പ്രിയതമന്റെ എവറസ്റ്റാരോഹണം

images-1

പതിവുപോലെ രാവിലെ പത്രം വായിക്കാൻ നോക്കിയിട്ട് കാണുന്നില്ല. ഇതെവിടെപ്പോയി. പലയിടത്തും പരതി. എങ്ങും കാണുന്നില്ല. ഇനി ഇന്നലെ അവധി വല്ലതുമായിരുന്നോ? അങ്ങനെയും പലപ്പോഴും പറ്റിയിട്ടുണ്ട്. നാളെ പത്രമുണ്ടാകില്ല എന്ന മുൻപേജിലെ അറിയിപ്പ് വായിച്ചിട്ട്, പിറ്റേന്ന് പത്രം കാണാതെ പത്രം കൊണ്ട് വരുന്ന ഏജന്റിനെ വരെ വഴക്കു പറഞ്ഞിട്ടുണ്ട്. പിന്നെയാകും അവധിയുടെ കാര്യം ഓർമ്മ വരിക. പക്ഷേ ഇതിപ്പോൾ ഇന്നലെ പൊതു അവധിയൊന്നുമായിരുന്നില്ലല്ലോ?

നിരാശനായി അങ്ങനെ നിൽക്കുമ്പോഴാണ് പ്രിയതമയെയും അവിടെങ്ങും കാണുന്നില്ലല്ലോ എന്നോർത്തത്. പുറത്തിറങ്ങി നോക്കുമ്പോഴുണ്ട് അവിടിരുന്ന് കാര്യമായ പത്രം വായനയിലാണ്.
’’ചേട്ടൻ ചൂടാവുകയൊന്നും വേണ്ട. ഇന്ന് പത്രത്തിൽ ഒരു പ്രധാന വാർത്തയുണ്ട്. അതാ രാവിലെ തന്നെ ഞാൻ പത്രമെടുത്തത്.’’ അവളുടെ മുൻകൂർ ജാമ്യം. ഇന്നെന്താണാവോ പത്രത്തിലെ ഇത്ര വിശേഷ വാർത്ത. വല്ല പുതിയ സിനിമയും റിലീസായതിന്റെ വാർത്തയാവും. ഇപ്പോൾ അതും വാർത്തയാണല്ലോ. ഈയിടെ റിലീസായ ഒരു സൂപ്പർ ചിത്രത്തിന് ആദ്യ ദിവസം ടിക്കറ്റ് കിട്ടാത്തതിൽ നിരാശനായി ഒരു ആരാധകൻ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിച്ചതും വാർത്തയായിരുന്നല്ലോ. രണ്ടാമത്തെ ആഴ്ച ആ ചിത്രം തിയേറ്ററുകളിൽ നിന്ന് അപ്രത്യക്ഷമായത് മറ്റൊരു വാർത്ത.

‘’ഏതായാലും പത്രമിങ്ങു താ, ഇത്ര വിശേഷപ്പെട്ട വാർത്ത എന്താണെന്ന് ഞാനുമൊന്ന് ന്നോക്കട്ടെ’’

‘’ഇത് മനസ്സിരുത്തി രണ്ടു മൂന്നു പ്രാവശ്യം വായിക്ക്’’ പ്രിയതമ വാർത്ത കാണിച്ചു തന്നു.

വിവാഹവാർഷികത്തിൽ ഭാര്യക്ക് സമ്മാനമായി അറുപതുകാരൻ എവറസ്റ്റ് കീഴടക്കി. ഒരു ഗൾഫ് പൗരനാണത്രെ അപൂർവ്വമായ ഈ വിവാഹ സമ്മാനം ഭാര്യക്ക് നൽകിയത്. 42 വർഷത്തെ സന്തോഷകരമായ ദാമ്പത്യജീവിതത്തിൽ ഭാര്യക്ക് നന്ദി പ്രകാശിപ്പിക്കാനാണ് പോലും പാവം ഈ പെടാപ്പാട്പെട്ടത്.

‘’ഇതിലെന്ത് വാർത്തയിരിക്കുന്നു, വാർത്ത വരാൻ വേണ്ടി ഓരോരുത്തർ ഇതിലപ്പുറവും ചെയ്യും. ചിലപ്പോൾ വർഷം 42 ആയില്ലേ, എങ്ങനെയെങ്കിലും ഒന്നൊഴിവായിക്കിട്ടട്ടെ എന്നു കരുതി ഭാര്യ തന്നെ പറഞ്ഞു വിട്ടതാകാനും മതി.’’

പ്രിയതമയ്ക്ക് പ്രശ്നം നിസ്സാരവൽക്കരിച്ചത് തീരെ ഇഷ്ടപ്പെട്ടില്ല ’’അതെന്തുമാകട്ടെ, എല്ലാ ഭർത്താക്കൻമാർക്കും ഇതൊരു മാതൃകയാകട്ടെ എന്നാണ് ഞാനുദ്ദേശിച്ചത്.’’

‘’എല്ലാ ഭർത്താക്കൻമാരും എവറസ്റ്റിലേക്ക് പോകണമെന്നാണോ നീ പറയുന്നത്.’’

‘’അതെ,സത്യം പറയാമല്ലോ എല്ലാ ഭാര്യമാർക്കും ഏറ്റവും സന്തോഷം നൽകുന്ന കാര്യമായിരിക്കുമത്. ഒന്നുമില്ലെങ്കിലും തിരിച്ചു വരും വരെയെങ്കിലും അവർക്ക് ഒരു സമാധാനം കിട്ടുമല്ലോ.. ഇനിയെങ്ങാനും തിരിച്ചു വന്നില്ലെങ്കിൽ അതുമായി.’’

ഏതായാലും പ്രിയതമ ഉദ്ദേശിച്ചത് എന്നെയല്ല എന്ന് ആശ്വസിക്കാൻ ഞാൻ ശ്രമിച്ചു. ഇങ്ങനെയാണ് വാർത്തകളുടെ പോക്കെങ്കിൽ ഭാര്യ പത്രം വായിക്കാതിരിക്കുന്നത് തന്നെ നല്ലത്!.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎന്നിലെ കണ്ണകി…..
Next articleതാടി
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here