വിരലുകള്‍

കാല്‍ വള്ളയില്‍ കടിച്ച
ഉറുമ്പിനെപ്പിടിക്കാനാഞ്ഞ്
തുടകളിരുമ്മിയ
ഉന്തിയ വയര്‍

ഉള്ളില്‍ അവള്‍ പിടച്ചു
‘എന്നെയമര്‍ത്താതമ്മേ’

നുള്ളിയെടുത്തുറുമ്പിനെ
അരക്കാന്‍ നേരമോര്‍ത്തു
മീന്‍ മാര്‍ക്കറ്റിനടുത്തുള്ള കുപ്പ
അതില്‍ നുരക്കമുറുമ്പുകള്‍
‘എന്റെ മോളെ ഓര്‍ക്കണം നീയ്യ്’

കുപ്പത്തൊട്ടിയില്‍
ഉറുമ്പരിച്ച
കുഞ്ഞു കരയുന്നു
കുമിഞ്ഞ ചവറുകള്‍ക്കൊപ്പം
വളര്‍ന്ന ഉറുമ്പുകള്‍
അരിച്ചു തീര്‍ക്കുന്നു
കണ്ണുകള്‍ കവിളുകള്‍
തിരയുകയാണവ
കൊല്ലാതെ വിട്ട വിരലുകളെ.

Generated from archived content: poem1_may25_12.html Author: a.v.santhosh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here