ഭാഗം-16

പാരമ്യതയിൽ എത്തിയിരുന്ന ശബ്‌ദം പെട്ടെന്നു നിന്നു.

കയ്യിലെ വാൾ വിറപ്പിച്ചുകൊണ്ട്‌ നാലു പേരും അരികിലേക്ക്‌ നീങ്ങി നീങ്ങി വന്നു.

അരികിൽ എത്തണം വാള്‌ പിടിച്ച കൈ ഉയർന്നു താഴണം. അതോടെ എല്ലാം കഴിഞ്ഞു.

നെഞ്ച്‌ ശക്തിയായി പിടക്കുന്നതും ശരീരത്തിലൂടെ രക്തം ചീറ്റുന്നതും സ്വയം അനുഭവിച്ചറിഞ്ഞു.

വാൾ പിടിച്ച ആൾ നൃത്തം ചെയ്‌ത്‌ നൃത്തം ചെയ്‌ത്‌ അരികിൽ എത്തി.

അയാൾ മലൈഭൈരവന്റെ നേർക്കു തിരിഞ്ഞ്‌ ഒന്ന്‌ ആർത്തു ചീറി. താണു വണങ്ങി. പിന്നെ തൊട്ടരികിൽ എത്തി.

കഴുത്ത്‌ കല്ലിലേക്ക്‌ പതിഞ്ഞിരിക്കാൻ പാകത്തിൽ ഇടതു കൈകൊണ്ട്‌ തല കല്ലിലേക്ക്‌ അമർത്തിപ്പിടിച്ചു.

ദൈവമേ…. ഇതാ എല്ലാം അവസാനിക്കുന്നു.

സുനിൽ കണ്ണ്‌ അമർത്തി അടച്ചു.

ചുറ്റും ആരവത്തിന്നു ശക്തി കൂടി.

“പിശാശ്‌….പിശാശ്‌….”

അവർ വിളിച്ചു പറയുന്നതു പോലെ.

എന്താണ്‌ സംഭവിച്ചത്‌ എന്നറിയില്ല. കല്ലിലേക്ക്‌ അമർത്തിപ്പിടിച്ച കൈ വിട്ടിരിക്കുന്നു.

കഴുത്ത്‌ മുറിഞ്ഞു കഴിഞ്ഞിരിക്കുമോ?

ഉറപ്പാക്കാൻ കണ്ണുമിഴിച്ചു നോക്കിയാലോ? ചിലപ്പോൾ ആ നേരത്തായിരിക്കും വാൾ വന്ന്‌ പതിക്കുക.

നാലു പുറത്തുനിന്നും ഉയർന്നിരുന്ന ബഹളം അകന്നകന്നു പോകുന്നതുപോലെ

ഒരുപക്ഷേ, കഴുത്തറ്റ്‌ ബോധം നശിച്ചു കൊണ്ടിരിക്കയായിരിക്കും. അങ്ങനെയാണെങ്കിൽ ഇങ്ങനെ ചിന്തിക്കാൻ കഴിയുമോ? ഇതുവരെ മരിച്ചുപോയി പരിചയമില്ലാത്തതുകൊണ്ട്‌ അത്‌ അറിയില്ല. ഇനിയിപ്പോൾ മരിച്ച്‌ പരലോകത്ത്‌ എത്തിയിരിക്കുമോ? അതും അറിയില്ല.

ഏതായാലും ചിന്തിക്കാൻ ഒരു തടസ്സവും കാണുന്നില്ല.

അപ്പോൾ പിന്നെ ചിന്തിക്കാമല്ലോ! എന്തുവന്നാലും സഹിക്കാൻ തയ്യാറാണ്‌. അതുകൊണ്ട്‌ കണ്ണുമിഴിച്ചു നോക്കാൻ പേടിക്കേണ്ടതില്ല.

കണ്ണ്‌ തുറക്കാൻ തുടങ്ങുമ്പോൾ ഒരു അധൈര്യം പോലെ.

നിമിഷങ്ങളോളം വീണ്ടും കാത്തു.

വരുന്നതു വരട്ടെ!

രണ്ടും കൽപ്പിച്ച്‌ കണ്ണ്‌ തുറന്നു.

അത്ഭുതം! വിശ്വസിക്കാനേ തോന്നുന്നില്ല.

എല്ലാവരും പരക്കം പായുകയാണ്‌.

