ഒരു പുളിമരത്തിന്റെ കഥ

 

images-3

പുളിമരത്തിന്റെ തണലിലും തണുപ്പിലും കുന്തിച്ചിരുന്ന്, അല്ലേശു വല്യപ്പൻ ബീഡി വലിച്ചു. വിയർപ്പിൽ കുതിർന്നുപോയ തെറുപ്പു ബീഡി കത്തിച്ചെടുക്കാൻ ഒരുപാടു ബുദ്ധിമുട്ടി. രണ്ടു കവിൾ പുക നെഞ്ചിലേക്ക് വലിച്ചു കയറ്റാൻ അതിലേറെ ബുദ്ധിമുട്ടി. എന്നിരുന്നാലും ബീഡി വലിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഉന്മേഷം തോന്നി. പുളിമരത്തോടു ചേർത്ത് വച്ചിരുന്ന തുണിസഞ്ചിയിലേക്കു നോക്കിയപ്പോൾ, വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും ഉണ്ടായി.

രാവിലെ പള്ളിയിൽ കുർബാന കഴിഞ്ഞപ്പോൾ തുടങ്ങിയ അദ്ധ്വാനമാണ്. പുളിമരത്തിനു ചുവട്ടിൽ ചിതറി വീണ കുടമ്പുളികൾ സഞ്ചിയിൽ വരിനിറച്ചു കഴിഞ്ഞപ്പോൾ, പതിവുള്ള ചുമയും കിതപ്പും തുടങ്ങി.
ഇതു വർഷങ്ങളായുള്ള പതിവ് ജോലിയാണ്, ദിവസം രണ്ടു പ്രാവശ്യമുള്ള പുളി ശേഖരണം. സ്വർണ്ണ നിറമാർന്ന തേൻ കനികൾ കുരു കളഞ്ഞു വെയിലത്തുണക്കി, വിറകടുപ്പിനു മുകളിലെ, മുളകൊണ്ടു തീർത്ത പരത്തിനു മുകളിൽ, നിരത്തി വച്ച് പുക കൊള്ളിക്കണം. ഉണങ്ങിച്ചുരുങ്ങി, കരിനിറമായ കുടമ്പുളികൾ, ഉപ്പും വെളിച്ചെണ്ണയും തിരുമ്മി, വീണ്ടും വെയിലത്ത് വച്ചുണക്കിയാൽ, പിന്നെ ഭദ്രമായി, ഭരണികളിലടച്ചു, തുണികൊണ്ട് മൂടികെട്ടാം. എത്ര വര്‍ഷം കഴിഞ്ഞാലും കേടുവരില്ല. ആവശ്യത്തിന് എടുത്തു വിൽക്കുകയും ചെയ്യാം. കുടമ്പുളിക്ക് തീവിലയാണ്. കുടമ്പുളിയിട്ട മീൻ കറിയുണ്ടെങ്കിൽ ഒരു പറയുടെ ചോറുണ്ണാം!

അല്ലേശു വല്യപ്പനെ സംബന്ധിച്ചിടുത്തോളം കുടമ്പുളിയുടെ വിലയേക്കാൾ എത്രയോ ഇരട്ടിയാണ്, അത് തരുന്ന അഭിമാനബോധം. തന്റെ തറവാട്ടിലെ മൂത്ത കാരണവർ ഇഷ്ട ദാനമായി കൊടുത്ത പറമ്പിലാണ് ഇടവക മധ്യസ്ഥനായ അന്തോണീസ് പുണ്യവാളൻ, ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നിൽക്കുന്നത്. അതിനോട് ചേർന്ന് പുണ്യവാളനും, ഉണ്ണിയേശുവിനും തണലും തണുപ്പും നൽകി, പുളിമരം പടർന്നു പന്തലിച്ചു ഒരു കൂറ്റൻ വട വൃക്ഷമായി നില കൊള്ളുന്നു.

പുളി നിറച്ച വലിയ തുണിസഞ്ചികൾ ഇരുകരങ്ങളിലും തൂകി, അല്ലേശു വല്യപ്പൻ ഇടവക പള്ളിയുടെ കൊടിമരത്തിന് കീഴ നിന്ന്, മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ചൊല്ലി. പുറകിൽ കാൽപ്പെരുമാറ്റം കേട്ട് നോക്കിയപ്പോൾ, വികാരിയച്ചനാണ്.” ഈ ചെയ്യുന്നത് ശരിയാണോ വല്യപ്പാ?

