ഇനിയിപ്പോൾ എന്താ ചെയ്യുക?
പുഴവക്കിലെ കുറ്റിച്ചെടികൾക്കിടയിൽ കൂനിക്കൂടി ഇരുന്നു.
“കിഴവൻ ഊന്നുവടി വലിച്ചെറിഞ്ഞ് രണ്ടുകാലിലും ശരിക്ക് ഓടാൻ തുടങ്ങിയപ്പോൾ ചത്തുപോയീ എന്നു തന്നെ കരുതി…”
ബേബി അപ്പോഴും കിതയ്‌ക്കുന്നുണ്ടായിരുന്നു.
അതുകൊണ്ടും വിശേഷിച്ച് കാര്യമുണ്ടായില്ലല്ലോ.
കണ്ണാടി ബംഗ്ലാവ് അരിച്ചുപെറുക്കിയാൽ മൊബൈൽ കണ്ടെത്താൻ കഴിഞ്ഞേക്കാം.
പക്ഷേ, അത് എങ്ങനെ കഴിയും.
വേഗം താമസസ്‌ഥലത്ത് എത്തണം.
ഇല്ലെങ്കിൽ കാടന്മാർ തിരഞ്ഞ് വരും. പിന്നെ കുന്തത്തിൽ കുത്തിക്കോർത്താവും കൊണ്ടുപോവുക. രക്ഷപ്പെടാൻ ശ്രമിച്ചു എന്ന കുറ്റവും ആരോപിച്ച്.
ആരോ സംസാരിച്ചു വരുന്നതുപോലെ.
“ശൂ… നിശ്ശബ്‌ദത… ആരോ വരുന്ന….”
ചെടികൾക്കുള്ളിലേക്ക് ഒന്നുകൂടി വലിഞ്ഞു.
സംസാരിച്ചു കൊണ്ടുവരുന്നത് കിഴവനാണ്. ഒപ്പം ശൊക്കനുമുണ്ട്.
ശൊക്കനെന്തിനാ കിഴവന്റെ പിറകെ നടക്കുന്നതാവോ!
“ഈ വഴിക്ക് താൻ പോന്നത്……”
ശൊക്കൻ ചുറ്റും സൂക്ഷിച്ചു നോക്കി.
നെറ്റിക്ക് മീതെ കൈ വെച്ച് വെളിച്ചം മറച്ച് കഴിവൻ പുഴ മുഴുവനും അരിച്ചു പെറുക്കി.
“ആ രണ്ടു പേർ എന്റെ കയ്യിൽ പെടാതിരുന്നത് ഏതോ പിശാചിന്റെ കളി കൊണ്ടാണ്. അവരുടെ ശരീരത്തിൽ ഞാൻ തൊട്ടതാണ്….”
കിഴവന്റെ പല്ല് ഞെരിഞ്ഞമർന്നു.
“രണ്ടു പോരോ അവർ നാലു പേർ ഇരിക്കേ….”
പെരിയവരേ
ശൊക്കൻ തറപ്പിച്ചു പറഞ്ഞു.
“നാലു പേരോ… ഞാൻ രണ്ടു പേരെ മാത്രമാണല്ലോ കണ്ടത്…”
കിഴവന്റെ മുഖം വിളറിവെളുത്തു.
“അവർ നാലു പേരും ഒപ്പം താൻ നടപ്പേ…”
“പുഴയിലൂടെ രക്ഷപ്പെട്ടിരിക്കുമോ?”
കിഴവൻ വീണ്ടും സൂക്ഷിച്ചു നോക്കി.
“അത് നടക്കാത് പെരിയവരെ. കുരുസി മൃഗമല്ലേ? തട്ടകം വിട്ട് പുറത്തു പോകാൻ കാവൽക്കാർ സമ്മതിക്കാത്. അവർ അമ്പും വിടും ബോധം മറഞ്ഞാൽ കുന്തത്തിൽക്കെട്ടി കൊണ്ടു പോരും.”
ശൊക്കന്ന സംശയമേ ഉണ്ടായിരുന്നില്ല.