“പിശാശ്‌…..പിശാശ്‌……”

വാളും കയ്യിലേന്തി കുരുസിക്ക്‌ തയ്യാറായവരും കരഞ്ഞുകൊണ്ട്‌ ഓടുന്നു.

നിമിഷങ്ങൾ കഴിഞ്ഞില്ല. ചുറ്റും വിജനമായി.

വെളിച്ചപ്പെട്ടു കൊണ്ടിരുന്ന പൂശാലിപോലും മുങ്ങിയിരിക്കുന്നു.

റഹിമും ബേബിയും രമ്യയും ഇപ്പോഴും കണ്ണടച്ചു തന്നെയാണ്‌ നിൽക്കുന്നത്‌.

“റഹീമേ…. ബേബി…. രമ്യേ…. കണ്ണുതുറക്കിൻ”

ഉറക്കെ വിളിച്ചു.

അവർ ഭയത്തോടെ കണ്ണു തുറന്നു.

“എന്താദ്‌……നമ്മളിനിയും മരിച്ചിട്ടില്ലേ?”

റഹീമിന്‌ അത്ഭുതവും സന്തോഷവും അടക്കാൻ കഴിഞ്ഞില്ല.

“എവിടെ? എല്ലാവരും എവിടെപ്പോയി?”

“പിശാശ്‌ പിശാശ്‌ എന്നു കരഞ്ഞ്‌ എല്ലാവരും ഓടി ഒളിച്ചു….”

സുനിൽ വിശദീകരിച്ചു.

“എന്നിട്ട്‌ പിശാച്‌ എവിടെ?”

രമ്യ ചുറ്റും നോക്കി.

“ആർക്കറിയാം….?”

സുനിൽ കൈമലർത്തി.

“ശരിക്ക്‌ എനിക്ക്‌ പിശാചിനെപ്പേടിയാണ്‌. പക്ഷേ, ഇപ്പോൾ നല്ല ഇഷ്‌ടമായി.”

റഹിമിന്റെ മുഖത്ത്‌ ആഹ്ലാദം.

പെട്ടെന്ന്‌ ആകാശത്തുനിന്ന്‌ എന്തോ ശബ്‌ദം ഉയർന്നു.

നോക്കുമ്പോൾ ഒരു ഹെലികോപ്‌റ്റർ

അതിന്റെ കാറ്റിൽ നിലത്തു വീണുകിടക്കുന്ന കരിയിലകൾ പറന്നു. കുടിലുകളുടെ പുല്ലുമേഞ്ഞ മേൽക്കൂര തകർന്നു.

“നമ്മേ തിരഞ്ഞ്‌ വരാവും….”

രമ്യ പറഞ്ഞു.

ഉറക്കെ ശബ്‌ദമുണ്ടാക്കി നോക്കി.

അത്‌ മുന്നോട്ടു പറന്ന്‌ കാടുകൾക്കിടയിൽ മറഞ്ഞു.

“കഷ്‌ടം അവർ നമ്മേ കണ്ടില്ല.”

പിന്നാലെ ഓടാനും ബഹളം കൂട്ടാനും കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷേ, അവരുടെ ദൃഷ്‌ടിയിൽ പെട്ടേനെ.

എന്തു ചെയ്യാൻ? കുറ്റിയിൽ കെട്ടിയിട്ടിരിക്കല്ലേ!

മാരി ഓടി വന്നു.

അവൾ എങ്ങനെയൊക്കെയോ പെട്ടെന്നു തന്നെ കെട്ടുകൾ അഴിച്ചു.

“പിശാശ്‌ വീണ്ടും തിരികെ പറന്നു വരും ഓടിവാ….”

മരബംഗ്ലാവിലേക്ക്‌ അവൾ മുന്നിൽ ഓടി.

എല്ലാവരും പേടിച്ച്‌ ഒളിച്ചിരിക്കയാണ്‌.

മാരി സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ്‌ ഓടി വന്നിരിക്കുന്നത്‌.

ഇത്‌ ഹെലികോപ്‌റ്ററല്ലേ; പേടിക്കാനില്ല.

ഇവളോട്‌ പറഞ്ഞിട്ട്‌ എന്തു കാര്യം? ഭീകര രൂപിയായിട്ടല്ലേ സങ്കല്‌പ്പം.

വേഗം ഒപ്പം നടന്നു.

