കൊല്ലപ്പെട്ടത് മാധ്യമ സ്വാതന്ത്ര്യമോ, മാധ്യമ പ്രവർത്തകനോ?

 

തൂലിക പടവാളാക്കി ധീരതയോടെ പ്രതികരിച്ച ജ്യോതിർമോയ് ഡേ, ഗൗരി ലങ്കേഷ് തുടങ്ങിയ   പല മാധ്യമപ്രവർത്തകരുടെയും  ജീവനെടുക്കപ്പെട്ട അനുഭവം നമ്മുടെ രാജ്യത്തിന് പുതിയ അനുഭവമല്ല. കഴിഞ്ഞ ദിവസം കേരളത്തിൽ മരണപ്പെട്ട മാധ്യമപ്രവർത്തകനായ ശ്രീ എസ്. വി പ്രദീപിന്റെയും മരണം ഈ പട്ടികയിൽ എഴുതിച്ചേർക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് മാധ്യമങ്ങളും, ജനങ്ങളും.

 

ഭാരത് ലൈവ് എന്ന ലൈവ് ന്യൂസ് പോർട്ടലിന്റെ എഡിറ്റോറിയൽ ഡയറക്ടറാണ് ശ്രീ എസ്.വി.പ്രദീപ് . ഇദ്ദേഹം ശക്തനായ ഒരു മാധ്യമ പ്രവർത്തകനാണെന്നാണ് പറയപ്പെടുന്നത്. ഈ പദവിയക്കുമുമ്പ് മീഡിയ വൺ, മനോരമ ന്യൂസ്, കൈരളി ടെലിവിഷൻ, ജയ്ഹിന്ദ്,’ മംഗളം, ന്യൂസ’-18 എന്നീ മാധ്യങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കരമന കളിയിക്കാവിള ദേശീയ പാതയിൽ സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പിന്നിൽനിന്നും വന്ന അജ്ഞാത വാഹനം ഇടിച്ചിട്ടാണ് അദ്ദേഹം മരണപ്പെട്ടത്. പിന്നിൽ നിന്നും ഇടിച്ചിട്ട വാഹനം നിർത്താതെ പോയതും, തലയിലൂടെ വാഹനത്തിന്റെ ചക്രം കയറിയിറങ്ങിയ നിലയിൽ കാണപ്പെട്ടതും ഈ മരണത്തിൽ എന്തോ ദുരൂഹത തോന്നുന്നതായി മാധ്യമങ്ങൾ പറയുന്നു. മാത്രമല്ല ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും തന്റെ മകന് ഭീഷണിയുള്ളതായുള്ള ശ്രീ.പ്രദീപിന്റെ അമ്മയുടെ വെളിപ്പെടുത്തലും ഈ സംശയത്തിന് കൂടുതൽ ഊന്നൽ നൽകുന്നതായി പറയപ്പെടുന്നു. സംശയങ്ങളെ ആസ്പദമാക്കി കൂടുതൽ അന്വേഷണം നടത്തുവാൻ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നറിയുന്നു.

 

 

