ഡിസി ബുക്ക്സ് പുറത്തിറക്കിയ ബെന്യാമിന്റെ പ്രിയപ്പെട്ട കഥകൾ എന്ന പുസ്തകത്തെപ്പറ്റി എഴുത്തുകാരന് പറയാനുള്ളതെന്തെന്ന് നോക്കാം:
കഥകൾ എഴുതാൻ തുടങ്ങിയിട്ട് ഇരുപത് വർഷങ്ങൾ ആയിരിക്കുന്നു. അതിനിടയിൽ എഴുതിയത് വെറും നാല്പത്തിയൊന്നു കഥകൾ മാത്രം. എഴുതുന്ന ഓരോ കഥകളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് പ്രിയപ്പെട്ടതു തന്നെയാണ്. അതുകൊണ്ടാണ് അവ പിന്നീട് പ്രസിദ്ധീകരിക്കുന്നതും നിങ്ങളുടെ വായന ആഗ്രഹിക്കുന്നതും. അവയിൽ നിന്ന് പിന്നെയും ഇഷ്ടപ്പെട്ട കഥകൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുമ്പോൾ മനസിൽ നിറയുന്നത് ഒരു ആവലാതിയാണ്. ഏതു സ്വീകരിക്കുമെന്നും ഏതിനെ ഉപേക്ഷിക്കുമെന്നും ഓർത്ത്. ആ കഥകളിലൂടെ ഒരാവർത്തി കൂടി കടന്നു പോകുമ്പോൾ സ്വയം മനസിലാവുന്ന ഒരു കാര്യമുണ്ട്. പരക്കെ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ചില കഥകളെക്കാൾ എനിക്ക് കൂടുതൽ പ്രിയം അങ്ങനെ ശ്രദ്ധയിൽ വരാത്ത മറ്റ് ചിലതാണ് എന്ന്. ഇ.എം.എസും പെൺകുട്ടിയും, കുമാരിദേവി, മരീചിക, യുത്തനേസിയ എന്നിവയൊന്നും എന്റെ കഥാലോകത്തു നിന്ന് മാറ്റി നിറുത്താൻ ആവാത്തതു തന്നെയാണ്. എങ്കിലും ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്ന കഥകളോട് എനിക്കൊരു സഹാനുഭൂതിയുണ്ട്. അവ കൂടുതൽ ശ്രദ്ധിക്കപ്പെടണമായിരുന്നു എന്നൊരു മോഹം. മിടുക്കരായിരുന്നിട്ടും പിന്തള്ളപ്പെട്ടു പോയ ചില മക്കളോടുള്ള സൃഷ്ടാവിന്റെ വാത്സല്യം. മറ്റേതെങ്കിലും ഒരു സമാഹാരത്തിൽ നിങ്ങൾ ഒരു പക്ഷേ അലസമായി കടന്നു പോയിട്ടുള്ള കഥകളാവാം ഇവ. എന്നാൽ ഈ തിരഞ്ഞെടുപ്പ് അതിലൂടെ ഒരു വട്ടം കൂടി കടന്നു പോകാൻ നിങ്ങളെ പ്രേരിപ്പിച്ചേക്കാം. ഭാഷാപരമായി കുറേക്കൂടി വ്യത്യസ്തവും കഥാപരമായി കുറേക്കൂടി വിപുലവുമാണ് ബെന്യാമിന്റെ കഥാലോകം എന്ന് പ്രിയപ്പെട്ട വായനക്കാരെ ബോധ്യപ്പെടുത്താനുള്ള ഒരു ത്വര ഈ തിരഞ്ഞെടുപ്പിലുണ്ട്.