തടങ്കൽ സഞ്ചാരങ്ങൾ

 

നേരം 10:30 മണി കഴിഞ്ഞു. ഏതായലും അത്താഴം കഴിഞ്ഞ് ബാക്ക്യാർഡിലൂടെയുള്ള ഉലാത്തൽ ഇന്ന് വേണ്ട. ബോർ! എന്നും ആ ഇട്ടാവട്ടത്തു തന്നെ നിന്നു തിരിയുന്നത് മടുത്തു. പുറത്ത് വച്ചിരിക്കുന്ന ചെരുപ്പും നനഞ്ഞ് കിടപ്പുണ്ടാകും നശിച്ചയോരു മഞ്ഞ്. പുറത്തേക്ക് ഇറങ്ങി അല്പ നേരം അയല്പക്കമൊക്കെ ഒന്നു ചുറ്റി വന്നാലോ? ഐഡിയ തരക്കേടില്ല—ഒന്നുമില്ലെങ്കിൽ കുന്ന് ഇറങ്ങിയും കയറിയും ഒരു വ്യായാമം ആകും, പുറം ലോകം സന്ദർശിക്കലും. പതിവില്ലാതെ ഇന്ന് പയ്യൻസും മുകളിൽ മുറിയിൽ നല്ല ഉറക്കമായെന്നു തോന്നുന്നു…

ക്യാമറ കയ്യിൽ കരുതിയാലോ? ഒരുപാട് കാലമായതു പോലെ ഫോട്ടോ വല്ലതും പകർത്തിയിട്ട്. എടുത്തേക്കാം എന്തായാലും ഒന്നും ഇല്ലെങ്കിൽ നട്ടപ്പാതിരക്ക് ഭാരമുള്ള ടെലിഫോട്ടോ ലെൻസും കഴുത്തിലേറ്റിക്കൊണ്ട് വെറുതെ നടക്കാൻ ഇറങ്ങുന്നത് ഒരന്തസ്സ് തന്നെ.

ബാറ്ററിയിൽ ചാർജുണ്ടോ എന്തോ… പോട്ട്, വ്യൂഫൈണ്ടറിലൂടെയും സംഗതികളെ വീക്ഷിക്കാമല്ലോ. ലോ-ലൈറ്റ് സീനും കൂടി ആകുമ്പോൾ അതിന്റെ ഭംഗിയൊന്നു വേറെ തന്നെ ആയിരിക്കും. ഹാളിന്റെ കോണിലുള്ള ടേബിള്‍ ലാമ്പൊന്നു മാത്രം കത്തിക്കോട്ടെ തിരിച്ചു എതുന്നതു വരെ.

പാതിരാത്രിയുള്ള ഈ ഭ്രാന്ത് കാരണം വീട്ടിലുള്ള മറ്റാരേയും ശല്യപ്പെടുത്തേണ്ടതില്ലല്ലോ. എന്തോ ഒന്ന് മറന്നല്ലോ… ഓ, ഇനി ചാവി എടുത്തില്ല എന്നു വേണ്ട കതക് പൂട്ടാതെ ഇറങ്ങിയാൽ പിന്നെ പാതിവഴി നടന്നെത്തുന്നതിനു മുൻപെ ശങ്കയായി, ആധിയായി… വേണ്ട. ഇരിക്കട്ടെ കയ്യിൽ. പുറത്ത് കൂർക്കംവലിക്കുന്ന കോളനിയിലൂടെ ഇറങ്ങി നടക്കുമ്പോൾ കൂട്ടിന് പോക്കറ്റിൽ ഒരു ചെറു കിലുക്കമുള്ളത് ഒരു ധൈര്യവും നൽകും. ജാക്കെറ്റ്, ഫോൺ, ഷൂസ്—ഓൾ സെറ്റ്

