കൂടാരത്തിനകത്ത് പുസ്തകങ്ങളുടെ അത്ഭുതലോകമായിരുന്നു .
വ്യത്യസ്ത വിചാരങ്ങളുടെയും വികാരങ്ങളുടെയും പതിനായിരക്കണക്കിന് കൈവഴികൾ. വഴികളെല്ലാം നടന്ന് തീർക്കാൻ, സൈക്കിൾ ചവുട്ടിയെങ്കിലും പോകാൻ , ജന്മങ്ങൾ വേണ്ടിവരും .
കൂടാരത്തിനുള്ളിലെ ഇടവഴികളിലൂടെ മനോഹരമായ പുസ്തകങ്ങൾ എടുത്ത് മറിച്ച് നോക്കിയും സൂത്രത്തിൽ മണപ്പിച്ചും പലകുറി ചുറ്റിത്തിരിഞ്ഞ സന്ദീപ് എഴുത്താണിയുടെ ഉള്ളിൽ എഴുന്ന ശലഭജന്മത്തിൻെറ ഹൃസ്വത മൃത്യുമോഹത്തിൻെറ കൊതിപ്പിക്കുന്ന ഭാരമില്ലായ്മയായി .
“എഴുത്തുകാരൻെറ കട “എന്ന ഏടാകൂടത്തിൽ ചെന്നിരുന്ന എഴുത്താണിക്ക് മുന്നിലൂടെ പുസ്തകപ്രേമികൾ ഗൗനിക്കാതെ കടന്ന്പോയി .
ആഖ്യാനമികവിനപ്പുറം എഴുത്തുകാരൻ നേരിടുന്ന വെല്ലുവിളിയെന്താണ് ?
ജേർണലിസം ഡിപ്ലോമക്കാരനായ ലിറ്റററി എഡിറ്ററുടെ ഭാവുകത്വം എഴുത്തിനും വായനയ്ക്കും ഇടയിൽ ഇളിച്ച് പിടിച്ച പല്ലുകളായി വിലങ്ങിച്ച് നിൽക്കുന്നതോ ?
“ദേ ,ഇങ്ങനെ മേലോട്ടും നോക്കിയിരുന്നാ പുസ്തകം വല്ലവൻെറയും കക്ഷത്തിരിക്കും ….ഒരുത്തനേം വിശ്വസിക്കാനൊക്കത്തില്ല…..ബാക്കി എഴുത്തുകാരൊക്കെ എന്തിയേ …”
പകൽക്കിനാവിലെ ശബ്ദം ഇത്ര മുഴങ്ങാനെന്ത് കാരണമെന്ന് കണ്മിഴിച്ചപ്പോൾ മുന്നിലൊരു ആജാനുബാഹു .മുഖം മുക്കാലും മറയ്ക്കുന്ന താടി. പിന്നിലേക്ക് ചീകിയ മുടി.കട്ടിക്കണ്ണട .മറുപടിക്ക് കാത്തു നിൽക്കാതെ പിന്തിരിഞ്ഞ് കൈയും വീശിയുള്ള നടപ്പ്.അപ്പുറത്തെ ആത്മീയ പുസ്തകശാലയിലെ ചേട്ടൻ.അവിടുത്തെ തിരക്കിൽ നിന്നും എതിർവശത്തെ എഴുത്തുകാരൻെറ കടയ്ക്ക് സംഭവിക്കാനിടയുള്ള അപകടത്തെ കുറിച്ച് മുന്നറിയിപ്പ് നല്കാൻ സ്നേഹത്തോടെ പാഞ്ഞു വന്നതാ .
സന്ദീപ് എഴുത്താണി പുസ്തകത്തട്ടിലേക്ക് നോക്കി .
പ്രശസ്തരുടെ പുസ്തകങ്ങളൊന്നുമില്ല .
എഴുത്തുകാരുടെ കട എന്ന വെല്ലുവിളിയിൽ കൂട്ട് ചേർന്ന ഒരു പറ്റം എഴുത്തുകാർ .സൗമിത്രൻ , ഷാജി വേങ്കടത്ത് ….