അച്ചൻ പറഞ്ഞത് മനസിലാകാതെ അല്ലേശു വല്യപ്പൻ മിഴിച്ചു നിന്നു.

“പള്ളിപ്പറമ്പിലെ, പുളി പെറുക്കി വിറ്റ്, പൈസയടിക്കുന്നതു ശരിയാണോ, എന്നാ ചോദിച്ചത്”?

അല്ലേശു വല്യപ്പൻ മന്ദഹസിച്ചു. പുതുതായി മാറി വന്ന അച്ചനാണ്. ഇടവകയെ സംബന്ധിക്കുന്ന കാര്യങ്ങൾ പഠിച്ചുവരുന്നതേയുള്ളൂ.

“അച്ചൻ പുതിയ ആളല്ലേ”? “ആദ്യം കാര്യങ്ങളൊക്കെ ഒന്ന് പഠിക്കണം. എന്നിട്ടാകാം ശരിയും തെറ്റും തീരുമാനിക്കലൊക്കെ.

“അല്ലേശു വല്യപ്പൻ പരിഭവത്തോടെ, യാത്ര പറയാതെ വീട്ടിലേക്കു നടന്നു.
പിൽക്കാലത്തു പുതുക്കിപ്പണിത, ചിരപുരാതനമായ കുരിശു പള്ളിയോടു ചേർന്നായിരുന്നു അരനൂറ്റാണ്ട് മുൻപ്, പള്ളിമേട നിലനിന്നിരുന്നത്. അതിനോട് ചേർന്ന്, ഓലകൊണ്ട് കെട്ടിയ വണക്കമാസപ്പുരയും ചേർത്തായിരുന്നു, അന്ന് പള്ളിയായി രൂപപെടുത്തിയിരുന്നത്. അതിനുള്ള സ്ഥലം ഇഷ്ടദാനമായി കൊടുത്തത് അല്ലേശു വല്യപ്പന്റെ തറവാട്ടിലെ മൂത്ത കാരണവരായിരുന്നു. സ്ഥലം കൊടുത്തപ്പോൾ, കാരണവർ ഒരു നിബന്ധന,പ്രമാണത്തിൽ എഴുതിവച്ചു.”വസ്തുവിന്റെ വടക്കുകിഴക്ക്‌ മൂലയിൽ സ്ഥിതി ചെയ്യുന്ന പുളിമരത്തിലും അതിൽ നിന്നുള്ള ആദായത്തിലും പള്ളിക്ക് യാതൊരുവിധ അവകാശങ്ങളും ഉണ്ടായിരിക്കുന്നതല്ല”.

ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുവിനേക്കാൾ വലുതായി ആ പുളിമരത്തിനുള്ള ശ്രേഷ്ഠതയെന്തെന്നറിയാതെ, വിശ്വാസികൾ അമ്പരന്നു. ഓരോ വികാരിയും മാറിവരുമ്പോൾ, പുളിയെക്കുറിച്ചുള്ള തർക്കങ്ങളും ചർച്ചകളും സർവ്വ സാധാരണമായിരുന്നു.

അങ്ങനെ കാരണവരുടെ ഇഷ്ടദാനത്തിന്റെ തിളക്കമുള്ള കിരീടവും പേറി, അല്ലേശു വല്യപ്പന്റെ തറവാട്ടിലെ പുരുഷ കേസരികൾ, പ്രമാണി ചമഞ്ഞു, നെഞ്ചുവിരിച്ച്, തല ഉയർത്തി നിന്നു. പിൽക്കാലത്തു കാലചക്രം തിരിഞ്ഞപ്പോൾ, പലരുടെയും ജീവിതത്തിന്റെ ഗതിവിഗതികൾ മാറിമറിഞ്ഞു. ഫ്യുഡലിസത്തിന്റെ തകർച്ചയിൽ അല്ലേശു വല്യപ്പന്റെ തറവാടും, അസ്ഥിവാരമിളകി നിലംപൊത്തി. പലരും സാമ്പത്തികമായി തകർന്നു തരിപ്പണമായി.

