കാട്ടിൽ തെണ്ടിത്തിരിയുകയായിരുന്നു.
“നമുക്ക് ഇതിലെ വലത്തോട്ട് തിരിഞ്ഞാലോ?”
സുനിൽ കള്ളച്ചിരിയോടെ ചോദിച്ചു.
“എന്താ വലത്തോട്ട് തിരിഞ്ഞാൽ ഒരു പ്രത്യേകത?”
മറ്റു മൂന്നു പേരുടെയും നെറ്റിചുളിഞ്ഞു.
“ഈ വഴിക്ക് പോയാലാണ് നാം അന്നു കണ്ട മിസ്‌റ്റർ ഡ്രാക്കുളയുടെ ബംഗ്ലാവ്….”
“അയ്യോ…. വേണ്ട… പേടിയാവും….”
ആദ്യം മറുപടി വന്നത് റഹീമിന്റെ തന്നെ.
“ഇതു പകൽ സമയമല്ലേ? ഭൂതവും പ്രേതവും ഒന്നും ചെയ്യില്ല. പകൽ എന്നു പറഞ്ഞാൽ അവർക്ക് ഉറങ്ങാനുള്ള സമയമാണ്.”
“മനുഷ്യന്മാരുടെ ഇടയിൽ രാത്രി ഉറക്കമില്ലാതെ തെണ്ടിത്തിരിയുന്നവരില്ലേ? അതുപോലെ ഇവരുടെ ഇടയിൽ പകൽ തെണ്ടി നടക്കുന്നവരുണ്ടോ എന്നറിയില്ലല്ലോ…..”
റഹീമിന് സംശയം തീരുന്നില്ല.
“അവിടെ വൈദ്യുതി കണ്ടില്ലേ? ഇഞ്ചിനീയറുടെ പ്രേതം ആവുംന്ന് നമ്മൾ കണക്കാക്കിയതല്ലേ? അപ്പോൾപ്പിന്നെ പേടിക്കാനില്ല. പകൽ ആപ്പീസിലിരുന്ന് ഉറങ്ങി ശീലമായിട്ടുണ്ടാവും.”
ബേബി സമാധാനിപ്പിച്ചു.
“പ്രേതം വന്നാലും സാരമില്ല. ബേബിയുടെ കഴുത്തുലെ കുരിശ് കാണിച്ചാൽ മതി. വന്നവഴിയെ തിരിച്ചോടിക്കൊള്ളും.”
രമ്യ പോംവഴി കണ്ടെത്തി.
“ഹിന്ദു പ്രേതം വരുമ്പോൾ കുരിശു കാണിച്ചിട്ടെന്താ കാര്യം?”
“മരിച്ചുപോയാലും ജാതിയും മതവുമൊക്കെയുണ്ടോ?”
ബേബിക്ക് സംശയമായി
“പിന്ന്യോ? കുരിശു കാണിച്ചാൽ ഹിന്ദുപ്രേതം ചിരിചു ചിരിച്ചു മണ്ണു കപ്പും…..”
റഹിം അനുഭവമുള്ളതുപോലെ പറഞ്ഞു.
“എന്നാൽ ചിരിച്ചു ചിരിച്ച് മണ്ണ് കപ്പുന്ന നേരം കൊണ്ട് നമുക്ക് രക്ഷപ്പെടാം.”
സുനിൽ റഹീമിന്റെ കയ്യിൽ അമർത്തിപ്പിടിച്ച് മുന്നിൽ നടന്നു.
ഏറെ പോകേണ്ടി വന്നില്ല കണ്ണാടി ബംഗ്ലാവ് മുന്നിൽ പ്രത്യക്ഷമായി.
“ആരും ശബ്‌ദമുണ്ടാക്കരുത്. കാൽപ്പെരുമാറ്റം പോലും ഉണ്ടാക്കരുത്.
സുനിൽ ഓർമ്മിപ്പിച്ചു.
”നെഞ്ചത്ത് ഫിറ്റ് ചെയ്യാൻ ഒരു സൈലൻസർ കിട്ടിയിരുന്നെങ്കിൽ….. ഹൃദയമിടിപ്പിന്ന് എന്തൊരു ശബ്‌ദം…..“
റഹിം നെഞ്ചത്ത് കൈവച്ചു.
