ആരും തമ്മിൽ മിണ്ടുന്നില്ല. മരിച്ച വീടുപോലെ മരബംഗ്ലാവ് നിശ്ശബ്‌ദമാണ്.
ഭീകരന്മാർ അടുത്ത ആഴ്‌ചയും വരും. അതിനു മുമ്പ് മൊബൈൽ എടുത്തുകൊണ്ടുവരണം. അവർ അതു കണ്ടെത്തിയാൽ വാവുവരെ ജീവിച്ചിരിക്കേണ്ടി വരില്ല.
ഏതു വിഷം തേച്ച അമ്പിനും അവരെ തോൽപ്പിക്കാൻ കഴിയില്ല. അവരുടെ കയ്യിൽ തീ തുപ്പുന്ന യന്ത്രമുണ്ട്.
ഒറ്റക്കാലൻ മൊബൈൽ കണ്ടെത്തുമോ? കണ്ടെത്തിയാലും ഭീകരന്മാരുടേതാണെന്നേ വിചാരിക്കൂ.
പക്ഷേ, മൊബൈൽ എങ്ങനെ തിരിച്ചു കിട്ടും?
കിഴവൻ രാത്രി ശവപ്പെട്ടിയിലാണല്ലോ കിടപ്പ്. അതുകൊണ്ട് കോണിപ്പടിയിലൂടെ താഴത്തെ മുറിയിൽ എത്താൻ പറ്റില്ല.
പിന്നെ ഒരു വഴിയേ ഉള്ളൂ.
പകൽ പുറത്തു കാവൽ നിൽക്കുക. കിഴവൻ എപ്പോഴെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ അകത്തു കയറി മൊബൈൽ എടുത്തു പോരുക.
ഒന്നു രണ്ടു ദിവസം അതിനുവേണ്ടി കാവൽ ഇരുന്നു നോക്കിയതാണ്. കഷ്‌ടകാലത്തിന്റെ ഊക്ക്. കിഴവൻ പുറത്തിറങ്ങിയേയില്ല.
മൊബൈൽ എങ്ങനെയെങ്കിലും കയ്യിൽ കിട്ടിയാൽ രക്ഷപ്പെട്ടു. ഒന്നു വിളിച്ചു പറയുകയേ വേണ്ടൂ. പോലീസ് വന്ന് കാട് വളഞ്ഞുകൊള്ളും.
താഴെ എന്തോ ശബ്‌ദം കേൾക്കുന്നതുപോലെ.
സുനിൽ ചാടി എഴുന്നേറ്റു.
മൂപ്പന്റെ കുടിലിനു മുന്നിൽ ജനം കൂടി നിൽക്കുന്നു.
എന്താണാവോ വിശേഷം?
അന്വേഷിക്കാൻ എണീക്കാൻ തുടങ്ങിയതേയുള്ളൂഃ മാരി മുകളിലെത്തി.
അവളുടെ മുഖം വിളറി വെളുത്തിരുന്നു.
“എന്താ?…. എന്താ പ്രശ്‌നം?”
മാരിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. അവളുടെ കണ്ണ് നിറഞ്ഞൊഴുകി.
“കൊച്ചു തലൈവീ…. കാര്യം എന്താണെന്നു വെച്ചാൽ പറയൂ….”
രമ്യ മാരിയുടെ കരം ഗ്രഹിച്ചു.
“നാളേക്ക് കറുത്തവാവ്….”
മുഴുമിക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പ് തേങ്ങിപ്പോയി.
സ്‌തബ്‌ധതയുടെ നിമിഷങ്ങൾ
“പടച്ചോനേ… നാളെ നമ്മുടെ ബിസ്‌മ് എടുക്കും….”
റഹീമിന്റെ ശബ്‌ദമാണ് ആദ്യം പൊന്തിയത്.
ഇനി ഒരൊറ്റ മാർഗമേയുള്ളൂ. മൊബൈൽ കരസ്‌ഥമാക്കുക.
“ഞങ്ങളൊന്നു പുറത്തിറങ്ങി വരാം….”
സുനിൽ എഴുന്നേറ്റു.
“എവിടേയ്‌ക്ക്?”
മാരി ചോദിച്ചു.
“പുഴയിലേക്ക്. കുളിച്ചു വരാം….”
“നാളേക്കു താൻ കുരുസി. അതിൻ ആഘോഷം ഇന്നേയ്‌ക്കേ തുടങ്ങും. ഇന്നു മഹാപൂശ. മലൈഭൈരവന് നൂറ്റിയൊന്നു പൂക്കളേക്കൊണ്ട് പൂശ. പിന്നെ മലൈ പ്രദക്ഷിണം. കൊട്ടും കുരവയും പാട്ടും നൃത്തവും ഒക്കെയായി. ആഘോഷം ഇപ്പോഴേ തുടങ്ങും. പൂശയുടെ സമയം വന്നാൽ പൂശാലി പുറത്തു പോകാൻ സമ്മതം തരാത്.”
