“ഞാനൊരു പൊട്ടത്തരം ചോദിക്കട്ടേ?”
നിറഞ്ഞ നിശബ്‌ദതയ്‌ക്കിടയിൽ റഹിം ചാടി എണീറ്റു
“നിയ്യതല്ലേ ചോദിക്കാറുള്ളൂ. ചോദിച്ചോ. ചോദിച്ചോ…..”
ബേബി പെട്ടെന്നു തന്നെ പ്രതികരിച്ചു.
“മൊബൈൽ വെയിലത്തു വച്ചാൽ ബാറ്ററി ചാർജ്ജ് ആവോ?”
ചോദ്യം ബുദ്ധിപൂർവ്വമാണ്! പക്ഷേ, ഉത്തരം ആർക്കും അറിയില്ല.
യൂസ് ആൻഡ് ത്രോ കാൽക്കുലേറ്ററിലെ ബാറ്ററി തീർന്നാൽ വെയിലത്തു വെച്ചാൽ ജീവൻ വെയ്‌ക്കാറുണ്ട്. കൂടുതൽ സമയം നില നിൽക്കില്ല എങ്കിലും.
“നമുക്ക് പരീക്ഷിച്ചു നോക്കാം….”
സുനിൽ പറഞ്ഞു.
പണ്ടൊരു പിച്ചക്കാരൻ ആനയെ തരുമോ എന്നു ചോദിച്ച പോലെ പോയാൽ ഒരു വാക്ക് കിട്ടിയാൽ ഒരാന.
ഈ പരീക്ഷണം നടത്താൻ പ്രത്യേകിച്ച് കാശിന്റെ ചെലവൊന്നും ഇല്ലല്ലോ.
“വാപ്പയല്ലേ ഇരിയ്‌ക്കണത് – ചവിട്ടുകയല്ലേ വേണ്ടൂ…..”
റഹിം ചാടി എണീറ്റു.
“പരീക്ഷണം ഇപ്പോൾത്തന്നെയാവാം….”
സുനിലും എഴുന്നേറ്റു.
അടുത്തൊന്നുംവെച്ച് പരീക്ഷണം നടത്താൻ പറ്റില്ല. പിശാശിനെ കയ്യിൽ പിടിച്ചു നടക്കുന്നതു കണ്ടാൽ മതി. എല്ലാവരും കൂടി പണി തീർക്കും.
പുഴക്കരയിലേക്ക് പോകുന്നതാണു ബുദ്ധി. ആകെ വെയിൽ കിട്ടുന്ന ഒരു സ്‌ഥലം അതു മാത്രമേയുള്ളൂ.
മേൽപ്പുര മേഞ്ഞ പുല്ലിന്നിടയിൽ നിന്നും മൊബൈൽ തപ്പിയെടുത്ത് സുനിൽ പാൻസിന്റെ പോക്കറ്റിൽ ഭദ്രമായി വെച്ചു.
പാതി മല ഇറങ്ങിയതാണ്.
മുന്നിൽ ഒരു സിംഹവും രണ്ടു കുഞ്ഞുങ്ങളും.
തള്ള വാൽ ഇളക്കും. കുഞ്ഞുങ്ങൾ അത് ചാടിപ്പിടിക്കാനുള്ള ശ്രമത്തിലാണ്.
ശബ്‌ദമില്ലാതെ മറ്റൊരു വഴിയിലൂടെ നടന്നു.
പുഴ വക്കിൽ എത്താൻ കൂടുതൽ സമയം പിടിച്ചു.
വെയിൽ ഉള്ള സ്‌ഥലം നോക്കി മൊബൈൽ പാറപ്പുറത്തു വെച്ചു.
“കർത്താവേ, ഇതെങ്കിലും വിജയിക്കണേ….”
ബേബി മുട്ടിപ്പായി പ്രാർത്ഥിച്ചു.
പുഴയിൽ നീർനായയെ ഒരു മുതല പിടികൂടിയിരിക്കുന്നു. അതിന്റെ ബഹളം ഉയർന്നു. മറ്റു മുതലകളും അവിടേക്ക് കുതിച്ചെത്തിയപ്പോൾ മിനി തൃശൂർപൂരം പോലെ.
