ജീവിതമാകും ഘോരവനത്തിന്‍ നടുവില്‍
ദുഃഖങ്ങള്‍ തന്‍ തീക്ഷ്ണജ്വാലയേറ്റു
ചിറകുകള്‍ കരിഞ്ഞു വീണുപോയി
ഒരു ചിത്രവര്‍ണ്ണപ്പൈങ്കിളി
കൂട്ടരുപേക്ഷിച്ചു ഇണക്കിളിയുമു
പേക്ഷിച്ചുപോയി പാവം പൈങ്കിളിയെ
ഘോരാന്ധകാരത്തിന്‍ നടുവില്‍
വഴിയറിയാതെ ദീനം ദീനമവള്‍ കേണു
അവള്‍തന്‍ ദീനരോദനം
അന്ധകാരത്തില്‍ മാറ്റൊലിക്കൊണ്ടു
വനരോദനമായിത്തീര്‍ന്നു
ഭീതിയാല്‍ കണ്ണുകളടച്ചവള്‍
വനത്തിനുള്ളില്‍ കഴിഞ്ഞേറെനാള്‍.
മിന്നല്‍പ്പിണര്‍പോലൊരു
രാജഹംസം പെട്ടെന്നൊരുനാള്‍ വന്നവളോടുകല്‍പ്പിച്ചു:
“ഉണരൂ! ജീവിതമെന്തെന്നറിയാതെ
യിത്രനാള്‍ നീ ജീവിച്ചു
ഒരുമയെന്തന്നറിയാത്ത-
വരോടിത്രനാളൊത്തു നീ കഴിഞ്ഞു
എന്തിനീ കൂട്ടരുമിണയും?
നിന്നെ ഞാനൊരു പുനര്‍ജ്ജനി
പ്പക്ഷിയാക്കി മാറ്റും; ഉണരൂ നീ..”
മെല്ലെ മെല്ലെയവളുണര്‍ന്നു
തമസ്സകന്നു ചുറ്റും പ്രകാശം പരക്കുന്നതവള്‍ കണ്ടു
പരിശുദ്ധവും തെളിഞ്ഞതുമായ
ഉറവകളുണ്ടെന്നുമപൂര്‍വ്വ
ഫലങ്ങളുള്ള വൃക്ഷങ്ങളുണ്ടെന്നു-
മവനവളോടുമന്ത്രിച്ചു.
ജീവിതമെന്തെന്നും ലക്ഷ്യമെന്തെന്നും
അവനവള്‍ക്കുചൊല്ലിക്കൊടുത്തു
തന്‍ സ്നേഹസ്പര്‍ശത്താലവനവളുടെ
ചിറകുകള്‍ക്കുപ്രാണനേകി.
അനുദിനമനുദിനമവളുടെ
മേനിയാകെ പൊന്‍തൂവലുകള്‍ നിറഞ്ഞു
ഉണര്‍വ്വേകി ശക്തിയേകിയവനവള്‍ക്കു
മൗനത്തിന്‍ മഹത്വവും മോക്ഷത്തിന്‍
വഴികളും ചൊല്ലിക്കൊടുത്തു.
ശോകമെല്ലാമകന്നവളുടെയന്തരംഗം
ദിവ്യമാം പ്രകാശത്താല്‍ നിറഞ്ഞൊരു
നിശ്ചലതടാകമായി മാറി
പെട്ടെന്നൊരുനാളവളൊരു
പുനര്‍ജ്ജനിപ്പക്ഷിയായി ചിറകുവിടര്‍ത്തി
അത്യുന്നതങ്ങളിലേക്കുപറന്നുയര്‍ന്നു
രാജഹംസമോ? പ്രകാശമായി
മഹാശൂന്യതയിലലിഞ്ഞുചേര്‍ന്നു.