സുനിൽ മരബംഗ്ലാവിൽ നിന്നും വെറുതെ താഴേക്ക് നോക്കിയതാണ്.
മൂപ്പന്റെ കുടിയുടെ മുന്നിൽ ഒരാൾക്കൂട്ടം.
എന്താണാവോ കാര്യം? എന്തെങ്കിലും വിശേഷിച്ചില്ലാതെ എല്ലാവരും ഇങ്ങനെ കൂടി നിൽക്കില്ല
എന്താണെന്ന് അന്വേഷിക്കാം.
എല്ലാവർക്കും ഉത്സാഹമായി. കുറച്ചു നേരമായി വെറുതെ ഇരിക്കുകയാണ്. വെറുതെ ഇരുന്നാൽ വീട്ടിലെ കാര്യം ഓർമ്മവരും. അതോടെ മൂഡ് പോകും!
കോണിയിലൂടെ തൂങ്ങിയിറങ്ങി താഴെത്തെത്തി.
“ഇപ്പോൾ പരിചയമായപ്പോൾ കയറിലൂടെ പെട്ടെന്ന് ഇറങ്ങാൻ പറ്റുന്നുണ്ട്.”
റഹിം അഭിമാനത്തോടെ പറഞ്ഞു. നിനക്ക് ഇതിനേക്കാൾ കൂടുതൽ പരിചയം ആവാതിരുന്നാൽ മതിയായിരുന്നു. ഒന്നിച്ച് താഴത്ത് എത്തിയാലോ….“
രമ്യ കളിയാക്കി…
മൂപ്പന്റെ കുടിയുടെ അരികിൽ മാരിയും ഉണ്ടായിരുന്നു.
”കൊച്ചുതലൈവീ….. എന്താ ഒരു ആൾക്കൂട്ടം….“
”വാ… കൂടെവാ…“
മാരി അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ശൊക്കാൻ കാലത്തു നേരത്തെ തേനും തേടി കാടിലൂടെ അലയുകയായിരുന്നു.
ബാ…ബാ…
എന്തോ ഒരു ശബ്‌ദം.
വെറുതെ തോന്നിയതാവും മുന്നോട്ടു നടക്കുമ്പോൾ വീണ്ടും ബാ…..ബാ…..
ഇങ്ങനെ ഒരു മൃഗത്തിന്റെ ശബ്‌ദം ഇതുവരെ കേട്ടിട്ടേയില്ല.
എവിടെ നിന്നാണ് ആ ശബ്‌ദമുയരുന്നത്.
അനങ്ങാതെ, ശ്വാസം പോലും വിടാതെ കാതോർത്തു നിന്നു ബാ…..ബാ…..
വീണ്ടും അതേ ശബ്‌ദം.
ചുറ്റും സൂക്ഷിച്ചുനോക്കി
മുന്നിൽ കുറ്റിച്ചെടികൾക്കിടയിൽ എന്തോ കിടക്കുന്നു. ഒരു കയ്യിൽ ഒളിപ്പിച്ചു വയ്‌ക്കാവുന്ന വലുപ്പമുള്ള എന്തോ ഒന്ന്.
അത് ചീവീടിനെപ്പോലെ ശബ്‌ദിക്കുന്നു. മിന്നാമിന്നിയെപ്പോലെ പ്രകാശിക്കുന്നു.
എന്തുതരം ജീവിയാണിത്.
കുന്തം കൊണ്ട് കുത്തിനോക്കി.
ഭയം കാരണം കൈ വിറച്ചതുകൊണ്ടോ എന്തോ അതിന്മേൽ കൊണ്ടതേയില്ല.
വലുപ്പം കുറച്ചേ ഉള്ളൂ എങ്കിലും ജീവി ഭീകരൻ തന്നെ
ഇതിന്റെ ഉപദ്രവം ഒരു നടയ്‌ക്ക് പോകും എന്നു തോന്നുന്നില്ല.
ശൊക്കാൻ സഹായത്തിന് മറ്റുള്ളവരെ വിളിച്ചു.
അവർ ഓടിയെത്തി. കുന്തവും ഉയർത്തി ചുറ്റും നിരന്നു നിന്നു എത്ര ഭീകരജീവിയായാലും രക്ഷപ്പെടരുതല്ലോ.