എഴുത്താണി ജാഗ്രതപ്പെട്ടു.
ഇതൊക്കെ കക്കാൻ വരുന്ന കള്ളനെ കൈയോടെ പിടിക്കണം .
വെജിറ്റേറിയൻ ഹോട്ടലിൽ കൊണ്ടു പോയി ചോറും വാങ്ങിക്കൊടുത്ത് വണ്ടിക്കൂലിയും വിശപ്പ് എഴുത്തുകാരനുമുണ്ട് എന്ന ബോധവത്ക്കരണവും കട്ടെടുത്ത പുസ്തകവും നല്ല വാക്കും നൽകി പറഞ്ഞയക്കണം .
സ്റ്റാളിലേക്ക് കൂട്ടത്തിൽ ചേർന്നിട്ടുള്ള എഴുത്തുകാർ പലരും വന്നു.ആരും വിശേഷിച്ച് പരസ്പരം ഒന്നും മിണ്ടിയില്ലെങ്കിലും എല്ലാവരുടെയും കണ്ണുകൾ നുകത്തിൽ നിന്ന് കഴുത്ത് ഊരിയ ആശ്വാസത്തിൽ തിളങ്ങി .
എഴുത്തുകാരൻെറ കട എന്ന കൗതുകത്തിന് മുന്നിൽ പലപ്പോഴും ആൾക്കൂട്ടം വന്നു കൂടുകയും ഒഴുകിപ്പോവുകയും ചെയ്തു.
ചിലർ വമ്പ് കാട്ടാനായി തർക്കിച്ചു. സാഹിത്യമെഴുതാൻ ഇവനൊക്കെ ആരെടാ എന്ന ഭാവത്തിൽ. പുസ്തകം കൈ കൊണ്ടു തൊടാൻ പോലും കൂട്ടാക്കാതെ മുഷിഞ്ഞ മുഖവുമായി ചിലർ പിന്തിരിഞ്ഞു. മുഖ്യധാരാമാധ്യമങ്ങളുടെ ശുപാർശയില്ലല്ലോ എന്ന് സന്ദേഹിച്ചവരുണ്ട്. .ചിലരൊക്കെ പുസ്തകങ്ങൾ വാങ്ങി ചിരപരിചിതരെപ്പോലെ സ്റ്റാളിനുള്ളിൽ കടന്നിരുന്ന് ഏറെ നേരം വർത്തമാനം പറഞ്ഞ് ചങ്ങാത്തം കൂടി.
“മിസ്റ്റർ റൈറ്റർ , ആർ യൂ ഫ്രീ ഫ്രം ദി പബ്ലിഷർ എന്ന ലെനിൻെറ ചോദ്യത്തിന് ….”
സഹൃദയനായ വായനക്കാരൻെറ വാക്കുകൾ എഴുത്തുകാരൻ പൂരിപ്പിച്ചു :
“കാലം കരുതിയ ഉത്തരങ്ങളിൽ ഒന്ന് “
പുസ്തകോത്സവം കൊടിയിറക്കത്തിൻെറ നാളുകളിലേക്ക് അടുത്തു.
കാര്യമില്ലാത്ത വിഷാദത്തിൻെറ വിരുന്നിൽ പെട്ടിരുന്ന സന്ദീപിൻെറ മുന്നിലൂടെ മാധ്യമങ്ങളുടെ കണ്ണിലുണ്ണികളായ ചില യുവ എഴുത്തുകാർ അവഗണിച്ച് കടന്ന് പോയി.
കൊരണ്ടിയിൽ ഇരിക്കുന്നവന് നിലത്തിരിക്കുന്നവനോട് പുച്ഛം തോന്നുന്നത് സ്വാഭാവികം.
അപ്പുറത്തെ ആത്‌മീയപുസ്തകശാലയിലെ ചേട്ടൻ അവിടുത്തെ തിരക്കിനിടയിലും കൈയും കലാശവും കാട്ടി സന്ദീപിനെ ജാഗ്രതപ്പെടുത്താൻ ശ്രമിച്ചു.
