ഭാഗം-15

ആഹൂയ്‌….ഊഹൂയ്‌….

വാദ്യഘോഷത്തിന്റെ താളത്തിനനുസരിച്ച്‌ സംഘം മലയിറങ്ങി. മൃഗങ്ങളെല്ലാം പേടിച്ച്‌ വഴിമാറിപ്പോയി.

കുന്തത്തിന്മേൽ കെട്ടിയെടുക്കും എന്നാണ്‌ വിചാരിച്ചിരുന്നത്‌. ബലിമൃഗങ്ങളുമായി കാടുചുറ്റുമ്പോൾ അങ്ങനെയാണത്രേ പതിവ്‌.

എന്തോ, ഇത്തവണ ബലിമൃഗങ്ങളെ നടത്തിയാൽ മതിയെന്ന്‌ പൂശാലി ഉത്തരവിട്ടു. കാട്ടിലൂടെ നടന്ന്‌ കാല്‌ കേടു വരട്ടെ എന്നു കരുതിത്തന്നെയാവണം.

ഏതായാലും കുന്തത്തിൽ കെട്ടിയേറ്റാതിരുന്നത്‌ നന്നായി. നട്ടെല്ല്‌ ഒടിഞ്ഞു പോയേനേ. ആ ജാതി ചാട്ടമാണ്‌.

ചൊക്കനുമുണ്ട്‌ ഒപ്പം; തിക്കിയും തിരക്കിയും.

അവന്റെ കണ്ണുകൾക്ക്‌ ചെന്നായയുടെ ആർത്തി.

ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ടാണ്‌ ഇല്ലെങ്കിൽ അവൻ തൂക്കിയെടുത്തു സ്‌ഥലം വിട്ടേനേ!

കണ്ണാടി ബംഗ്ലാവിന്‌ ഏറെ അകലെ ഏതോ ഒരു തിരിവിൽ എത്തിയപ്പോഴാണ്‌ കണ്ടത്‌.

ചുവന്നു തുടുത്ത രണ്ടു കണ്ണുകൾ.

“അത്‌ ആ കിഴവന്റേതാണ്‌….”

ബേബി പിറുപിറുത്തു.

“അയാള്‌ നമ്മെ വെടിവെച്ച്‌ കൊല്ല്യോ?”

റഹീമിന്റെ നെഞ്ചിടിപ്പ്‌ ഉയർന്നു കേട്ടു.

“അയാളുടെ കയ്യിൽ തോക്ക്‌ കാണാറില്ല. ഉണ്ടായിരുന്നെങ്കിൽ ഇതിനു മുമ്പേ ഉപയോഗിക്കുന്നതു കണേണ്ടതാണ്‌….”

സുനിൽ സമാധാനിപ്പിച്ചു.

അല്ലെങ്കിലും കാടന്മാരുടെ ഇടയിലല്ലേ. എത്ര വലിയ ഉണ്ടയായാലും ഇവരെ മുഴുവൻ തുളച്ചു കയറിയിട്ടുവേണ്ടേ? ഒന്നും ഭയപ്പെടാനില്ല. ഉറപ്പ്‌.

“എങ്ങനെയാ നമ്മേ കുരുതി കഴിക്കുക?”

രമ്യക്കാണ്‌ സംശയം.

“ആർക്കാ അറിയുക? ഞാൻ മാരിയോട്‌ ചോദിക്കണം എന്നു കരുതിയതാ. ധൈര്യം ഇല്ലാത്തതു കൊണ്ട്‌ വേണ്ടെന്നു വച്ചു.”

“കാവിലെ അടിയന്തരത്തിന്‌ കോഴിയെ കഴുത്തറുത്തു കൊല്ലണപോലെയാവും.”

ബേബി സ്വരം താഴ്‌ത്തി പറഞ്ഞു.

“അപ്പോൾ ഭയങ്കരായിട്ട്‌ വേദനിയ്‌ക്കില്ലേ?”

രമ്യയ്‌ക്ക്‌ കരച്ചിൽ വരുന്നുണ്ടായിരുന്നു.

ആഹൂയ്‌…. ഊഹൂയ്‌…

സംഘം മല കേറി മുകളിലെത്തി.

