” നമ്മളിനി എന്നാ കാണുക?” അമ്മൂമ്മയുടെ മടിയിലേക്ക് തല പൂഴ്ത്തിക്കൊണ്ട് നന്ദുമോള്‍ ചോദിച്ചു.
” ഫെയ്സ്ബുക്കിലൂടെ”
” ഓ അതെന്നാലും ഇതേപോലെയാകില്ലല്ലോ” നന്ദു അമ്മുമ്മയുടെ കവിളില്‍ ഉമ്മ വച്ചു.
അമ്മുമ്മയായ പ്രിയംവദ അകലേക്ക് നോക്കി ഒന്ന് ദീര്‍ഘമായി നിശ്വസിച്ചു.
” നക്ഷത്രത്തീന്നിറങ്ങിവന്ന അപ്പുപ്പനെ ഞാനിന്നു വെളൂപ്പിനു സ്വപ്നം കണ്ടു. പാട്ടുപാടി , കഥ പറഞ്ഞ് എന്നോടൊപ്പം കളിച്ചൂലോ… ഈ മാമന്‍ തന്നെ …” കുട്ടി പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.
കാര്‍ എയര്‍പോര്‍ട്ടിലെത്തി. ബൈ ബൈ പറഞ്ഞ് കുട്ടി അച്ഛനമ്മാര്‍ക്കൊപ്പം നടന്നു പോയി. ഉയര്‍ന്നു പൊങ്ങുന്ന വിമാനത്തിലേക്ക് നിര്‍മ്മേഷയായി നോക്കി നിന്നു പ്രിയംവദ.
” വരൂ.. അമ്മേ ..” മകന്‍ അമ്മയെ കാറിന്റെ മുന്‍ സീറ്റിലിരുത്തി.
”അമ്മക്കു ഇന്നു തന്നെ പോകണോ?”
” വേണം സൗമിനിചേച്ചീടെ വീട്ടില്‍ നാളെ അടുക്കള കാണലാണ്. നിശാന്തിന്റെ കല്യാണത്തിനോ പങ്കെടുക്കാന്‍ കഴിഞ്ഞില്ല ഇതിനെങ്കിലും .. നീ കൂടി വന്നാല്‍ നല്ലത്”
” അതെങ്ങിനെയാമ്മെ .. ഒരു കളക്ടര്‍ എന്ന നിലയില്‍ നിന്നു തിരിയാന്‍ സമയമില്ല. ചേച്ചീടെ കാര്യമായതോണ്ട് എന്നെ വിട്ടതാണ്. അവര്‍ക്കൊക്കെ എന്റെ തിരക്കിനെ കുറിച്ച് അറിയാലോ. നാളെക്കൊണ്ട് മീറ്റിംഗ് തീരും. മറ്റന്നാള്‍ ഞാന്‍ വരും. കൂടെ എന്റെ ഓഫീസറും ഉണ്ടാകും. അദ്ദേഹത്തിനെന്നെ വല്യ താത്പര്യമാണ്”
”എവിടത്തുകാരനാണ്? ”
”കുടുംബമൊത്ത് ഡല്‍ഹിയിലാണ് താമസം. മകള്‍ നയന സിവില്‍ സര്‍വീസ് പരീക്ഷക്കു തയാറെടുക്കുന്നു. നാടുമായി ബന്ധങ്ങളൊന്നുമില്ല. ആ കുട്ടിക്ക് എന്നെ വല്യ ഇഷ്ടമണെത്രെ. അമ്മയെന്തു പറയുന്നു…?”
” നിന്നിഷ്ടം പൊന്നിഷ്ടം ”പ്രിയംവദ മകനെ നോക്കി.