പഴയകാലങ്ങളിൽ ‘ചുങ്കക്കാരും പാപികളുമായി’ പരിഗണിക്കപ്പെട്ടിരുന്നവർ ‘പരീശന്മാരുടെ’ നിലയിലേക്കുയർന്നു!സ്വാഭാവികമായും ‘സിനഗോഗുകളിൽ ‘പ്രമുഖ സ്ഥാനങ്ങൾ’ അവർ ആഗ്രഹിച്ചു. പള്ളിക്കമ്മറ്റികളിൽ അവർ അഗ്രഗണ്യരായി. പള്ളിയുടെ പേരിൽ നടത്തിയിരുന്ന ആശുപത്രിയുടെയും, സ്‌കൂളിന്റേയും, ധനകാര്യസ്ഥാപനങ്ങളുടെയും ഭരണ സാരഥ്യം, അവർ ഏകപക്ഷീയമായി പിടിച്ചെടുത്തു. ഇടവക മദ്ധ്യസ്ഥനായ പുണ്യവാളൻ ഗതികെട്ട ഏതോ തറവാട്ടുകാരുടെ കുടകിടപ്പുകാരനാണെന്ന പഴംപുരാണം, ഇവർക്കിടയിൽ അസ്വസ്ഥത പരാതി.

“എങ്ങനെയും പുളിമരം വെട്ടിവീഴ്ത്തണം”.

രാത്രിയിൽ വികാരിയച്ചൻ വിളിച്ചു ചേർത്ത ‘അവൈലബിൾ പാരീഷ് കൗൺസിൽ’ ഒരേ സ്വരത്തിൽ പ്രമേയം പാസാക്കി.
നിയമപരമായ നൂലാമാലകൾ ഉള്ളതിനാൽ, അനുരഞ്ജന തന്ത്രമാണ് ആദ്യം പുറത്തെടുത്തത്. അതിനു വേണ്ടി വികാരിയച്ചനെ കൺവീനറാക്കി ‘പുളിമരം കമ്മറ്റിയുണ്ടാക്കി’. അല്ലേശു വല്യപ്പന്റെ ഏക മകൻ ഔതക്കുട്ടിയെ കണ്ടു കാര്യങ്ങൾ പറയാൻ ദൗത്യ വാഹക സംഘം അന്ന് രാത്രി തന്നെ പുറപ്പെട്ടു. അല്ലേശു വല്യപ്പന്റെ ചെറ്റമടത്തിൽ അപ്പോഴും വിളക്കണഞ്ഞിരുന്നില്ല.

ഔതക്കുട്ടി എല്ലാവരെയും കട്ടൻകാപ്പിയും ആവിയിൽ പുഴുങ്ങിയ കൊഴുകൊട്ടയും കൊടുത്തു സ്വീകരിച്ചു. അല്ലേശു വല്യപ്പൻ നേരത്തെ ഉറങ്ങിയിരുന്നു. വളരെ സമാധാനപരമായിട്ടാണ്, ദൗത്യസംഘം കാര്യങ്ങൾ ഉണർത്തിച്ചത്. അതുകൊണ്ടു ഔതക്കുട്ടിയും, അതിലേറെ സമാധാനപരമായിട്ടാണ് പ്രതിവചനങ്ങൾ ഉരുവിട്ടത്. ഔതക്കുട്ടി അവിവാഹിതനും, സൗമ്യനും സർവ്വോപരി സുമുഖനുമായിരുന്നു.
“ആ പുളിമരം അവിടെ നിൽക്കുന്നതുകൊണ്ടു ആർക്കാണ് ഉപദ്രവമുള്ളതു?പള്ളിയുടെ മുന്നിലെ ബസ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്കും, കാൽനട യാത്രികർക്കും അത് തണലും തണുപ്പുമേകുന്നു. സുഗതൻ എന്ന ചെരുപ്പുകാരൻ ആ പുളിമരത്തിന്റെ തണലിൽ ഇരുന്നു ബീഡിയും, സിഗരറ്റും, സോഡയും സർബത്തും വിറ്റ് കുടുംബം പുലർത്തുന്നു. ബാലൻ ചേട്ടന്റെ ബീഡികമ്പനിയിലെ തൊഴിലാളികൾ ആ മാമരത്തിന്റെ തണുപ്പിലിരുന്നാണ് ബീഡി തെറുത്തു ജീവസന്ധാരണം ചെയ്യുന്നത്. താൻ കൊടും വെയിൽ കൊണ്ട്, തണലേകുന്ന പുളിമരം പ്രാണനും പ്രാണവായുവും കൊടുത്തു, അനേകമടങ്ങു മനുഷ്യർക്ക്, ജീവനും ജീവിതവുമേകുന്നു. എന്തിനാണത് മുറിക്കുന്നത്”?

