പി. സുരേന്ദ്രന്‍ പ്രിയപ്പെട്ട കഥകള്‍

bk_9626

മലയാളത്തിന്റെ പ്രിയ കഥാകാരനായ പി.സുരേന്ദ്രൻ തന്റെ എഴുത്തുജീവിതത്തിലെ വെളിച്ചത്തെപ്പറ്റിയും പ്രിയപ്പെട്ട കഥകളെപ്പറ്റിയും പറയുന്നത് കേൾക്കാം

 

“കഥാജീവിതത്തില്‍നിന്ന് പതിനഞ്ച് പ്രിയപ്പെട്ട കഥകള്‍ തിരഞ്ഞെടുക്കുകയെന്നത് പ്രയാസംതന്നെയാണ്. ഇത്രയും കാലംകൊണ്ട്  ചെറുതും വലുതുമായി ഇരുന്നൂറിലേറെ കഥകളെഴുതി. അതില്‍ നിന്നാണ് പതിനഞ്ചെണ്ണം മാത്രം തിരഞ്ഞെടുക്കേണ്ടിവരുന്നത്. എഴുതിയവയെല്ലാം പ്രിയപ്പെട്ടവതന്നെ. പ്രമേയവും ഘടനയും ഓരോ കഥയിലും വ്യത്യസ്തമായിരിക്കും. എല്ലാ കഥകളും എനിക്ക് നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും പൊരുള്‍ തേടലാണ്. ചില കഥകള്‍ മറക്കാനാവാത്ത ചില അനുഭവങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അതോര്‍ത്തുകൊണ്ടാണ് ഈ പതിനഞ്ച് കഥകള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത്.

മൈസൂരില്‍ ഹോട്ടല്‍ തൊഴിലാളിയായി ഞാന്‍ ജീവിച്ചത് എഴുപതുകളുടെ അവസാനത്തിലാണ്. നസര്‍ബാദിലെ കുടുസ്സുമുറിയിലായിരുന്നു താമസം. മേല്‍ക്കൂരയില്ലായിരുന്നു അവിടത്തെ കക്കൂസുകള്‍ക്ക്. അവ വൃത്തിയാക്കാന്‍ തോട്ടികള്‍ വന്നിരുന്നു. ‘ഈശ്വരന്റെ നേരങ്ങള്‍’ അവിടെനിന്നു പിറക്കുന്നു. ആന്ധ്രയില്‍ മാവോയിസ്റ്റു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു യുവതിയെക്കുറിച്ച് ഒറ്റപ്പാലത്തെ എന്റെ കവിമിത്രം പറഞ്ഞ അനുഭവത്തില്‍നിന്നാണ് ‘തുളവീണ ആകാശം’ ഉണ്ടാവുന്നത്. കര്‍ണ്ണാടകഗ്രാമങ്ങളില്‍ വിപുലമായി യാത്രചെയ്തിട്ടുണ്ട് ഞാന്‍. ഗുണ്ടല്‍പ്പേട്ടയ്ക്കടുത്തുള്ള ഇബ്‌നി ഗോപാലസ്വാമി മലകേറുന്നത് കര്‍ഷകര്‍ക്കൊപ്പമാണ്. അവിടെയൊരു കൃഷ്ണക്ഷേത്രമുണ്ട്. പരസ്പരം മുണ്ഡനംചെയ്ത് തീര്‍ത്ഥക്കുളത്തില്‍ മുങ്ങിക്കുളിച്ച് ഭക്തര്‍ മലയിറങ്ങും. ആ അനുഭവമാണ് ‘ഭൂമിയുടെ നിലവിളി’യാവുന്നത്. മലയുമായി ബന്ധപ്പെട്ട മിത്ത് ഞാന്‍ കഥയില്‍ ഉപയോഗിക്കുന്നുണ്ട്. ചില നഗരാനുഭവങ്ങള്‍ ഉറക്കംകെടുത്തിയപ്പോള്‍ ‘ബര്‍മുഡ’യുണ്ടായി.

ഒരിക്കല്‍ കോഴിക്കോട് വലിയൊരു ഹോട്ടലില്‍ താമസിക്കവെ ലിഫ്റ്റില്‍വെച്ച് ഒരു പോര്‍ച്ചുഗീസ് പെണ്‍കുട്ടിയെ കണ്ടു. അവളുടെ ടീ ഷര്‍ട്ടില്‍ പായ്ക്കപ്പലിന്റെ ചിത്രമുണ്ടായിരുന്നു. പെരുമഴക്കാലമായിരുന്നു അത്. കടല്‍ അടുത്തുതന്നെയായിരുന്നു. സാമൂതിരിചരിത്രവും സമുദ്രവും പേര്‍ച്ചുഗീസ് പെണ്‍കുട്ടിയും എന്റെ ഉള്ളില്‍ക്കിടന്നു വിങ്ങിയപ്പോള്‍ ‘സമുദ്രത്തിന്റെ പര്യായങ്ങളു’ണ്ടായി. മലയാളത്തില്‍ പ്രസിദ്ധീകരിച്ചപ്പോഴും പിന്നീട് ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ആ കഥ.