” നമ്മുടെ ഭൗതിക സാഹചര്യങ്ങളെല്ലാം അവരോട് പറഞ്ഞിട്ടുണ്ട്. അതൊന്നും ഒരു വിഷയമല്ലെന്നവര്‍ പറഞ്ഞു. എനിക്ക് അമ്മയും ചേച്ചിയും മാത്രമേ ഉള്ളു എന്നും അമ്മയുടെ അഭിപ്രായമേ സ്വീകരിക്കു എന്നും പറഞ്ഞിട്ടുണ്ട്. അതിനായിട്ടാണ് അദ്ദേഹം വരുന്നത്”
” നിന്റെ ഇഷ്ടത്തെ ഞാന്‍ അംഗീകരിക്കുന്നു. നിങ്ങള്‍ ആങ്ങളയും പെങ്ങളും മാത്രമണെന്റെ സമ്പത്ത്. ബാക്കി എല്ലാ കാര്യത്തിലും ഞാന്‍ നിസ്വയാണ്. തെറ്റായ വഴിയിലേക്ക് നിങ്ങ പോകില്ലെന്നറിയാം”
മകന്‍ ചിരിച്ചു അമ്മയും.
പ്രിയംവദ അന്നു തന്നെ സ്വന്തം വീട്ടിലേക്കു പോന്നു. പിറ്റേന്ന് സൗമിനിയുടെ വീട്ടിലെത്തി ചുറുചുറുക്കോടെ ഓടി നടക്കുന്ന പ്രിയംവദയെ എല്ലാവര്ക്കും നന്നെ ബോധിച്ചു. സൗമിനി പ്രിയം വദയെ പരിചയപ്പെടുത്തി.
കൂര്‍ത്തു മൂര്‍ത്ത രണ്ടു കണ്ണുകള്‍ തനിക്കു നേരെ നീണ്ടു വരുന്നത് പ്രിയംവദ അറിഞ്ഞു. മുഖത്തേക്ക് ഇരച്ചു കയറുന്ന കാര്‍മേഘത്തുണ്ടുകള്‍.
പ്രിയാ .. നീ .. എത്രകാലമായി നിന്നെത്തേടി നടക്കുന്നു തീ പാറുന്ന നോട്ടം വിതറി സുനന്ദ.
പ്രിയംവദ നിന്നുരുകി. വിളറുന്നു വിയര്‍ക്കുന്നു തളരുന്നു.
പ്രിയേ .. നീ വരൂ നെല്ലിക്കുന്നിലേക്ക്, നായും നരിയും നരച്ചീറും വിഹരിക്കുന്ന ഭൂതപ്രേത പിശാചുകള്‍ അഴിഞ്ഞാടുന്നൊരു തറവട്ടിലേക്ക്. അതിന്നും നിന്നെ കാത്തിരിക്കുന്നു. നീ വരില്ലേ ഞാനവിടെയുണ്ട് .. സുനന്ദയുടെ ശബ്ദം പ്രതിധ്വനിക്കുന്നു.
തുളുമ്പാതെ നിന്ന കണ്ണീരിനാല്‍ കാഴ്ച മറക്കപ്പെട്ട് പ്രിയം വദ അവിടെ നിന്നു. പിന്നീട് വീട്ടിലേക്കു നടന്നു പോയി.
രാത്രിയില്‍ പ്രിയംവദക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. മനസിപ്പോള്‍ അലകടലായി മാറിയിരിക്കുന്നു. മറവിയിലേക്കു തള്ളപ്പെട്ടിരുന്ന ഓര്‍മ്മകള്‍ക്ക് വെള്ളിത്തിളക്കം.
നെല്ലിക്കുന്നേല്‍ തറവാട്. കളരിക്കു മുന്നിലെ ഭീമന്‍ നെല്ലിമരം. ജാംബവാന്റെ കാലത്തെന്നോ കിളിര്‍ത്തു വന്നതാണ്. ഇറുഞ്ഞിലു പോലെ അതില്‍ നെല്ലിക്കകള്‍ ചാഞ്ഞു കിടക്കും. അതിനു മുന്നില്‍ ആണ്ടിലൊരിക്കല്‍ നടത്തപ്പെടുന്ന വേലകളി. ആളും ആരവവും ആഘോഷവും സദ്യവട്ടവും.
കസവു പുടവയുടുത്ത് ചുവപ്പുകല്ലുകടുക്കനും സ്വര്‍ണ്ണം കെട്ടിയ രുദ്രാക്ഷ മാലയുമണിഞ്ഞ് മൂന്നു വിരലിട വീതിയില്‍ നെറ്റിയില്‍ ചന്ദനക്കുറി ചാര്‍ത്തി മെതിയടിയുമായി നടക്കുന്ന ശങ്കുമ്മാവന്‍ തറവാടിന്റെ അധികാരി ശങ്കുണ്ണി നായര്‍ മാടമ്പി..