“അതാ……… അവർ വീണ്ടും…”
ഇത്തവണ റഹീമാണ് ആദ്യം കണ്ടത്.
ദിവസങ്ങൾക്കു മുമ്പു കണ്ട അതെ സംഘം. ചങ്ങാടത്തിൽ ഇക്കരയിലേക്ക് വരികയാണ്.
കയ്യിൽ തോക്ക്. അരികിൽ ചാക്കുകെട്ട്.
മൊബൈൽ എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ച് പിടഞ്ഞെഴുന്നേറ്റ് ചെടികളുടെ പിന്നിലേക്ക് വലിഞ്ഞു.
ചങ്ങാടം നീങ്ങിനീങ്ങി വന്നു. കരയ്‌ക്കടുത്തെത്തിയപ്പോൾ ഒരാൾ ചാടിയിറങ്ങി. കയർ കൊണ്ട് ഒരു കുറ്റിച്ചെടിയിൽ ബന്ധിച്ചു.
എല്ലാവരും കരയ്‌ക്കിറങ്ങി. ഇത്തവണയും അവരുടെ തലയിൽ ചാക്കുകെട്ടുകൾ ഉണ്ടായിരുന്നു.
ഒരാൾ ചങ്ങാടം ചെടികൾക്കിടയിൽ ഒളിപ്പിച്ചു വച്ചു.
“അവിടെ ചെന്നാൽ ആ തന്തക്കൊരണ്ടി ഉണ്ടായാൽ മതിയായിരുന്നു……..
കൂട്ടത്തിൽ തലവൻ എന്നു തോന്നിക്കുന്ന ഒരാൾ പറഞ്ഞു.”
“ഉണ്ടാവാതിരിക്കില്ല. അയാൾക്ക് ഏറെദൂരെയെങ്ങും പോകാൻ കഴിയില്ലല്ലോ. നാട്ടിലെ പിടികിട്ടാപ്പുള്ളിയല്ലേ? വല്ലാതെ പുറത്തിറങ്ങി കളിക്കില്ല….”
സഹായി പറഞ്ഞു.
“അയാളുടെ വർത്തമാനം എനിക്ക് ഒട്ടും പിടിക്കുന്നില്ല. ഇന്നയാൾ വല്ല കൊച്ചുവർത്തമാനം പറഞ്ഞാൽ ഞാൻ തോക്കു കൊണ്ടായിരിക്കും മറുപടി പറയുക.”
തലവൻ കൊമ്പൻ മീശ പിരിച്ചു.
“കിഴവൻ നമുക്കൊരു സഹായമാണ്. നമ്മുടെ പദ്ധതി വിജയിക്കാൻ അയാളുടെ സഹായം നമുക്ക് അത്യാവശ്യമാണ്.”
സഹായി ഓർമ്മിപ്പിച്ചു.
“അതുകൊണ്ടാണല്ലോ ഞാൻ ക്ഷമിക്കുന്നത്.”
തലവൻ പല്ലു കടിച്ചു.
“നമ്മേ അയാൾ ഒറ്റിക്കൊടുക്കില്ല. കാരണം അയാൾക്ക് നാട്ടിലേക്ക് ഇറങ്ങാനേ പറ്റില്ല. നാട്ടിൽ അയാളുടെ തല കണ്ടാൽ പോലീസ് വെടി വെയ്‌ക്കും. അത്ര ഒന്നാം തരം രസികനാണ് പുള്ളിക്കാരൻ.”
സഹായി വിശദീകരിച്ചുകൊണ്ട് തലവനെ പിൻതുടർന്നു ബാക്കിയുള്ളവർ അതിന്നു പിറകിലും.
അവർ പോകുന്നതുവരെ കാത്ത് രമ്യ മന്ത്രിച്ചു. “സുനിൽ പറഞ്ഞതാണ് ശരി. ഇവർ കാട്ടു കള്ളന്മാർ തന്നെ…..”
വീണ്ടും നിശ്ശബ്‌ദതയുടെ നിമിഷങ്ങൾ.
“ഇവർ എവിടെയ്‌ക്കാണ് പോകുന്നത്?”
നമുക്ക് ഒന്നു പോയി നോക്കിയാലോ?
