ചിന്തിച്ചു നിന്നു.
“ശരി വാ….”
നേരെ നടന്ന് പൂസാലിയുടെ അരികിലേക്കാണ്
കുരുസി മുടങ്ങിയതല്ലേ? ഇനി എന്തിനും ഏതിനും പൂശാലിയുടെ സമ്മതം വേണം.
കുട്ടികൾക്ക് നേരം പോകുന്നില്ല. അമ്പെയ്‌ത്തു പഠിക്കണമെന്നുണ്ട്. അതു പഠിപ്പിക്കാൻ പൂശാലി സമ്മതിക്കണം.
മാരി പൊടിപ്പും തെങ്ങലും വെച്ച് കാര്യം അവതരിപ്പിച്ചു.
“പോ….പോ…. ബലിമൃഗത്തിന് ഒന്നും പഠിക്കകൂടാത്…?
പൂശാലി കൺവെട്ടത്തുനിന്നു തന്നെ ആട്ടിപ്പായിച്ചു.
”ഞങ്ങളുടെ ആശ മുഴുവൻ അറ്റുപോയി ചേച്ചി….“
സുനിൽ ഏറെ നിരാശനായിരുന്നു.
മാരിയുടെ ചുണ്ടിൽ നേരിയ ചിരി ഊറിക്കൂടി.
”ഞാൻ നിങ്ങളുടെ ചേച്ചിയല്ലേ?“
രമ്യ നെറ്റി ചുളിച്ചു.
”അതെ…. അതെന്താ അങ്ങനെ ചോദിക്കാൻ?“
രമ്യ അത്ഭുതത്തോടെ ചോദിച്ചു.
”പിന്നെന്താ പല കാര്യങ്ങളും എന്നിൽ നിന്നു മറച്ചു വെയ്‌ക്കുന്നത്? എന്നെ ഇനിയും നിങ്ങൾക്ക് വിശാസമായില്ലേ?“
മാരിയുടെ സ്വരത്തിൽ പരിഭവം.
”അയ്യോ അങ്ങനെ ചേച്ചിക്ക് തോന്നരുത്. ഇവിടുത്തെ അന്ധവിശ്വാസത്തിനിടയിൽ വളർന്ന ചേച്ചിക്ക് പലതും പറഞ്ഞാൽ വിശ്വാസം വരില്ല എന്നു പേടിച്ചിട്ടാണ് പറയാത്തത്….“
സുനിൽ തലയ്‌ക്ക് കൈ വച്ചുകൊണ്ടു കേണു.
”നിങ്ങളുടെ പിശാച് മൊബൈൽ ഞങ്ങളുടെ ദൈവമാണ്. അത് ഞങ്ങളുടെ കയ്യിൽ കിട്ടിയാൽ മതി, വിളിച്ചു പറഞ്ഞാൽ വീട്ടുകാര് പറന്നെത്തും…“
രമ്യ പറഞ്ഞു.
മാരിക്ക് ഒന്നും മനസ്സിലായില്ല. സുനിൽ മൊബൈൽ പിടിക്കാൻ തുടങ്ങി വീണതും. മൃഗക്കൂട്ടിൽ നിന്ന് മൊബൈൽ എടുത്തു കൊണ്ടുപോയതും കിഴവന്റെ ബംഗ്ലാവിൽ അതു വീണ്ടും നഷ്‌ടപ്പെട്ടതും എല്ലാം വിസ്‌തരിച്ചു പറഞ്ഞു.
”കിഴവൻ ഞങ്ങൾ അവിടെ ചെല്ലുന്നതും കാത്തിരിപ്പാണ്. ഞങ്ങളെ കൊല്ലാൻ…“
റഹിം പേടിയോടെ പറഞ്ഞു.