എല്ലാവരും നന്നെ ക്ഷീണിച്ചിരിക്കുന്നു.

അല്ലെങ്കിൽ എങ്ങനെ ക്ഷീണിക്കാതിരിക്കും? കാലത്തു തുടങ്ങിയ നൃത്തമല്ലേ? കല്ലെന്നോ മുള്ളെന്നോ വ്യത്യാസമില്ലാതെ.

“ഏവരും ശാപ്പാട്‌ കഴിച്ച്‌ വാ….”

പൂശാലി കൽപ്പിച്ചു.

“പണ്ട്‌ തൂക്കിക്കൊല്ലുന്നതിനു മുമ്പ്‌ കൊലച്ചോറ്‌ കൊടുക്കാറുണ്ടത്രേ. നമുക്കും നമ്മുടെ കൊലച്ചോറ്‌ കഴിക്കാം….”

ബേബി പറഞ്ഞു.

“കൊലച്ചോറെങ്കിൽ കൊലച്ചോറ്‌. വിശപ്പില്ലാതെ മരിക്കാമല്ലോ….”

റഹിം ദയനീയമായി ചിരിച്ചു.

“ഇങ്ങനെ കൊലച്ചോർ എന്നു പറയരുത്‌. ഇന്ന്‌ മാരിയുടെ പിറന്നാൾ സദ്യയാണ്‌. അവൾ കേട്ടാൽ ദുഃഖമാകും….”

സുനിൽ ഓർമ്മിപ്പിച്ചു.

മാരി ശ്രമിക്കാഞ്ഞിട്ടല്ല. അവൾ വിചാരിച്ചാൽ എന്തു ചെയ്യാൻ പറ്റും?

“ഞാൻ പൂശാലിയുടെ കാൽ പിടിച്ചു കേണു നോക്കി. എന്നെത്താൻ കുരുസി നൽകാൻ പറഞ്ഞ്‌ നോക്കി. നിങ്ങൾ ഇവിടെ ജീവനോടെ ഇരിക്കുമ്പോൾ കാട്ടുനിയമം അത്‌ അനുവദിക്കില്ല…”

ഇന്നലെ രാത്രി മാരി മരബംഗ്ലാവിൽ വന്നിരുന്ന്‌ ഏറെ നേരം കരഞ്ഞു.

“ഈ രാത്രി നിങ്ങൾ ഒളിച്ചോടിപ്പോ. എന്നിട്ട്‌ എവിടെയെങ്കിലും പൊന്തക്കാട്ടിൽ ഒളിച്ചിരുന്നാൽ മതി. നാളേക്ക്‌ എന്നെ കുരുസി കഴിക്കും. നിങ്ങൾക്ക്‌ രക്ഷപ്പെടാൻ വേറെ മാർഗമില്ല…”

മാരി സ്വരം താഴ്‌ത്തി ചുറ്റുംനോക്കി പറഞ്ഞു.

“വേണ്ട….വേണ്ട….വേണ്ട….”

മറുപടി ഏകകണ്‌ഠമായിരുന്നു.

“കൊച്ചുതലൈവിയെ കുരുതി കൊടുത്ത്‌ ഞങ്ങൾ രക്ഷപ്പെടില്ല. ഇതു സത്യം…”

മാരി കുറേ നേരം മുണ്ടാതെ ഇരുന്നു. പിന്നെ കോണിയിലൂടെ താഴേക്ക്‌ ഇറങ്ങിപ്പോയി.

“ഊണു കഴിക്കപ്പോ….”

പൂശാലി ആജ്ഞാപിച്ചു.

“ഊണു കഴിക്ക വാ….”

മാരി ഓടി വന്നു.

“പിറന്നാൾ ആശംസകൾ.”

ആ ചുണ്ടിൽ ദൈന്യം നിറഞ്ഞ ചിരി പരന്നു.

പിറന്നാളായതു കൊണ്ടാവണം. വിഭവങ്ങൾ ധാരാളം ഉണ്ടായിരുന്നു.

ഒരു സ്വാദും തോന്നുന്നില്ല. വെറു ചപ്പ്‌ ചവറ്‌ തൊണ്ടയിലൂടെ ഇറങ്ങിപ്പോകുന്നതുപോലെ.