ഹരിത വാദിയും പ്രകൃതിസ്നേഹിയുമായ ഔതക്കുട്ടിയുടെ പ്രതിവചന സങ്കീർത്തനം കേട്ട്, കണക്കു പരീക്ഷക്ക് തോറ്റുപോയ ബുദ്ധിമാനെപോലെ വികാരിയച്ചൻ തലകുനിച്ചിരുന്നു. എന്നാൽ തോറ്റു മടങ്ങാൻ കൈക്കാരൻ ചാക്കോ മേസ്തിരി തയ്യാറല്ലായിരുന്നു. പുതിയ തന്ത്രവുമായി കൈക്കാരൻ ചർച്ചക്ക് മുൻകൈ എടുത്തു.

“പള്ളിക്കു വരുമാന മാർഗ്ഗമായി അവിടെയൊരു ഷോപ്പിംഗ് കോംപ്ലക്സ് പണിയാൻ പോവുകയാണ്. ആയതിനാൽ പുളിമരം വെട്ടിയേ തീരു…”
ഒരു നിമിഷത്തെ മൗനത്തിനു ശേഷം ഔതക്കുട്ടി പതിവിലുമധികം ശാന്തതയോടെ പറയുവാൻ തുടങ്ങി, ” ഒരു കാലത്തു ഞങ്ങളുടെ കുടുംബം ഈ നാട്ടിലെ നാടുവാഴികളായിരുന്നു. ചരിത്ര പുസ്തകങ്ങളിൽ വള്ളുവള്ളി തമ്പുരാക്കന്മാർ എന്നാണ് ഞങ്ങൾ അറിയപ്പെടുന്നത്. കരം തീരുവ വോട്ടവകാശം നിലനിന്നിരുന്ന കാലത്തു തിരുവിതാങ്കുർ നിയമ നിർമ്മാണ സഭയിലേക്കു, വോട്ടു ചെയ്യാൻ അവകാശമുണ്ടായിരുന്ന, ഈ കരയിലെ ഏക വ്യക്തി, ഞങ്ങളുടെ തറവാട്ടിലെ കാരണവരായിരുന്നു. അങ്ങനെയുള്ളൊരു കാലത്തു പുണ്യവാളന് കൂരവക്കാൻ, ഇച്ചിരി മണ്ണ് ഇഷ്ടദാനമായി കൊടുക്കുക അന്ന് പറഞ്ഞാൽ അത്ര വലിയ കാര്യമൊന്നുമല്ല. പക്ഷെ ഇന്ന് ഞങ്ങളുടെ അവസ്ഥ പരിതാപകരമാണ്. അറിയാമല്ലോ പള്ളി ഞങ്ങളെ സഹായിക്കേണ്ട അവസ്ഥയാണിപ്പോൾ. അതുകൊണ്ടു പണിയാനിരിക്കുന്ന ഷോപ്പിംഗ് കോംപ്ലെക്സിലെ ഒരു മുറി, വാടകയില്ലാതെ, ‘പകിടി’ യില്ലാതെ ഞങ്ങൾക്ക് തരണം. അങ്ങനെയെങ്കിലും ഞങ്ങളൊന്നും കരേറട്ടെ.

“ഹരിത വാദിയായ ഔതക്കുട്ടിയുടെ ബൗദ്ധിക വാദം കൈക്കാരൻറെ ഗൂഡതന്ത്രങ്ങളെ തകർത്തെറിഞ്ഞു കൂട്ടത്തിൽ ഔതക്കുട്ടി ഇങ്ങനേയും പറഞ്ഞു വച്ചു.

“‘അമ്മ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് അപ്പന്റെ കഷ്ടപ്പാടുകൾ. അപ്പന് മരണ ശേഷം വിശ്രമിക്കാൻ, പള്ളിസിമിത്തേരിയിലെ ഒരു കല്ലറയും കല്പിച്ചു തരണം. മരണാനന്തരമെങ്കിലും എന്റെ അപ്പൻ, ഒന്ന് സുഖമായുറങ്ങട്ടെ”.