”ഏതു മൃഗമാകും ഇത്?“
അവർ പരസ്‌പരം ചോദിച്ചു.
ഇങ്ങനെ ഒരു മൃഗത്തിനെ അവർ ഇന്നുവരെ കാട്ടിൽ കണ്ടിട്ടേയില്ല.
ഏതു മൃഗമായാലും ഉപദ്രവകാരിയല്ല. എന്നാൽ പേടിത്തൊണ്ടനും അല്ല. ഇത്രയൊക്കെ ബഹളം കേട്ടിട്ട് അതൊന്ന് അനങ്ങിയതുപോലുമില്ലല്ലോ.!
വണ്ടിനും പാറ്റയ്‌ക്കുമൊക്കെ മലർന്നു വീണാൽ പിന്നെ നീങ്ങാൻ കഴിയില്ല. ഈ ജീവിയും അതുപോലെ അനങ്ങാൻ വയ്യാതെ കിടപ്പാണോ?
ആരോ കുന്തം കൊണ്ടു തോണ്ടി കമഴ്‌ത്തിയിട്ടു.
എന്നിട്ടും അത് അനക്കില്ല.
”ഇനി എന്തു ചെയ്യണം?“
ശൊക്കൻ ചോദിച്ചു.
”കുന്തം കൊണ്ടു കുത്തി കൊന്നു വിടണം….“
ഒരാൾ പറഞ്ഞു
”അതു വേണ്ട ഇത് പുതിയ മൃഗമാക്കും. മൂപ്പന് കൊണ്ടു കൊടുക്കാം.“
വേറൊരാൾക്ക് വേറൊന്നായിരുന്നു അഭിപ്രായം.
രണ്ടുപേരുടെ പക്ഷത്തും ആൾക്കാർ കൂടി.
ഒച്ച ഉയർത്തിയുള്ള വാദമായി. ഉന്തായി തള്ളായി.
”ഞാൻ ആദ്യം കണ്ടത്… വേണ്ടത് ഞാൻ പറയാം.“
ശൊക്കൻ മദ്ധ്യസ്‌ഥനായി.
”ഇലയിട്ട് അകംപുറം നോക്കാം….“
”അതു ന്യായം…..“
എല്ലാവരും സമ്മതിച്ചു.
”ഇല കമഴ്‌ന്നു വീണാൽ മൂപ്പന്. ഇല മലർന്നു വീണാൽ കുന്തത്തിൽ കുത്തിക്കോർത്ത് കൊന്നേയ്‌ക്കാം….“
ശൊക്കൻ ഇല പറിച്ചെടുത്തു.
”തോണി മുങ്ങിയാൽ പുറം വാ….“
മൂപ്പൻ പക്ഷം ഉറക്കെ പ്രാർത്ഥിച്ചു.
”മത്സ്യം ചത്തു പൊങ്ങിയാൽ അകം വാ….“
എതിർ പക്ഷവും വിട്ടു കൊടുത്തില്ല.
ശൊക്കൻ മന്ത്രിച്ചൂതിയ ഇല മുകളിലേക്കിട്ടു.
”അകം വാ….“
”പുറം വാ….“
”അകം വാ….“
ഇലകാറ്റിൽ വട്ടം തിരിഞ്ഞുതിരിഞ്ഞു നിലത്തു വീണു. മൂപ്പൻ പക്ഷത്തിന് അനുകൂലമായി കമഴ്‌ന്നു തന്നെ.
അവർ ആഹ്ലാദാരവം മുഴക്കി തുള്ളിച്ചാടി.
പിന്നെ കുന്തത്തിന്മേൽ വരിഞ്ഞുകെട്ടി മൂപ്പന്റെ അരികിലേക്ക് സംഘമായി നീങ്ങി.
ആഹൂയ്….. ഊഹൂയ്…….
മൂപ്പൻ പുതിയ ജീവിയെ തിരിച്ചും മറിച്ചും ഇട്ട് പരിശോധനനടത്തി.
എന്താണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.