പുസ്തകങ്ങളെല്ലാം ആരെങ്കിലും കട്ടോണ്ട് പോയിരുന്നെങ്കിൽ എന്നായിരുന്നു സന്ദീപിൻെറ മനസ്സിൽ.
കള്ളനെ കുടുക്കാൻ പുസ്തകത്തട്ടിന്മേൽ നെയ്തിട്ട മാന്ത്രിക വലയില്ല. വായിക്കാൻ തുറക്കുമ്പോൾ കട്ടെടുത്ത പുസ്തകം മറുഭാഷയിലാകുന്ന ഒടിവിദ്യയില്ല.
എല്ലാം ആരെങ്കിലും കട്ടോണ്ടു പോയാൽ മതിയായിരുന്നു.
മനസ്സിൽ പതിയിരിക്കുന്ന കഥകളും ആരെങ്കിലും ചൂഴ്ന്നോണ്ട് പോയിരുന്നെങ്കിൽ.
ഒരുകൂട്ടം ന്യൂജനറേഷൻ ബുദ്ധിജീവികൾ സ്റ്റാളിന് മുന്നിൽ വന്ന് സന്ദീപിനെ വിചിത്ര ജീവിയെ എന്നോണം നോക്കി. അവരിലൊരാൾ പുസ്തകത്തട്ടിൽ നിന്ന് “ മാരാർ: ഒരു പുനഃസന്ദർശനം “ എന്ന യൂ ജി സി ശമ്പളക്കാരൻെറ ഉത്പന്നമെടുത്ത് തിരിച്ചും മറിച്ചും നോക്കി .
“ചേട്ടാ , മാരാരെന്തിനാ പുനത്തിപ്പോയത് ?”
കിടുങ്ങിപ്പോയെങ്കിലും സന്ദീപിന് പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല .
ആടുജീവിതം തിരക്കി പലരും വന്നെങ്കിലും തീക്കടൽ കടഞ്ഞ് തിരുമധുരം തിരക്കി ആരും വരാത്തതിൻെറ കുരുക്കിൽ പെട്ടിരിക്കുമ്പോഴതാ ഒരാൾ!
പുസ്തകത്തട്ടിന്മേൽ കൗതുകവും ഗാംഭീര്യവും ഉള്ള നോട്ടം പരക്കുന്നു. പുസ്തകത്തട്ടിന്മേൽ വിരലോടുന്നത് കീബോർഡിലെന്ന പോലെ.
മാരാർ വിമർശം തന്നെയെടുത്തു .
ഹൌ ! ഒരു ക്ലാസിക് റീഡർ !
“മലയാളഭാഷയിലെ ഒരു പ്രതിഭ വിമർശിക്കപ്പെടുകയാണ് “ സന്ദീപ് എഴുത്താണി എഴുന്നേററു.”ഉത്തമ വിമർശനത്തിലൂടെ മാത്രമേ ഏതു ദർശനത്തിൻെറയും മാറററിയാനൊക്കൂ .”
വായനക്കാരൻ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയപ്പോൾ എഴുത്താണി അങ്കലാപ്പിലായി .
വിദ്വാനോ ഡോക്ടറോ പ്രൊഫസ്സറോ മറ്റോ ആയിരിക്കും.
വീണ്ടും പുസ്തകമൊന്ന് മറിച്ച് നോക്കിയിട്ട് അദ്ദേഹം ഗൗരവത്തിൽ ചോദിച്ചു :
“മദ്ദളത്തെക്കുറിച്ച് പുസ്തകമുണ്ടോ ?”
ഉത്തരം പറയാതെ കടയടച്ച സന്ദീപ് എഴുത്താണി തിരുനക്കര ബസ്‌സ്റ്റാന്റിലെത്തി ആദ്യം കണ്ട ബസ്സിൽ കയറി എങ്ങോട്ടോ പോയി .