ഭാഗം1

ടിവി സ്‌ക്രീനിലെ പ്രകാശം കെട്ടു.

“പ്രിയപ്പെട്ട കുട്ടിക​‍േ​‍േ​‍േ​‍േളേ…..”

മൈക്ക്‌ വായയോട്‌ ചേർത്തു പിടിച്ച്‌ ഗൈഡ്‌ നീട്ടി വിളിച്ചു.

“എ​‍േ​‍േ​‍േന്തോ​‍ാ​‍ാ​‍ാ?”

കുട്ടികൾ കോറസ്സായി വിളികേട്ടു. അതിനെക്കാൾ നീളത്തിൽ.

ടിവി സ്‌ക്രീനിൽ അടിച്ചുപൊളിച്ചിരുന്ന സിനിമ ക്ലൈമാക്‌സിൽ വെച്ചു നിർത്തിയതിന്റെ അമർഷം ആ സ്വരത്തിൽ പ്രകടമായിരുന്നു.

“നമ്മൾ മലയിലേക്ക്‌ കയറാൻ തുടങ്ങുകയാണ്‌. ചുറ്റും കാട്ടുമൃഗങ്ങൾ ഉള്ള സ്‌ഥലമാണ്‌. അതുകൊണ്ട്‌ ടിവി വയ്‌ക്കില്ല. കുന്നിന്റെ ചെരിവിൽ നിന്നും താഴേക്കു നോക്കുമ്പോൾ കാണുന്ന കാഴ്‌ചകൾ മനോഹരമായിരിക്കും. പിന്നെ നിങ്ങൾക്ക്‌ ഭാഗ്യമുണ്ടെങ്കിൽ ധാരാളം വന്യമൃഗങ്ങളെ കാണാൻ ഒക്കും….”

ഗൈഡ്‌ മൈക്ക്‌ ഓഫ്‌ ചെയ്‌തു.

കുട്ടികൾ ബസ്സിലെ വിൻഡോഗ്ലാസ്‌ ഇരുവശത്തേക്കും തള്ളി നീക്കി പുറത്തേക്കു നോക്കി ഇരുപ്പായി.

ബസ്‌ ഇരച്ചുകൊണ്ട്‌ കയറ്റം കയറാൻ തുടങ്ങി.

“കുരങ്ങൻമാരെ കാണാൻ പറ്റ്വോ?”

റഹിം വിളിച്ചു ചോദിച്ചു.

“കണ്ണാടി നോക്കിയാൽ മതി…”

മറുപടി വളരെ പെട്ടന്നായിരുന്നു; സുനിലിന്റെ വക.

ചുറ്റും ചിരി പടർന്നു.

“അതാ മാൻകൂട്ടം.”

പുറത്തേക്കു നോക്കിയിരിക്കുകയായിരുന്ന ഏതോ കുട്ടി അലറി വിളിച്ചു.

എല്ലാ മുഖങ്ങളും അങ്ങോട്ടു തിരിഞ്ഞു.

കുറച്ചു ദൂരെ പുള്ളിമാനുകളുടെ ഒരു സംഘം. അവ പുല്ലുമേയുകയാണ്‌. ഒരു കൊച്ചുകുട്ടി അവർക്കിടയിൽ ചാടിത്തുള്ളി ഓടിക്കളിക്കുന്നു.

“അതാ ഒരു കാട്ടീ…..”

“അതാ ഒരു മുയൽ.”

ബഹളം തുടർന്നുകൊണ്ടിരുന്നു.

“അയ്യോ, ടീച്ചറേ…. ഞങ്ങൾക്കാന്നും കാണാൻ പറ്റുന്നില്ല. ഇനി കുറച്ചുനേരം ഞങ്ങൾ ആ സൈഡിൽ ഇരിക്കട്ടേ?”

മറുഭാഗത്തിരിക്കുന്ന കുട്ടികൾ ബഹളം ആരംഭിച്ചു.

“നിങ്ങൾ വിഷമിക്കേണ്ട….. നാൽപത്‌ ഹെയർപിൻ വളവുകൾ ഉണ്ട്‌ കാഴ്‌ചകൾ രണ്ടുപുറത്തും മാറിമാറി വരും ക്ഷമിച്ചിരുന്നോളൂ…….”

ഗൈഡ്‌ പറഞ്ഞത്‌ ശരിയായിരുന്നു.

ഒരു ഹെയർപിൻവളവ്‌ കഴിഞ്ഞപ്പോൾ കാഴ്‌ചകൾ മറുവശത്തായി.

“അതാ ഒരു ആനക്കൂട്ടം…..”

ഇക്കുറി മറുവശത്തിരിക്കുന്ന കുട്ടികളുടെ ഊഴമായിരുന്നു.

“അതാ ഒരു ജിറാഫ്‌…..”

ബേബി പുറത്തേക്ക്‌ വിരൽ ചൂണ്ടി.

എല്ലാവരും ആകാംക്ഷയോടെ ബേബി വിരൽ ചൂണ്ടിയ വഴിയിലൂടെ നോക്കി.