ഇടവഴി നീണ്ടതാണെങ്കിലും ചെറിയ വെളിച്ചത്തിൽ അത്ര നീളം തോന്നിക്കുകയില്ല. ഇരു വശത്തും ഉയർന്ന മതിൽക്കെട്ടുകൾ ഉടനീളം ഓടുന്നു. നടപ്പാതയുടെ പലയിടത്തും കോണ്‍ക്രീറ്റ് വിണ്ടു പൊട്ടി കിടക്കുന്ന നിലയിലാണ്. വിടവുകളിലൂടെ കുറ്റിച്ചെടികളും പുല്ലും മറ്റും കിളിർന്നു നിൽക്കുന്നത് കാണാം. അതിലെ നടക്കുമ്പോൾ അവയെ പരമാവധി ഒഴിവാക്കികൊണ്ടും ചവിട്ടാതെ ശ്രദ്ധിച്ചും ഒക്കെയാണ് ഞാൻ നീങ്ങുന്നത്. തിങ്ങിനിറയുന്ന ആൾക്കൂട്ടമുള്ള ഇടുങ്ങിയ റോഡിലേക്ക് ഒരു വമ്പൻ എസ്യൂ.വീ ഓടിച്ചു കയറുന്ന പ്രതീതി.

കനത്ത മഞ്ഞുണ്ട് ചുറ്റും, സ്റ്റ്രീറ്റ് ലാമ്പിന്റേ പ്രകാശത്തെ മങ്ങിക്കുന്ന വിധം മൂടൽ. മുന്നെ ഒരമ്പതടി ദൂരം മാത്രം കഷ്ടിച്ച് കാണാൻ സാധിക്കുന്ന അവസ്ഥ. വഴിനീളമുള്ള ലാമ്പ് പോസ്റ്റുകൾ കണ്ടിട്ട് ചിലവ് ചുരുക്കലിനു വേണ്ടി സ്ഥാപിച്ചിരികുന്ന എല്ല്.ഈ.ടി ലാമ്പുകൾ ആണെന്നു തോന്നുന്നു. അവയിൽ പലതും പാതിയളവിൽ മാത്രമെ പ്രവർത്തിക്കുന്നുമുള്ളു. ഇരുട്ടിൽ ഇട്ടിരിക്കുന്ന ജാക്കറ്റിന്റെ അറ്റങ്ങൾ പോലും തെളിച്ചു കാണാൻ കഴിയുന്നില്ല. ഏതായാലും ഇറങ്ങി പുറപ്പെട്ടു, ഇനി ഇപ്പൊ അങ്ങട് നടന്നു തീർക്കാതെ വേറെ രക്ഷയൊന്നുമില്ല. നടക്കുക തന്നെ. ഇതാ മറ്റൊരു പോസ്റ്റ്, അല്പം കൂടി വെളിച്ചമുള്ളത്. ഒരു ചെറു ദൂരത്തായി മാറി ആരോ ഒരാൾ നിൽക്കുന്നത് കാണാം. പാതിരാത്രി വീട്ടിൽ അടങ്ങിയിരിക്കാൻ കഴിയാത്ത കിറുക്കന്മാർ വേറെയും ഉണ്ടോ ആവോ കോളണിയിൽ?

ഒരു വൃദ്ധന്റെ രൂപം തെളിഞ്ഞു വരുന്നു. ഇടവഴിയുടെ ഒരു വശത്ത് ചുവരിനോടു പുറം ചേർന്ന് നിൽക്കുകയാണ് പുള്ളി. കയ്യിൽ ഒരു സിഗററ്റുണ്ട്, അതിന്റെ അറ്റത്തു നിന്ന് ഉയരുന്ന പുക സ്റ്റ്രീറ്റ്ലാമ്പിന്റെ പ്രകാശത്തിൽ പാറി തെളിയുന്നു. അടുക്കുന്തോറും പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം എന്തോ സ്വയം പിറുപിറുക്കുന്നതും കേൾക്കാം. പക്ഷെ എന്തുകൊണ്ടോ എന്നെ കണ്ട ഭാവം നടിക്കുന്നില്ല കിഴവൻ. കാണ്ടിഡ് ഷോട്ടിനു പറ്റിയ ഫ്രെയിം സൂത്രത്തിൽ ഒരു കൈ നോക്കിയാലോ? കിട്ടിയാൽ ഊട്ടി… ക്ലിക്ക്-