ഇനിയും ഡിമാൻഡുകൾ കൂടുമെന്നു പേടിച്ചു ദൗത്യ സംഘം രാത്രി മഴയ്ക്ക് മുൻപേ വീടുപിടിച്ചു. “അനുരഞ്ജനം കൊണ്ടൊന്നും ഫലമില്ല. കൊല്ലണം.കുത്തിക്കൊല്ലണം…” അതുകേട്ടു വികാരിയച്ചൻ നടുങ്ങി വിറച്ചു. “നിങ്ങൾ ആരെ കൊല്ലുന്ന കാര്യമാ ഈ പറയുന്നേ…ദേ, ഒരു കാര്യംഞാൻ പറഞ്ഞേക്കാം, ദൈവപ്രമാണങ്ങൾക്കു നിരക്കാത്ത കാര്യങ്ങൾക്കൊന്നും എന്നെ കിട്ടില്ല” അത് കേട്ട് കളിക്കാരന് ചിരി പൊട്ടി

“അച്ചൻ എന്നതായീ കേട്ടത്. എന്റെയച്ച, രസം കുത്തിവച്ചു പുളിമരത്തെ കൊല്ലുന്ന കാര്യമാ ഇവിടെ പറഞ്ഞത്”. “എന്നാലും എന്റെയീശോയെ”….

അച്ചൻ നെറ്റിയിൽ കുരിശു വരച്ചു. അതുകണ്ടു കൈക്കാരന് കലിയിളകി.

“എന്റെ അച്ചോ, ഈശോയും പുണ്യവാളനും പള്ളിക്കു മുകളിലാ; താഴത്തെ കാര്യങ്ങള് തീരുമാനിക്കുന്നതും, തീർപ്പാക്കുന്നതും ഞങ്ങൾ കമ്മറ്റിക്കാരാ…ദൈവത്തെയോർത്ത് അച്ചൻ ഇതിൽ ഇടങ്കോലിടരുത്”.

കൈക്കാരൻറെ സിനിമ ഡയലോഗ് കേട്ട് അച്ചൻ നാവിൽ കുരിശു വരച്ചു.
ജീവിച്ചു തീരാത്ത വൃക്ഷ മഹാത്മാക്കളെ, ആയുധം കൊണ്ട് കൊലപ്പെടുത്തുന്നവന്റെ ഏഴു തലമുറകൾ മുച്ചൂട് മുടിയുമെന്നാണ് ഭാരതീയ ദർശനങ്ങൾ പറയുന്നത്. ഇവിടെ ഉപയോഗിക്കാൻ പോകുന്നത്, മാരകമായ രാസായുധമാണ്. ന്യായമായ കാരണങ്ങൾ കൊണ്ടാണെങ്കിലും,വൃക്ഷം മുറിക്കേണ്ടി വന്നാൽ, നാൽപത്തിയൊന്ന് ദിവസം വൃക്ഷപൂജ ചെയ്യണം, അതിൽ സകുടുംബം ചേക്കേറിയിരിക്കുന്ന പറവകളോടും ജീവ ജാലങ്ങളോടും മാറിത്താമസിക്കാൻ യാചിക്കണം. അതിലുമുപരി ദയാവധത്തിന് വിധേയമാക്കുന്ന വൃക്ഷ മഹാത്മാവിനോട്, മാപ്പു ചോദിച്ചു, അനുവാദം വാങ്ങണം.

പൂർവ സൂരികൾ വൃക്ഷങ്ങൾക്ക് മനുഷ്യനേക്കാൾ മാഹാത്മ്യം കൽപ്പിച്ചു കൊടുത്തിരുന്നു. അതുകൊണ്ടാണ് ഭാരതത്തിലെ പ്രാചീന ക്ഷേത്രങ്ങളിലെ ദാരുശില്പങ്ങൾ ഒളിമങ്ങാതെ, ഇന്നും നൂറ്റാണ്ടുകൾ അതിജീവിച്ചു പ്രഭ തൂകി നിൽക്കുന്നത്. ഇന്ന്, ഒരു കട്ടിൽ കാല് പണിതാൽ പോലും മൂന്നാം ദിവസം കടുക് ചോർന്ന് നിലം പൊത്തുന്നു. അല്ലെങ്കിൽ മറ്റു ക്ഷുദ്ര കീടങ്ങൾ തിന്നു നശിപ്പിക്കുന്നു. ഇത്തരം ചതുർവേദജ്ഞാനങ്ങൾ, മഹാ പണ്ഡിതനായ തന്റെ അപ്പാപ്പൻ, അപ്പന് പറഞ്ഞു കൊടുക്കുന്നത് കേട്ടിട്ടുണ്ട്. അപ്പനപ്പാപ്പന്മാരുടെ ആത്മാക്കൾ, തമ്പുരാന്റെ മനോഗുണത്താൽ, മോക്ഷത്തിൽ ചേരുവാൻ വേണ്ടി, അച്ചൻ വീണ്ടും കുരിശു വരച്ചു പ്രാർത്ഥിച്ച, ത്രിത്വ സ്തുതി ചൊല്ലി.

