This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
ത്രേസ്യാമ്മയുടെ ദുരന്ത കഥ ഇങ്ങനെ
മഞ്ഞപ്ര ഭാഗത്തു നിന്നും വരുന്ന ത്രേസ്യാമ്മ ഒരു ദിവസം വന്നത് പത്തു മിനിറ്റോളം വൈകിയാണ്. ഫീല്‍ഡ് സൂപ്പര്‍വൈസര്‍ പണിക്കാരുടെയെല്ലാം കാര്‍ഡ് മേടിച്ച് പതിച്ച് ഫീല്‍ഡ് ഇന്‍സ്പെക്ഷന് ഇറങ്ങി കഴിഞ്ഞു. ആ സമയത്താണ് ത്രേസ്യാമ്മ ഓടിക്കിതച്ച് വരുന്നത്. ജോലിക്കു നിര്‍ത്തണമെന്ന അപേക്ഷ ഫീല്‍ഡ് ഓഫീസര്‍ ചെവിക്കൊണ്ടില്ല.
”ഇല്ല ഇനി ഓഫീസ് തുറക്കാന്‍ പറ്റില്ല. പണിക്കാരെല്ലാം ഫീല്‍ഡിലേക്ക് പോയിക്കഴിഞ്ഞു”
മഞ്ഞപ്രയില്‍ നിന്നും പാടത്തു കൂടി നടന്ന് ഇടക്കുള്ള കുന്ന് കുരിശുമുടി കയറി വന്നതിന്റെ ക്ഷീണം അവളപ്പോഴും അണക്കുന്നതില്‍ നിന്നും വ്യക്തമാണ്.
”ഞാനീ പെടാപ്പാടു പെട്ട് വന്നത് വെറുതെയാകുമല്ലോ”
പക്ഷെ ഫീല്‍ഡ് ഓഫീസര്‍ ഉറച്ചു നിന്നു.
‘ഞാനാര്‍ക്കും ഇന്നേവരെ ഒരിളവ് ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യാനും പോണില്ല”
”സാറെ എന്റെ ഇന്നത്തെ ബുദ്ധിമുട്ട്….”
സഹികെട്ടെന്നോണം ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.
”കല്ലാല മോഹിനിക്കിനി പണിയില്ല”
ആദ്യമായിട്ടൊരാള്‍ അവളെ മോഹിനിയെന്നു വിളിക്കുന്നത്. ഫീല്‍ഡ് ഓഫീസിന്റെ വരാന്തയില്‍ നിന്ന വാച്ച് മാന്‍ കേള്‍ക്കാനിടയായതോടെ ആ വാര്ത്ത ആദ്യം ആ ബ്ലോക്കിലായി ഒതുങ്ങി നിന്നത് പിന്നെ എസ്റ്റേറ്റ് ഒട്ടുക്ക് പാട്ടായി. ത്രേസ്യാമ്മ കല്ലാല മോഹിനിയായി മാറിയത് അങ്ങിനെയാണ്.
മേക്കപ്പൊന്നും ഇല്ലാതെ മുഖത്തെ വിയര്‍പ്പ് കണങ്ങള്‍ അതേപടി നില്ക്കുന്ന സമയത്തു പോലും അവള്‍ മോഹിനി തന്നെയായിരുന്നു.
മോഹിനിയെന്ന ഫീല്‍ഡ് ഓഫീസറുടെ വിളിയോടെ ത്രേസ്യാമ്മക്ക് പിന്നീടൊന്നും പറയാനില്ലായിരുന്നു. അവളുടെ നില്പ്പും വിഷമവും കണ്ട് ഫീല്‍ഡ് ഓഫീസര്‍ പറഞ്ഞു.