”കിഴവനെ അമ്പെയ്‌ത് ബോധം കെടുത്തണം. അകത്തു കേറി ഞങ്ങൾക്ക് മൊബൈൽ എടുക്കണം. അതിനാണ് അമ്പെയ്‌ത്തു പഠിക്കണം എന്നു പറഞ്ഞത്. പൂശാലിയുടെ പിടിവാശി കാരണം അതും നടക്കാതായി…“
സുനിൽ ഖേദത്തോടെ പറഞ്ഞു.
മാരി പൊട്ടിപ്പൊട്ടിച്ചിരിച്ചു.
”എന്താ ചേച്ചി ചിരിക്കുന്നത്?“
”ഇതിന് അമ്പെയ്‌ത്ത് എന്തിനാ പഠിക്കുന്നത്? ഒരു കഷ്‌ണം ചക്കര തിന്നാൽ കരിമ്പിന്റെ കൃഷി ആരംഭിക്കാറുണ്ടൊ?
മാരി വീണ്ടും പൊട്ടിച്ചിരിച്ചു.
“ഞാൻ സഹായിക്കാമെന്നു പറഞ്ഞത് മറന്നോ? ഞാൻ വരാം തന്തയെ അമ്പെയ്‌തു വീഴ്‌ത്താൻ…”
പ്രേതാമാളികയുടെ അരികിലേക്ക് മാരി വരികയോ? പേടിയാവില്ലേ? പിറ്റേന്ന് ആറ്റിൽ ശവം പൊന്തില്ലേ?
“പേടിയുണ്ട്. അതു സത്യം. ഞാൻ നിങ്ങൾക്ക് വേണ്ടി ജീവൻ കളയാൻ വരെ തയ്യാറാണ്. ഞാൻ നിങ്ങളുടെ ചേച്ചിയല്ലേ?”
മാരിയുടെ സ്വരത്തിൽ നിറയെ വാത്സല്യം.
“വാ…. നമുക്ക് ഇപ്പോഴേ പോകാം….”
മാരി മുന്നിൽത്തന്നെ നടന്നു.
കുന്നിറങ്ങി വളവുതിരിഞ്ഞ് ഏറെ താമസമുണ്ടായില്ല രണ്ടു പേർ തമ്മിൽ സംസാരിക്കുന്നു.
ചെടികൾക്കിടയിലൂടെ ഇഴഞ്ഞ് അരികിൽ എത്തി.
ശോക്കനും കിഴവനും തന്നെയാണ്.
“ നീ പറഞ്ഞത് സത്യമാണോ? നുണയാണെങ്കിൽ നിന്നെ ഞാൻ പണിതീർക്കും…”
കിഴവൻ കണ്ണുരുട്ടി.
“സത്യം തന്നെയാണ് പെരിയവരെ. അന്ത നാല് കുഞ്ഞുങ്ങളും ഇങ്ങോട്ടു താൻ വരത്. കൂടെ കൊച്ചു തലൈവിയുമിരിക്കേ…”
“ആര് ഒപ്പം ഉണ്ടായാലും വേണ്ടില്ല. ഞാനിന്ന് അവരെ കൊല്ലും….”
കിഴവൻ മുരണ്ടു.
“പെരിയവരെ…. ഇനി മദ്യക്കുപ്പിതാ….”
ശൊക്കൻ ഭൂമിയോളം താണു.
“നീ പറയുന്നതു സത്യമാണോ എന്നു നോക്കട്ടെ….”
കിഴവൻ പല്ലിറുമ്മി.
“അവർ പുഴവക്കിൽ കാണും പോയി നോക്കി വാ. ഉണ്ടെങ്കിൽ ഉടനെ വിവരം അറിയിക്കണം….”
ശൊക്കൻ മനമില്ലാമനസ്സോടെ നടന്നു.
“ഇപ്പോൾ അവൻ പോട്ടെ. പക്ഷേ, വിടമാട്ടേൻ….”
മാരി അമ്പു തൊടുത്തു.