“ആ കുട്ടികൾ എങ്ങനെ ഈ കൊടുംക്കാട്ടിൽ വന്നു പെട്ടു?”
അത് ശൊക്കനും അറിയില്ല.
ദിവസങ്ങൾക്കു മുമ്പ് നേർച്ച വലയിൽ കുടുങ്ങിയതാണ്. എങ്ങനെ വന്നു എന്നു ചോദിച്ചാൽ മലൈഭൈരവനു മാത്രമേ അറിയൂ. ഒരു പക്ഷെ മലൈഭൈരവന് മനുഷ്യച്ചോര തന്നെ വേണം എന്നു തോന്നിയിട്ടുണ്ടാവും. ഇല്ലെങ്കിൽ മനുഷ്യക്കുട്ടികൾ തന്നെ കുടുങ്ങണോ?
അവരുടെ നടപ്പും കിടപ്പും ഒക്കെ ഒപ്പം തന്നെയാണ്.
“പണ്ട് ഞാൻ ഒരുപാട് കുട്ടികളെ തട്ടിക്കൊണ്ടു പോയതാണ്. കാശിന്നു വേണ്ടി. കുറെ പേരെ കൊന്നിട്ടുമുണ്ട്. ഇവിടെ വന്ന കുട്ടികൾ. അവരെ കശാപ്പു ചെയ്യാൻ എനിക്ക് തീരെ മടിയില്ല.”
കിഴവന്റെ കണ്ണിൽ നിന്നും തീ പാറി.
“ഞാനവരെ കശാപ്പ് ചെയ്യു ഉറപ്പ്.”
“അതു നടപ്പില്ല പെരിയവരെ….അവർ കുരസി മൃഗം…”
ശൊക്കൻ പറഞ്ഞു.
കിഴവൻ കുറേ നേരത്തിന്ന് ഒന്നും പറഞ്ഞില്ല.
പിന്നെ ശൊക്കന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി.
“നിനക്ക് കുടിക്കണം എന്നുണ്ടോ?”
കിഴവൻ മദ്യക്കുപ്പി മടിയിൽ നിന്നെടുത്ത് ഒരിറക്കു കുടിച്ചു.
“കുടിക്കാൻ തരുമോ?”
ശൊക്കന്റെ കണ്ണ് ആർത്തികൊണ്ട് തിളങ്ങി.
“തരും… നിനക്ക് മോഹം തീരുന്നതുവരെ തരും…. പക്ഷേ, ആ കുട്ടികളെ ജീവനോടെ എന്റെ അരികിൽ എത്തിക്കണം…..”
കിഴവൻ ശൊക്കനെ പ്രീണിപ്പിക്കുന്ന രീതിയിൽ പറഞ്ഞു.
ശൊക്കന്റെ മുഖം കറുത്തു.
“നാളെ കറുത്തവാവ് അന്നേ ദിവസം നാലു പേരെയും കുരുസി കഴിക്കണം….”
ശൊക്കന്റെ സ്വരത്തിൽ നിസ്സഹായത
“ഇല്ലെങ്കിൽ ഞാൻ കൊല്ലും….”
കിഴവന്റെ കണ്ണ് കൂടുതൽ ചുമന്നു.
“എല്ലാവരേയും കൊല്ലുമോ?”
ശൊക്കന് ഭയം വരുന്നപോലെ.
“ആ മാളികയിൽ ആരു കേറിയാലും കൊല്ലും.”
ശൊക്കന്റെ മുഖം വിളർത്തു.
“അന്ത പ്രേതമാളികയിൽ ആരും വരില്ല പേടിയാകും….”
കിഴവൻ തൃപ്‌തിയായപോലെ ചിരിച്ചു.
“ഒരു തുള്ളി തരുമോ? പെരിയവരേ….”
ശൊക്കൻ സേവകൂടി നോക്കി.
