പുതിയഭൂമി

the-wolf-table

 

ആഴ്ചപതിപ്പിന്റെ പത്രാധിപകര്‍ക്ക്‌ ലേഖനം എഴുതിപ്പിക്കാന്‍ വളരെ എളുപ്പമാണ്‌. സ്ഥിരം എഴുത്തുകാരുണ്ട്‌. കമ്യൂണിസ്റ്റ്‌ വിരുദ്ധത, ദളിത്‌ പ്രേമം, മുസ്ലീം പ്രേമം, സൈബര്‍ ആധിപത്യം, ഫാസിസം, ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗ്ഗീയത, സലഫിസം, സവര്‍ണ്ണ സിനിമയുടെ ബ്ലൌസ്‌ നിറങ്ങള്‍ ഇവയ്ക്കൊക്കെ സ്ഥിരം എഴുത്തുകാരുണ്ട്‌. ചാനല്‍ ചര്‍ച്ചയ്ക്ക്‌ പൌഡര്‍ കുട്ടപ്പന്മാരായി വരുന്നവരെ പോലെ.
ഇവരുടെ മെയിലിലോ വാട്സാപ്പിലോ ചുമ്മാ ഒരു മെസേജ്‌ ഇട്ടാല്‍ അപ്പോള്‍ ചുട്ടു കിട്ടും ഏതു രീതിയിലെ അപ്പവും. ക്രിയാത്മക സാഹിത്യവും അതേ നിലയിലാക്കാന്‍ പത്രാധിപന്മാര്‍ക്ക്‌ കഴിയണം. നമ്മുടെ സ്വന്തം എംബഡഡ്‌ കഥാകാരന്മാര്‍ നമ്മളെ സഹായിക്കും.
വാരികയുടെ താളുകള്‍ക്കൊപ്പം എംബഡഡായിപ്പോയ ചില ഭയങ്കര കഥാകൃത്തുകള്‍ ഉണ്ട്‌. ഈഴവ, മുസ്ലീം, ഹിന്ദുകഥകള്‍ ബിരിയാണിപോലെ, അവുലൂസ്‌ ഉണ്ടപോലെ, പാല്‍പായസ്സംപോലെ കഥകള്‍ ഉണ്ടാക്കും.
അടുത്ത ലക്കം നമ്മുക്കൊരു ഊര്‍ജ്ജ സംരക്ഷണ വാരമാക്കിയാലോ? ഊര്‍ജ്ജത്തിന്റെ ആളെ വിളിക്കാം-ഇനിയുള്ള ആഴ്ച്ചത്തേക്കുള്ള കഥയ്ക്ക്‌.
“ഹലോ, എനര്‍ജി കണ്‍സര്‍വേഷന്‍ സെന്ററല്ലെ”
“അതെ”
“അവിടെ കഥ എഴുതുന്ന ഒരു ബിടെക്ക്‌ കാരന്‍ ഉണ്ടല്ലോ-അയാളെ ഒന്നു കിട്ടുമോ?”
ഫോണിന്റെ അങ്ങേ തലയ്ക്കല്‍ അയാള്‍ വന്നു.
പറഞ്ഞു തീര്‍ന്നില്ല. ഏറ്റു കഴിഞ്ഞു.
വൈകുന്നേരമായപ്പോഴേക്കും അദ്ദേഹം കഥ മെയിലില്‍ അയച്ചു കഴിഞ്ഞു.
കഥ- ദാ ഇങ്ങനെ

****
പാലക്കാടന്‍ വേനല്‍ക്കാലം, ഒളിച്ചു പോകുന്ന കാര്‍മേഘങ്ങള്‍, ചുട്ടു പൊള്ളുന്ന കാറ്റ്‌ വീശും പശ്ചിമഘട്ടപ്പാറകളില്‍ നിന്നും ശ്രുതി നമ്പൂതിരി ഓര്‍ത്തു.
പണ്ട്‌ കണ്ട വൈശാലി സിനിമയിലെ വറുതിക്കാലത്തെ രംഗങ്ങള്‍ ഓര്‍മ്മ വരും. കഴുകന്‍ പറക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ ഇല്ലെന്നല്ലേയുള്ളൂ. വെക്കേഷന്‌ നാട്ടില്‍ വന്നാല്‍ എഞ്ചിന്‍ ഏപ്രില്‍-മേയ്‌ മാസങ്ങള്‍ എങ്ങനെ തള്ളി നീക്കും !
തറവാട്ടുവീട്ടിലെ എയര്‍കണ്ടീഷണര്‍ കൂടുതല്‍ വിയര്‍ക്കും – രണ്ടുമാസം കഴിഞ്ഞു ബില്ലുവരുമ്പോള്‍  ചേട്ടന്റെ ഭാര്യ പിറുപിറുക്കുകയൊന്നുമില്ല – എന്നാലും വിയര്‍ക്കാതിരിക്കുമോ? എണ്ണിച്ചുട്ട സര്‍ക്കാര്‍ ശമ്പളം അല്ലേ അവര്‍ക്കുള്ളൂ!
ശ്രുതിയ്ക്ക്‌ ദുബായില്‍ ‘ഏസിയില്‍ നിന്നും ഏസിയിലേക്ക്‌’ എന്ന രീതി ആണല്ലോ – ഏസിക്കാറില്‍ നിന്ന് ഏസി റൂം – പിന്നെ ഏസി വീട്‌: ഏസി മാള്‍ അങ്ങനെ!