”ഏതായാലും താന്‍ വന്നതല്ലെ മെയിന്‍ ഓഫീസിലോട്ടു ചെല്ല്. അവിടെ സ്റ്റോറില്‍ സ്റ്റോക്കെടുപ്പ് നടക്കുന്നു. ഒരാളെ വിടാന്‍ എസ്റ്റേറ്റിലെ മാനേജര്‍ര് ആവശ്യപ്പെട്ടിരുന്നു. എല്‍ദോയെ ഞാന്‍ വിട്ടിട്ടുണ്ട്. താന്‍ കൂടി ചെന്ന് ഒരു സാഹായിയായിട്ട് ചെല്ലാന്‍ പറഞ്ഞിട്ടു വന്നതാണെന്നു പറഞ്ഞാല്‍ മതി”
എല്‍ദോ ത്രേസ്യാമ്മ ബന്ധത്തിന്റെ തുടക്കം അന്നു മുതലാണ്.
പിന്നീടു സ്റ്റോറില്‍ നിന്നും സാധങ്ങള്‍ എടുത്ത് കൊടുക്കുന്നിന്നടത്തും ഓഫീസിലെ ചില്ലറപ്പണികള്‍ ചെയ്യുന്നിടത്തും വല്ലപ്പോഴും ഒരാള്‍ വരുന്നത് നല്ലതാണെന്നു എസ്റ്റേറ്റ് മാനേജര്‍ അഭിപ്രായപ്പെട്ടതോടെ എന്നും ഫീഡിലെ പണികഴിഞ്ഞ് ത്രേസ്യാമ്മ എസ്റ്റേറ്റ് സ്റ്റോറിലും ഓഫീസിലുമായി എല്‍ദോയെ സഹായിക്കാനെത്തി തുടങ്ങി. മടക്കത്തിലെ ഒരുമിച്ചുള്ള യാത്രയാണ് കുരിശു മുടി കയറി തോഴോട്ടിറങ്ങിറങ്ങാന്‍ നേരം അവിടെ ഒരു കൈത്തോട് . അതിനു മേലേയുള്ള ഒരു തടിപ്പാലത്തില്‍ കൂടി കയറി വേണം അപ്പുറം കടക്കാന്‍. കഷ്ടിച്ച് ഒരാള്‍ക്കു മാത്രം കയറി പോകാവുന്ന ഈ ഉരുളന്‍ തടിയില്‍ ചിലപ്പോള്‍ കാലുതെന്നിപ്പോയാല്‍ നേരെ താഴേ തോട്ടിലേക്ക് വീഴും. വെള്ളം കുറവാണെങ്കിലും ചെളിവെള്ളമാകുമ്പോള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ ചെളിയായല്‍ പിന്നെ ഒറ്റക്കാലിലൊന്നും പോയെന്നിരിക്കില്ല.
ഒരു തവണ തുലാവര്‍ഷം തിമിര്ത്തു പെയ്യുന്ന വൈകുന്നേരത്താണ് മടക്കയാത്ര. ആദ്യം പാലത്തില്‍ കയറിയത് ത്രേസ്യാമ്മ. ചൂടിയ കുട കാറ്റത്ത് കൈ വിട്ട് പോകാതിരിക്കാന്‍ ബലമായി പിടിച്ചതു മൂലം ബാലസ് തെറ്റി അതിനാല്‍ വേഗം തന്നെ തിരിച്ചു കയറി.