ലെൻസ് ഹുഡ്ഡ് ഊരി പോക്കറ്റിൽ വയ്ക്കുന്നതിനിടെയാണ് ശ്രദ്ധിക്കുന്നത് കയ്യിലുള്ള സാധനം റ്റെലിഫോട്ടോയല്ല വൈഡ് ആംഗിളാണെന്ന്. ഇനിയിപ്പൊ കുന്നിൻ കീഴെയുള്ള സ്കൂളും വിദൂരത്തുള്ള സമുദ്രവും ഒന്നും പകർത്താമെന്ന പ്രതീക്ഷ വേണ്ട എന്തായാലും. മനുഷ്യനായാൽ ഇത്രയും അശ്രദ്ധയാകാമോ—ഛെ! ആ, വല്ലഭന് പുല്ലും ആയുധം. പലപ്പോഴും വ്യൂഫൈണ്ടറിലൂടെ രംഗത്തെ വീക്ഷിക്കുമ്പോളാണല്ലോ പുതു കമ്പോസിഷനുകൾ മനസ്സിൽ രുപപ്പെടുന്നത്. ഇന്നും ഒരുപക്ഷെ അതേ തന്ത്രം സഹായകരം ആയേക്കും.

ലോ-ലൈറ്റാണെങ്കിൽ കൂടി സ്റ്റ്രീറ്റ് ലാമ്പുകളുടെ വെളിച്ചത്തിൽ റോഡോരത്ത് ഇരുവശത്തും പാർക്ക് ചെയ്തിരിക്കുന്ന വണ്ടികൾ കാണാൻ ഒരു പ്രത്യേക ചന്തമാണ്. എല്ലാം ഒന്നിനൊന്ന് പീസും. റിയർ വ്യൂ കണ്ണാടിച്ചില്ല് തകർന്നതും പെയിന്റ് അടർന്നു തുടങ്ങിയതും ടയർ പഞ്ചറായതും ഡോർ ഒടിഞ്ഞതും ഒക്കെയുണ്ട് ഈ കൂട്ടത്തിൽ. യുവ താരങ്ങളും ന്യൂ ജെന്നുമാരുമൊക്കെ അവരവരുടെ അറ്റാച്ച്ഡ് മാളികകളിൽ സുരക്ഷിതമായി അന്തിയുറങ്ങുന്നുണ്ടാകും.

അതാ കിടക്കുന്നു പൊട്ടിപ്പൊളിഞ്ഞ ഒരു ചുവന്ന പഴഞ്ചൻ ഫോർഡ് ട്രക്ക്. ഗല്ലിയുടെ ഒരു വശത്തായി കുറ്റിച്ചെടിയും പുല്ലും നിറഞ്ഞ ഒരു മലഞ്ചെരിവ് ചേർന്നാണ് നില്പ്, ബാക്ഗ്രൗണ്ടിൽ താഴ്വാരം കാണാവുന്ന വിധത്തിൽ… ആഹാ, തകർപ്പൻ ഫ്രെയ്മിങ്! രാത്രി ഉറക്കമിളച്ചതിനു ഫലം ഉണ്ടായല്ലോ! നല്ല ആംഗിളിനായി തലങ്ങനെയും വിലങ്ങനെയുമൊക്കെ നടന്നു വ്യൂഫൈണ്ട്റിലൂടെ നോക്കെണ്ടി വരും.

നേരം പാതിരാത്രി ആയതുകൊണ്ട് ഏതായാലും വണ്ടികളെയൊന്നും പേടിക്കണ്ട. അറ്റത്ത് കാണുന്ന ആ ലാമ്പ് പോസ്റ്റിന്റെ നേരെ കീഴിൽ നിന്നു ഷൂട്ട് ചെയ്താലോ? മ്-ഹ്, പൊക്കം ശരിയല്ല. റോഡിന്റെ നടുക്കു നിന്നു ആയാലോ, ഫുൾ വൈഡ്? തികച്ചും വ്യത്യസ്തമായിരിക്കും പ്ലേയിസ്മെന്റ്, സാധാരണമായി സ്റ്റ്രീറ്റ് ഷോട്സിൽ കണ്ടുവരാത്ത ഒന്ന്. ഏയ്…പോരാ; ഡെപ്ത് തീരെയില്ല.എതിർ വശത്ത് കിടക്കുന്ന വെള്ള പിക്കപ്പ് ട്രക്കിന്റെ മീതെ കയറി ശ്രമിച്ചാലോ—ഒരു ടോപ് ആംഗിൾ വൈഡ്? മര്യാദകേടാണ്, ഒരു സംശയവും വേണ്ട. അയൽവാസിയുടെ വാഹനത്തിൽ അനുവാദമില്ലാതെ പിടച്ച് കയറി കലയഭ്യസിക്കുന്നത് ശുദ്ധ തോന്ന്യാസം തന്നെ. എങ്കിലും ഒരു കൈ നോക്കിയിട്ട് തന്നെ കാര്യം. ക്യാമറ ട്രക്കിന്റെ ലഗ്ഗേജറയുടെ ഇരുമ്പ് കമ്പിയിൽ ബാലൻസ് ചെയ്തു ആദ്യം നോക്കാം സംഗതി ഉദ്ദേശിച്ചപോലെ കിട്ടുമോ എന്ന്.പക്ഷെ ഇതെന്താ ഒരു ഇളക്കം വണ്ടിക്ക്? ഇതിൽ ആളോ മറ്റോ ഉണ്ടോ.…