മാരി നിസ്സഹയതയോടെ പറഞ്ഞു.
ദൈവമേ…. ആകെ കുഴഞ്ഞല്ലോ. പുറത്തു പോകാൻ ഒത്തില്ലെങ്കിൽ എങ്ങനെ മൊബൈൽ തിരിച്ചെടുക്കും?
“ഞങ്ങളെ വിശ്വാസമില്ലേ? പുറത്തുപോയി നിമിഷങ്ങൾക്കകം തിരിച്ചെത്തും….”
“കാട്ടു നിയമം കർശനം….”
മാരി എന്തു പറയണമെന്നറിയാതെ വിഷമിച്ചു.
“ഞങ്ങൾക്ക് അത്യാവശ്യമായി ഒന്നു പുറത്തു പോണം. പുറത്തു പോയേ ഒക്കൂ. ഞങ്ങൾ ഒരിക്കലും ചതിക്കില്ല….”
സുനിലിന് കരച്ചിൽ വന്നു.
സുനിലിന്റെ കണ്ണുനീർ മാരിയെ തളർത്തി എന്നു തോന്നുന്നു.
‘ശരി…. വാ….’
മാരി മുന്നിൽ നടന്നു.
“വേഗം…. വേഗം…. കാട്ടുക്കൂട്ടത്തിന്റെ യോഗം കഴിഞ്ഞാൽ പുറത്തു വിടില്ല…. ഉറപ്പ്….”
മാരി ഓർമ്മിപ്പിച്ചു.
കോണിയിലൂടെ പിടഞ്ഞിറങ്ങി താഴത്ത് എത്തി.
പുറത്തേക്ക് കടക്കാനുള്ള അഴി വാതിൽക്കൽ എത്തിയപ്പോൾ കാവൽക്കാർ വഴി മുടക്കിത്തടുത്തു.
“കൊച്ചു തലൈവി…. കാട്ടു നിയമം…”
അവർ തല ചൊറിഞ്ഞു.
“നിയമം എനിക്കും തിരിയും. വാതിൽ തുറ…”
കാവൽക്കാർ മനമില്ലാമനസ്സോടെ കുന്തം പിൻവലിച്ച് വാതിൽ തുറന്നു.
വേഗം പുറത്തു കടന്നു.
“നിങ്ക പോയ് വരൂ… നാൻ ഇങ്കെത്താൻ കാത്തിരിപ്പേ….”
മാരി പറഞ്ഞു. പിന്നെ ഏതോ മരത്തിന്റെ ചുവട്ടിൽ ഇരുന്നു.
“പെട്ടെന്നുതന്നെ ഞങ്ങൾ എത്തും….”
കുന്നിൻ ചെരിവിലൂടെ താഴേക്ക് കുതിക്കുമ്പോൾ സുനിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു.
കണ്ണാടി ബംഗ്ലാവിന്റെ അരികിൽ എത്തി ശബ്‌ദമില്ലാതെ ജനലിലൂടെ നോക്കി.
കിഴവൻ കട്ടിലിൽ നീണ്ടുനിവർന്നു കിടക്കുന്നു. ഇടയ്‌ക്കിടെ കൂർക്കം ഉയർന്നു കേൾക്കുന്നുണ്ട്.
സമയം മുന്നോട്ടു നീങ്ങി.
കിഴവന്റെ കാര്യത്തിൽ ഒരു മാറ്റവും ഇല്ല.
കിഴവൻ ഉണർന്ന് പുറത്തു പോകുന്നതു കാക്കാൻ സമയമില്ല.
കിഴവൻ പുറത്തു പോകാതെ അണ്ടർഗ്രൗണ്ടിൽ പോകുന്നത് ആപത്താണ്. വാതിൽ പുറത്തു നിന്നടച്ച് സാക്ഷ ഇട്ടാലോ? അവിടെ കിടന്നു മരിക്കേണ്ടി വരില്ലേ? നുണ പറഞ്ഞ് വിശ്വസിപ്പിച്ച് ഒളിച്ചോടി എന്ന് മാരി കരുതില്ലേ? മാരിയെ പൂശാലി കുരുസി കൊടുക്കില്ലേ?
ഇനി എന്ത് ചെയ്യും?