സുനിൽ ചോദിച്ചു.
“ശരി പോയി നോക്കാം.”
ആർക്കുമില്ല വിപരീതാഭിപ്രായം. ചെടികളുടെ മറ പറ്റി മെല്ലെ നടന്നു.
“സിനിമയിൽ കാണുന്നതുപോലെ ഈസിയല്ല. ഒരാളെ പിൻതുടരുക എന്നു പറഞ്ഞാൽ. എന്റെ ശരീരം മുഴുവൻ കീറി മുറിഞ്ഞു.”
റഹിം വിലപിച്ചു.
നടന്നു നടന്ന് ഒടുവിൽ എത്തിയത് കണ്ണാടി ബംഗ്ലാവിന്റെ മുന്നിലാണ്.
കാട്ടുകള്ളന്മാർ അതിന്റെ ഉമ്മറത്ത് നിമിഷങ്ങളോളം നിന്നു. ചുറ്റും നോക്കി. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി. പെട്ടെന്ന് അതിന്റെ അകത്തേക്ക് കയറി.
“ഇവർക്കെന്താ പ്രേതത്തിനെ പേടിയില്ലേ?”
റഹീമിന് അത്ഭുതം.
മെല്ലെ വള്ളിപ്പടർപ്പുകൾക്കിടയിലൂടെ നുഴഞ്ഞ്, ജനവാതിലിന്നരികിൽ എത്തി. ശബ്‌ദമില്ലാതെ പാളി നോക്കി.
അവർ കിഴവനുമായി നിന്ന് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
“അതാ ഡ്രാക്കുള….”
റഹീമിന്റെ ചുണ്ടു വിറച്ചു.
“അയാളൊരു മനുഷ്യനാണ്. നേരത്തേ പറയുന്നതു കേട്ടില്ലേ. തന്തക്കൊരണ്ടി എന്ന്, അത് ഇയാളാണ്.”
സുനിൽ വിശദീകരിച്ചു.
അവർ സംസാരിച്ചുകൊണ്ട് അടുത്ത മുറിയിലേക്ക് പോയി.
പിന്നെ അവരുടെ സംസാരം അകന്നകന്നുപോയി.?
മുറിയിലേക്ക് കടന്നവരുടെ ശബ്‌ദം ഇത്രക്ക് അകന്നകന്നുപോയി തീരെ കേൾക്കാതായതെങ്ങനെ? അല്ലെങ്കിൽ അവിടെ നിന്ന് അവർ എവിടേയ്‌ക്കാണ് പോയത്?
അവർ തിരിച്ചു വരാതിരിക്കില്ല.
ചെടികൾക്കിടയിൽ ഒളിഞ്ഞ് കാത്തിരുന്നു.
സമയം ഏറെ കഴിഞ്ഞു.
അകത്ത് മുറിയിൽ നിന്ന് അവരുടെ വർത്തമാനത്തിന്റെ ശബ്‌ദം കേട്ടു തുടങ്ങി. അത് അടുത്തേക്ക് നീങ്ങിവരുന്നതുപോലെ.
അവർ പുറത്തെത്തി.
“പെരിയവരേ….”
തലവൻ വിളിച്ചു.
ഓ…. ഇപ്പോൾ പെരിയവരാണ്. തന്തക്കൊരണ്ടിയല്ല. എന്തൊരു സ്‌നേഹം.
“കിഞ്ഞ വർഷം തലനാരിഴക്ക് നമ്മുടെ ദൗത്യം പൊളിഞ്ഞു. പോലീസ് മുഴുവൻ കണ്ടെത്തി – ഇക്കുറി അതു പറ്റില്ല.”
തലവൻ മീശ പിരിച്ചു കൊണ്ടിരുന്നു.
“നമ്മുടെ പരിപാടി വിജയിച്ചാൽ പെരിയവരെ ഞങ്ങൾ പച്ചനോട്ടു കൊണ്ടും മഞ്ഞനോട്ടുകൊണ്ടം മൂടും.”
സഹായി പ്രീണിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു.
“നാട്ടിലേക്ക് ഇറങ്ങാൻ പറ്റാത്ത എനിക്കെന്തിനാ പച്ച നോട്ട്? എനിക്ക് കുപ്പി മാത്രം മതി….”