”ചേട്ടനാദ്യം കയറ് പിന്നെ ഒരു കൈ താ അങ്ങനെ കടക്കാനേ പറ്റൂ”
പക്ഷെ എല്‍ദോ കയറി ത്രേസ്യാമ്മക്കു കൈ കൊടുത്തിട്ടും ഫലമുണ്ടായില്ല. കയ്യിലെ കുട കൈവിട്ടു പോകാതിരിക്കാന്‍ ശ്രമിച്ചതു മൂലം ത്രേസ്യാമ്മ വീണത് ശരിക്കും എല്ദോയുടെ പുറത്ത്. ആ ഏതാനും നിമിഷം നീണ്ടു നിന്ന കിടപ്പ് ധാരാളം മതിയായിരുന്നു അവര്‍ തമ്മില്‍ അടുക്കാന്‍. തോട് കയറി പാടത്തിനരികിലുള്ള കുളത്തില്‍ തുണി കഴുകാന്‍ നേരം എല്‍ദോയിട്ടിരുന്ന ഷര്‍ട്ട് കഴുകി കൊടുത്തത് ത്രേസ്യാമ്മ. അവളുടെ കുടക്കമ്പി ഒടിഞ്ഞു പോയതിനാല്‍ പിന്നെ എല്‍ദോയുടെ കുടക്കീഴില്‍ ഒരുമിച്ചുള്ള യാത്ര ആ യാത്രയിലൂടെയാണ് അവര്‍ തമ്മിലുള്ള അടുപ്പം ദൃഢമാകുന്നത്.
പുതിയൊരു കുട വാങ്ങാന്‍ മന:പൂര്‍വമെന്നോണം ത്രേസ്യാമ്മ ശ്രമിച്ചില്ല. മിക്കവാറും ദിവസങ്ങളില്‍ മടക്കയാത്രയില്‍ ഇടക്കു മഴ വരും ചിലപ്പോള്‍ നല്ല ഇടിവെട്ടും. ഒരു തവണ അവള്‍ തിരിച്ച് വീട്ടിലെത്തിയത് നന്നെ ഇരുട്ടിയിട്ട്. നാട്ടു വെളിച്ചത്തിലൂടെയുള്ള യാത്രയില്‍ പാടത്തിന്റെ വരമ്പത്തു കൂടി കടക്കുമ്പോള്‍ അവര്‍ ചില ദിവസം മന:പൂര്‍വമെന്നോണം വൈകിക്കാറുണ്ട്.
ആ മകരമാസക്കാലത്താണ് ത്രേസ്യാമ്മക്ക് ഒരു കല്യാണാലോചന വരുന്നത്. പയ്യന് തുറവൂരിലുള്ള ഒരാള്‍. തുറവൂര്‍ കവലയില്‍ സ്റ്റേഷനറിക്കട നടത്തുന്നു. ആ സമയമാണ് ത്രേസ്യാമ്മ ഉള്ള് തുറന്ന് എല്‍ദോയോട് തനിക്കുള്ള ഇഷ്ടം തുറന്നു പറയുന്നത്.
എല്‍ദോക്ക് ത്രേസ്യാമ്മയോടും ഇഷ്ടം വീട്ടില്‍ പറഞ്ഞാലോ എന്നാലോചിക്കാതിരുന്നില്ല. പക്ഷെ ആലോചനയുമായി വന്നയാള്‍ സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള ഇരുപത് സെന്റിനു മേലെ പറമ്പും കൃഷിയും തുറവൂര്‍ കവലയില്‍ സാമാന്യം തരക്കേടില്ലാത്ത കച്ചവടവുമുള്ള ചെറുക്കന്റെ ആലോചന ഉറപ്പിക്കാമെന്ന ആലോചനയിലാണു ത്രേസ്യാമ്മയുടെ വീട്ടുകാര്‍. പക്ഷെ അവര്‍ ചോദിച്ച സ്ത്രീധനം ഇരുപതു പവന്റെ ആഭരണം അല്ലെങ്കില്‍, അതിനു തുല്യമായ തുക. നടപ്പില്ലത്ത കാര്യം. എല്‍ദോ മോളുടെ കൂടെ എന്നും വരുന്ന ആളായതുകൊണ്ട് ത്രേസ്യാമ്മയുടെ അപ്പനമ്മമാര്‍ അയോളോടു തന്നെ സഹായിക്കാമോ എന്നു ചോദിച്ചപ്പോള്‍ എല്‍ദോക്ക് അയാളുടെ സ്ഥിതി, പറയേണ്ടി വന്നു. കയറിക്കിടക്കാന്‍ ഒരു ചെറിയ വീടുണ്ടെന്നല്ലാതെ വേറൊരു സാമ്പത്തിക ശേഷിയും എല്ദോക്കില്ല. മാത്രമല്ല കൂലിപ്പണിക്കാരനായ അപ്പനിപ്പോള്‍ പണിക്കു പോകുന്നില്ല. താഴെയുള്ള സ്കൂളില്‍ പഠിക്കുന്നവരുടെ പഠിത്തച്ചിലവ് കഷ്ടിച്ച് തട്ടീം മുട്ടീം പോകുന്നുവെന്നു മാത്രം.