ആ അത്ഭുത ജീവിയെ കാണാനാണ് എല്ലാവരും തടിച്ചു കൂടിയിരിക്കുന്നത്.
പൂശാലിയെ വിളിക്കാൻ ആള് പോയിട്ടുണ്ട്.
പൂശാലി വന്ന് ഉറഞ്ഞ് തുള്ളിപ്പറയും അത് എന്താണെന്ന്,
”അതു ഞങ്ങടെ….“
ബേബി പറയാൻ തുടങ്ങിയപ്പോഴേക്കും സുനിൽ വാ പൊത്തി.
”എന്താ പറഞ്ഞത്?“
മാരി ചോദിച്ചു.
”അല്ല… ഇത്…. ഞങ്ങടെ… അവിടെയും കണ്ടിട്ടില്ലാത്ത ജീ
വിയാണ് എന്ന് പറയുകയായിരുന്നു.“
സുനിൽ പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.
അപ്പോഴേക്കും പൂശാലി നടന്നുവരുന്നതിന്റെ ബഹളത്തിൽപെട്ടതുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി.
”പൂശാലിക്ക് അറിയാത്തത് ഒന്നുമില്ല….“
മാരി പറഞ്ഞു.
”അയാളാര്? സഞ്ചരിക്കുന്ന എൻസൈക്ലോപീഡികയോ?“
റഹിം പിറുപിറുത്തു.
”അതല്ല. അയാളുടെ പുറത്തെ ഒട്ടകത്തിന്റെ പൂഞ്ഞ കണ്ടില്ലേ? അതിൽ നിറയെ വിജ്ഞാനമായിരിക്കും.“
ബേബി തിരുത്തി.
പൂശാരി അതിന്നടുത്തു വന്ന് ഏറെ നേരം സൂക്ഷിച്ചു നോക്കി നിന്നു. ഒരു ചുക്കും മനസ്സിലായില്ലെന്ന് ആ മുഖം കണ്ടാൽ അറിയാം.
പൂശാലി കണ്ണടച്ച് പ്രാർത്ഥിച്ചു. പിന്നെ സാവധാനം കലിതുള്ളാൻ തുടങ്ങി.
”ഹീയേ…..ഇതു താൻ പിശാശ്….“
ചുറ്റും കൂടി നിന്നവർ ഭയത്തോടെ പിറകിലേക്ക് മാറി.
”ഇത് മലൈ മുടിക്കാൻ വന്ത പിശാശ്….. പീപീ…. എന്ന് കരയുന്ന ചെത്തം കേട്ടിലേ? തീക്കണ്ണ് തുറക്കുന്നത് കണ്ടീലവാ?“
പൂശാലി കലിതുള്ളി.
”ഇന്ത പിശാശിനെ ഇന്നേക്ക് മൂന്നാം നാൾ മന്ത്രവാസം ചെയ്‌ത്, മുളംകുംഭത്തിൽ അടക്കം ചെയ്‌ത്, ആറ്റിൽ ഒഴുക്കവേണം….“
പൂശാലി കൽപ്പിച്ചു.
അതുവരെ ഇന്ത പിശാശിനെ മൃഗക്കൂട്ടിൽ ഇട്ട് പൂട്ട വേണ്ടും…..
പൂശാലി തുടർന്നു.
”ഈ പിശാശിനെ മൃഗക്കൂട്ടിൽ അടയക്കട്ടും….“
മൂപ്പൻ ആജ്ഞാപിച്ചു.
പിശാശല്ലേ? അതിനെ തൊടാൻ ആർക്ക് ധൈര്യം? ഒഴിഞ്ഞുമാറി നിൽക്കുന്നതാണ് ഭംഗി!
മൂപ്പന്റെ ആജ്ഞ കേൾക്കുകയല്ല. എല്ലാവരും മറ്റുള്ളവരുടെ പിറകിൽ ഒളിക്കാൻ തുടങ്ങി.
”ശൊക്കൻ എവാടേ?“
മൂപ്പൻ നീട്ടി വിളിച്ചു.
ശൊക്കൻ ഞെട്ടി. എങ്ങനെ പിശാശിനെ കൈകൊണ്ടു തൊടും?