കിഴവൻ മുരണ്ടു.
“അയ്യോ…. അതു പറഞ്ഞപ്പോഴാണ് ഓർത്തത്….. കുപ്പി എടുക്കാൻ മറന്നു…” സഹായി തല ചൊറിഞ്ഞു.
“എന്റെ കയ്യിലെ സ്‌റ്റോക്ക് തീർന്നിരിക്കുന്നു. കൊല്ലും നിന്നെ ഞാൻ….”
കിഴവന്റെ കണ്ണിലേക്ക് രക്തം ഇരച്ചു കയറി.
“പേടിക്കേണ്ട…..ചങ്ങാടത്തിൽ ഇരിപ്പുണ്ട്. ഇങ്ങോട്ട് എടുക്കാൻ മറന്നതാണ്….”
സഹായി കിഴവനെ സമാധാനിപ്പിച്ചു.
“എനിക്ക് നിങ്ങളെ വിശ്വാസമില്ല….വീണ്ടും മറന്നാലോ? ഞാൻ നിങ്ങടെ കൂടെ പുഴവക്ക് വരെ വരാം….”
“അത്ര ദൂരം നടക്കാൻ പറ്റ്വോ?”
“കുപ്പി കിട്ടാൻ ഏതു നരകം വരെയും നടക്കാൻ ഞാൻ തയ്യാറാണ്.”
കിഴവൻ മുന്നിൽ നടന്നു. ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ.
കിഴവന്റെ കയ്യിയെ ഊന്നുവടി നിലത്ത് ആഞ്ഞു പതിക്കുന്ന ശബ്‌ദം അകന്നകന്നുപോയി.
“എന്താണവർ ചാക്കിൽ കൊണ്ടു വന്നിരിക്കുന്നത്. നമുക്കൊന്നു നോക്കിയാലോ?”
സുനിൽ പറഞ്ഞു. പിന്നെ മുന്നിൽ നടന്നു.
രണ്ടാമത്തെ മുറിയിൽ എത്തി.
ചാക്കു കെട്ടുകൾ കാണാനില്ല
ചുമരിൽ ഒരു പൊത്തു പോലുമില്ല.
എവിടെയാകും കൊണ്ടുവച്ചിട്ടുണ്ടാകുക?
വെറുതെ ശവപ്പെട്ടിയൊന്നു പിടിച്ചു വലിച്ചു നോക്കിയതാണ്.
എന്ത് അത്ഭുതം!
ശവപ്പെട്ടി നീങ്ങിയപ്പോൾ അവിടെ ഒരു വാതിൽ. അതു തുറന്നു നോക്കുമ്പോൾ ഭൂമിക്കടിയിലേക്ക് ഇറങ്ങിപ്പോകാവുന്ന പടികൾ
ശബ്‌ദമില്ലാതെ താഴേക്കിറങ്ങി.
വിശാലമായ മുറി.
ഒരു മൂലയിൽ കാട്ടുകള്ളന്മാർ ഏറ്റിക്കൊണ്ടു വന്ന ചാക്കുകൾ കൂട്ടിയിട്ടിരിക്കുന്നു.
“കവർച്ച ചെയ്‌ത സ്വർണ്ണവും രത്‌നവും ഒക്കെയാവും…. അല്ലെങ്കിൽ ആനക്കൊമ്പ് ആവും….”
ചാക്കിന്റെ കെട്ടഴിച്ചു.
അതിൽ നിറയെ പതരത്തിലുള്ള പൗഡറുകൾ. സ്‌റ്റീൽ പൈപ്പിന്റെ കഷ്‌ണങ്ങൾ. പലതരത്തിലുള്ള വയറുകൾ പരസ്‌പരം ഘടിപ്പിച്ച ടൈംപിസുകൾ.
“ഇവർ കാട്ടുകള്ളന്മാർ അല്ല ഭീകരന്മാരാണ് എന്നു തോന്നുന്നു. ബോംബ് ഉണ്ടാക്കാനുള്ള വസ്‌തുക്കളാണിവ….”
സുനിലിന്റെ ഉള്ളിലെ ഷെർലക്‌ഹോംസ് ഉണർന്നു.