” പതിവായി നൈറ്റ് ഫോട്ടോഗ്രഫിക്കായി വരുന്നവർ ഇവിടെയാണ് കൂടാറുള്ളത്” അയാൾ പറഞ്ഞു.

കേട്ടെങ്കിലും ഞാൻ മറുപടി കൊടുക്കാനൊന്നും മുതിർന്നില്ല. അനാവശ്യമായ സംഭാഷണങ്ങൾ ഒഴിവാക്കുവാനാണ് അപ്പോൾ തോന്നിയത്. എങ്കിലും കേട്ട ഭാവം വരുത്തിക്കൊണ്ട് തലയാട്ടി പയ്യെ.

“ഇന്നലെയും കൂടി കൊണ്ടു വിട്ടു 1-2 പേരെ ഈ പറഞ്ഞ സ്ഥലത്ത്. ഏതോ ഇന്റ്ർനാഷണൽ പത്രത്തിന്റെ ഫോട്ടോ ജെർണലിസ്റ്റുകൾ ആയിരുന്നു അവർ. പേർ എന്താ പറഞ്ഞെ?…”

ഞാൻ പുറത്തേയ്ക്കും നോക്കികൊണ്ട് ഇരുന്നു, പ്രത്യേകിച്ച് ഒന്നും പറയേണ്ടതില്ലെന്ന മനോഭാവത്തോടെ. അല്പം അന്ധാളിപ്പോടുകൂടെയും. ഇതെങ്ങനെ എത്തിപ്പെട്ടു ഞാൻ ഇയാളുടെ കൂടെ?അയാൾ തുടർന്നു.

“ഒരുപാട് പേർ വന്നു പകർത്താൻ ശ്രമിക്കാറുള്ള കാഴ്ചയാണ്. നിങ്ങളുടെ ഭാഗ്യം ഇത്ര പെട്ടെന്ന് അവസരം കിട്ടിയത്. ഞാൻ ഈ തിരിവു വരയെ കൊണ്ടുവിടാറുള്ളു സാധാരണ ഗതിയിൽ… പക്ഷെ ഇന്ന് താങ്കളെ സ്പോട്ടിൽ എത്തിച്ചു തന്നേക്കാം.”

ചുരം ഇറങ്ങിവരുന്നത് ഞാൻ ശ്രദ്ധിച്ചു. പരിചയമുള്ള വീടുകളും കെട്ടിടങ്ങളും ഏതൊക്കെയോ കടന്നു പോകുന്നതു പോലെ തോന്നി പലതിന്റേയും രുപത്തിൽ മാറ്റം വന്നിരിക്കുന്നു. കുന്നിന്റെ കീഴെയുള്ള സ്കൂ…—അതിന്റെ ആകൃതിയെന്താ ഈ ഉരുണ്ട നിലയിൽ?! റോഡോരത്ത് കിടക്കുന്ന കാറുകൾക്ക് ചക്രങ്ങൾ മൂന്ന് മാത്രം. അയ്യോ – ഒരെണ്ണം ദേ ഊരി പോരുന്നു! പുലർച്ചയായതു കൊണ്ട് ആകാം, നേരിയ വെളിച്ചമെയുള്ളു വണ്ടിക്കകത്ത്. സീറ്റിന്റേ നിറമോ ചുറ്റുമുള്ള മറ്റ് സാധനങ്ങളുടെ രൂപമോ വ്യക്തമായി തിരിച്ചറിയാൻ കഴിയുന്നില്ല. മുന്നിൽ വണ്ടിയോടിക്കുന്ന ആളുടെ മുഖം കാണാനായി ഞാൻ എത്തി നോക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ രൂപം അങ്ങ് തെളിയുന്നില്ല. ചുണ്ടത്തൊരു സിഗാർ കുറ്റി കാണാനുണ്ട്, അതിന്റെ പുകയുടെ നാറ്റം ശ്വാസം മുട്ടിക്കുന്നതു പോലെ… അവസാനം സഹികെട്ട് ഞാൻ മുന്നിൽ ഡ്രൈവറുടെ തോളത്ത് വിറച്ചിലോടെ തട്ടുന്നു. പരിഹാസം അടങ്ങിയ സ്വരത്തിൽ അയാളുടെ മറുപടി പുറകെ