“സുനിലിന് ഒരു വഴിയും തോന്നുന്നില്ലേ
രമ്യ പ്രത്യാശയോടെ ചോദിച്ചു.
”ഒരു വഴിയുണ്ട്. അൽപ്പം അപകടം ഉള്ളതാണ്. രമ്യവും ബേബിയും മനസ്സു വെച്ചാൽ അതു നടക്കും…“
”പറഞ്ഞോളൂ… ഞങ്ങൾ റഡി….
രമ്യ പ്രോത്സാഹിപ്പിച്ചു.
“ബേബിയും രമ്യയും കൂടി വാതിൽക്കൽ ചെന്ന് ബഹളം കൂട്ടണം. കിഴവൻ ഉണരും-നിങ്ങടെ പിന്നാലെ വരും. നിങ്ങൾ അയാളെ ദൂരത്തേക്ക് ദൂരത്തേക്ക് ആകർഷിച്ചു കൊണ്ടുപോണം. ആ സമയം കൊണ്ട് അകത്തു കയറി ഞങ്ങൾ മൊബൈൽ കരസ്‌ഥമാക്കാം…”
സുനിൽ വിശദീകരിച്ചു.
“അയാൾ ഞങ്ങളെ കൊല്ലുമോ?”
ബേബിക്ക് ഭയം.
“ഒറ്റക്കാലനല്ലേ? അയാൾ എങ്ങനെ ഓടിയാലും നമ്മുടെ ഒപ്പം എത്തുല്ല…..”
രമ്യ തയ്യാറായി എഴുന്നേറ്റു.
“പുഴവക്കത്ത് കാണാം.
ബേബിയും രമ്യയും നടന്ന് കണ്ണാടി ബംഗ്ലാവിന്റെ ഉമ്മറവാതിൽക്കൽ എത്തി.
”ആരാടാ…. അവിടെ കിടക്കണ ഒറ്റക്കാലൻ പിശാച്?“
ബേബി ഉറക്കെയാണ് വിളിച്ചു പറഞ്ഞത്. എന്നാലും ശബ്‌ദം ചിലമ്പിപ്പോയി.
വൃദ്ധൻ ഞെട്ടിയുണർന്നു. ഉറക്കച്ചടവോടെ ചാടി എണീറ്റു അടുത്തു വച്ചിരിക്കുന്ന ഊന്നു വടി എടുത്ത് ചാടിച്ചാടി ഉമ്മറവാതിലിന്നരികിൽ എത്തി.
”എന്തടാ തന്തക്കൊരണ്ടി തുറിച്ചു നോക്കണത്.?“
കുറച്ചു ദൂരം ഓടിയ ബേബിയും രമ്യയും തിരിഞ്ഞു നിന്ന് വീണ്ടും വിളിച്ചു കൂവി.
”ധൈര്യമുണ്ടെങ്കിൽ വാടാ….“
ഒറ്റക്കാലൻ മുറ്റത്തേക്ക് ചാടിയിറങ്ങി.
പിന്നെ ഊന്നുവടി വലിച്ചെറിഞ്ഞ് അവരുടെ പിറകെ ഓടാൻ തുടങ്ങി.
അത്ഭുതം. കിഴവന്റെ കാലുകൾക്ക് ഒരു കുഴപ്പവുമില്ല. അയാൾ ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെയാണ് ഓടുന്നത്.
ഈശ്വരന്മാരേ…… അയാൾ ഒറ്റക്കാലനാണെന്ന് അഭിനയിക്കുകയായിരുന്നു.
”അയ്യോ…. രക്ഷിക്കണേ…. രക്ഷിക്കണേ….“
രമ്യയുടെയും ബേബിയുടെയും കരച്ചിൽ അകന്നകന്നുപോയി.
കിഴവൻ ദൂരെ എത്തിയിരിക്കുന്നു.
വേഗം ഓടി അകത്തു കയറി. ശവപ്പെട്ടി നീക്കി വാതിൽ വലിച്ചുതുറന്ന് കോണിയിലൂടെ താഴത്ത് എത്തി.
മൊബൈൽ ചാർജ്ജ് ചെയ്യാൻ വച്ചിരുന്ന സ്‌ഥലത്ത് ഓടിച്ചെന്നു.
അയ്യോ… മൊബൈൽ എവിടെപ്പോയി?
സമയം ഇല്ല. പെട്ടെന്നു തന്നെ ചുറ്റും പരതി നോക്കി.
മൊബൈലിന്റെ അഡ്രസ്സില്ല.
”നമ്മുടെ അവസാനത്തെ ആശയും അറ്റു….“
സുനിൽ വിലപിച്ചു.
Generated from archived content: vanamkadinte13.html Author: aryan_kannanur