ഒരു മൂലയ്‌ക്ക് പരീക്ഷണ ശാലയിൽ കാണാറുള്ള വസ്‌തുക്കൾ – ടെസ്‌റ്റ് ട്യൂബുകൾ, സ്റ്റാൻുകൾ, സ്‌പിരിറ്റ്‌ലാമ്പ് പലതരം ഗ്ലാസ് ഉപകരണങ്ങൾ , കയറുകൾ.
ഇവിടെ എന്തൊക്കെയോ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.
“നോക്കൂ അതാ ഒരു മൊബൈൽ ചാർജർ…”
രമ്യ വിളിച്ചു പറഞ്ഞു.
“അതാണ് ഞാൻ പറഞ്ഞത്. എങ്ങനെയെങ്കിലും നമുക്ക് ഈ കാട്ടിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമെന്ന്….”
സുനിൽ സന്തോഷത്തോടെ ഓടിച്ചെന്നു.
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് ചാർജറിൽ കുത്തി വെച്ചു.
ഒരു ഭാഗത്ത് ചുമരിൽ ഇന്ത്യയുടെ ഭൂപടം. അതിൽ പലസ്‌ഥലങ്ങളും ചുകന്ന മഷികൊണ്ട് വട്ടം വരഞ്ഞാ വെച്ചിരിക്കുന്നു.
“ബോംബ് ഉണ്ടാക്കിയിട്ട് ഇന്ത്യയുടെ പല സ്‌ഥലവും തർക്കാനുള്ള പദ്ധതിയാണ് എന്നു തോന്നുന്നു.”
സുനിൽ പറഞ്ഞു.
ചുമരിലെ കൂടുകളിൽ പലതരത്തിലുള്ള ഉപകരണങ്ങൾ. എന്തിനൊക്കെയുള്ളതാണാവോ!
പെട്ടെന്ന് മുകളിൽ നിന്നും ആരോ കിതയ്‌ക്കുന്നതുപോലെ.
“അയ്യോ…. ഹറിയപ്പ്… കിഴവൻ എത്തി.”
ഒന്നും ആലോചിച്ചില്ല. കോണിയിലൂടെ ചാടിക്കേറി മുകളിലത്തെ മുറിയിൽ എത്തി.
കിഴവൻ ഏകദേശം വാതിൽക്കൽ എത്തിയിരിക്കുന്നു.
ഈശവരാ… ഇനിയിപ്പോൾ എന്താണു ചെയ്യുക.?
ഭാഗ്യം ജനാലകൾക്ക് അഴികളില്ല.
അതിലൂടെ ചാടിപ്പുറത്തിറങ്ങി.
ചെടികൾക്കിടയിലേക്ക് ഊളിയിട്ടു.
കുറേ ദൂരം ഓടിയിട്ടുണ്ടാവണം.
കിതപ്പ് സഹിക്കാതായപ്പോൾ ഒരിടത്ത് ഇരുന്നു.
“നമ്മൾ രക്ഷപ്പെട്ടു എന്നു പറഞ്ഞാൽ എനിക്ക് വിശ്വാസമാകുന്നില്ല.
ഏറ്റവും കൂടുതൽ ഉച്ചത്തിൽ റഹീമിന്റെ കിതപ്പ് ഉയർന്നു.
”രക്ഷപ്പെട്ടു എന്നു മുഴുവൻ പറയാറായിട്ടില്ല. നമ്മൾ ശവപ്പെട്ടി വാതിൽ അടയ്‌ക്കാൻ മറന്നില്ലേ?“
രമ്യക്കാണ് ഓർമ്മ വന്നത്.
ഇടിത്തീ വീണപോലെ.
”ചാക്കു കെട്ടുമായി വന്നവർ അടയ്‌ക്കാൻ എന്നതാണെന്ന് കരുതിക്കൊള്ളും.“
ബേബി സമാധാനിപ്പിച്ചു.
”നമ്മൾ മൊബൈൽ എടുക്കാൻ മറന്നില്ലേ? അതു കണ്ടാലോ?
ആദ്യത്തെതിനേക്കാൾ വലിയ ഇടിത്തീ ആയിരുന്നു അത്…….
Generated from archived content: vanamkadinte12.html Author: aryan_kannanur