ദൂരെ കാടിന്റെ പലഭാഗത്തു നിന്നുമായി ഹെലികോപ്‌റ്ററിന്റെ ശബ്‌ദം മാറി മാറി കേട്ടു കൊണ്ടിരുന്നു.

“നമുക്ക്‌ കാത്തു നിന്നാലോ? അവർ വന്നാൽ ബഹളം കൂട്ടാം.”

ബേബിയുടെ ബുദ്ധിയും ഉണർന്നു.

“നമ്മൾ പിശാശിനെ വിളിച്ചു വരുത്താൻ ശ്രമിക്കയാണെന്നറിഞ്ഞാൽ ആ നിമിഷം വിഷംതേച്ച അമ്പ്‌ നമ്മേ തേടി എത്തും.”

സുനിൽ പടികളിലൂടെ മുകളിലേക്ക്‌ സാവധാനം തൂങ്ങിക്കയറി.

“അല്ല കൂട്ടരേ… സത്യത്തിൽ നമ്മളിപ്പോൾ സ്വപ്‌നം കാണുകയാണോ?”

ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ റഹിം ചോദിച്ചു.

“സ്വപ്‌നമല്ല….. സത്യം…..”

മാരി സ്‌നേഹത്തോടെ പുഞ്ചിരി പൊഴിച്ചു.

ഹെലികോപ്‌റ്റർ ആ നേരത്തു വന്നില്ലായിരുന്നെങ്കിൽ…. എന്റെ തലയുടെ തരിപ്പ്‌ ഇനിയും മാറിയിട്ടില്ല.

ബേബി കണ്ണ്‌ വെട്ടി മിഴിച്ചു.

“ഹെലികോപ്‌റ്റർ അകന്നുപോകാതെ ഇവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നാൽ മതിയായിരുന്നു. എന്നാൽ കാടന്മാർ പേടിച്ച്‌ പുറത്തിറങ്ങില്ലല്ലോ. അത്രയും നേരം കുരുതിയും ഉണ്ടാവില്ല. ”

രമ്യ ജനലിലൂടെ പുറത്തേക്കു നോക്കി.

“ഇനി ഇന്ന്‌ കുരുസി ഇല്ല.”

മാരി പറഞ്ഞു.

“പൂശാലി നല്ല ദിവസം ഗണിച്ചുണ്ടാക്കണം. വാളെടുത്ത്‌ കുരുസി കഴിപ്പവർ ഏഴുനാൾ വ്രതം എടുക്കണം. ഇനി കുരുസി അതിനുശേഷം താൻ….”

മാരി വിശദീകരിച്ചു.

“സുനിൽ പറഞ്ഞത്‌ സത്യമാണെന്ന്‌ ഇന്നെനിക്കും വിശ്വാസമായി. നമുക്ക്‌ ഒരാപത്തും സംഭവിക്കില്ല…..”

രമ്യയുടെ സ്വരത്തിൽ ആത്മവിശ്വാസം നിഴലിച്ചിരുന്നു.

“ഇനി നമുക്ക്‌ ചുരുങ്ങിയത്‌ ഒരാഴ്‌ച സമയമുണ്ട്‌. അതിനകം എന്തെങ്കിലും മാർഗം കണ്ടെത്തണം….”

സുനിൽ പുഞ്ചിരിച്ചു.

“ദിവസവും ഞാൻ മലൈഭൈരവനെ ഭജിക്കുന്നുണ്ട്‌. നിങ്ങളെ രക്ഷപ്പെടുത്താൻ ഇന്ന്‌ ഞാൻ ബലിസ്‌ഥലത്തേക്ക്‌ വന്നതേയില്ല. ഇരുന്ന്‌ പ്രാർത്ഥിച്ചു. എന്റെ കണ്ണീർ ദൈവം കണ്ടു.

മാരിയുടെ കണ്ണ്‌ വീണ്ടും ഈറനണിഞ്ഞു.

”നിങ്ങൾ വരുന്നതുവരെ എനിക്ക്‌ ആരും കൂട്ടുണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക്‌ ഒരനുജനേയും കിട്ടി.“

സുനിലിനെ നോക്കി മാരി വാത്സല്യത്തോടെ പറഞ്ഞു.

”മൂപ്പനും ചേച്ചിയും മാത്രമേ ഉള്ളൂ. വേറെ ആരും ഇല്ലേ?“

രമ്യ ചോദിച്ചു.

ഇല്ല – രമ്യ തലയാട്ടി.

