കഴിഞ്ഞു പോയ ദിനങ്ങളുടെ
നഷ്ടസ്വപ്നങ്ങളിൽ
കണ്ണീരൊഴുക്കിയാണ്
ഓരോ പുലരിയും
പിറന്നു വീഴുന്നത്.
കണ്ണീർ തുള്ളികൾക്കുള്ളിലെ
സൗന്ദര്യം വിളിച്ചോതിയാണ്
ഉദയ സൂര്യൻ
പിറന്നു വീഴുന്നത്.
നൈരാശ്യത്തിന്റെ
കണ്ണീർ തുള്ളികൾ
സന്തോഷത്തിന്റെ
പനിനീർ പൂ മടിത്തട്ടിൽ
ഉദയകിരണങ്ങളുടെ
ചുംബനം തട്ടി
വെട്ടിത്തിളങ്ങുമ്പോൾ
പ്രതീക്ഷകൾ വീണ്ടും നാമ്പെടുക്കുന്നു.
കാർമേഘങ്ങൾക്കിടയിലും
വെള്ളിവരകളുണ്ട്.
കൊടുങ്കാറ്റുകൾക്ക് ശേഷം
ശാന്തത വരാനുണ്ട്.
ശിശിരങ്ങൾക്ക് ശേഷം
വസന്തങ്ങൾ വരാതിരിക്കില്ല.
അമാവാസികൾ
ചന്ദ്രികയെ തടഞ്ഞുവെക്കാറില്ല.
തിരമാലകൾക്കിടയിലും
ഇടവേളകളുണ്ട്.
മദ്ധ്യാഹ്നങ്ങളാണ്
സായാഹ്നത്തെ കൊണ്ട് വരുന്നത്.
വേർപ്പാടുകളാണ്
സംഗമങ്ങളുടെ വീര്യം നൽകുന്നത്.
അർധരാത്രികൾ ചുമക്കുന്നത്
പുത്തൻപുലരികളുടെ ഗർഭങ്ങളാണ്.