അവസാനം പറഞ്ഞ പണം കൊടുക്കാനില്ലാത്തതുകൊണ്ട് ആ ആലോചന മുടങ്ങീന്നു പറഞ്ഞാല്‍ മതിയല്ലോ. അത് മുടങ്ങിപ്പോകണമെന്നായിരുന്നു ത്രേസ്യാമ്മയുടെയും പ്രാര്‍ത്ഥന.
ആ ആലോചന മുടങ്ങീന്ന് കേട്ടപ്പോഴാണ് എല്‍ദോ ത്രേസ്യാമ്മയുടെ വീട്ടുകാരോട് മനസു തുറന്നത്. ഉള്ളു കൊണ്ട് എല്‍ദോയെ ആഗ്രഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെങ്കിലും നാട്ടു നടപ്പനുസരിച്ച് കാര്യമായ എന്തെങ്കിലും പണ്ടവും പണവും കൊടുക്കേണ്ടേ എന്ന് വിഷമിച്ചിരിക്കുമ്പോള്‍ എല്‍ദോ പറഞ്ഞ വാക്കുകള്‍ അവര്‍ക്കേറെ ആശ്വാസം പകരുന്നതായിരുന്നു.
”നിങ്ങള്‍ക്കുള്ളതു തന്നാ മതി. വീട്ടുകാരോട് ഞാന്‍ പറഞ്ഞ് നിര്‍ത്തിക്കൊള്ളാം. അവരുടെ എതിര്‍പ്പ് കാര്യമാക്കേണ്ട. ഇപ്പോള്‍ ഞാന്‍ പറഞ്ഞതിനപ്പുറമൊന്നും അവര്‍ പറയില്ല”
പക്ഷെ ആ മകരത്തില്‍ നടത്താമെന്നു തീരുമാനിച്ച മിന്നുകെട്ട് നടക്കാതെ പോയി. ത്രേസ്യാമ്മക്കു ഇടക്കു വന്നു പെട്ട ഒരു തല ചുറ്റലും വീഴ്ചയുമാണ് കാരണം. എസ്റ്റേറ്റ് വിട്ടു വരുന്ന വഴിക്ക് പാടത്തിന്റെ ഒത്ത നടുക്ക് വച്ചുണ്ടായ വീഴ്ച പിന്നീടേകദേശം ഒരു കിലോ മീറ്റര്‍ ദൂരം എല്‍ദോ ത്രേസ്യാമ്മയെ തോളത്ത് കിടത്തിക്കൊണ്ടായിരുന്നു യാത്ര. സന്ധ്യ കഴിഞ്ഞേറെ നേരമായിട്ടും ത്രേസ്യാമ്മയെ കാണാതെ വിഷമിച്ചിരിക്കുകയായിരുന്നു വീട്ടുകാര്‍. രാത്രി എട്ട് മണി കഴിഞ്ഞ ശേഷമാണ് എല്‍ദോ ത്രേസ്യാമ്മയേയും താങ്ങി വീട്ടിലേക്കു വന്നത്. മഞ്ഞപ്രയില്‍ ഒരു തയ്യല്‍ക്കടയില്‍ പോകുന്ന ത്രേസ്യാമ്മയുടെ അനിയത്തി മാത്രമേയുള്ളു അപ്പച്ചനും അമ്മച്ചിക്കും കൂട്ടായിട്ട്. എവിടെപ്പോയന്വേഷിക്കണം ആരോടു പറയും? നല്ല മഴയുള്ള സമയം. കൊരട്ടി മുത്തിയേയും മലയാറ്റൂര്‍ പുണ്യാളനേയും വിളീച്ചു പ്രാര്‍ത്ഥിക്കാനേ പറ്റുകയുള്ളു.