“ഞാൻ പറഞ്ഞില്ലേ? അവരെ ജീവനോടെ എന്റെ അരികിൽ എത്തിക്കുന്നതുവരെ ഒരു തുള്ളി പോലും തരില്ല…”
കിഴവൻ കുപ്പി വായിലേക്ക് ചെരിച്ച് രണ്ടിറക്ക് കഴിച്ചു. എന്നിട്ട് ശൊക്കനേ നോക്കി ചിരിച്ചു. ആശ വളർത്താൻ പാകത്തിൽ
“പെരിയവരേ… കാട്ടു നിയമം…”
ശൊക്കൻ പറഞ്ഞ് നിർത്തുന്നതിന്നു മുമ്പുതന്നെ കിഴവൻ പുലിയേപ്പോലെ ഗർജ്ജിച്ചു ചാടി.
“നിയമം…. മണ്ണാങ്കട്ട… നാട്ടിലെ നിയമം കാരണമാണ് എനിക്ക് ഇവിടെ വന്ന് അലയേണ്ടി വന്നത്. ഇവിടെയും നിയ്യെന്നെ നിയമം പറഞ്ഞ് വിരട്ടുന്നുവോ?”
കിഴവൻ ശൊക്കന്റെ കയ്യിൽ കേറിപ്പിടിച്ചു.
“മാപ്പാക്കണം പെരിയവരേ….”
ശൊക്കൻ കരഞ്ഞപോലായി.
കിഴവൻ ദേഷ്യം അടക്കി.
“നീ വേഗം പോ…. കുട്ടികൾ മലകേറി അവിടെ എത്തുന്നതിന്നു മുമ്പ് അമ്പ് എയ്‌ത് മയക്കി എന്റെ അടുത്ത് എത്തിക്ക്. ആ നിമിഷം നിനക്ക് ഞാൻ വയറു നിറയെ കുടിക്കാൻ തരാം.”
“വയറു നിറയെ….”
ശൊക്കന് വിശ്വാസം വരാത്തതുപോലെ
“വയറു നിറയെ തരാം…. ഉറപ്പ്…”
കിഴവൻ ബാക്കിയുള്ള മദ്യം മുഴുവൻ ഒറ്റവലിക്ക് കുടിച്ചു തീർത്തു. പിന്നെ കുപ്പി പുഴയിലേക്ക് വലിച്ചെറിഞ്ഞു.
ശൊക്കൻ കുപ്പി ചെന്നു വീണ ഭാഗത്തേക്ക് ആർത്തിയോടെ നോക്കി നിന്നു.
കിഴവൻ വടിക്കുത്തിപ്പിടിച്ച് ഇഴഞ്ഞ് നീങ്ങി. നടക്കാൻ തീരെ വയ്യ എന്ന നാട്യത്തിൽത്തന്നെ.
ഒരു നിഴലുപോലെ ശൊക്കനും പിൻതുടർന്നു.
ഇപ്പോഴാണ് ശ്വാസം നേരെ വീണത്.
പക്ഷേ, ഈ ശ്വാസം എത്ര നേരത്തിന്നുണ്ട് എന്നറിയില്ല. വഴിയിൽ ഒരു പക്ഷേ, ശൊക്കൻ വിഷം തേച്ച അമ്പുമായി കാത്തുനിൽപ്പുണ്ടാവാം. അതിൽ നിന്നു രക്ഷപ്പെട്ട് അവിടെ എത്തിയാലും എന്തു കാര്യം? നാളെ കറുത്തവാവല്ലേ?
“നമുക്ക് നീങ്ങാം. വേഗം അവിടെ എത്തണം. മാരിയുടെ ജീവൻ അപകടത്തിലാണ്.”
സുനിൽ മുന്നിൽ നടന്നു.
“മലൈഭൈരവൻ നമ്മെ രക്ഷപ്പെടാൻ അനുവദിക്കില്ല…”
ബേബി വിലപിച്ചു.
“തെറ്റു ചെയ്യാത്തവരെ ആർക്കും ശിക്ഷിക്കാൻ കഴിയില്ല. എനിക്ക് ഉറപ്പുണ്ട് നമ്മൾ രക്ഷപ്പെടും….”
സുനിൽ ഉറപ്പിച്ചു പറഞ്ഞു.
എല്ലാവർക്കും അതു സമ്മതമായ പോലെ തലയാട്ടി.