ചെടികൾക്കിടയിലൂടെ ഇഴഞ്ഞുനീങ്ങി ജനാലവാതിലിന്നു കീഴെയെത്തി.
മെല്ലെ എത്തിവലിഞ്ഞ് ജനാലവാതിലിലൂടെ നോക്കി.
ഭയംകൊണ്ട് ഹൃദയം നിന്നുപോകുംപോലെ.
ശവപ്പെട്ടിയിൽ കാണപ്പെട്ട ഒറ്റക്കാലൻ താടിക്കാരൻ മുറിയുടെ മൂലയിലുള്ള കട്ടിലിൽ നീണ്ടുനിവർന്നു കിടക്കുന്നു.
അടുത്തെങ്ങും വേറെ ആരും ഇല്ല.
”ഇന്നലെ രാത്രി രക്തം തേടി രക്തം തേടി അലഞ്ഞ് തിരിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും നേരം വൈകിയിട്ടുണ്ടാവണം. ശവപ്പെട്ടിയിലേക്ക് സഞ്ചരിച്ചെത്താൻ കഴിയാത്തതുകൊണ്ട് കട്ടിലിൽപ്പോയി വീണതാവണം.“
ബേബി പിറുപിറുത്തു.
മുറിയിൽ നിന്നും കൂർക്കം വലി ഉയരുന്നു. അതിന്റെ ക്രമമനുസരിച്ച് അയാളുടെ താടി കാറ്റിൽ പറന്നുകൊണ്ടിരുന്നു.
മുറിയിൽ തൂങ്ങിക്കിടക്കുന്ന കടവാതിലുകളിൽ ഒന്ന് എന്തോ ശബ്‌ദം ഉണ്ടാക്കി.
സഡൻ ബ്രേക്ക് ഇട്ടതുപോലെ കൂർക്കം വലി നിന്നു.
അയാൾ തിരിഞ്ഞു കിടന്നു. ഒരു നിമിഷം ആ കണ്ണുകൾ തുറന്നു.
ചുമന്നു തുടുത്ത കണ്ണിൽ നിന്നും തീ പാറുന്നതുപോലെ. പെട്ടെന്ന് ജനലിനു താഴേക്കു തന്നെ കുനിഞ്ഞു.
കുറച്ചു ദൂരെ മാറി ചിലമ്പൊലിയൊച്ച.
ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ മാരി. അവളുടെ മുഖം ഭയംകൊണ്ട് വിളറി വെളുത്തിരുന്നു.
അവൾ ശബ്‌ദിക്കരുത് എന്ന ആംഗ്യം കാണിച്ചു. പിന്നെ പിന്നാലെ ചെല്ലാൻ നിർദ്ദേശിച്ച് പൂച്ചയെപ്പോലെ പതുങ്ങു മുന്നോട്ടു നടന്നു. അപ്പോഴും ചിലമ്പൊലി ഉയരുന്നുണ്ടായിരുന്നു.
കുറേ ദുരം എത്തുന്നതുവരെ അവൾ ഒന്നും പറഞ്ഞില്ല.
ഒഴിഞ്ഞ സ്‌ഥലത്ത് എത്തിയപ്പോൾ എല്ലാവരും ഇരുന്നു.
”അതാ പ്രേതമാളിക. അവിടെ പോകകൂടാത്……
മാരി ഭയത്തോടെ പറഞ്ഞു.
പണ്ട് ഒരു കൂട്ടം നാട്ടുമനുഷ്യർ കാട്ടിലേക്ക് കേറിവന്നു.
അവരുടെ തലവൻ വെളുവെളെ വെളുത്തിട്ടായിരുന്നു. അയാളുടെ തലയിൽ തൊപ്പിയുണ്ടായിരുന്നു. കയ്യിൽ തീ തുപ്പുന്ന യന്ത്രമുണ്ടായിരുന്നു. ആരേക്കൊണ്ടും എന്തു പണിയും ചെയ്യിക്കാൻ കെൽപ്പുള്ള ആജ്ഞാശക്തി ഉണ്ടായിരുന്നു.
അയാൾക്ക് താമസിക്കാൻ വേണ്ടിയിട്ടായിരുന്നു ഈ മാളിക ഉണ്ടാക്കിയത്.