“…….. എന്നു പറയണമെങ്കിൽ ഒരു ജിറാഫിനെയെങ്കിലും കാണണമല്ലോ…”

ബേബി വാക്യം മുഴുമിച്ചു.

മറ്റുള്ളവർ കൂകിവിളിച്ച്‌ പ്രതിഷേധം രേഖപ്പെടുത്തി. രമ്യ തന്റെ ബാഗ്‌ തുറന്ന്‌ ബൈനോക്കുലർ പുറത്തെടുത്തു.

“ഒന്നു താ…. ഞാനൊന്നു നോക്കട്ടെ….”

കുട്ടികൾ രമ്യയെ പൊതിഞ്ഞു.

“ബൈനോക്കുലറിലൂടെ നോക്കണ്ടവര്‌ അത്‌ വീട്ടിൽനിന്നും കൊണ്ടുവരണം. എത്‌ എനിക്കും രമ്യയ്‌ക്കും മാത്രം…..”

റഹിം പറഞ്ഞു.

“അത്‌ വേണ്ട മോനേ….ഞാൻ ഒറ്റയ്‌ക്ക്‌ നോക്കിക്കൊള്ളാം….”

രമ്യ പറഞ്ഞു തീർന്നില്ല. ചുറ്റും ബഹളം ഉയർന്നു.

“പ്രിയപ്പെട്ട കുട്ടിക​‍േ​‍േളേ…”

ഗൈഡ്‌ വീണ്ടും മൈക്ക്‌ കയ്യിലെടുത്തു.

കുട്ടികൾ ഇപ്രാവശ്യം എന്തോ എന്ന്‌ വിളികേട്ടില്ല.

“നമ്മുടെ ഈ യാത്രയിലെ ഏറ്റവും മനോഹരമായ കാഴ്‌ചയാണ്‌ നാം കാണാൻ പോകുന്നത്‌. ശ്രദ്ധിച്ചുകൊള്ളുവിൻ….”

ബസ്‌ കുറച്ചുകൂടി മുന്നോട്ടുപോയി. ഡ്രൈവർ സൈഡ്‌ ഒതുക്കി നിർത്തി.

ബസ്സിൽനിന്നും താഴത്ത്‌ ഇറങ്ങി കാഴ്‌ചകൾ കണ്ടുകൊള്ളിൻ. അഞ്ചുമിനിറ്റ്‌ സമയം തരാം. ശ്രദ്ധിക്കണം… ഒരു ഭാഗത്ത്‌ അഗാധകൊക്കയാണ്‌…. വീണാൽ ബാക്കി ഒന്നും കാണില്ല….“

ഗൈഡ്‌ ഓർമ്മിപ്പിച്ചു.

കുട്ടികൾ പുറത്തേക്ക്‌ ഇടിച്ചിറങ്ങി.

”താഴത്തേക്ക്‌ നോക്കിയാൽ എന്തു രസാ​‍േ​‍േണേ….“

അവർ തുളളിച്ചാടി.

മേഘങ്ങളേക്കാൾ എത്രയോ മേലെയാണ്‌ ഇപ്പോൾ നിൽക്കുന്നത്‌.

താഴത്തുകൂടി മേഘങ്ങൾ അരിക്കുന്നതു കാണുമ്പോൾ അത്‌ഭുതവും ഭയവും ഒപ്പം മനസ്സിലേക്ക്‌ കേറി വന്നു.

ഒരു കൂട്ടം മേഘം നീങ്ങി അടുത്തുവരുന്നതിന്നിടയിൽ പച്ച പിടിച്ചു കിടക്കുന്ന മലനിരകൾ തെളിഞ്ഞു വരും. പെട്ടെന്നുതന്നെ മേഘം വന്നു മൂടുകയും ചെയ്യും.

ബൈനോക്കുലറിലൂടെ രമ്യ താഴേക്കു നോക്കി.

ഗൈഡ്‌ പറഞ്ഞത്‌ ശരിയാണ്‌. കൊക്ക അഗാധംതന്നെ. അവിടെനിന്ന്‌ പാതാളത്തിലേക്ക്‌ അരക്കിലോ മീറ്ററേ കാണു.

മരത്തിന്റെ മുകളിൽ നിന്നും കുരങ്ങന്മാർ ഇറങ്ങിവന്ന്‌ ചുറ്റും നിറഞ്ഞു.

”റഹിമിന്റെ കൂട്ടുകാരൻ അന്വേഷിച്ച്‌ എത്തിയിട്ടുണ്ട്‌.“

ബേബി ഇളിച്ചു കാട്ടി.

”ഞാനും കുറേ ദിവസമായി നിന്നേപ്പോലെ മറ്റൊരു കൂട്ടുകാരനും കൂടി വേണമെന്നു കരുതി ഇരിക്കുന്നു.

റഹിം തിരിച്ചടിച്ചു.

“ഇനി എല്ലാവരും തിരിച്ചു കേറണം”

ഗൈഡ്‌ വിളിച്ചു പറഞ്ഞു.

“ഒരു മിനിറ്റ്‌….. ഒരു മിനിറ്റ്‌….”

ആ കാര്യത്തിൽ എല്ലാവരും ഒരേ അഭിപ്രായക്കാരായിരുന്നു.