ഈ സംഭവത്തിലെ സാഹചര്യം എന്തായിരുന്നാലും   ഇന്നത്തെ കാലഘട്ടത്തിൽ മാധ്യമപ്രവർത്തകർക്കെതരെയുള്ള അക്രമണത്തിന്റെ എണ്ണം ദിനംപ്രതി കൂടി വരുന്നു. ഇതിലൂടെ നമ്മുടെ രാജ്യത്തിന് നേരിടേണ്ടി വരുന്നത് ശബ്ദമുയർത്താൻ കഴിയുന്ന മാധ്യമപ്രവർത്തകരുടെ അഭാവമായിരിക്കാം’. ജീവൻ പണയപ്പെടുത്തി യാഥാർത്ഥ്യങ്ങളെ വെളിച്ചത്തു കൊണ്ടുവരാനുള്ള ഒരു മാധ്യമ പ്രവർത്തകന്റെ തന്റേടം  രാഷ്ട്രീയപാർട്ടികൾക്കു മുന്നിലും, ഗുണ്ടായിസത്തിനു മുന്നിലും ഭയന്ന് അടിയറവ് വയ്ക്കേണ്ട ഒരവസ്ഥയിലേക്കാണ് ഇത്തരം സംഭവങ്ങൾ സമൂഹത്തെ എത്തിക്കുന്നത്.   ഇതിലൂടെ സത്യം വെളിപ്പെടുത്തുന്ന മാധ്യമങ്ങൾ നിശബ്ദമാകുന്നു ‘ മാധ്യമപ്രവർത്തനം വെറും പണത്തിനും  സ്ഥാനമാനങ്ങൾക്കും വേണ്ടിയുള്ള ഒരു തട്ടകമാകുന്നു. ഇതിലൂടെ മാധ്യമപ്രവർത്തകരുടെ മൂല്യം യജമാനനു മുന്നിൽ വാലാട്ടിനിൽക്കുന്ന വളർത്തു പട്ടികൾക്കു തുല്യമാകുന്ന ഒരു സ്ഥിതിവിശേഷമാകാം സംജാതമാകുന്നത് ‘ മാധ്യമ പ്രവർത്തനത്തിലൂടെ ജനങ്ങൾക്ക് കാണാൻ കഴിയുക ഒരു പാർട്ടിയുടെ അല്ലെങ്കിൽ ഒരു വിഭാഗത്തിന്റെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ വക്താവിനെയാകാം. ചില പത്രങ്ങളുടെ  അല്ലെങ്കിൽ പത്രപ്രവർത്തകരുടെ അവസ്ഥ ഇപ്പോൾ തന്നെ ഈ രീതിയിലാണെന്ന് വേണമെങ്കിൽ പറയാം.

 

മാധ്യമപ്രവർത്തകൾ രാഷ്ട്രീയ പാർട്ടികളേയും, ഗുണ്ടകളേയും ഭയന്ന് അടിയറവുപറയുമ്പോൾ സാധാരണ ജനങ്ങളിലെത്തുന്ന വാർത്തകളുടെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.  ഈ അടുത്തുകാലത്തുണ്ടായ സാമൂഹ്യമാധ്യമങ്ങളുടെ കുതിച്ചുകയറ്റം മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകളുടെ മൂല്യത്തിന് ഇടിവുണ്ടാക്കിയിട്ടുണ്ട്. വേണ്ടതും, വേണ്ടാത്തതുമായ വാർത്തകൾ കൊണ്ടുവന്നുതട്ടാനുള്ള ഒരു ചവറുകുഴിയായി മാറിയിരിക്കുകയായിരുന്നു സാമൂഹിക മാധ്യമങ്ങൾ. എന്നാൽ ഈയിടെയായി അതിൽ കൊണ്ടുവന്നിരിക്കുന്ന ചില വിലക്കുകൾ,   സാമൂഹികമാധ്യമങ്ങളിലൂടെ ഊതിവീർപ്പിക്കുന്ന വാർത്തകൾക്ക് പ്രത്യേകിച്ചും വ്യക്തിപരമായ വൈരാഗ്യങ്ങൾക്കും, രാഷ്ട്രീയ വൈരാഗ്യങ്ങൾക്കും ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.   ഇത്തരം ഒരു സാഹചര്യത്തിൽ വാർത്താമാധ്യമങ്ങളും, പത്രസ്വാതന്ത്ര്യവും ഭീഷണിയും കൈമിടുക്കുംകൊണ്ട് ചിലർ അടക്കിഭരിച്ചാൽ വാർത്താമാധ്യമങ്ങൾക്കും, അതിലൂടെ ജനങ്ങളിലെത്തുന്ന വാർത്തയ്ക്കും യാതൊരു മൂല്യവും ഇല്ലാതാകും. സോഷ്യൽമീഡിയകളെപ്പോലെ വാർത്താമാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കും വിശ്വാസ്യതയും പ്രാധാന്യവും കുറയും. മാധ്യമങ്ങൾക്ക് അതിന്റെ ഉത്തരവാദിത്വം കൃത്യനിഷ്ഠയോടെ, സത്യസന്ധമായി നിറവേറ്റാൻ കഴിയാതെയാകും.