രാസായുധമേറ്റു പുളിമരം വേദനകൊണ്ട് പുളഞ്ഞു, പ്രാണനുവേണ്ടി നിലവിളിച്ച് ഏതാണ്ട് ഒരു വർഷക്കാലം കുരിശു പള്ളിയോട് ചേർന്ന് നിന്നു. മൂന്നു നിലകളിലായി പണിതുയർത്തിയ കുരിശു പള്ളിയിലെ തിരുസ്വരൂപങ്ങൾക്ക് തണല് നല്കാൻ അക്കാലമത്രയും അത് കൊടും വെയിൽ കൊണ്ട് തളർന്നു പോയിരുന്നു. മൂത്തു പഴുത്ത സ്വർണ്ണ നിറമാർന്ന കുടമ്പുളികൾ, വീണു ചിതറുന്നതും കാതോർത്ത് എല്ലാ ദിവസവും അല്ലേശു വല്യപ്പൻ പുളിഞ്ചോട്ടിൽ വന്നിരിക്കാറുണ്ടായിരുന്നു. രാവിലെ പള്ളിയിലെ കുർബാന കഴിയുന്നത് മുതൽ സൂര്യൻ ഉച്ചിയിൽ ഉദിക്കുന്നത് വരെ അത് തുടരും. വർഷങ്ങളായുള്ള പതിവ് ജോലി. കാലിയായ തുണി സഞ്ചിയും ചുരുട്ടി, വീട്ടിലേക്കു നടക്കുമ്പോൾ കണ്ണിൽ മുഷിഞ്ഞുണങ്ങിയ മൂടൽ മാത്രം. കമ്പു ചെത്തിയ മുളവടിയൂന്നി രാവിലെ പള്ളിയിലേക്കും, പിന്നെ വീട്ടിലേക്കുമുള്ള യാത്ര, ഈശോയോയുടെ കുരിശുയാത്ര പോലെ സഹന വഴികളിലൂടെയായിരുന്നു.

” ഭാര്യ മരിച്ചപ്പോൾ കർത്താവ് മിടുക്കനായ ഒരു മകനെ തന്നുവല്ലോ എന്നാശ്വസിച്ചു. അവനേയും അകാലത്തിൽ വിളിച്ചു കൊണ്ട് പോയി. പകരം കയ്യിൽ തന്നത്, പൊള്ളയായ ഈ മുളങ്കമ്പ് മാത്രം….”
ഫലം തരാത്ത വൃക്ഷത്തെയോർത്തു അല്ലേശു വല്യപ്പൻ ആകുലനായി. അന്ത്യവിധിയുടെ കാഹളവുമായി എന്നാണവർ വരുന്നത്? കതിരുകൾ കളപ്പുരയിൽ സൂക്ഷിക്കുകയും, കെട്ട പതിരുകൾ അഗ്നിയിൽ ചാമ്പലാവുകയും ചെയ്യുന്ന ഭയാനക വിനാഴികയോർത്ത്,അല്ലേശു വല്യപ്പൻ ഭയചകിതനായി.

