ഞാനൊരു സഞ്ചാരി

ഞാൻ ഇന്നലെ ബാംഗ്ലൂരിലെ ഒരു ജവുളിക്കടയിലായിരുന്നു. ഇപ്പോൾ തൃശൂരുളള ഒരു പച്ചക്കറിക്കടയിൽ. എന്റെ കൂടെ പല കൂട്ടുകാരുമുണ്ട്‌. എന്നെക്കാൾ വലിയവർ, ചെറിയവർ, വിലകൂടിയവർ, വിലകുറഞ്ഞവർ ഒക്കെ.

ഇതിനകം ഞാൻ എവിടെയെല്ലാം സഞ്ചരിച്ചു എന്നോ..! വിമാനത്തിൽ, തീവണ്ടിയിൽ, കാറിൽ, സൈക്കിളിൽ, എന്തിന്‌ കാളവണ്ടിയിൽപോലും ഞാൻ യാത്ര ചെയ്തിട്ടുണ്ട്‌. എന്റെ സങ്കടമെന്താണെന്നറിയാമോ? എന്നെ വാങ്ങുന്നവർ എന്നെ സ്‌നേഹിക്കുന്നില്ല. എന്നെ കൈമാറിക്കൊണ്ടേയിരിക്കുന്നു. ഞാൻ പലതിനും സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്‌. സ്‌നേഹവും വഴക്കുമൊക്കെ ഞാൻ കണ്ടിട്ടും കേട്ടിട്ടുമുണ്ട്‌.

ഒരിക്കൽ ഹാരിസ്‌ എന്ന സർക്കസ്സുകാരന്റെ തുണിവിരിപ്പിൽ വെയിലും സഹിച്ചു ഞാൻ കിടന്നു. അന്നു ചിഞ്ചു എന്ന എട്ടുവയസ്സുളള സർക്കസ്സുകാരി ഞാണിൽനിന്നും തെറിച്ച്‌ എന്റെ അടുക്കലാണ്‌ വന്നു വീണത്‌. ആ പാവം വേദനകൊണ്ടു നിലവിളിക്കുന്നതു കണ്ടു. എനിക്കു സഹിച്ചില്ല, ഞാനും കുറെ കരഞ്ഞു. പക്ഷെ എന്റെ കരച്ചിൽ ആരു കേൾക്കാൻ.

ഒരിക്കൽ ഡോക്‌ടറുടെ അടുക്കൽവരെ ഞാൻ പോയിട്ടുണ്ട്‌. എന്താ നിങ്ങൾക്കതറിയാൻ ആഗ്രഹമുണ്ട്‌, അല്ലേ? ശരി പറയാം. അന്ന്‌ എന്നെ കൊണ്ടുപോയത്‌ മഞ്ജുവിന്റെ അമ്മയാണ്‌. ഞാനിരിക്കുന്ന പേഴ്‌സ്‌ മേശപ്പുറത്തുവെച്ച്‌ അടുക്കളയിലേയ്‌​‍്‌ക്ക്‌ പോയി. കൂടെ വന്ന മഞ്ജു എന്ന അഞ്ചു വയസ്സുകാരി പേഴ്‌സ്‌ തുറന്ന്‌ എന്നെയാണ്‌ എടുത്തത്‌. എന്തിനാണ്‌ എന്നെ എടുത്തതെന്ന്‌ എനിക്കു മനസ്സിലായില്ല. അപ്പോൾ മഞ്ജുവിന്റെ അമ്മ തിരിച്ചു വരുന്നതുകണ്ടു. ഉടനെ മഞ്ജു എന്നെ വായിലൊളിപ്പിച്ചു. ‘അരുതേ’ എന്നു ഞാൻ മൂകമായി അപേക്ഷിച്ചു. കാരണം അതപകടമാണ്‌. പണ്ടൊരിക്കൽ ഞാൻ അതിനു സാക്ഷിയായതാണ്‌. അമ്മ വന്ന വെപ്രാളത്തിൽ ഞാൻ മഞ്ജുവിന്റെ തൊണ്ടയിൽ കുരുങ്ങി. ഞാൻ പേടിച്ചുപോയി. മഞ്ജുവിന്റെ വെപ്രാളം കേട്ട്‌ അമ്മ തിരിഞ്ഞുനോക്കി. അപ്പോഴേക്കും മഞ്ജുവിന്‌ ശ്വാസം കഴിക്കാൻ ബുദ്ധിമുട്ടായി. അമ്മ ഓടിവന്ന്‌ കാര്യം അന്വേഷിച്ചു. ആ അമ്മയ്‌ക്ക്‌ ഏതാണ്ടു കാര്യം പിടികിട്ടി. ഉടനെ മഞ്ജുവിനെ എടുത്ത്‌ പുറത്തേയ്‌ക്ക്‌ ഓടി. മഞ്ജുവിന്റെ അമ്മയുടെ നിലവിളി കേട്ട്‌ അച്ഛനും ഓടിവന്നു. ഉടനെ അടുത്തുളള ആശുപത്രിയിൽ എത്തിച്ചു. ഡോക്‌ടറുമാരും നേഴ്‌സുമാരും ചുറ്റുംകൂടി നിന്ന്‌ എങ്ങനെയൊക്കെയോ എന്നെ പുറത്തെടുത്തു. ഞാൻ ആശ്വസിച്ചു. പാവം കുട്ടി ഞാൻ കാരണം മരിക്കുമായിരുന്നു. ഏതായാലും രക്ഷപ്പെട്ടുവല്ലോ സമാധാനമായി.