”ശൊക്കാ….“
വീണ്ടും മൂപ്പൻ വിളിച്ചു.
കാട്ടിലേക്ക് പുറപ്പെട്ടപ്പോൾ ആരെയാണാവോ ശകുനം കണ്ടത്?
ഏതു കഷ്‌ടകാലം പിടിച്ച സമയത്തോണാവോ ഈ കുട്ടി പിശാശിനെ ഏറ്റിക്കൊണ്ടുവരാൻ തോന്നിയത്?
ഇനി പറഞ്ഞിട്ടു കാര്യമില്ലല്ലോ. പറ്റാനുള്ളതൊക്കെ പറ്റിയില്ലേ!
ശൊക്കൻ പിശാചിനെ കെട്ടിയ കുന്തവും എടുത്ത് മൃഗക്കൂട്ടിലേക്ക് നടന്നു.
പിശാചിനു ദേഷ്യം വന്നാൽ കൊല്ലും എന്നേയുള്ളൂ. മൂപ്പനു ദേഷ്യം വന്നാൽ ജീവിതം മരിച്ചതിലും ഭയാനകമായിരിക്കും.
ശൊക്കൻ പിശാശിനെ മൃഗക്കൂട്ടിൽ തള്ളി വാതിൽ പുറത്തു നിന്നും ഭദ്രമായി അടച്ചു.
തിരിച്ച് പൂശാലിയുടെ അരികിൽ എത്തി.
”നീ ആറ്റിൽപ്പോയി നൂറ്റിയൊന്നു തവണ മുങ്കി വാ….“
പൂശാലി കൽപ്പിച്ചു.
ചൊക്കൻ ഏറെ ഭയത്തോടെ, എന്നാൽ കരച്ചിൽ അടക്കി ഓടിപ്പോയി.
”നമ്മുടെ മൊബൈൽ സെറ്റിന്ന് വല്ല കേടും പറ്റിയോ എന്നു നോക്കാമായിരുന്നു.“
രമ്യ മന്ത്രിച്ചു.
”വേണ്ട…. അതിന്നരികിലേക്ക് ചെന്നാൽ മതി. നമ്മളും പിശാചുക്കളാണ് എന്നു പറഞ്ഞ് ആറ്റിൽ എറിയും….“
സുനിൽ മറുപടി പറഞ്ഞു.
”നമുക്ക് രാത്രി വന്ന് നോക്കാം….“
മുറിയിലേക്ക് നടക്കുമ്പോൾ മനസ്സ് തുള്ളിച്ചാടിക്കൊണ്ടിരുന്നു..
”നമ്മുടെ വീട്ടുകാർ വന്നാൽ അവരെയും ഈ കാടന്മാർ കുരുസി കൊടുക്ക്വോ?“
ബേബിക്ക് സംശയം.
”അതിനേക്കുറിച്ചു പേടിക്കേണ്ട. എന്റെ അച്ഛൻ പോലീസാ……
ഈ കാടന്മാർക്ക് തോക്കിനെ പേടിയാണ്.“
സുനിൽ ഉറപ്പുകൊടുത്തു.
ഭാഗ്യമുണ്ട് കറുത്തവാവിന്നു മുമ്പുതന്നെ മൊബൈൽ കിട്ടിയല്ലോ.
സമയം ഒച്ചിനേപ്പോലെ ഇഴഞ്ഞു നീങ്ങി. പണ്ടു പഠിച്ച പ്രയോഗമാണ്. അതിന്റെ യഥാർത്ഥ അർത്ഥം ഇപ്പോഴാണ് മനസ്സിലാവുന്നത്.
പരീക്ഷയ്‌ക്ക് ഉരുവിട്ട് പഠിച്ചിട്ടുണ്ട്. ഏറ്റവും നീളം കൂടിയ പകൽ എന്നാണെന്ന്. ഇത് അതിലും നീളം കൂടിയ പകൽ ആണെന്നു തോന്നുന്നു.
ഒടുവിൽ അരിച്ചരിച്ച് ഇരുട്ടുവന്നെത്തി. ഏറെ മടിച്ചു കൊണ്ടാണെങ്കിലും.
മണിക്കൂറുകൾ വീണ്ടും കടന്നുപോയി.