“… ഇതെന്താ മാഷെ, നിങ്ങൾക്ക് നമ്മളെ മനസ്സിലാവാത്ത മാതിരി!” ഇത്രയും പറഞ്ഞതും വണ്ടി സഡ്ഡൻ ബ്രെയ്ക്കിട്ടു സ്തംഭിപ്പിച്ച് നിർത്തുന്നു. തൊട്ടടുത്തുള്ള ഡോറ് വീശി തുറക്കപ്പെടുകയും ഞാൻ തെറിച്ചു പുറത്തേക്ക് വീഴുന്ന കാഴ്ചയാണ് പിന്നത്തേത്. ചെന്നു നേരെ വീയുന്നത് ആഴമേറിയ, കുത്തനെയുള്ള ഒരു മലഞ്ചെരിവിലേക്ക്. മലക്കം മറിഞ്ഞു ഉരുണ്ടുരുണ്ട് താഴ്ചയിലേക്ക് വീഴുന്നു. എങ്ങും പിടിത്തം കിട്ടാതെയുള്ള ഫ്രീ-ഫോൾ. അവസാനം ചുമന്ന മണ്ണും കുറെ കുറ്റിച്ചെടികളുമൊക്കെയുള്ള തുറസ്സായ ഒരിടത്ത് വന്നു വീഴുന്നു.

ആകാശം ഇരുണ്ട ഒരു നിറം, ചുറ്റും കനത്ത മഞ്ഞും, നേരം ഇനിയും വെളുക്കാനിരിക്കുന്നതെയുള്ളു. വീഴ്ചയുടെ ആഘാതത്തിൽ ഞാൻ കുറെ നേരം നിശ്ചലമായി കിടക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ എന്തോ തടയുന്നതു പോലെ ഒരു തോന്നൽ. പതിയെ തിരിഞ്ഞു നോക്കുമ്പോൾ, അതാ—എന്റെ റ്റെലിഫോട്ടോ ലെൻസ്! ഒരു പോറല്‍ പോലുമില്ലാതെ… അല്പം ബുദ്ധിമുട്ടിയാണെങ്കിൽ പോലും സാവകാശം കാലുകൾക്ക് ബലം നൽകിക്കൊണ്ട് ഞാൻ എഴുനേറ്റ് നില്‍ക്കുന്നു. നിവർന്നു നിന്നതിനു ശേഷം ചുറ്റുപാടും പരിസരവുമൊക്കെ ഒന്നു വിശദമായി നിരീക്ഷിക്കുന്നു. വിചിത്രമായൊരു ഭൂപ്രകൃതിയാണ് ഇവിടം—ഒരെ സമയം തുറസ്സായ പരന്ന ഭൂമിയുടേയും കുന്നിന്‍പ്രദേശത്തിന്റേയും സ്വഭാവം തോന്നിക്കുന്ന ഒന്ന്. മുന്നോട്ട് കുറച്ചുകൂടി നടന്നു ചെല്ലുമ്പോൾ ഒരു വരമ്പ് എത്തുന്നു. മുന്നിൽ ഒരു വിശാലമായ മുനമ്പ്, അതിനപ്പുറം ഗോൾഡൻ ഗെയിറ്റ് പാലവും പസിഫിക്ക് ഉൾകടലും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English