കുറെ ധർമ്മക്കാരുടെ കൂടെ ഞാൻ കഴിഞ്ഞിട്ടുണ്ട്‌. രാത്രിയാകുമ്പോൾ മദ്യം കുടിച്ച്‌ ബഹളമുണ്ടാക്കുന്നതൊക്കെ ഞാൻ പേടിയോടെ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഞാൻ എത്രയോ നഗരങ്ങൾ, ഗ്രാമങ്ങൾ ഒക്കെ കണ്ടിരിക്കുന്നു. ചിലപ്പോൾ വിശ്രമമില്ലാത്ത യാത്രയായിരിക്കും. ഒന്നുരണ്ടു പ്രാവശ്യം ഞാൻ ഒന്നുരണ്ടു മാസത്തോളം പളളിയിലെയും അമ്പലത്തിലെയും ഭണ്ഡാരത്തിൽ കിടക്കാനും ഇടയായിട്ടുണ്ട്‌. അവിടെ പല തരക്കാരുമുണ്ടായിരുന്നു. ഞങ്ങൾ അവിടെക്കിടന്ന്‌ ഓരോരുത്തരുടെയും കഥകൾ പറയുമായിരുന്നു. ഒറ്റയ്‌ക്കിരിക്കാൻ എനിക്ക്‌ വലിയ മടിയാണ്‌. പക്ഷെ ചിലപ്പോൾ ഞാൻ ഒറ്റയ്‌ക്കാവാറുണ്ട്‌.

ഓ, പറഞ്ഞു പറഞ്ഞു നേരം പോയി. ഞാനിപ്പോൾ എവിടെയാണെന്നറിയാമോ? ഒരു പച്ചക്കറിക്കടക്കാരന്റെ കൈയ്യിലാണ്‌ ഞാനിപ്പോൾ. ഒരു ചേച്ചി പച്ചക്കറി വാങ്ങി പണം കൊടുത്തു, ബാക്കിയ്‌ക്ക്‌ കുറച്ചു കൂട്ടുകാരുടെ കൂടെ എന്നെയും ചേച്ചിയ്‌ക്കു കൊടുത്തു. ചേച്ചി എന്നെ പേഴ്‌സിനകത്തിട്ട്‌ സിബ്ബിട്ടു പൂട്ടി. ഇനി എങ്ങോട്ടാണാവോ?

ഞാനാരാണെന്ന്‌ നിങ്ങൾക്ക്‌ പിടികിട്ടിയോ? അതെ, ഞാൻ 1985-ൽ ജനിച്ച ഒരു ഒറ്റരൂപ നാണയമാണ്‌. ഇന്ത്യാ ഗവൺമെന്റിന്റെ ഹൈദരബാദിലുളള കമ്മട്ടത്തിലാണ്‌ ഞാൻ ജനിച്ചത്‌.

ശരി നമുക്ക്‌ എവിടെയെങ്കിലുംവച്ച്‌ വീണ്ടും കാണാം.

Generated from archived content: unni_mar10.html Author: albert_kx

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here