പുരുഷൻ

purushan

 

കണ്ണുനീർ സാഗരം
ഒരു ചെറുപുഞ്ചിരിയിൽ
ഒളിപ്പിച്ച് ,
ഇല്ലായ്മയെ നെഞ്ചൂക്കിനാൽ
നേരിട്ട്
ചോരയൊലിക്കുന്ന
കാലിൽ
വസന്തങ്ങളെ കണ്ടവൻ.

പ്രണയ പുഷ്പങ്ങളെ
ഉള്ളിലൊതുക്കി
നഷ്ട വസന്തങ്ങളെ
ഓർമ്മക്ക് വായ്പ നൽകി
കത്തിനിൽക്കുന്നു
ഒരു മെഴുക് തിരിനാളമായ്.

ഭയത്തിന്റെ നാമ്പുകൾ
തല്ലിക്കെടുത്തി,
രാവിന് കാവലായ്
കാത്തിരുന്ന്,
ശിലയെന്നു നീ ചൊന്ന
ഹൃത്തടത്തിലും നിന്റെ
നാമം ഞാൻ
കൊത്തിവെച്ചിരുന്നു.

മരണ വാഹനത്തിൽ നീ
എന്നെ തനിച്ചാക്കി
പടികടന്നങ്ങനെ
പോയിടുമ്പോൾ
നീ ചൊന്ന ശിലയിൽ നിന്നുമൊരു
ചെറു ചോല
എന്റെ കവിളിനെ തഴുകി
മെല്ലെയൊഴുകി
തുടങ്ങിയിരുന്നു..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here