 

മാധ്യമപ്രവർത്തകർക്കെതിരെയുള്ള അക്രമണങ്ങൾ സമൂഹത്തിലെ നെറികേടുകൾക്കെതിരെ പ്രതികരിക്കുവാനും, മുഖം നോക്കാതെ അനീതിക്കൾക്കെതിരെ വിരൽ ചൂണ്ടുവാനുള്ള മാധ്യമസ്വാതന്ത്രത്തിന്റെ കൈകളിൽ വിലങ്ങിടുന്നതുപോലെയാണ്. തുറന്നു പ്രതികരിക്കാൻ ഇന്നലെ വരെ ധൈര്യം കാണിച്ചിരുന്ന മാധ്യമ പ്രവർത്തകർ അറിയാതെത്തന്നെ അവരുടെ ജീവനുവേണ്ടി കൊതിക്കുന്നു.

 

നമ്മുടെ കൊച്ചുകേരളത്തിന്റെ ചരിത്രം മറിച്ചു നോക്കിയാൽ ധീരനായ മാധ്യമ പ്രവർത്തകൻ ശ്രീ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ അധികാരത്തിലിരുന്നവർ നാടുകടത്തിയ അനുഭവവും ഇവിടെയുണ്ട്. മോട്ടോർസൈക്കിളിൽ സഞ്ചരിച്ചിരുന്ന ഒരു പത്രപ്രവർത്തകനെ ഒരു ഐ.എ.എസ് കാരന്റെ കാറിടിച്ച് മരിച്ച, സമാനമായ സംഭവവും കഴിഞ്ഞ വർഷം സംഭവിച്ചത് കേരളത്തിൽ തന്നെ.

 

സത്യസന്ധനായ ഒരു മാധ്യമപ്രവർത്തകന് ഇന്നത്തെ കാലഘട്ടം ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ലെജിസ്ലേഷൻ,  ജുഡീഷ്യറി ,ന്യായവിധി എക്സിക്യൂഷൻ  എന്നിവ പോലെത്തന്നെ ഇന്ത്യൻ ജനാധിപത്യത്തിന്റെ നാലാംതൂണായി കണക്കാക്കപ്പെടുന്ന ഒന്നാണ് മാധ്യമം’ ജനങ്ങൾക്കെതിരെയുള്ള ഏതു പ്രവൃത്തിയേയും സധൈര്യം ചൂണ്ടി കാണിക്കുവാനുള്ള സ്വാതന്ത്ര്യം ഇവരിൽ നിക്ഷിപ്തമാണ്. എന്നാൽ ഇന്ന് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളും, നേതാക്കളും, പണവും സ്വാധീനവും ഉള്ളവരും കണ്ണും കാതും, നാക്കും മൂടികെട്ടി അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊപ്പം ജനങ്ങൾക്കു മുന്നിൽ ചലിക്കുന്ന നൂൽപാവകളാക്കി മാധ്യമപ്രവർത്തകരെ മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് അതിൽ നിന്നും വ്യതിചലിക്കുന്നവരുടെ ജീവന് വിലപറയാൻ ഇവിടെ യാതൊരു മടിയുമില്ലാതായികൊണ്ടിരിക്കുന്നു.  കണ്ണുകളാൽ കണ്ടതും, കാതുകളാൽ കേട്ടതുമായ കാര്യങ്ങൾ ജനങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തുന്നതിനു മുൻമ്പ് ഭരണപക്ഷത്തേയും, എതിർ പക്ഷത്തേയും, നേതാക്കൻമാരെയും, ഗുണ്ടകളേയും ഭയപ്പെടേണ്ടതായ സ്ഥിതിവിശേഷം വന്നു പേർന്നിരിക്കുന്നു ‘ അതായത് മാധ്യമങ്ങളുടെ അധികാരം രാഷ്ട്രീയ കുത്തകയായി മാറിക്കഴിഞ്ഞു.