കിഴവൻ അകത്തേക്ക് തിരിഞ്ഞ് നടക്കാൻ തുടങ്ങി.
മാരി അമ്പ് ആഞ്ഞു വിട്ടു.
കിഴവൻ നിന്ന് നിൽപ്പിൽ വീണു. ഒന്നു പിടഞ്ഞോ എന്നൊരു സംശയം. പിന്നെ അനക്കമില്ലാതായി.
“അധികനേരം അമ്പ് ശരീരത്തിൽ ഇരുന്നാൽ ചത്തു പോകും….”
മാരി ഓടിച്ചെന്ന് അമ്പ് ഊരിയെടുത്തു.
“ഇനി രാത്രിവരെ ഇതേ കിടപ്പു കിടക്കും തന്ത. ധൈര്യമായിട്ട് പോ…”
മാരി പറഞ്ഞു. പിന്നെ ശൊക്കൻ പോയ വഴിയെ നടന്നു.
വേഗം ഓടി അകത്തു കയറി. ശവപ്പെട്ടി വാതിൽ തുറന്ന് പടവുകളിലൂടെ ചാടിയിറങ്ങി താഴത്ത് എത്തി.
ഒരിഞ്ചുപോലും വിടാതെ തിരഞ്ഞു
മേശ വലിപ്പുകൾ, ഷെൽഫുകൾ, ചാക്കിൻ കെട്ടുകൾ, മൂലയിൽ കൂട്ടിയിട്ടിരിക്കുന്ന വസ്‌തുക്കൾ ഒരു രക്ഷയുമില്ല.
“ഇനി നോക്കാൻ ഒരിടവും ഇല്ല.”
രമ്യ കേണു.
“കുന്തം പോയാൽ കുടത്തിൽ തിരയണമെന്ന് പണ്ട് അമ്മച്ചി പഠിപ്പിച്ചിട്ടുണ്ട്.
ബേബി പറഞ്ഞു.
പോയതു കുന്തമല്ലാത്തതുകൊണ്ട് കുടം ഉണ്ടോ എന്ന് ഞാൻ നോക്കിയില്ല.
റഹിം പറഞ്ഞു.
ബേബി ചുമരിൽ തൂക്കിയിരുന്ന ഇന്ത്യയുടെ മാപ്പ് പൊക്കി നോക്കി.
അതാ മൊബൈലും ചാർജ്ജറും തൂങ്ങിക്കിടക്കുന്നു.
”നമുക്കു ഭാഗ്യമുണ്ട്. ചാർജ്ജുണ്ട്.“
ബേബി മൊബൈൽ സുനിലിന്റെ കയ്യിൽ കൊടുത്തു.
”നമുക്ക് വേഗം പോകാം. എത്രിയും പെട്ടെന്ന് വിവരം കൊടുക്കണം….“
വേഗം നടന്നു.
നടന്ന് കോണിയുടെ അരികിൽ എത്തിയുള്ളു.
മുകളിൽ ആരെല്ലാമോ സംസാരിക്കുന്നതുപോലെ.
സുനിൽ ചുണ്ടത്തു വിരൽ വെച്ചു.
പിന്നെ എല്ലാവരേയും വലിച്ച് മുറിയുടെ ഒരു മൂലയ്‌ക്കിലേക്കാക്കി പതുങ്ങി നിന്നു.
”കുടിച്ചു ബോധമില്ലാതെ തന്തക്കൊരണ്ടി വഴിയിൽ കിടക്കുന്നു. ഇവിടെ വാതിലൊക്കെ തുറന്നിട്ടിരിക്കുന്നു. വെടിവെച്ചു കൊല്ലുകയാണു വേണ്ടത്. കിഴട്ടു ശവത്തിനെ…“
കോണിപ്പടവിൽ കനത്ത കാലടി ശബ്‌ദം ഉയർന്നു.
Generated from archived content: vanamkadinte17.html Author: aryan_kannanur