അവധിക്കാലത്തെ ഞങ്ങളുടെ പ്രധാന പണി ക്രിക്കറ്റ് കളിയാണ്. പക്ഷേ ഗോകുലും അജിയും രാവിലെ അമ്മവീട്ടിൽ പോയതുകൊണ്ട് ഇന്നത്തെ കളി മുടങ്ങി.
ഞാനും കൂട്ടുകാരൻ ഗുരുദത്തും കൂടെ ഒരു ചിത്രകഥയും വായിച്ചു വീട്ടിലെ വരാന്തയിൽ ഇരുന്നു. അപ്പോൾ ചങ്ങല കിലുങ്ങുന്ന ഒരു ശബ്‌ദം. ആന വരുന്നുതായിരിക്കുമെന്നു തോന്നി. ഞങ്ങൾ മുറ്റത്തേക്കിറങ്ങി നോക്കി. അതെ. ആനയാണ്. വലിയ ഒരു കൊമ്പനാന. അവൻ പുഴയരികിലെ റോഡിലൂടെ പടിഞ്ഞാറുനിന്നും വരികയാണ്. ഞങ്ങൾ പുഴയരികിലേക്കോടിയപ്പോഴല്ലേ അത്ഭുതം. ആന വലത്തോട്ടു തിരിഞ്ഞു ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്. ആനക്കാരനും ഒപ്പമുണ്ട്. ഞങ്ങളോടി വീടിന്റെ വരാന്തയിൽ കയറി. അപ്പോഴേക്കും ആന മുറ്റത്തെത്തി കഴിഞ്ഞു.
ഹായ്. എന്തു രസമാണ് ആനയെ കാണാൻ. എന്താ ഉയരം? തുമ്പിക്കൈ നീട്ടി കാർപോർച്ചിലെ തൂണിൽ തൊട്ടുനോക്കുന്നുണ്ട്. കൊമ്പുകൾ എത്ര വലുതാണന്നറിയാമോ? കണ്ണുകൾ ചെറുതാണ്. ചെവികൾ കണ്ടാൽ വലിയ മുറം ആണന്നു തോന്നും. അതെപ്പോഴും ആട്ടിക്കൊണ്ടിരിക്കും. കഴുത്തിൽ മാലക്കു പകരം ഒരു വലിയ കയറാണ് കെട്ടിയിരിക്കുന്നത്. കുടവയറിന്റെ മുകളിലൂടെ ഇട്ടിരിക്കുന്ന ചങ്ങല പുറകിലത്തെ ഒരു കാലിൽ കെട്ടിയിട്ടുണ്ട്. വാലിലെ രോമത്തിന് നല്ല നീളമാണ്. ഒരെണ്ണം കിട്ടിയിരുന്നെങ്കിൽ…..
അപ്പോഴേക്കും മുറിക്കകത്തുനിന്നും അച്ചച്ഛനും വന്നു. അച്ചച്ഛൻ ചോദിച്ചു.
“എന്താ മാധവാ സുഖമല്ലേ? ഇത് ആരുടെ ആനയാണ്?”
“തൃപ്പൂണിത്തുറയിൽ നിന്നും ഇവിടെ അമ്പലത്തിൽ ഉത്സവത്തിനുകൊണ്ടുവന്നതാണ്. ആനക്കുകൊടുക്കാൻ കുറച്ചു ഓലമടൽ വേണം”
“കുറച്ചു ഓലമടലോ പനയോലയോ വെട്ടിഎടുത്തോളൂ.
ആനക്കാരനും അച്ചച്ഛനും വലിയ കൂട്ടുകാരാണെന്നു തോന്നുന്നു. അതായിരിക്കും എന്നോടു ചോദിച്ചത്.
”മോന് ആനപ്പുറത്തു കയറണോ?“
നല്ല ചോദ്യം. ആനപ്പുറത്തു കയറാൻ അങ്ങോട്ടു ചെല്ലാത്ത കുഴപ്പമേയുള്ളൂ. ആന അവിടെ നിന്നുതരുമോ? അതുമല്ല വൈകുന്നേരം അച്ഛനും അമ്മയും വരുമ്പോൾ ഇതെങ്ങാനും അറിഞ്ഞാൽ ഇന്നത്തെ വഴക്കിനുള്ള കാര്യവുമായി.