ആ കാഴ്ച ധാരാളം മതിയായിരുന്നു അമ്മച്ചിക്ക് നെഞ്ചിടിക്കാന്‍.
”എന്തു പറ്റി എന്റെ മോള്‍ക്ക്? എന്നാടാ ഇവളെ ചുമന്നു കൊണ്ടു വരാന്‍ കാരണം?”
”അമ്മച്ചി വേഗന്ന് ഇച്ചിരി കട്ടനിട്. ഒരു കാപ്പി കൊടുത്താല്‍ മാറും. വഴിക്കു തല ചുറ്റി വീണൂ”
ത്രേസ്യാമ്മ മയക്കത്തില്‍ എന്തൊക്കെയോ പറയുന്നുണ്ട്. നനഞ്ഞു കുളിച്ച അവളുടെ ചട്ടയും മുണ്ടൂം മാറാന്‍ നേരം എല്‍ദോ മുറ്റത്തേക്കിറങ്ങി.
”നീ പോകല്ലേ എല്‍ദോ, റോസി അടുപ്പത്ത് കാപ്പി വച്ചിട്ടുണ്ട് അത് കുടിച്ചിട്ടു പോകാം നെനക്കിന്നു പോകണമെന്നുണ്ടോ”
”പോവാണ്ട് പറ്റില്ല വീട്ടിലെ സ്ഥിതിറിയാമല്ലോ ഏതായാലും കുറച്ചൂടെ കഴിഞ്ഞിട്ടേ ഉള്ളു”
ചൂടുള്ള കട്ടന്‍ അകത്തു ചെന്നപ്പോഴേക്കും ത്രേസ്യാമ്മക്കു ഒരാശ്വാസം ആയ പോലെ. അകത്ത് അപ്പച്ചന്‍ കിടക്കുന്ന കട്ടിലില്‍ അവളെ കിടത്തി അമ്മച്ചി അവിടെതന്നെ ഇരുപ്പുറപ്പിച്ചു.
”എല്‍ദോക്കിവിടെത്തെ സ്ഥിതി അറിയാല്ലോ ഈ മുറിയേ അടച്ചുറപ്പുള്ളതുള്ളു. പിന്നെ അടുക്കളയോടു ചേര്‍ന്ന് ഒരു ചായ്പ്പും മുന്‍വശത്തെ ഇറയവും. ഞങ്ങളോട് ഇരുപതു പവന്റെ ആഭരണോ, പതിനായിരം രൂപേം കൊടുക്കണമെന്ന് പറഞ്ഞാ എവിടെന്നെടുത്ത് കൊടുക്കാനാ? എനിക്കു തോന്നണത് അത് കേട്ടപ്പം മൊതലു തൊടങ്ങീതാ ത്രേസ്യാക്കുട്ടീടെ ആധീം വിഷമോം. അന്ന് തുടങ്ങിയ അവളുടെ വിഷമം കൊറച്ചൊന്നു അടങ്ങീത് ഇയാള്‍ അവളെ മിന്നു ചാര്‍ത്തുമെന്ന് പറഞ്ഞപ്പഴാ. ഇവിടുത്തെ ആളാണേല്‍ ഇപ്പം ശ്വാസം മുട്ടും ചുമയും കാരണം പണിക്കു പോവാന്‍ പറ്റാത്തെ അവസ്ഥ. റോസിക്കുട്ടി തുണിക്കടേല്‍ പോണത് കൂട്ടണ്ട അവക്കത്യാവശ്യം ഉടുക്കാനും ഇടാനും ഉള്ളത് വാങ്ങാന്‍ പറ്റും. ത്രേസ്യാക്കുട്ടീടെ കാശ് കിട്ടണത് കൊണ്ടാ ഇപ്പം ഈ പെരേല് തീ പുകയണെ”
അമ്മച്ചീടെ വാക്കുകള്‍ കേള്‍ക്കാനുള്ള മന:സ്ഥിതിയല്ല എല്‍ദോക്ക്. ഇനീം കുറെ ദൂരം നടക്കണം ചന്ദ്രപ്പുരക്ക്. രാത്രി ഈ മഴയത്ത് ഇവളെ ഇവിടെ ഈ സ്ഥിതിയില്‍ തനിച്ചാക്കി കണ്ടേച്ച് പോകാനും തോന്നുന്നില്ല. പക്ഷെ വീട്ടിലുള്ളവരുടെ കാത്തിരിപ്പ്. ഇത്രേം നേരം ഒരിക്കലും താമസിച്ചിട്ടില്ല.
