ശശാങ്കകിരണസമാനമാണുസ്‌മേരം-സഖേ,
വിശാലഹൃദയവായ്‌പാണതിലേറെ സുന്ദരം
ചാരുപ്രശംസയല്ലിതെന്നുള്‍ത്തുടിപ്പാം സ്വരം
വിശ്വസിച്ചീടുകയമലേ,യിതാണാപ്‌തവാക്യം.
മധുവാര്‍ന്നചൊടികളെന്നകതാരുലച്ചിടാതെ,
നുകരാനുണര്‍ത്തുന്നതറിയുന്നിതോമലാളെ
കുളിരിളം തെന്നലായണയുനീ പ്രേമകാവ്യേ,
നിളപോലൊഴുകീടുമേഴുവര്‍ണ്ണങ്ങള്‍ നാളെ.
നവലോകമിനി, നിനക്കേകീടുമേറെ സൗഖ്യം
ഉണരുമീ മലരിലായെഴുതുനിന്‍ സൗമ്യശീലം
പരിലസിച്ചീടട്ടെയവനിയില്‍ സ്‌നേഹസൂനം
പരിമളംതൂകിടുന്നിന്നുനിന്‍ സ്മരണപോലും.
മിഴിനനയ്ക്കുന്നു താരുണ്യമേ, നിന്‍നിരാസം
ഹര്‍ഷമേകില്ലകമെ വര്‍ഷമേ, നിന്‍പ്രവാസം
ഊഷരമാക്കരുതാര്‍ദ്രകാലമേ; മല്‍ജീവിതം
വന്നുചേര്‍ന്നീടുനീ,യോതിടാമെന്‍സ്വാഗതം.
ശാലീനരൂപിണീ തവസ്വപ്നമെന്‍ നഭസ്സായ്
നിവരുന്നകമെയിന്നേഴേഴു വര്‍ണ്ണങ്ങളായ്
തൂമലര്‍ത്താലങ്ങളേന്തുംഋതുക്കളൊന്നായ്
പുലരിത്തുടിപ്പായിമാറുമെങ്കില്‍ നമുക്കായ്.
നിനക്കായി സ്പന്ദിച്ചിടുന്നിതാ മല്‍ഹൃദന്തം
വന്നുനിറയുന്നു,കനവിലെന്‍പ്രിയസുഗന്ധം
നിന്മനോസ്മേരംപകര്‍ത്തുവാനായ് ദിഗന്തം
തെളിക്കുന്നുവാനമെന്നകമെന്നപോലെമന്ദം.
തെല്ലുമില്ലുഷ്‌ണമെന്നോതിടുന്നിന്നു കാലം
ശീതളമാക്കുന്നു സൗമ്യതേ, നിന്‍കപോലം
പുനര്‍രചിച്ചീടുന്നു;യമുനതന്നാര്‍ദ്രചിത്തം
സ്നേഹവര്‍ണ്ണങ്ങളാല്‍-താജിന്റെ രമ്യചിത്രം.