ദേവേന്ദ്രപുരത്തെ രാജാവായിരുന്നു വജ്രകുമാരൻ. പ്രജാക്ഷേമതൽപരനായിരുന്ന വജ്രകുമാരൻ ദേവേന്ദ്രപുരത്തെ ജനങ്ങളെ സേവിച്ചു. എങ്കിലും രാജാവിനെ സ്‌നേഹിക്കുന്നതിലുപരി വിജിശ്രവസ്സ് എന്നു പേരായ ഒരു സന്യാസിയെ ആണ് ജനങ്ങൾ ഇഷ്‌ടപ്പെട്ടിരുന്നത്. വജ്രകുമാരനെ അപേക്ഷിച്ച് വിജിശ്രവസ്സിന്റെ പേരാണ് അന്യനാടുകളിൽ മുഴങ്ങികേട്ടത്.
രാജാവ് ഒരു ദിവസം വിജിശ്രവസ്സിന്റെ പർണ്ണശാലയിലെത്തി. ‘എനിക്ക് അങ്ങയുടെ ശിഷ്യനാവണം. എന്നിലും പ്രശസ്തി എന്റെ രാജ്യത്ത് അങ്ങയ്‌ക്കാണ്.’
വിജിശ്രവസ്സ് രാജാവിന്റെ ആവശ്യം കേട്ടിരുന്നു. എന്നിട്ടു പറഞ്ഞു. “അല്ലയോ മഹാരാജൻ, താങ്കൾക്ക് ഈ രാജ്യം ഭരിക്കണ്ടേ? കൂടാതെ കൊട്ടാരവും ഭാര്യയേയും മക്കളേയും ഉപേക്ഷിച്ച് എങ്ങനെയാണ് സന്യാസിയാവാൻ കഴിയുക.”
വജ്രകുമാരൻ എന്നാലും പിൻമാറാൻ ഒരുക്കമല്ല.
“താങ്കളെ എന്റെ ശിഷ്യനായി തെരഞ്ഞെടുക്കുന്നതിന് മുമ്പ് താങ്കൾക്ക് അതിനുളള യോഗ്യത ഉണ്ടോ എന്ന് എനിക്ക് അറിയേണ്ടതുണ്ട്.” സന്യാസി പറഞ്ഞു.
“ശരി ഗുരോ, താങ്കളുടെ എന്തു പരീക്ഷണത്തിനും ഞാൻ തയ്യാറാണ്.” വിജിശ്രവസ്സ് പറഞ്ഞു.
“താങ്കൾ പരീക്ഷണത്തിന് തയ്യാറാണല്ലോ. എങ്കിൽ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്നു ഏറ്റുപറയാൻ സന്യാസി രാജാവിനോട് പറഞ്ഞു. എന്നിട്ട് സന്യാസി പറഞ്ഞു തുടങ്ങി.
”നിങ്ങൾ ആകാശത്തിനപ്പുറത്തു നിന്നാണ് വന്നത്.“
രാജാവ് പറഞ്ഞുഃ ”ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.“
”ഞാൻ കളളം പറയുന്നവനാണ്“
രാജാവ് പറഞ്ഞു. ”ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.“
”നിങ്ങൾ ജനിച്ചപ്പോൾ ഞാൻ സന്നിഹിതനായിരുന്നു.“
”ഞാൻ നിങ്ങളെ വിശ്വസിക്കുന്നു.“
”നിങ്ങളുടെ പിതാവ് ഒരു ഭിക്ഷക്കാരനാണ്.“ സന്യാസി പറഞ്ഞു.
”അത് കളളമാണ്. ആരെവിടെ…“ രാജാവ് വിളിച്ചു കൂവി. ”ഈ സന്യാസിയെ ജയിലിലടയ്‌ക്കൂ….“
ഇത് കേട്ട് വിജിശ്രവസ്സ് പറഞ്ഞു. ”മുൻവിധി കൂടാതെ ഞാൻ നിങ്ങളെ വിശ്വസിക്കുന്നു എന്ന് ഒരു നിമിഷത്തേക്കുപോലും പറയാൻ കഴിയാത്തവിധം അശ്രദ്ധനായ താങ്കൾക്ക് ഒരിക്കലും സന്യാസിയാകാൻ കഴിയില്ല.“
പരീക്ഷയിൽ തോറ്റ രാജാവ് മടങ്ങിപ്പോയി.
Generated from archived content: unni_may28.html Author: ajith_gothuruthu