”അപ്പോൾ അമ്മ?“

”അമ്മ…. അമ്മ…. ആരാണെന്ന്‌ എനിക്കറിയില്ല. അല്ലെങ്കിൽ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്‌ ഞാൻ…..“

മാരി കണ്ണ്‌ അമർത്തി തുടച്ചു.

”അപ്പോൾ? മൂപ്പന്റെ മകളാണ്‌ എന്നു പറഞ്ഞിട്ട്‌?

റഹീമിമന്റ നെറ്റി ചുളിഞ്ഞു.

“അത്‌ ഒരു പെരിയ കഥ….”

മാരി ദൂരേക്ക്‌ നോക്കി നിമിഷങ്ങളോളം ഇരുന്നു.

വർഷങ്ങൾക്ക്‌ മുമ്പ്‌ ആരോ തേനും തേടി കാട്ടിലൂടെ അലയുകയായിരുന്നു.

“ള്ളേ….ള്ളേ….”

ഒരു കുട്ടിയുടെ കരച്ചിൽപോലെ.

ഇവിടെ ഈ കാട്ടിൽ എങ്ങനെ ഒരു കുഞ്ഞു വന്നു പെട്ടു? തോന്നിയതാവുമോ? അല്ല വീണ്ടും കുഞ്ഞു കരയുന്നു. ശബ്‌ദം കേട്ട സ്‌ഥലത്തേക്ക്‌ ചെന്നു.

വള്ളിക്കെട്ടുകൾക്കിടയിൽ ഒരു കുഞ്ഞ്‌ തൂങ്ങിക്കിടന്ന്‌ കരയുന്നു.

ഉദിച്ചു വരുന്ന ആദിത്യഭഗവാന്റെ നിറം.

നീറൻ ഉറുമ്പ്‌ പൊതിഞ്ഞിരിക്കയാണ്‌. അത്‌ കടിക്കുമ്പോഴാണ്‌ കുഞ്ഞു കരയുന്നത്‌.

ഏതു ദുഷ്‌ടയായ അമ്മയ്‌ക്കാണാവോ ഇങ്ങനെ കൗതുകമുള്ള കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച്‌ പോകാൻ തോന്നിയത്‌?

പിശാചിന്റെ കുഞ്ഞാണെങ്കിലൊ?

പൂശാലിയുടെ കൽപ്പന കിട്ടാതെ എടുത്തു കൂട.

വിവരം എത്തിക്കാനുള്ള ഏർപ്പാട്‌ ചെയ്‌ത്‌ കുഞ്ഞിനരികിൽ കാവലിരുന്നു. വല്ല കാട്ടു മൃഗങ്ങളും കണ്ട്‌ കൊന്നു തിന്നേണ്ട!

കുഞ്ഞിനെ മൂപ്പന്റെ അരികിൽ എത്തിക്കാൻ സന്ദേശം വന്നു.

കുഞ്ഞിനെ വേഗം എടുത്തു.

അതിന്റെ ശരീരം നിറയെ ഉറുമ്പു കടിച്ചു തിണർത്ത പാടുകൾ കാട്ടിൽ നിന്നു കിട്ടുന്നതെല്ലാം മൂപ്പന്‌ അവകാശപ്പെട്ടതാണ്‌.

ആ കുഞ്ഞിനെ മൂപ്പൻ സ്വീകരിച്ചു വളർത്തി.

മൂപ്പന്റെ മകളായി വളർത്തുന്നതുകൊണ്ട്‌ മറ്റുള്ളവരേക്കാൾ സ്വതന്ത്രയാണ്‌. അധികാരമുണ്ട്‌. ആരോട്‌ എന്താവശ്യപ്പെട്ടാലും നിഷ്‌പ്രയാസം നടക്കുകയും ചെയ്യും.

എന്നാലും മനസ്സു തുറക്കാൻ ഒരു കൂട്ടുപൊലുമില്ലാതെ ഒറ്റയ്‌ക്ക്‌……

“നിങ്ങളെ ആദ്യം കാണുമ്പോൾ ഞാൻ ഏറെ സന്തോഷിച്ചു. എന്നാൽ ഒടുവിൽ…..”

മാരി വീണ്ടും വിതുമ്പി.

അപ്പോഴും ദൂരെ ഹെലികോപ്‌ടർ പറക്കുന്നശബ്‌ദം കേൾക്കുന്നുണ്ടായിരുന്നു.

Generated from archived content: vanamkadinte16.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English