മണ്ണിര
മണ്ണിലിഴഞ്ഞു നടക്കുന്നു
മണ്ണും തിന്നുനടക്കുന്നു
മണ്ണുഴുതിട്ടുമറിക്കുന്നു
മണ്ണിരയെന്നു വിളിക്കുന്നു.
പുലിമാളം
പാട്ടും പാടി കുറുക്കച്ചൻ
പുലിമാളത്തിൽ കയറുന്നു.
പുലിയെ കണ്ട കുറുക്കച്ചൻ
എലിയെപോലെ വിറയ്‌ക്കുന്നു.
മഴയും പുഴയും
മഴപെയ്യുമ്പോളെന്തുരസം
പുഴയൊഴുകുമ്പോളെന്തു രസം
പുഴയിൽ മഴ പെയ്‌തീടുമ്പോൾ
കാണാനതിലും നല്ല രസം.
കുഴിയാന
ഇത്തിരിയുളെളാരു
കുഴിയാനക്കും
ഒത്തിരി ചെയ്യാൻ കഴിവുണ്ട്
വഴിയിൽ കൂടി പോകുമുറുമ്പിനെ
കുഴിയിൽ വീഴ്‌ത്താൻ വിരുതുണ്ട്
വളരുക
വിത്തിനുളളിലുറങ്ങിയിരിക്കും
ശക്തിയെന്തെന്നറിഞ്ഞിട്ടുണ്ടോ…?
പൊട്ടിമുളച്ചു വരുന്നൊരു
ചെടിയുടെ ലക്ഷ്യമറിഞ്ഞിട്ടുണ്ടോ?
വളരുക, വളരുക ആകാശത്തേ-
ക്കുയർന്നുപോവുകയത്രേ!
വിജ്ഞാനത്തിൻ വിത്തുകൾ വിതറി
വളർന്നു പോവുക നമ്മൾ
തടിയൻ
മടികാണിച്ചാലെന്തുണ്ടാകും?
മടികാണിച്ചാൽ തടിയുണ്ടാകും
തടിയുണ്ടായാലെന്തുണ്ടാകും?
തടിയൻ എന്നൊരു പേരുണ്ടാകും.
Generated from archived content: kuttikavithakal.html Author: a_jayakrishnan