 

bk_prev_9626

ജീവിതത്തിലെ നിരന്തരമായ തിരിച്ചടികള്‍ ഈശ്വരനില്‍ അഭയംതേടാന്‍ നിര്‍ബന്ധിക്കപ്പെട്ട ചില യുക്തിവാദികളെ എനിക്കറിയാം. ‘എലിക്കെണി’ എഴുതുമ്പോള്‍ അങ്ങനെ ചിലരുടെ ജീവിതംതന്നെ എന്റെ മുമ്പിലുണ്ടായിരുന്നു. പൊന്നാനിയിലെ സൂഫിമിത്തുകള്‍ തേടി ഞാന്‍ അലഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തത്തിന്റെ അനുഭവപരിസരമതാണ്. മഹാക്ഷേത്രങ്ങളിലെ വാസ്തുശില്പഭംഗികള്‍ തേടി നടന്ന യാത്രയില്‍ കണ്ട ഏതോ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ തെളിഞ്ഞതാണ് ‘നീലവിതാനം’. ചിത്രകലയോട് എന്നുമെനിക്ക് ഇഷ്ടമായിരുന്നു. അച്ചുതന്‍ കൂടല്ലൂര്‍ എന്ന ചിത്രകാരന്റെ ചെന്നൈയിലെ വീട്ടില്‍ ഞാന്‍ താമസിച്ചിരുന്നു. ചെന്നൈ-മഹാബലിപുരം റൂട്ടില്‍ കടലിനടുത്തായിരുന്നു ആ വീട്. ‘നീലക്കുതിരയുടെ മനസ്സിന്’ ഞാന്‍ ആ ചിത്രകാരനോട് കടപ്പെട്ടിരിക്കുന്നു. ‘കടങ്കഥയിലെ ജീവിതമാകട്ടെ’ എന്റെതന്നെ ബാല്യാനുഭവങ്ങളുമായി ബന്ധപ്പെട്ടതാണ്.

അന്തമാന്‍ സമുദ്രത്തിലൂടെ യാത്രചെയ്യവെ, ഏതോ കപ്പലില്‍നിന്ന് പുറത്തേക്കെറിഞ്ഞ മാലിന്യക്കൂനയ്ക്കു മുകളില്‍ ഒറ്റയ്ക്കിരിക്കുന്ന കടല്‍ക്കാക്കയെന്ന ഒറ്റ ബിംബത്തില്‍നിന്നാണ് ‘വിപരിണാമ’മുണ്ടാവുന്നത്. ചോരയുടെ വിപണികളും തെരുവുസ്‌ഫോടനങ്ങളും ആയുധവിപണികളും ചേര്‍ന്ന് വര്‍ത്തമാനകാലത്തെ ചില ക്രമങ്ങളും ക്രമംതെറ്റലും ബ്ലഡ് ഹൗസ് എഴുതാന്‍ പ്രേരണയായി. ഇങ്ങനെ ഓരോ കഥയ്ക്കും ഓരോ കാരണം.
വായനക്കാര്‍ക്ക് മുമ്പില്‍ എഴുത്തുകാരന്‍ തന്റെ കഥകള്‍ക്ക് ഭാഷ്യംചമയ്ക്കുന്നത് നല്ലതാണെന്നു ഞാന്‍ കരുതുന്നില്ല. കഥയില്‍ ഇടപെടേണ്ടത് കഥാകൃത്തല്ല. വായനക്കാരാണ്. അവര്‍ക്ക് എന്റെ പ്രിയപ്പെട്ട കഥകള്‍ ഇതൊന്നുമായിരിക്കണമെന്നുമില്ല. ഓരോ കഥയും വെല്ലുവിളിയാണ്. ചിലത് പൊടുന്നനെ വാര്‍ന്നുവീഴും. ചിലത് ഏറെ ദിനങ്ങള്‍കൊണ്ടേ സാക്ഷാത്കരിക്കാനാവൂ. ഒരോ കഥയും ഓരോ ക്ഷേത്രഗണിതം. പ്രിയപ്പെട്ട കഥകള്‍ എന്ന പരമ്പരയില്‍ എന്റെ പുസ്തകംകൂടി ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുമ്പോള്‍ അഭിമാനമുണ്ട്. നന്ദി. കഥയ്ക്കും കാലത്തിനും വായനക്കാര്‍ക്കും.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here