ഒരു ദിവസം അയാൾ അന്വേഷിച്ചു വന്നു. പുകയിലയും മദ്യവും നൽകി അന്നത്തെ കാട്ടുമൂപ്പനെ സന്തോഷിപ്പിച്ചു.
ചുരത്തിലൂടെ ഒരു പാത വെട്ടണം. അതിനാണ് അയാൾ വന്നിരിക്കുന്നത്. അതിന്നു മൂപ്പന്റെ അനുഗ്രഹം വേണം. സഹായം വേണം. പെരുത്ത കാടല്ലേ? എളുപ്പവഴി കാണിച്ചു കൊടുക്കാൻ ആരെയെങ്കിലും വിട്ടു കൊടുക്കണം.
മൂപ്പൻ കുങ്കനെ വിളിച്ചു.
ദിവസവും തേനും തേടി കാടു മുഴുവൻ അലയുന്ന കുങ്കന് കാടിന്റെ ഓരോ മുക്കും മൂലയും അറിയാം.
“ഈ സാമിക്ക് എളുപ്പവഴി കാണിച്ചു കൊട്….”
മൂപ്പൻ കുങ്കനോട് കൽപ്പിച്ചു.
കുങ്കൻ വെളുത്ത മനുഷ്യന്റെ ഒപ്പം പോയി.
കുങ്കൻ പോയിട്ട് പല പ്രാവശ്യം പൂർണ്ണ ചന്ദ്രൻ വന്നുപോയി.
കുങ്കൻ മാത്രം തിരിച്ചു വന്നില്ല.
ഒരു ദിവസം രാത്രി ഒരു പ്രേതം കരച്ചിലും പിഴിച്ചിലുമായി കാട്ടിലൂടെ അലയുന്നത് ആരോ കണ്ടെത്തി. നോക്കുമ്പോൾ അത് കുങ്കുനാണ്.
അന്വേഷിച്ചു പോയപ്പോഴാണ് അറിയുന്നത്.
എളുപ്പവഴി കാണിച്ചു കൊടുത്തു കഴിഞ്ഞപ്പോൾ വെളുത്ത മനുഷ്യൻ കുങ്കനെ തീതുപ്പുന്ന യന്ത്രം കൊണ്ടു കൊന്നു.
എളുപ്പവഴി കാണിച്ചു കൊടുത്തത് കുങ്കനാണെന്ന് പുറത്താരും അറിയാതിരിക്കാൻ.
പാതയുടെ പണി തീർന്നു.
ഇങ്ങനെ ഒരു എളുപ്പവഴി കണ്ടെത്തിയതിന്ന് എല്ലാവരും വെളുത്ത മനുഷ്യനെ അഭിനന്ദനം കൊണ്ടുമൂടി.
പുറ്റേന്നു കാലത്ത് കൊട്ടും പ്രമാണവുമായി തിരിച്ചുപോകാൻ നോക്കുമ്പോൾ വെളുത്ത മനുഷ്യനെ കാണുന്നില്ല.
ആൾക്കാർ അന്വേഷിച്ചു നടന്നു.
കുങ്കന്റെ ശവം വീണ ദിക്കിൽ തന്നെ വെളുത്ത മനുഷ്യന്റെ ശവശരീരം വീണു കിടന്നിരുന്നു.
അന്നു രാത്രി മുതൽ വെളുത്ത മനുഷ്യന്റെ പ്രേതം കാട്ടിൽ അലറിവിളിച്ചു നടക്കാൻ തുടങ്ങി.
അതിന്റെ ശല്യം കൂടി കൂടി വന്നു.
ഇനി എന്തു ചെയ്യണം?
പൂശാലിയും മൂപ്പനും കൂടിയാലോചിച്ചു.
പൂശാലി മന്ത്രവാസം നടത്തി. വെളുത്ത മനുഷ്യന്റെ പ്രേതാത്മാവിനെ ഒരു മുളംകുറ്റിയിലേക്ക് ആവാഹിച്ചു. പിന്നെ അതുകൊണ്ടുപോയി ബംഗ്ലാവിന്റെ ഉമ്മറത്തു തന്നെ തറച്ചു വച്ചു.
അതാണ് ഇപ്പോഴും പ്രേതമാളികയുടെ മുന്നിൽ കാണപ്പെടുന്ന പ്രതിമ.
