മുല്ലപ്പൂമണമൊഴുകുമാ മെത്തയിൽ,
പൂമണമേറ്റു ഞാൻ കിടന്നുറങ്ങി.
ഇന്നലെ ഞാനൊരരളി മുറിച്ചതും
സ്വപ്നമായി വന്നെന്റെ മുന്നിൽ നിന്നു.
മവിടൊരു സുന്ദരി പുഞ്ചിരി വിതറി-
യരളിപ്പൂ മാലകൾ ചൂടി നിന്നു.
“എവിടെയരളീ പൂമരങ്ങൾ, ചൊല്ലെ-
വിടെയാരക്ത പുഷ്പങ്ങൾ.
പൂജയ്ക്ക് പൂനുള്ളാൻ വന്നതാണെ-
ചുവചുവാ ചെമക്കുന്ന പൂക്കൾ വേണം.”
സന്ധ്യയൊരുങ്ങുന്നു കുങ്കുമം വിതറുന്നു
ചന്ദ്രക്കല ദൂരെ തെളിഞ്ഞു വന്നെ!
പാരിജാതപൂക്കൾ പൂത്ത പോലെ
പാലപ്പൂമണവുമൊഴുകി വന്നു.
“ചെമ്പനിനീർ പോൽ ചെമന്നതാണോ?
ചെമ്പകചോട്ടിലെ യക്ഷിയാണോ?”
പൊട്ടിച്ചിരിച്ചവളൊന്നു ചൊല്ലി
പാലൊഴുകും മരം മുറിച്ചതാരാ-
പാരിജാതപ്പൂവിൻ കാമുകനോ?
“ഉറപ്പായെനിക്കിവളെക്ഷി തന്നെ
പാലൊഴുകും മരം പാലയല്ലെ!”
അരളിപ്പൂവെന്തേ ചൂടുന്നൂ നീ,
പാലപ്പൂവല്ലെ നിനക്കു പ്രിയം.
പൂനുള്ളാനാര് പൂജാരി, നീ-
ചെമ്പകചോട്ടിലെ യക്ഷിയല്ലെ?
കണ്ണു തുറന്നപ്പോൾ മുന്നിലവൾ
കണ്ണുമിഴിച്ചങ്ങിരിക്കയാണ്.
പാറിപറക്കുന്ന മുടിയിഴകൾ
മിന്നിതിളങ്ങുന്ന കൺമണികൾ
രക്തമൊഴുകുന്ന ദന്തങ്ങളും
മിന്നിമറയുന്ന നിഴലുകളും
ചാടിയെഴുന്നേറ്റൊരൊറ്റയടി
ചെമ്പകചോട്ടിലെ യക്ഷി വീണു.!
നേരം പുലർന്നപ്പോളെഴുത്തു മാത്രം
ഏട്ടന്റെ ഭ്രാന്തുമാറീട്ടു കാണാം.
മലയാറ്റൂരിനമ്പല യക്ഷി പോലെ
പുക, ചുരുളായിമാറുവാനെനിക്കു വയ്യേ!