കുറ്റബോധത്തിൽ മുഖം താഴ്ത്തി ഞാനെന്റെ
കുട്ടന്റെ കൈത്തലം മെല്ലെത്തലോടവേ
കണ്ണുകൾ നോക്കിയിരിക്കുമ്പോളറിയാതെ
കണ്ണുനീർ വീഴുന്നതെന്തിനിന്നൊഴിയാതെ..
ഇന്നലെ സ്നേഹിച്ചിടാൻ മറന്നോ നിന്നെ
ഇന്നു ഞാൻ സ്നേഹിച്ചു തീർക്കുമതൊക്കെയും
ഇന്നലെ കാണാത്ത സൗന്ദര്യമൊക്കെയും
ഇന്നു ഞാൻ ആസ്വദിച്ചാത്മാവിലേറ്റിടും
മിഴികളിൽ നിറയുന്ന കണ്ണുനീരാകെയും
ഞാനെന്റെ ചുണ്ടുകൾ കൊണ്ട് തുടച്ചിടും
കരളിൽ കലർന്ന നിൻ കദനത്തിൻ വാവുകൾ
ഞാനെന്റെ ഹൃദയത്തിലിന്നേറ്റു വാങ്ങിടും
അഭിശപ്തനിമിശത്തിൻ തെറ്റുകൾക്കൊക്കെയും
നീ തരും മാപ്പാണെനിക്കിനി ജീവിതം
നീയാണ് സ്നേഹത്തിലിനിയെൻ നിലാവൊളി
നീ തരും സാന്ത്വനമിനിയെന്റെ ജീവിതം..