തറവാട് അന്യം നില്ക്കരുത് പൂപ്പട നടത്തി, ഏകാദശി നോറ്റു, കാവില്‍ പൂജ നടത്തി. വാരിയെറിഞ്ഞ പണത്തിനു മുന്നില്‍ ദേവീ ദേവന്മാര്‍ പ്രസാദിച്ചു. ഭാവിയിലേക്കു നീളുന്ന സന്തതി പരമ്പരയിലൊരു പെണ്‍ കുഞ്ഞ്. ആഹ്ലാദത്തോടെ പേരു ചൊല്ലി വിളിച്ചു പ്രിയംവദ.
പ്രിയംവദ, അവള്‍ പട്ടിലും പൊന്നിലും പൊതിഞ്ഞു വളര്‍ന്നു. തറവാടിന്റെ വീര ചരിതങ്ങള്‍ കേട്ടു കൊണ്ട്.
എം എ ക്ലാസിലെ ഒരോറ്റ പെണ്‍കുട്ടി. അവള്‍ കഴിഞ്ഞാല്‍ പിന്നെ സമര്‍ത്ഥന്‍ സോമസുന്ദരന്‍. അതുകൊണ്ട് തന്നെ തര്‍ക്കവും വാശിയും മത്സരവും എല്ലാം മൂത്തു മൂത്ത് പ്രണയവഴിയിലേക്ക്.
പരീക്ഷ കഴിയുമ്പോള്‍ ഒരു സംശയം ബാക്കി. ഇനി എങ്ങോട്ട്? വ്യത്യസ്ത ജാതിക്കാരനായ സോമസുന്ദരത്തെ തറവാട്ടില്‍ സ്വീകരിക്കില്ല.
പ്രേമജ്വരം സിരകളിലാകെ പടര്‍ന്നു. ഒടുവിലൊറ്റ തീരുമാനം ഒളിച്ചോടുക.
എങ്ങോട്ടൊക്കെയോ ഓടിപ്പോയി മാറി മാറി എടുത്ത വാടക വീടുകള്‍ ജീവിക്കാനായി പല വിധ വേഷപ്പകര്‍ച്ചകള്‍.
മകള്‍ പിറന്നു. അടുത്ത ഗര്‍ഭം. ചെലവുകള്‍.
‘പ്രിയേ നീ എന്നോടു ക്ഷമിക്കു. ഒരു ജോലി തേടി ഞാന്‍ ബോംബക്കു പോകട്ടെ? പ്രസവ സമയത്തേക്ക് ഞാന്‍ വരാം” സോമന്‍ പറഞ്ഞു.
” എനിക്കിനി എന്റെ വീട്ടിലേക്കു പോകാന്‍ കഴിയില്ല. ഞാനെന്തു ചെയ്യും?”
” ഏക മകളല്ലേ സ്വീകരിക്കും”
” ഇല്ല ഇല്ല സോമന്റെ വീട്ടിലേക്കു ഞാന്‍ വരാം ”
” മറ്റുള്ളവരുടെ സൗജന്യം സ്വീകരിച്ചു വളര്‍ന്ന ഞാനൊരു അനാഥനാണ്. സ്വന്തമെന്നു പറയാന്‍ എനിക്കൊന്നുമില്ല, വീടും കൂടും പോലും”
മുകളില്‍ ആകാശം താഴെ ഭൂമി മുന്നില്‍ ശൂന്യത പിറകില്‍ അലകടല്‍.
” പ്രിയാ .. നീ കരയരുത്.. നിനക്കു വേണ്ടി എനിക്കു വേണ്ടി കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഞാന്‍ പോകട്ടെ ”
സൗമിനി ചേച്ചി കൂട്ടിനു വന്നു. ആശ്വസിപ്പിച്ചു. നെല്ലിക്കുന്നിലേക്ക് പോകാന്‍ മനസനുവദിച്ചില്ല. ആദ്യമൊക്കെ പ്രണയാതുരമായ കത്തുകള്‍. പിന്നെ പിന്നെ അതും നിന്നു പോയി.