”മാധവാ എന്റെ കൊച്ചു മോനെ ഒന്നു ആനപ്പുറത്ത് കയറ്റെടാ“ അച്ചച്ഛൻ പറഞ്ഞു.
അതു കേൾക്കാത്ത താമസം ആനക്കാരൻ എന്നെ ആനയുടെ മുമ്പിലേക്കു കൂട്ടിക്കൊണ്ടുപോയി. വലിയ കൊമ്പുകളുടെയും തുമ്പിക്കൈയുടെയും അടത്തുനിന്നപ്പോൾ പേടി തോന്നി. ആനക്കാരൻ ആനയോടെന്തോ പറഞ്ഞു. ആന മുൻകാലുകൾമടക്കി, തല താഴ്‌ത്തിതന്നു. ആ ചേട്ടൻ എന്നെ ആനപ്പുറത്തേക്കു കയറ്റിയിട്ടു പറഞ്ഞു.
”മോൻ പേടിക്കേണ്ട. ഈ കയറിൽ മുറുക്കി പിടിച്ചോ“
പെട്ടന്ന് ആന എഴുന്നേറ്റപ്പോൾ വീഴാതിരുന്നത് ഭാഗ്യം. ഇരിക്കാൻ ഒരു സുഖവുമില്ല. ആനയുടെ രോമം കൊള്ളുമ്പോൾ സൂചികൊണ്ടു കുത്തുന്നതുപോലെ തോന്നും. താഴെ അച്ചച്ഛനും മഹിളാമണി അമ്മയും പേടിച്ചു നോക്കിനിൽക്കയാണ്.
പെട്ടന്ന് ആന തിരിഞ്ഞ് റോഡിലേക്കു നടന്നു. ആനക്കാരനും കൂടെയുണ്ട്. അടുത്ത പറമ്പിൽ കെട്ടിയിരിക്കുന്ന പശു പുല്ലുതിന്നാതെ എന്നെ നോക്കിക്കൊണ്ടു നിൽക്കുകയാണ്. റോഡിലെത്തിയപ്പോൾ അപ്പുചേട്ടനും പാറു ചേച്ചിയും റോഡരികിലുണ്ട്. പുഴയുടെ അക്കരയിൽ നിന്നും മോനുവും ഉണ്ണിയും ക്രിസ്‌റ്റിയും ക്രിസ്‌റ്റീനയും എത്തി. കണ്ണനും കുഞ്ഞുണ്ണിയും സീതുചേച്ചിയും എല്ലാവരോടൊപ്പമുണ്ട്.
എന്റെ പേടിയൊക്കെമാറി. ആറാട്ടുകടവുവരെ, ആനപ്പുറത്തിരുന്നു പോകാനും ഞാൻ റെഡി. ഞാനങ്ങനെ ഗമയിൽ ആനപ്പുറത്തിരിക്കുമ്പോൾ, ആന റോഡിൽ നിന്നും താഴെ പറമ്പിലേക്കിറങ്ങി ഒരു തെങ്ങിൻ ചുവട്ടിൽ ചെന്നുനിന്നു. ആനക്കാരൻ പറഞ്ഞു. ”മോനിവിടെ ഇറങ്ങിക്കോ. ആനക്കു കൊടുക്കാൻ കുറച്ച് ഓലമടൽ വെട്ടണം.“
ആന വീണ്ടും കാലുമടക്കി കുനിഞ്ഞു തന്നു. ഞാനിറങ്ങിയപ്പോൾ ആന എഴുന്നേറ്റുനിന്ന് എന്നെ ഒന്നു നോക്കി. ദൈവമേ ആനക്കൊന്നും കൊടുത്തില്ലല്ലോ. വീട്ടിൽ ശർക്കരയും പഴവുമൊക്കെകാണും. അതെടുക്കാനായി ഞാൻ വേഗം വീട്ടിലേക്കോടി.
Generated from archived content: kattu1_may26_10.html Author: adithya_banseer