“കർത്താവെ..ഒരു പുരുഷായുസ്സ് മുഴുവൻ, എന്നെയും എന്റെ കുടുംബത്തേയും അന്നമൂട്ടിയ, പരക്ലേശ വിവേകമുള്ള ഈ പുളിമരത്തോട്, നീ കരുണ കട്ടേണമേ. ജീവിതകാലത്ത് ഇയാൾ ചെയ്ത സത്കൃത്യങ്ങൾ കണക്കിലെടുത്ത്, നിന്റെ രാജ്യത്തിലേക്ക്, ഇയാളെ നീ ആനയിക്കേണമേ”
അല്ലേശു വല്യപ്പന് തല കറങ്ങുന്നത് പോലെ തോന്നി. തുലാമാസമായതിനാൽ, ആകാശം ഇരുണ്ടു കറുത്തിരുന്നു. മഴ പെയ്യാൻ തുടങ്ങുകയാണ്. മഴയ്ക്ക് മുൻപ് കൂരയിലെത്തേണ്ടിയിരിക്കുന്നു.
കുരിശിന്റെ വഴിയിലെ അഞ്ചാം സ്ഥലത്താണ് താനെത്തിയിരിക്കുന്നതെന്ന്. അല്ലേശു വല്യപ്പന് മനസിലായി. പതിനാലാം സ്ഥലതെക്കിനിയുമെത്ര കാതം നടക്കേണ്ടിയിരിക്കുന്നു. അപ്പോൾ, വയൽ വരമ്പിലൂടെ ഒരാൾ ഓടിവരുന്നത് കണ്ടു അത് ശിമയോനല്ലേ? അല്ലേശു വല്യപ്പൻ കണ്ടു. അത് ശിമയോൻ തന്നെ!കേവ്റീൻ കാരനായ ശിമയോൻ !!അലെക്‌സാണ്ടറിന്റേയും,റോപ്പോസിന്റെയും പിതാവ്!!
ഇതാ ഞാൻ കൈമാറുകയാണ് തൊണ്ണൂറാണ്ടുകൾ തോളിലേറ്റിയ എന്റെ പ്രിയപ്പെട്ട മരക്കുരിശ്!! ശിമെയോന്റെ കുപ്പായമിട്ട പുളിമരം വൃദ്ധനായ ഉടയവനെ, നെഞ്ചോടു ചേർത്ത് വാരിപ്പുണർന്നു;നെറുകയിൽ ചുംബിച്ചു.

അന്ന് വെള്ളിയാഴച്ചയായിരുന്നു. വൈകീട്ടുള്ള കുർബാന കഴിഞ്ഞ സമയം. ഇരുണ്ടു കറുത്ത മഴമേഘങ്ങൾ പെയ്തു തുടങ്ങിയിരുന്നു. വിശ്വാസികൾ വഴിയിലൂടെ, കുടയുമേന്തി കൂട്ടമായി നടന്നു നീങ്ങുന്നുണ്ടായിരുന്നു. പുളിമരത്തിന്റെ ചോട്ടിൽ യാത്രക്കാർ ബസ് കാത്ത് നിന്നിരുന്നു. മഴക്കാലമായതിനാൽ ബീഡികമ്പനിയിലെ തൊഴിലാളികൾ,ഇരിപ്പിടം റോഡിനു കിഴക്കു ഭാഗത്തുള്ള കടവരാന്തയിലേക്കു മാറ്റിയിരുന്നു. മഴപ്പനി ബാധിച്ച് പെട്ടിക്കടക്കാരൻ സുഗതൻ ചേട്ടൻ, വീട്ടിൽ കിടപ്പിലായിരുന്നു. അദ്ദേഹത്തിന്റെ നാലു ചക്രമുള്ള ഉന്തുവണ്ടി വീടിന്റെ വിറകുപുരയിൽ മൂടിപ്പുതച്ചുറങ്ങി.
പെട്ടന്ന് ആകാശത്ത്, വല്ലാത്ത മിന്നലോടെ വെള്ളിടി വെട്ടി. നിശ്ചലമായി നിന്ന പുളിമരം, പ്രാർത്ഥന നിരതനായ ഭക്തനെപ്പോലെ, ഒരു നിമിഷം തല കുനിച്ചു. പിന്നെ ഒരു നാടിനെ മുഴുവൻ ശപിച്ചുകൊണ്ട്, വേദനാ നിർഭരമായ നിലവിളിയോടെ, തായ്തടി നെടുകെ പിളർന്നു നിലം പതിച്ചു.
വൃക്ഷത്തിന് മുകളിൽ നിന്നുയർന്ന, അസാധാരണമായ നിലവിളി കേട്ട് ബസ് കാത്തു നിന്ന യാത്രക്കാരും, കാൽനടക്കാരായ വിശ്വാസികളുംചൂടിയ കുടകൾ വലിച്ചെറിഞ്ഞു, പ്രാണനും കൊണ്ടോടി. പുളിമരമെന്ന വൃക്ഷ തേജസ്സ്, നിലത്തു വീണ് ഭൂമി ദേവിയെ വാരിപ്പുണർന്ന്, മൂന്നു പ്രാവശ്യം അന്തരീക്ഷത്തിൽ ഉയർന്നുതാണു. പിന്നെ,ശാന്തതയോടെ മണ്ണിലമർന്നു നിശ്ചലമായി.