കുടിലുകളിൽ നിന്നുള്ള ശബ്‌ദം നിലച്ചു.
എല്ലാ പന്തങ്ങളും പടുതിരി കത്തിക്കെട്ടു.
മലൈഭൈരവന്റെ മണ്ഡപത്തിലെ വെളിച്ചം മാത്രം മുനിഞ്ഞു കത്തി.
ഇനി നമുക്ക് പോയി നോക്കാം….”
സുനിൽ എഴുന്നേറ്റു.
“രമ്യ ഇവിടെ ഇരുന്നോട്ടെ. രാത്രി ഇരുട്ടിൽ പുറത്തിറങ്ങി നടക്കാൻ പേടിയാവില്ലേ. കാവലിന്ന് ഞാൻ ഇരിക്കുകയും ചെയ്യാം….”
റഹിം പറഞ്ഞു.
“പോടാ ചെക്കാ….. നിനക്ക് പേടിയുണെങ്കിൽ ഇവിടെ ഇരുന്നോ….. ഞാൻ ഇവരുടെ കൂടെ പോകാണ്.”
രമ്യക്ക് ദേഷ്യം വന്നു.
“ഇവിടെ ഒറ്റയ്‌ക്ക് ഇരിയ്‌ക്കാന്ന് വിചാരിക്കാനും കൂടി എനിക്ക് പേടിയാണ്. അതുൊകാണ്ട് ഞാനും ഒപ്പം വരാം…..”
“പേടിത്തൊണ്ടൻ….”
രമ്യ ദേഷ്യപ്പെട്ടു.
“ഞാൻ പേടിത്തൊണ്ടൻ തന്നെയാ….”
റഹിം സമ്മതിച്ചു.
കയർക്കോണി താഴേക്ക് തൂക്കി അതിലൂടെ സാവധാനം താഴേക്ക് ഇറങ്ങി.
നക്ഷത്രങ്ങളുടെ വെളിച്ചം പോലുമില്ല.
രണ്ടടി പോലും നടന്നില്ല…..
“മ്യാാാാാാവൂ”
കാലിന്നടിയിലൂടെ ഒരു കാടൻ പൂച്ച കരഞ്ഞുകൊണ്ട് പാഞ്ഞ് പോയി.
“ഞാനതിന്റെ വാലിൽ ചവിട്ടി എന്നു തോന്നുന്നു…. എനിക്ക് ഒന്നും കാണാനില്ല….”
റഹിം പതിഞ്ഞ ശബ്‌ദത്തിൽ ആവലാതിപ്പെട്ടു.
“സാരമില്ല. ആർക്കും ഒന്നും കാണാനില്ല. രാത്രിയിൽ പൂച്ചക്ക് നമ്മളേക്കാൾ കാണും. അപ്പോൾ അതിന്റെ ഭാരമാണ് ഒഴിഞ്ഞു പോകേണ്ടത്……”
സുനിൽ സമാധാനിപ്പിച്ചു.
കൂടിന്നരികിൽ എത്തിയപ്പോൾ ഒന്നുകൂടി ചുറ്റും നോക്കി എവിടെ നിന്നെങ്കിലും വിഷം പുരട്ടിയ അമ്പ് വരുന്നുണ്ടോ?
പിശാശിനെയല്ലേ കൂട്ടിൽ ഇട്ടിരിക്കുന്നത്. രാത്രിയിൽ ഇങ്ങോട്ടു നോക്കാൻ ആർക്കാണ് ധൈര്യമുണ്ടാവുക.
സാക്ഷ നീക്കി വാതിൽ തുറന്ന് കുന്തത്തിലെ കെട്ടഴിച്ചു മൊബൈൽ കയ്യിൽ എടുത്തു.
പെട്ടെന്നു തന്നെ ഡയൽ ചെയ്‌തു.
കഷ്‌ടകാലം! തീരെ റെയ്‌ഞ്ച് കിട്ടുന്നില്ല.
“അല്ലെങ്കിലും ഈ കാട്ടിന്നുള്ളിൽ ടവർ ഉണ്ടാവില്ലല്ലോ! ഇനി എന്താ ചെയ്യാ?”