”അമ്മച്ചി ഒരു കാര്യം ചെയ്യ് ഇപ്പം ഉള്ളില്‍ ഇത്ര ചൂട് ചെന്നപ്പം ഒരാശ്വാസമായില്ലെ. ഇനി ഇത്തിരി ചൂട് കഞ്ഞികൊടുക്ക്. ഉച്ചക്ക് അവള്‍ കാര്യമായിട്ടൊന്നും കഴിച്ചിട്ടുണ്ടാകില്ല. വയറു കാഞ്ഞതിന്റെ യായിരിക്കും”
”അവളുച്ചക്ക് അല്ലേലൊന്നും കഴിക്കാറില്ല. കാലത്തിത്തിരി കഞ്ഞീം കുടിച്ച് പോയാ പിന്നെ രാത്രി വരുമ്പോഴാ ചോറായിട്ടിത്തിരി കഴിക്കണെ. ഞായറാഴ്ച ദിവസം മാത്രമാണ് ഇച്ചിരി മീനും ചോറും ഉള്ളില്‍ ചെല്ലുന്നെ. പറഞ്ഞാ കേക്കണ്ടെ വെളുപ്പിനു എണീറ്റ് കഞ്ഞി വയ്ക്കുമ്പോ കുറച്ചൂറ്റി ഉച്ചത്തേക്കെന്തെങ്കിലും പൊതിഞ്ഞു കൊട്ടിക്കൊണ്ടു പോവാന്‍ പറഞ്ഞാ കേക്കൂല. അതിന്റെ യൊക്കെയായിരിക്കും.”
ആവലാതീം ഇല്ലായ്മേം പറയാന്‍ തുടങ്ങിയാല്‍ അമ്മച്ചി നിര്‍ത്തില്ല. എല്‍ദോക്ക് ഇതൊന്നും കേട്ടു നില്‍ക്കാന്‍ നേരമില്ല.
”ഞാന്‍ നാളെ വരാം. നാളെ ഏതായാലും ഞായറാഴ്ചയല്ലേ? പണിക്കു പോവണ്ടല്ലോ ചെലപ്പം ഒന്നു രണ്ട് ദിവസത്തെ വിശ്രമം കൊണ്ടാശ്വാസം കിട്ടും പേടിക്കേണ്ട”
പക്ഷെ എല്‍ദോയുടെ ആ കണക്കുകൂട്ടല്‍ തെറ്റായിരുന്നു. ത്രേസ്യാമ്മയുടെ ക്ഷീണവും തളര്‍ച്ചയും കൂടിയതേ ഉള്ളു. നടക്കുമ്പൊള്‍ പലപ്പോഴും വേച്ചു പോകുന്നു. ഇടവിട്ട് പനിയും വരുന്നു. തിങ്കളാഴ്ച എല്‍ദോയേയും കൂട്ടി അമ്മച്ചി മഞ്ഞപ്രയിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം ഇരുപത്തിമൂന്ന്
Click this button or press Ctrl+G to toggle between Malayalam and English