മരച്ചില്ലകളിൽ കൂടുകെട്ടിയിരുന്ന പറവകളും ജീവജാലങ്ങളും , മാസങ്ങൾക്കു മുൻപേ ദേശാടനം ചെയ്തിരുന്നു.കുരിശു പള്ളിയെ വാരിപ്പുണർന്നു ജീവിച്ച പുളിമരം, പ്രാണൻ വെടിഞ്ഞു നിലം പറ്റിയപ്പോൾ പള്ളിയുടെ ചുമരില് പോലും, പോറൽ ഏല്പിച്ചില്ലയെന്ന വസ്തുത അത്ഭുതകരമായ ദൈവ രഹസ്യം പോലെ വിശ്വാസികൾ ഏറ്റു ചൊല്ലി.

കുരിശു പള്ളിയുടെ മുകൾ നിലയിലിരുന്നു പരിശുദ്ധ മാതാവ്, കണ്ണീർവാർത്ത് കരഞ്ഞു. മാതാവിരുന്ന മൂന്നാം നിലയിലെ കോൺക്രീറ്റ് മുറിയിൽ അർണ്ണോസ്സു പാതിരിയുടെ “പുത്തൻപാന” ഘനീഭവിച്ചു കിടന്നു.
കയ്യിലിരുന്ന ഉണ്ണിയേശുവിനെ നെഞ്ചോട് ചേർത്ത് പിടിച്ചു അത്ഭുത പ്രവർത്തകനും, ഇടവക മധ്യസ്ഥനുമായ അന്തോനീസുപുണ്യവാളൻ, ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു. അത് കണ്ടു നിൽക്കാൻ ശക്തിയില്ലാതെ ഒടിഞ്ഞു തൂങ്ങിയ കുടകുളുമായി, വിശ്വാസികൾ വീട്ടിലേക്കു മടങ്ങി.

പുളിമരം വീണുകിടക്കുന്ന നാൽക്കവലയുടെ വശങ്ങളിൽ നിന്നും, ഇടവകയുടെ ഭരണകക്ഷികൾ ഓടി വരുന്നുണ്ടായിരുന്നു. ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും മാത്രം പള്ളിയിൽ പോകുന്ന ഭരണകക്ഷി അംഗങ്ങൾ, മരണവാർത്ത അറിഞ്ഞത്, വളരെ വൈകിയായിരുന്നു. ആദ്യം വിശ്വസിക്കാനായില്ല, കാരണം ഒരു നാട്ടിലും പുളിമരം ഒടിഞ്ഞു വീണ ചരിത്രമില്ല.

‘സ്ഥലത്തെ പ്രധാന ദിവ്യൻ’ എന്ന നിലയിൽ, സംഭവ സ്ഥലം ആദ്യം സന്ദർശിച്ചത് കൈക്കാരൻ ചാക്കോ മേസ്തിരിയായിരുന്നു. ആ സമയം വികാരിയച്ചൻ ഒരു കറുത്ത കാലം കുടയും ചൂടി മൃതശരീരത്തിനരികിൽ നിൽപ്പുണ്ടായിരുന്നു.

പുളിമരത്തിനു കീഴെ ചില്ലകൾ കൊണ്ട് മൂടിയ മനുഷ്യ ശരീരം ആദ്യം കണ്ടത് ബീഡി തെറുപ്പുകാരൻ ഹമീദ് മാപ്ലയായിരുന്നു. ഒന്നേ നോക്കിയുള്ളൂ. നെഞ്ചിൻകൂട് തകർന്നു പ്രാണൻ വെടിഞ്ഞ ആ പ്രാകൃത രൂപം. മുഖത്ത് മാത്രം ഒരു പോറല് പോലുമില്ല. വല്ലാത്തൊരു ദിവ്യശോഭ ആ മുഖത്ത് ജ്വലിച്ചു നിന്നു. പാതി കത്തിയ പകലിന്റെ പട്ടട, പടിഞ്ഞാറു ചക്രവാളത്തിൽ മാഞ്ഞു കഴിഞ്ഞു. പള്ളിയുടെ മണിമാളികയിൽ നിന്നും, കുരിശു മണിക്ക് പകരം ദുരന്തപൂരിതമായ വിലാപ കാവ്യം പോലെ ചാവുമണി മുഴങ്ങിയപ്പോൾ, വികാരിയച്ചൻ കുരിശുവരച്ചു, നെഞ്ചിൽ കൈവച്ചു പറഞ്ഞു; “ഈ മനുഷ്യൻ യഥാർത്ഥത്തിൽ നീതിമാനായിരുന്നു”.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here