“സൂക്ഷിക്കണം ഇപ്പോൾ ശൊക്കനും നമ്മുടെ ശത്രുവാണ്.”
നടക്കുമ്പോൾ സുനിൽ ഓർമ്മിപ്പിച്ചു.
സ്‌ഥിരം പോകുന്ന വഴിയിൽ നിന്നു മാറി നടന്നു. ശൊക്കൻ കാവലിരിക്കുന്നുണ്ടാവും. ഇല്ലെങ്കിൽ കണ്ടാൽ അറിയിക്കാൻ കാവൽക്കാരോട് പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. അവർക്കാണെങ്കിൽ ഡ്രം കൊട്ടി നിമിഷനേരം കൊണ്ട് വിവരം കാടു മുഴുവൻ എത്തിക്കാനുള്ള സംവിധാനമുണ്ട്.
കുന്നു കയറി മുകളിൽ എത്തി.
യാത്രയാക്കിയ സ്‌ഥലത്തു തന്നെ മാരി കാവലാണ്.
കണ്ടയുടനെ അവൾ മുട്ടുകുത്തിനിന്ന് എന്തോ പ്രാർത്ഥിക്കാൻ തുടങ്ങി.
അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“പേടിച്ചോ ഞങ്ങൾ നേരം വൈകിയപ്പോൾ”
“എന്നെ കൊല്ലാൻ കൊടുത്ത് നിങ്ങൾ എവിടെയും പോകില്ലേ… അത് എനിക്ക് ഉറപ്പ്. നിങ്ങൾ പോയത് പ്രേതമാളികയിലേക്ക്… അതാണ് എന്റെ പേടി….”
മാരി ശരിക്കും തേങ്ങി.
അവിടെ പ്രേതവും ഭൂതവും ഒന്നും ഇല്ലെന്ന് പറഞ്ഞാൽ അവൾ വിശ്വസിക്കില്ല… അതുകൊണ്ട് ഒന്നും പറഞ്ഞില്ല.
അഴിവാതിൽ തുറന്ന് അകത്തേക്ക് കടക്കുമ്പോൾ കാവൽക്കാരുടെ കണ്ണുകളിൽ ആശ്വാസം.
പാവങ്ങൾ അവരെ ആരെങ്കിലും കനത്തിൽ ചീത്ത പറഞ്ഞു കാണും.
മലൈഭൈരവന്റെ മണ്ഡപത്തിന്നരികിൽ കാട്ടു കൂട്ടം. അവരുടെ മുഖത്ത് അക്ഷമ.
“മഹാ പൂശ വേണ്ടവാ നേരം എത്രയാച്ച് എന്ന് തെരിയുമാ?”
പൂശാലിയുടെ കണ്ണിൽ ക്രൗര്യം.
പൂശാലി മലൈഭൈരവന്റെ മുന്നിൽ ചെന്ന് കണ്ണടച്ച് അൽപ്പനേരം നിന്നു.
ആദ്യം വിറക്കാൻ തുടങ്ങി. പിന്നെ ശരിക്കും കലി തുള്ളി.
ഓടി മുറ്റത്തേക്കിറങ്ങി വലിയ ഒരു വൃത്തം വരഞ്ഞു. വിഷമവൃത്തം.
പിന്നെ ഓരോരുത്തരെയായി അതിലേക്ക് വലിച്ചിട്ടു.
ആദ്യം റഹീമിനെ. ഒടുവിൽ രമ്യയെ.
പെട്ടെന്ന് ചുറ്റും നിന്നും അലർച്ച ഉയർന്നു.
കടുവയേപ്പോലെ ചീറിയടുത്ത് കളത്തിന്നു പുറത്ത് അവർ ഉറഞ്ഞു തുളളി.
“പേടികൊണ്ട് ഞാനിപ്പോൾ മരിക്കും….”
റഹീമിന്റെ കരച്ചിൽ ആ ശബ്‌ദത്തിലും ഉയർന്നുകേട്ടു.
Generated from archived content: vanamkadinte14.html Author: aryan_kannanur