തറവാട്ടുവീട്ടിലെ പ്രത്യേകത – ഏസിയും ഫാനും ഇട്ടാല്‍ അതങ്ങിനെ ഓഫാക്കാതെ കിടക്കും- ശ്രുതിനമ്പൂതിരിയ്ക്ക്‌ നാട്ടിലെ ബന്ധുക്കളെ ഊര്‍ജ്ജസംരക്ഷണം ഒന്നു പഠിപ്പിയ്ക്കണം എന്നുണ്ട്‌.
നാത്തുനെ വിളിച്ചു പറഞ്ഞു-
“ചേച്ചി, ഹാര്‍ഡ്‌ വര്‍ക്ക്‌, സ്മാര്‍ട്ട്‌ വര്‍ക്ക്‌ എന്നൊക്കെ കേട്ടിട്ടുണ്ടോ?”
“പണ്ടൊക്കെയാണ്‌ ആളുകള്‍ ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്തിരുന്നത്‌-
ഇപ്പോള്‍ എല്ലാവരും സ്മാര്‍ട്ട്‌ വര്‍ക്കാണ്‌ ചെയ്യുക” – ശ്രുതികൂട്ടിചേര്‍ത്തു.
“അതെന്താ അതിന്റെ വ്യത്യാസം?”- നാത്തുന്‌ സംശയം
“കഷ്ടപ്പെട്ട്‌ തല പുകഞ്ഞ്‌ പണിയെടുക്കുന്ന ആളുകളെ ഓവര്‍ടേയ്ക്ക്‌ ചെയ്യുന്ന ആളുകള്‍ ചില പ്രത്യേക വിദ്യകളും ഉപകരണങ്ങളും ഒക്കെ ഉപയോഗിച്ച്‌ മുന്നില്‍ കയറിപ്പോവും- ചിലപ്പോള്‍ മണിയടിവരെ ഒരു ടൂള്‍ ആക്കും.”- ശ്രുതി ചിരിച്ചുകൊണ്ട്‌ പറഞ്ഞു
ആദ്യത്തെ വിഭാഗം ഹാര്‍ഡ്‌ വര്‍ക്ക്‌ ചെയ്യുവാനും രണ്ടാമത്തെ വിഭാഗം സ്മാര്‍ട്ട്‌ വര്‍ക്ക്‌ ചെയ്യുന്നവരും.
ആളുകള്‍ മുറിയില്‍ ഇല്ലാതെ ഇരുയ്ക്കുമ്പോള്‍ ഫാനും ഏസിയും താനേ ഓഫാകണം – അതിന്‌ ‘ഒക്യുപ്പന്‍സി സ്വിച്ച്‌’ എന്ന ഒരു സംവിധാനം ഉണ്ട്‌- മുറിയിലേക്ക്‌ ആള്‌ കടന്നു വരുമ്പോള്‍ അവ പ്രവര്‍ത്തനക്ഷമമാവും. അല്ലാത്തപ്പോള്‍ താനേ സ്വിച്ച്‌ ഓഫ്‌ ആകും.
“എന്റെ ഒഫീസ്സില്‍ അതു ഘടിപ്പിച്ചിട്ടുണ്ട്‌- കേരളത്തില്‍ മിക്ക വീടുകളിലും ഒാഫീസ്സുകളിലും ഇത്‌ അത്യന്താപേക്ഷിതമാണ്‌- സാമൂഹ്യ പ്രതിബദ്ധത കുറയുകയും പോക്കറ്റില്‍ കാശ്‌ കൂടുകയും ചെയ്തു ഒരു വലിയ ജനസമുുഹം കേരളത്തിന്റെ ഊര്‍ജ്ജത്തെ കരണ്ട്‌ തിന്നുന്നുണ്ട്‌.”
തന്റെ കൂടെ പഠിച്ച ശോശാമ്മ കുരുവിള ആണല്ലോ പാലക്കാട്ടെ കെ. എസ്‌. ഈ.ബി ഡെപ്യൂട്ടി ചീഫ്‌ എഞ്ചിനീയര്‍!
ഈ സമാര്‍ട്ട്‌ സംവിധാനത്തെപറ്റി അവളെ ഒന്ന് പറഞ്ഞ്‌ മനസ്സിലാക്കണം – സര്‍ക്കാര്‍ ഒാഫീസിലെങ്കിലും ഇത്‌ പ്രാവര്‍ത്തികം ആക്കാന്‍ പറയണം- പത്രങ്ങളിലൊക്കെ വന്നാല്‍ കൂടുതലാളുകള്‍ ശ്രദ്ധിയ്ക്കും.
അപ്പോള്‍ ശ്രുതി നമ്പൂതിരിയ്ക്ക്‌ പ്രവാസികളുടെ സ്വതസ്സിദ്ധമായ ആവേശം അണപൊട്ടുകയായിരുന്നു.

****

എന്തെളുപ്പം- കഥകഴിഞ്ഞു ആഴ്ചപതിപ്പിന്റെ. കഥയുടെ പേര്‌ തിരുത്തി ‘നമുക്ക്‌ സ്മാര്‍ട്ടാകാം’ എന്നാക്കി.
മുഖചിത്രം കഥ അയാളുടെ തന്നെയാക്കാം. അല്ലെങ്കില്‍ കഥയ്ക്ക്‌ വരയ്ക്കുന്ന ചിത്രം വാരികാമുഖം.
അടുത്ത ആഴ്ചത്തേയ്ക്ക്‌ വിജിലന്‍സ്‌ ഡയറക്ടറെ വിളിക്കാം- വിജിലന്‍സ്‌ വീക്കല്ലേ അടുത്ത ആഴ്ച!!
അടുത്താഴ്ച്ചത്തേക്ക്‌- “പുതിയആകാശം പുതിയ ഭൂമി” കണ്ടു പിടിച്ച പത്രാധിപര്‍ക്ക്‌ ജോലി എളുപ്പം.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here