ബേബി മുക്കത്ത് വിരൽ വെച്ചു.
“നമുക്കു നമ്മുടെ മുറിയിലേക്ക് പോകാം. മരത്തിന്റെ മുകളിലല്ലേ? ചിലപ്പോൾ റേയ്‌ഞ്ച് ഉണ്ടാവും.”
സുനിൽ ആശ കൈ വെടിഞ്ഞില്ല.
വേഗം തിരിച്ചു നടന്നു.
മുകളിൽ എത്തി നോക്കി.
ഭാഗ്യം റെയ്‌ഞ്ച് ഉണ്ട്.
വേഗം ഡയൽ ചെയ്‌തു.
പാതിരാവല്ലേ ഏറെ താമസിച്ചാണ് അപ്പുറം റിസീവർ പൊക്കിയത്.
“പപ്പാ…. ഇത് ഞാനാണ് സുനിൽ…. കേൾക്കാൻ ഇല്ലേ? പപ്പാ ഞാനാണ് സുനിൽ…. പപ്പാ…..പപ്പാ…..”
സൂനിലിന്റെ തൊണ്ട ഇടറി.
ഒന്നും കേൾക്കാനില്ല പവർ വീക്കാണ്.
“നമ്മുടെ അവസാനത്തെ ആശയും അറ്റു…..”
ഇക്കുറി സുനിൽ ശരിക്കും തളർന്നു പോയിരുന്നു.
അവൻ മുഖം പൊത്തി തേങ്ങിക്കരഞ്ഞു.
“എന്താദ് സുനിൽ… നീയല്ലേ ഞങ്ങൾക്ക് ശക്തി പകർന്നു തരാറ്? നിയ്യിങ്ങനെ ആയാലോ…..”
രമ്യ ആശ്വസിപ്പിച്ചു.
സുനിൽ അടക്കിയിട്ടും തേങ്ങൽ പുറത്തു ചാടി.
“നീയ്യല്ലെ ഞങ്ങളുടെ അനിഷേധ്യ നേതാവ്….. നിയ്യ് തളർന്നാൽ ഞങ്ങളും തളരും…..”
റഹീമും ബേബിയും സുനിലിനെ പിടിച്ചു കുലുക്കി.
“ഫോൺ കിട്ടിയപ്പോൾ ഞാൻ ഏറെ പ്രതീക്ഷിച്ചു. അതു തകർന്നപ്പോൾ എനിക്ക് അടക്കാനായില്ല. സോറി….. റിയലി സോറി……”
കണ്ണ് അമർത്തിത്തുടച്ച് സുനിൽ ചിരിച്ചു.
ചിരിക്കുമ്പോഴും അവന്റെ കണ്ണിൽനിന്ന് ഒന്നു രണ്ട് തുള്ളി കണ്ണീർ ഉരുണ്ടു വീണു.
“നമുക്ക് മൊബൈൽ അവിടെത്തന്നെ കൊണ്ടു വെക്കേണ്ടേ?”
രമ്യ ചോദിച്ചു.
“വേണ്ട…. ഇനിയും അവിടേക്ക് പോയി ആവശ്യമില്ലാത്ത ഒരു പുലിവാൽ ഉണ്ടാക്കേണ്ട…..”
സുനിൽ മേൽപ്പുര മേഞ്ഞ ഉണക്കപ്പുല്ലിന്നടിയിൽ മൊബൈൽ ഒളിപ്പിച്ചു വച്ചു.
“കാലത്ത് പിശാശിനെ കണ്ടില്ലെങ്കിൽ കുഴപ്പമാകില്ലേ?”
“പിശാശല്ലേ? വന്നവഴിക്കു തന്നെ തിരിച്ചു പോയിക്കാണും എന്നു കരുതി അവർ ആശ്വസിച്ചു കൊള്ളും….”
സുനിൽ ആശ്വസിപ്പിച്ചു.
“ഇനി നമുക്ക് കിടന്നുറങ്ങാം….”
സുനിൽ കയറുകൊണ്ടുള്ള കോണി മുകളിലേക്ക് വലിച്ചു വെച്ചു.
Generated from archived content: vanamkadinte11.html Author: aryan_kannanur