മുന്നില്‍ ഒരൊറ്റ വഴി ആത്മഹത്യ .. പക്ഷെ സന്മനസുള്ള അയല്‍ക്കാര്‍. ട്യൂട്ടോറിയല്‍ അധ്യാപനം, ട്യൂഷന്‍ ക്ലാസുകള്‍, അധ്വാനിച്ചു. മക്കളെ പഠിപ്പിച്ചു.
ഇന്ന് മാറിനെ പിളര്‍ക്കുന്ന ഒരു കുന്ത മുനയായി സുനന്ദയുടെ വാക്കുകള്‍. ശങ്കുവമ്മാന് ഭ്രാന്തായി പോയത്രെ. അമ്മയും അമ്മുമ്മയും കുളത്തില്‍ ചാടി ജീവന്‍ വെടിഞ്ഞു.
കുത്തിയൊഴുകിയ പുഴ ജലം പോലെ കണ്ണുനീര്‍ മൂക്കിന്‍ തുമ്പിലൂടെ സ്തനങ്ങളെ നനച്ച് പൊക്കിള്‍ച്ചുഴിയിലേക്ക്.
മകള്‍ വന്നിട്ട് നെല്ലിക്കുന്നിലേക്ക് പോകണം. ബലിതര്‍പ്പണാദിക്രിയകളിലൂടെ പ്രായ്ശ്ചിത്തം ചെയ്യണം.
തെറ്റിന്റെ ആഴം എന്തെന്ന് ഇന്ന് മനസിലാകുന്നു.
എന്തോ, നഷ്ടപ്പെട്ടു പോയ ആ ജീവിതത്തെ ഇനി തിരിച്ചു പിടിക്കാനാവില്ലല്ലോ.
ഒളിച്ചോട്ടത്തിലൂടെ പതിതയായി പോയ ഞാന്‍ നെല്ലിക്കുന്നിന്റെ പടി ചവിട്ടുക, ആശിക്കാന്‍ പോലും കഴിയാത്തൊരു കാര്യം. തറവാടിനു മേല്‍ കരി വാരിയെറിഞ്ഞിട്ട്…..
സോമസുന്ദരന്‍ എവിടെ പോയി? അതു പിടി കിട്ടാത്തൊരു സമസ്യയായി. സോമന്റെ തനി പകര്‍പ്പായി മകനും മകളും. നന്ദു മോള്‍ കണ്ടതു പോലെ ആകാശത്തിലെവിടെയോ നക്ഷത്രമായി……
രാവിലെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് പ്രിയംവദ ഉണര്‍ന്നു. മുഖം കഴുകി മുടി ഒതുക്കി കെട്ടി സാരിയുടെ ചുളിവുകള്‍ നിവര്ത്തി അവര്‍ വാതില്‍ തുറന്നു.
” അമ്മേ ഇതാണെന്റെ സാറ്” മുന്നില്‍ ചിരിച്ചുകൊണ്ട് മകന്‍.
ഇമ വെട്ടാതെ പ്രിയംവദ അതിഥിതിയെത്തന്നെ നോക്കി നിന്നു. അമ്മയുടെ മുഖത്തെ ഭാവപകര്‍ച്ചകള്‍ കണ്ട് മകന്‍ അമ്പരന്നു. ഞെട്ടിപ്പോയ അതിഥി വീഴാതെ തൂണില്‍ പിടിച്ചു . കൂമ്പാള പോലെ വിളറിപ്പോയ അയാളുടെ മുഖത്തേക്ക് നോക്കിയ പ്രിയംവദയില്‍ നിന്നും ഞറുമ്മുന്ന പല്ലുകളുടെ മര്‍മ്മരം ഉയര്‍ന്നു.
” അമ്മേ…” സംഭ്രാന്തിയോടെ മകന്‍ വിളിച്ചു.
” ഇത് ഇതാണ് നിന്റെ അച്ഛന്‍ സോമസുന്ദരന്‍”
ഒരു കൊടുങ്കാറ്റു പോലെ വിറയാര്‍ന്ന ശരീരവുമായി അവര്‍ അടുത്ത മുറിയിലേക്കു പാഞ്ഞു പോയി.
കടപ്പാട് :- ഉണര്‍വ് മാസിക