തിരുവനന്തപുരം പബ്ളിക് ലൈബ്രറിയുടെ പുതിയ പൈതൃകമന്ദിരത്തിൽ പുതിയ സൗകര്യങ്ങൾ പുസ്തകപ്രേമികളെ കാത്തിരിക്കുന്നു. പ്രധാനകെട്ടിടത്തിന്റെ മാതൃകയിൽ നിർമിച്ച പുതിയമന്ദിരം ഇന്ന് വൈകുന്നേരം നാലിന് മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യും. വാസ്തുകലയിലും പുസ്തകങ്ങളുടെ വിപുലതയിലും വ്യത്യസ്തമായ ഒരു നിലവാരം ലൈബ്രറി പുലർത്തുന്നു. ദെഹ്‌റാദൂണിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വലി ഇംപയേർഡ്, കേരള ഫെഡറേഷൻ ഫോർ ബ്ലൈൻഡ് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണു വിഭിന്ന കാഴ്ചശേഷിക്കാർക്കായി ബ്രെയ്‌ലി വിഭാഗം തുടങ്ങുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള സംവിധാനമാണൊരുക്കുന്നത്. കുട്ടികളുടെ പഠന സംബന്ധിയായതും ഇംഗ്ലീഷ് നോവലുകളും ഉൾപ്പെടുന്ന ബ്രെയ്‌ലി പുസ്തകങ്ങൾ ഉണ്ട്. ഓഡിയോ പുസ്തകങ്ങളാണ് ബ്രെയ്‌ലി കളക്‌ഷനുകളിൽ വലിയൊരു വിഭാഗവും. മലയാളത്തിലെ പ്രധാന കഥാകൃത്തുക്കളുടെ കഥകളുടെ ഓഡിയോ ശേഖരിക്കുന്നുണ്ട്്. കേരളത്തിലുള്ള എല്ലാ കാഴ്ച വൈകല്യമുള്ളവർക്കും സൗജന്യമായിട്ടാണ് ഈ ലൈബ്രറിയിൽ അംഗത്വം.
ബ്രിട്ടീഷ് ലൈബ്രറി, മലയാളം-ഇംഗ്ലീഷ് കഥാവിഭാഗം, അമൂല്യരേഖകളുടെ ഡിജിറ്റൈസേഷൻ വിഭാഗം, ലൈബ്രറിയുടെ സാങ്കേതികവിദ്യാവിഭാഗം എന്നിവയാണു പ്രധാനമായും പുതിയ മന്ദിരത്തിൽ വരുന്നത്. വിവിധ ഭാഷകൾക്കായി പ്രത്യേകം ഭാഷാവിഭാഗംതന്നെ ഒരുക്കുന്നുണ്ട്. ഇതിനു പുറമേ പ്രോഗ്രാം മീഡിയ ഹാൾ ഉൾപ്പെടെ മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നരക്കോടിയിലേറെ രൂപ െചലവിട്ടാണു പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ലൈബ്രറിയാണ് പബ്ലിക് ലൈബ്രറി. ട്രാൻസ്ജെൻഡേഴ്‌സിന് അംഗത്വം നൽകിയതിലൂടെ ഈ ലൈബ്രറി ശ്രദ്ധേയമായ ചുവടുവെയ്പ് നടത്തിയിട്ടുണ്ടെന്ന് സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന പറഞ്ഞു.