 

നമ്മുടെ ഭരണഘടന അനുശാസിക്കുന്ന മൗലിക അവകാശങ്ങളിൽ 19 1 A പൗരാവകാശങ്ങളെക്കുറിച്ചുള്ളതാണ്.  അതിൽ പ്രധാനമായത് അഭിപ്രായ സ്വാതന്ത്ര്യമാണ്. ഇതിൽ മാധ്യമപ്രവർത്തകർക്കായുള്ള മൗലികാവകാശങ്ങളും വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർക്ക് അവരുടെ അഭിപ്രായങ്ങൾ ഏതു രീതിയിലും അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. സത്യസന്ധമായി വാർത്തകളെ ജനങ്ങൾക്കു മുന്നിൽ നിരത്തുന്ന മാധ്യമ പ്രവർത്തകരെ വകവരുത്തുക എന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന് ഇന്നു നേരിടേണ്ടി വരുന്ന ഭീഷണിയാണ്. മാധ്യമത്തിന്റെ മൗലിക അവകാശങ്ങളെ (അവരുടേതായ ചില നിയമങ്ങൾ നിലനിൽക്കുന്നുവെങ്കിലും) ചോദ്യം ചെയ്യാൻ ഒരു പൗരനും അവകാശമില്ല. എന്തെങ്കിലും കാരണത്താൽ ഏതെങ്കിലും ഒരു മാധ്യമം വ്യക്തിക്കെതിരെയോ, പാർട്ടിക്കെതിരെയോ, ഗവണ്മെന്റിനെതിരെയോ അനാശാസ്യമായി എന്തെങ്കിലും വിവരങ്ങൾ വെളിപ്പെടുത്തിയാൽ അതിനെ ചോദ്യംചെയ്യാൻ ഉതകുന്ന നിയമങ്ങളും, ശിക്ഷകളും   നിലവിലുണ്ട്. തനിക്കോ തന്റെ പാർട്ടിയ്‌ക്കോ അനുകൂലമല്ലാത്ത എന്തെങ്കിലും വാർത്ത വെളിപ്പെടുത്തിയ മാധ്യമപ്രവർത്തകനെ വകവരുത്തുവാൻ ഒരു നിയമവും രാഷ്ട്രീയ കക്ഷികൾക്കോ, വ്യക്തികൾക്കോ അധികാരം നൽകുന്നില്ല.

 

ഗവൺമെന്റെ മാധ്യമപ്രവർത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തുന്നതിലൂടെ മാധ്യമങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസവും, വാർത്തകളുടെ മൂല്യവും, സമൂഹത്തെ വളർത്തുന്നതിൽ പത്രപ്രവർത്തനത്തിനുള്ള സ്ഥാനവും നിലനിർത്താൻ കഴിയും. അതോടൊപ്പം തന്നെ ഭരണഘടനയുടെ നാലാംതൂണ് ജനാധിപത്യത്തിന് ധൈര്യമായി ചാരിനിൽക്കാനുള്ള നെടുംതൂണായി വർത്തിക്കുകയും ചെയ്യും.

 

മാധ്യമപ്രവർത്തകൾ രാഷ്ട്രീയത്തിന്റെയോ വ്യക്തികളുടെയോ വക്താവായി  മാറാതെ ഒറ്റകെട്ടായി നിൽക്കുന്നതിലൂടെയും, ഗവണ്മെന്റ് അവർക്ക് ഉറപ്പുനൽകുന്ന സംരക്ഷണത്തിലൂടെയും മാത്രമേ മാധ്യമങ്ങളുടെ കർത്തവ്യം കൃത്യമായി നിർവഹിക്കാൻ കഴിയൂ എന്ന ഓർമ്മപ്പെടുത്തലാണ് മാധ്യമപ്രവർത്തനരംഗത്ത് ഇന്ന് നടക്കുന്ന ഓരോ അസാധാരണ സംഭവങ്ങളും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

  1. ലവലേശം ഭയമില്ലാതെ സത്യങ്ങൾ വിളിച്ചു പറയുന്ന എല്ലാ ജേർണ്ണലിസ്റ്റുകൾക്കും ഇത് ഒരു പാഠമാണ്. ഓൺലൈനായും അല്ലാതെയും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന സത്യങ്ങൾ പലപ്പോഴും മറ്റു ചിലർക്ക് അപ്രിയസത്യങ്ങളാകാം. അതുകൊണ്ടു തന്നെ മാധ്യമ പ്രവർത്തകർ മൊത്തം ശബ്ദിക്കേണ്ടതല്ലേ?

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English