പുണ്യകര്‍മ്മികള്‍ തന്‍
സൂക്ഷ്മശരീരം
ശ്രദ്ധയായി ദ്യുലോകത്തില്‍
സോമമായി പര്‍ജ്ജന്യനില്‍
വര്‍ഷമായി ഭൂമിയില്‍
അന്നമായി പുരുഷനില്‍
രേതസ്സായി പഞ്ചാഗ്നിയാം
സ്ത്രീയില്‍ പതിച്ചനന്തരം
മനുഷ്യജന്മത്തിന്നര്‍ഹമായിടും.
ഭൂലോകത്തുനിന്ന്
പിതൃലോകത്തേക്ക്
പിതൃലോകത്തുനിന്ന്
ഭൂലോകത്തേക്കനുസ്യൂതം
തുടരുന്നു ജീവന്റെ പ്രയാണം .
ജനന മരണങ്ങളാകുമിരട്ടകള്‍
ഒരേ നാണയത്തിന്നിരുവശങ്ങള്‍
സംസാരചക്രത്തിന്നതീതമാകുവാന്‍
ജീവന്മുക്തിനേടണമിഹത്തില്‍
ശ്രേയസ്സാം മാര്‍ഗ്ഗത്താല്‍
ചിത്തനൈര്‍മ്മല്യം വരുത്തി
ശ്രദ്ധ, ഭക്തി, ജ്ഞാന, യോഗ മാര്‍ഗ്ഗത്താല്‍
സര്‍വ്വഭൂത പാപഹാരിയാം
പരമപുരുഷാര്‍ത്ഥത്തെ പ്രാപിച്ചിടാം
പരമവൈരാഗ്യവാനാം
ദൃഢചിത്തനാം യോഗി
മനോബുദ്ധീന്ദ്രിയങ്ങള്‍ക്കഗമ്യമാം
ആത്മവിദ്യക്കധികാരിയായിടും
ആത്മസാക്ഷാത്ക്കാരത്താല്‍
നിലച്ചിടും സംസാരചക്രം