ആ മാളിക ശാപം പിടിച്ചതാണ്. അതിലേക്ക് ആര് കേറിയാലും പിറ്റേന്ന് അവരുടെ ശവം ആറ്റിൽ ഒഴുകി നടക്കും.
രണ്ടു മാസം മുമ്പ് കുമാരൻ എന്നൊരു ചെറുപ്പക്കാരൻ പരസ്യമായി വെല്ലുവിളിച്ച് അതിന്നകത്തു കയറി.
അവന് പ്രേതത്തിൽ തീരെ വിശ്വാസം ഇല്ലായിരുന്നു.
പിറ്റേന്ന് കാലത്ത് ഒരുശവം പ്രതിമയുടെ ചോട്ടിൽ ഉറുമ്പരിച്ചു കിടന്നിരുന്നു. അത് കുമാരന്റെതായിരുന്നു.
“നിങ്ങൾ അതിന്റെ അടുത്തേക്ക് പോലും പോകരുത്…. അത് ആപത്താണ്.”
മാരി മുട്ടുകുത്തി നിന്ന് യാചിക്കും പോലെ പറഞ്ഞു.
കുന്നുകയറിക്കൊണ്ടിരിക്കുമ്പോൾ മാരി പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
പക്ഷേ, ഒന്നും മനസ്സിലേക്ക് എത്തിയില്ല.
ഇളകിയാടുന്ന കോണിയിലൂടെ തൂങ്ങിക്കയറുമ്പോഴും, മുറിയിൽ എത്തിയപ്പോഴും ഒക്കെ എല്ലാവരും നിശ്ശബ്‌ദരായിരുന്നു.
“നമ്മയും പ്രേതം കൊല്ലുമോ?
റഹിം നിശ്ശബ്‌ദത മുറിച്ചു.
”അതിനകത്തു കേറിയാൽ പിറ്റേന്നു തന്നെ ശവം പുഴയിൽ പൊന്തും എന്നല്ലേ പറഞ്ഞത്.
“അതേ…”
“നമ്മൾ അതിനകത്തു കേറിയിട്ട് ഒരാഴ്‌ചയായില്ലേ? ഇതുവരെ കൊന്നിട്ടില്ലല്ലോ.”
സുനിൽ ചോദിച്ചു…
“പ്രേതത്തിന്നു സമയം കിട്ടിക്കാണില്ല.”
റഹിം കാരണം കണ്ടെത്തി.
“പ്രേതം ആര് അമേരിക്കൻ പ്രസിഡന്റോ. ലോകത്തിലെ കാര്യം മുഴുവൻ നോക്കാൻ?”
“ഇനിയിപ്പം പ്രേതം ടൂറിൽ ആണെങ്കിലോ? തിരിച്ചെത്തിയിട്ടാവും കലാപരിപാടി.”
ബേബി പറഞ്ഞു.
“സംഭവം അതൊന്നുമല്ല. ബംഗ്ലാവിന്നകത്ത് എന്തോ രഹസ്യമുണ്ട്. സ്വാഭാവികമായിട്ടും അകത്തു കേറുന്നവർ അത് മനസ്സിലാക്കുമല്ലോ. അത് പുറത്ത് ആരോടും പറയാതിരിക്കാനാണ് കൊല്ലുന്നത്.”
സുനിൽ ഉറപ്പിച്ചു പറഞ്ഞു.
“നമ്മേ എന്താ കൊല്ലാത്തത്?”
“നാം അതിന്നകത്തു കേറിയ കാര്യം അവർ അറിയാത്തതുകൊണ്ട്….” “ആരാ കൊല്ലണത്?”
ആർക്കറിയാം.
“എന്താ രഹസ്യം?”
“ആർക്കറിയാം?”
“ആരാ ഈ വില്ലൻ? റബേക്കയുടെ മകൻ കറയായോ?”
റഹീമിന്ന് സംശയം.
“ആരാന്നറിഞ്ഞാലും രഹസ്യം അറിഞ്ഞാലും നമ്മുടെ ജീവന് അതു ഭീഷണിയാകും ഉറപ്പിച്ചോളൂ.”
സുനിൽ പൊട്ടിച്ചിരിച്ചു.
Generated from archived content: vanamkadinte10.html Author: aryan_kannanur