പെരും വയറൻ റഹിം പോലും നുള്ളിത്തിന്നു എന്ന്‌ കാണിച്ച്‌ എണീറ്റ്‌ കൈകഴുകി.

മുറിയിലേക്ക്‌ നടക്കുമ്പോൾ മാരിയും കൂടെ വന്നു.

“ഈ പിറന്നാൾ ഞാൻ ഒരിക്കലും മറക്കില്ല….”

മാരിയുടെ തൊണ്ട ഇടറി.

എത്ര നേരം കഴിഞ്ഞു എന്നറിയില്ല. മലൈഭൈരവന്റെ മണ്ഡപത്തിൽ നിന്ന്‌ വാദ്യാഘോഷം ഉയർന്നു.

കുരുസിയുടെ സമയമായിരുന്നു.

അതാണ്‌ ആ കൊട്ടിന്റെ അർത്ഥം.

“ബലി മൃഗങ്ങൾ വാ….”

താഴത്തുനിന്നും ആരോ വിളിച്ചു

എല്ലാവരും പിടഞ്ഞെഴുന്ന്.

“ഇനി നമ്മൾ കാണില്ല.”

മാരിയുടെ തൊണ്ട ഇടറി.

“എനിക്കൊരു ചേച്ചി ഉണ്ടായിരുന്നു. വളരെ കൊച്ചായിരിക്കുമ്പോൾ കൊലചെയ്യപ്പെട്ടു. അവർ ജീവിച്ചിരുന്നെങ്കിൽ കൊച്ചു തലൈവിയുടെ പ്രായം വരുമായിരുന്നു.”

സുനിൽ ഒരു നിമിഷം നിർത്തി.

“ഞാൻ ഒരു പ്രാവശ്യം ചേച്ചീ എന്നൊന്നു വിളിച്ചോട്ടേ? ആദ്യമായും അവസാനമായും?”

സുനിലിന്റെ കണ്ണ്‌ നിറഞ്ഞ്‌ കവിഞ്ഞു.

മാരി സമ്മത രൂപത്തിൽ തലയാട്ടി.

“ചേച്ചീ… ചേച്ചീ….”

മാരിയുടെ കൈ എടുത്ത്‌ സുനിൽ ശിരസ്സിൽ വച്ചു. അനുഗ്രഹം മേടിക്കുന്നതു പോലെ.

പിന്നെ ശരിക്കും പൊട്ടിക്കരഞ്ഞു.

മാരി സുനിലിന്റെ കണ്ണ്‌ തുടച്ചു.

“ബലി മൃഗങ്ങൾ വാ…..”

താഴത്ത്‌ നിന്ന്‌ വീണ്ടും ശബ്‌ദം.

“ശരി നമുക്ക്‌ നീങ്ങാം.”

സുനിൽ മുന്നിൽ ഇറങ്ങി.

എല്ലാവരും താഴത്ത്‌ എത്തിയപ്പോൾ ഒരു നിമിഷം നിന്നു.

“നമ്മൾ കുട്ടിക്കാലം മുതൽ ഒരുമിച്ച്‌ കളിച്ചും വളർന്നവരാണ്‌. മരണത്തിലും നമ്മൾ ഒപ്പം തന്നെയായിരിക്കും. നമ്മൾ ഒരിക്കലും വേർപിരിയില്ല….”

സുനിൽ പറഞ്ഞു.

നാലു പേരും പരസ്‌പരം കൈകോർത്ത്‌ നിന്നു.

“നമ്മൾ ഒരിക്കലും വേർപിരിയില്ല.”

മറ്റുള്ളവർ ഏറ്റു പറഞ്ഞു.

നിമിഷങ്ങളുടെ നിശബ്‌ദത.

“എനിക്കെന്തോ അപാരമായ ശക്തി കിട്ടിയതുപോലെ.”

റഹിം അത്ഭുതത്തോടെ പറഞ്ഞു.

“എനിക്കും” ബേബി പറഞ്ഞു.

‘എനിക്കും’ രമ്യയും പറഞ്ഞു.

