പുലിയന്നൂർ കാട്ടിലെ രാജാവായിരുന്നു പുളളിപ്പുലി. പ്രജാക്ഷേമതൽപരനായ ഒരു നല്ല ഭരണാധിപൻ.
വയസ്സായതോടെ പുലി ക്ഷീണിതനും ദുഃഖിതനുമായിത്തീർന്നു. എപ്പോഴാണ് കാലഗതി പ്രാപിക്കുകയെന്നറിയില്ല. അതിനാൽ തന്റെ പ്രജകളെയെല്ലാം വിളിച്ചുവരുത്തി പുതിയ ഒരു രാജാവിനെ കണ്ടെത്താൻ കൽപനയായി. എല്ലാവരും കൂടി വമ്പൻ കൊമ്പനാനയെത്തന്നെ തെരഞ്ഞെടുത്തു.
പുലി നാടുനീങ്ങിയതോടെ ആനയുടെ തനിനിറം വെളിവായിത്തുടങ്ങി. അഹങ്കാരവും ക്രൂരതയും അധികാര മുദ്രകളാക്കി അവൻ വാഴ്‌ച തുടങ്ങി. ആഹ്ലാദം പൂത്തുലഞ്ഞുനിന്ന സൗഭാഗ്യ നാളുകൾ കൊഴിഞ്ഞുപോയി. എങ്ങും ശോകമൂകത!
വേനൽ തീരാറായി. മഴയ്‌ക്കുവേണ്ടി ദാഹിച്ചു നിൽക്കുകയാണ് പ്രകൃതി. കുഞ്ഞെറുമ്പുകൾ പകലന്തിയോളം വിശ്രമമില്ലാതെ പണിയെടുത്തുകൊണ്ടിരുന്നു. വർഷകാലത്തേയ്‌ക്കുളള ആഹാരം ശേഖരിച്ചുവയ്‌ക്കുന്ന തിരക്കിലാണ് എല്ലാവരും. മഴവെളളം വീണ് കുത്തിയൊലിച്ചു പോകാതിരിക്കാൻ മാളങ്ങൾക്കു മുകളിൽ ചെറിയ കൂനകൾ ഉണ്ടാക്കുന്ന ശ്രമത്തിലാണ് ഒരു കൂട്ടർ.
ചലിക്കുന്ന കരിമ്പാറപോലെ പ്രജാപതിയായ കൊമ്പനാന ആ വഴി എഴുന്നളളി. ഉറുമ്പുകളുടെ ചെയ്‌തികൾ കണ്ട് പുച്‌ഛത്തോടെ പറഞ്ഞുഃ ‘ങ്ങും… എന്തൊരു പാഴ്‌വേലയാണിത്! എന്റെ കാൽവിരലൊന്നു മുട്ടിയാൽ മതി ഇതെല്ലാം തകർന്ന് തരിപ്പണമാകാൻ!’
കൂട്ടത്തിൽ ധൈര്യശാലിയായ ഒരു ഉറുമ്പ് അതിനു മറുപടി പറഞ്ഞുഃ
“പ്രഭോ, ഞങ്ങൾ എളിയവരാണെങ്കിലും തീരെ മണ്ടന്മാരാണെന്ന് കരുതരുത്.”
ആനയ്‌ക്ക് അത് ഒട്ടും രസിച്ചില്ല. ‘ഹും… മൺതരിയോളം പോന്ന നിന്നെയൊക്കെ എന്തിനു കൊളളാമെടാ?’
കുഞ്ഞെറുമ്പിന്റെ അഭിമാനത്തിന് പോറലേറ്റു. ആത്മവീര്യത്തോടെ അവൻ പറഞ്ഞുഃ
‘അങ്ങ് വീരനും ശക്തനും തന്നെ. സമ്മതിച്ചു. എന്നാൽ ഞങ്ങളോടൊപ്പം ഒന്ന്, മത്സരിച്ച് ഓടാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ?’
ആന അരിശത്തോടെ അലറിഃ ‘എടാ, ധിക്കാരി… നീ എന്താണ് പറഞ്ഞത്? നിന്നെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം. നാം തയ്യാർ. പിൻതിരിഞ്ഞാലുണ്ടല്ലോ നിന്റെ കഥകഴിഞ്ഞതുതന്നെ. ഓർമ്മയിരിക്കട്ടെ!’
പന്തയം ആരംഭിച്ചു. അഹങ്കാരംകൊണ്ട് മത്തുപിടിച്ച ആ ഗജവീരൻ ഏറെ ദൂരം ആഞ്ഞാഞ്ഞോടി…
ഇടയ്‌ക്ക് ആന പ്രയാസപ്പെട്ട് താഴേയ്‌ക്കു നോക്കിയപ്പോൾ അമ്പരന്നു പോയി! ഉറുമ്പും ഒപ്പത്തിനൊപ്പം മുന്നേറുന്നു!
ആനയ്‌ക്ക് വാശിയായി. അവന്റെ ഉച്ചത്തിലുളള ചിന്നംവിളി കാട് വിറപ്പിച്ചു! മറ്റു മൃഗങ്ങളും പക്ഷികളും ഒക്കെ പേടിച്ചു വിറച്ചു. എന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ ഭീതി പൂണ്ടു.
അഹംഭാവത്തിന്റെ പരകോടിയിൽ ഒരു കാര്യം ആന മറന്നുപോയി. ഓട്ടത്തിന്റെ തുടക്കത്തിലുളള ഉറുമ്പായിരുന്നില്ല അത്. പ്രവർത്തന നിരതരായിക്കൊണ്ടിരുന്ന വേറെ കുഞ്ഞെറുമ്പിൻ കൂട്ടത്തിലൊന്നായിരുന്നു.
ആന തുമ്പിക്കൈ ഉയർത്തി മുകളിലേയ്‌ക്ക് നോക്കി. ഒരു മരക്കൊമ്പിലിരുന്ന് കുറെ കുരങ്ങന്മാർ പല്ലിളിച്ച് ഗോഷ്‌ഠികൾ കാണിക്കുന്നു. പക്ഷികൾ കലപില ചിലച്ച് കളയാക്കുന്നു. അതു കൂടിയായപ്പോൾ ആനയ്‌ക്ക് നിയന്ത്രണം വിട്ടു.
പതഞ്ഞുപൊന്തിയ അമർഷവും അരിശവും ഉളളിലൊതുക്കി ആന ഓട്ടം തുടർന്നു. ഇനി ഒരടി മുന്നോട്ടു നീങ്ങാൻ വയ്യാ! കരിമ്പനത്തടികൾ പോലെയുളള കാലുകൾ കുഴയുന്നു. ഞരമ്പുകൾ തളരുന്നു… മസ്‌തകത്തിലൂടെ വിയർപ്പ് ചാലുവച്ചൊഴുകുന്നു. കണ്ണുകളിൽ ഇരുട്ട് ഇരച്ചു കയറുന്നു. ചുവട്ടിൽനിന്നും ഭൂമി വഴുതിപ്പോകുന്നു.. വട്ടം ചുറ്റുന്നു. എങ്ങോട്ടാണ് നീങ്ങുന്നത് എന്നറിയാൻപോലും പറ്റാതായി.. ഒരു നിമിഷം! കൊക്കയിലേയ്‌ക്ക് അവൻ അടിതെറ്റിവീണു!
മരച്ചില്ലകളിലിരുന്ന പക്ഷികൾ ആർത്തു ചിലച്ച് പറന്നുപോയി!
Generated from archived content: ana_urumbu.html Author: anandan_cherai
Click this button or press Ctrl+G to toggle between Malayalam and English