“ഇരുട്ട്‌ വീഴുന്നതോടെ കോടയിറങ്ങും. പിന്നെ വണ്ടി ഓടിക്കാൻ കണ്ണു കാണില്ല. അതിനു മുമ്പ്‌ കാട്‌ കടന്നു കിട്ടണം. രാത്രിയായാൽ ഇവിടെ ഒട്ടും സുരക്ഷിതമല്ല….”

ഗൈഡ്‌ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

ബീപ്‌…..ബീപ്‌……ബീപ്‌……. ബീപ്‌…..

സുനിലിന്റെ മൊബൈൽ ശബ്‌ദിച്ചു.

അവൻ തിരക്കിൽനിന്നും അൽപ്പം മാറിനിന്ന്‌ മൊബൈൽ ചെവിയിൽ ചേർത്തുവെച്ചു.

പപ്പയാണ്‌ ടൂർ എങ്ങനെയുണ്ടെന്ന്‌ അറിയാൻ വിളിച്ചതാണ്‌.

ബേബിയും റഹീമും രമ്യയും ഓടിവന്നു. മൊബൈലിനുവേണ്ടി പിടിയും വലിയുമായി.

“മതി മതി. അതിന്റെ കാറ്റ്‌ ഇപ്പോൾപോകും. ഞാൻ ചാർജർ എടുത്തിട്ടില്ല മക്കളേ….”

സുനിൽ മൊബൈൽ ഓഫ്‌ ചെയ്‌തു.

ബസ്സിലേക്ക്‌ നടക്കാൻ തുടങ്ങിയതാണ്‌. പെട്ടെന്ന്‌ പിന്നിൽ നിന്നും ഒരു ചിന്നംവിളി.

“ഓടിക്കോ…….ആന വരുന്നേ…..”

ആരോ അലറി വിളിച്ചു.

റോഡിന്റെ വളവുതിരിഞ്ഞ്‌ കുതികുതിച്ചു വരുന്ന ഒറ്റകൊമ്പൻ.

“വേഗം വന്നു വണ്ടിയിൽ കേറുവിൻ…..”

ഗൈഡ്‌ ഉറക്കെ വിളിച്ചു പറഞ്ഞു.

കുട്ടികൾ ഒന്നിച്ചു വണ്ടിയിൽ ഇടിച്ചു കേറുന്നതിന്റെ ബഹളം. ബസ്സിന്നരികിലേക്ക്‌ ഓടാൻ ശ്രമിച്ചതാണ്‌. സുനിലിന്റെ കൈയ്യിൽ നിന്നും മൊബൈൽ തെറിച്ചുവീണു.

ഒന്നും ആലോചിച്ചില്ല. അതു പിടിക്കാൻ മുന്നോട്ട്‌ ആഞ്ഞതാണ്‌. കൊക്കയുടെ സൈഡിലൂടെ കാല്‌ ഉരസ്സി താഴേക്ക്‌.

എവിടെയോ പിടുത്തം കിട്ടി.

ഏതോ ചെടിയാണെന്നു തോന്നുന്നു.

“അയ്യോ….. ടീച്ചറേ…..”

ബസ്സിലേക്ക്‌ ഇടിച്ചു കേറുന്ന കുട്ടികളുടെ ബഹളത്തിൽ ആ ശബ്‌ദം അലിഞ്ഞു പോയി.

ബേബിയും റഹീമും രമ്യയും ചേർന്ന്‌ കൊക്കയുടെ അരികിൽ മുട്ടുകുത്തിയിരുന്ന്‌ സുനിലിന്റെ കൈപിടിച്ച്‌ ഉയർത്താൻ ശ്രമിച്ചു.

സുനിൽ പിടിച്ചിരുന്ന ചെടി വേരോടെ പിഴുതുപോന്നു.

സുനിൽ കൂട്ടുകാരുടെ കയ്യിൽ തൂങ്ങി ഒന്നു പിടിച്ചു. പിന്നെ നേരെ താഴേക്ക്‌.

ബാലൻസ്‌ തെറ്റിയ റഹീമും ബേബിയും രമ്യയും ഒപ്പം താഴേക്ക്‌ ഉരസ്സിപ്പോയി.

അവരുടെ കരച്ചിലും ബഹളത്തിൽ മുങ്ങിപ്പോയി.

“വേഗം വേഗം….” ടീച്ചർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

“റൈറ്റ്‌ പോട്ടേ…..”

അവസാനത്തെ കുട്ടിയും ബസ്സിനകത്തേക്ക്‌ കയറിയപ്പോൾ ഗൈഡ്‌ വിളിച്ചു പറഞ്ഞു.

വണ്ടി മുന്നോട്ടു കുതിച്ചു.

“അതാ ചെന്നായ്‌ക്കൂട്ടം”

കുട്ടികൾ പുറത്തേക്ക്‌ നോക്കി ബഹളം കൂട്ടിക്കൊണ്ടിരുന്നു.

(പ്രസാധനംഃ ഗ്രീൻബുക്‌സ്‌)

Generated from archived content: vanamkadinte1.html Author: aryan_kannanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English