“അതു നമ്മുടെ മനസ്സ്‌ ഒന്നായതിന്റെ ശക്തിയാണ്‌. ഇപ്പോൾ ഒരാൾക്ക്‌ നാലു പേരുടെ ശക്തിയുണ്ട്‌.”

രമ്യ ഉൾക്കുളിരോടെ പറഞ്ഞു.

“ഇനി നമുക്ക്‌ എന്തിനേയും നേരിടാം…”

സുനിൽ പറഞ്ഞു.

എല്ലാവരും മുന്നോട്ടു നടന്നു.

മലൈഭൈരവന്റെ മണ്ഡപത്തിന്നരികിൽ എല്ലാവരും കൂടി നിൽക്കുന്നു.

മൂപ്പന്റെ അരികിൽ വാദ്യക്കാരുടെ ബഹളം.

മാരി കൈ വീശി. പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഓടിപ്പോയി.

മണ്ഡപത്തിന്നു മുന്നിൽ നാലു കുറ്റികൾ നാട്ടിയിട്ടുണ്ട്‌. അതിനരികിൽത്തന്നെ ബലിക്കല്ലുകളും തയ്യാറാക്കിയിട്ടുണ്ട്‌. കല്ലില്ലൂടെ ഒഴുക്കുന്ന രക്തം ഒരു തുള്ളിപ്പോലും നഷ്‌ടപ്പെടാതെ പിടിച്ചെടുക്കാൻ താഴെ മൺചട്ടികൾ വെച്ചിട്ടുണ്ട്‌.

പൂശാലി കൈ ഉയർത്തി.

പെട്ടെന്ന്‌ കൊട്ടു നിന്നു.

ചുറ്റും നിശബ്‌ദത പരന്നു.

“കുരുസി ആരംഭിക്കലാം….”

മൂപ്പൻ കൽപ്പന മുഴക്കി.

അതോടെ വീണ്ടും ആരവം ഉയർന്നു.

ആരൊക്കെയോ മുന്നോട്ട്‌ ഓടിവന്ന്‌ പിടിച്ച്‌ വലിച്ചിഴച്ചു കൊണ്ടുപോയി കുറ്റിയിൽ ബന്ധിച്ചു അനങ്ങാൻ കഴിയാത്ത വിധം.

പൂശാലി തുള്ളിക്കൊണ്ട്‌ അരികിലേക്ക്‌ വന്നു. കയ്യിൽ ചെമ്പരത്തിപ്പൂമാല ഉണ്ടായിരുന്നു. അത്‌ കഴുത്തിലേക്ക്‌ ഇട്ടു തന്നു. പിന്നെ എന്തോ മന്ത്രം ജപിച്ചുകൊണ്ട്‌ വെള്ളം തളിച്ചു.

തിരിച്ചു പോയി ഭൈരവന്റെ മുന്നിൽ നിന്നും നാല്‌ വാളുകൾ എടുത്ത്‌ നാലു സഹായികളുടെ കയ്യിൽ കൊടുത്തു.

അവരുടെ ശരീരത്തിലേക്ക്‌ ഭസ്‌മം എറിഞ്ഞു.

അതോടെ അവരും കലിതുള്ളാൻ തുടങ്ങി.

അവർ മണ്ഡപത്തിന്നു താഴെ ഇറങ്ങി കലിതുള്ളി. പിന്നെ പ്രദക്ഷിണം വെച്ചു.

ചുറ്റും ഉയരുന്ന ബഹളം മൂർദ്ധന്യത്തിലെത്തി.

വാളും പിടിച്ച്‌ കലിതുള്ളുന്ന സഹായികൾ, കണ്ണു തുറിച്ചു അട്ടഹസിച്ച്‌, കൂട്ടത്തിൽ കൂടുതൽ അരികിലേക്ക്‌ നീങ്ങിനീങ്ങിവന്നു കൊണ്ടിരുന്നു.

ഈശ്വരാ….ഇനി ഏതാനും നിമിഷം മാത്രം.

രണ്ടായിക്കിടക്കുന്ന ശരീരത്തിന്നരികിൽ തിളക്കുന്ന ചോര മാത്രം ബാക്കിയാവും.

Generated from archived content: vanamkadinte15.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English