ചെറു ജനലിൻ്റെ പഴുതിലൂടെയായ്
തെറിച്ചു വീഴുന്ന നിറനിലാവിൻ്റെ
കുരുന്നു ചീളുകൾ പെറുക്കി വച്ചു ഞാൻ
പ്രിയതമെ, നിൻ്റെ മുഖം തിരയുന്നു.
ഇരുൾ ഭയത്തിൻ്റെ പുറം തൊടികളിൽ
നിഴലുകൾ മുടിച്ചുരുളഴിക്കുമ്പോൾ
വികൃതിക്കാറ്റിൻ്റെ കുസൃതിയെന്നു നിൻ
ചികുരഭാരത്തിൽ തഴുകലാകും ഞാൻ.
പുലരിയിൽ സൂര്യപ്രഭയ്ക്കു മുന്നെ നീ
നിറഞ്ഞൊരാലസ്യം മറ,ന്നുണരുവാൻ
കരങ്ങളാൽ അരികിടം തിരയുമ്പോൾ
മിഴികളിൽ നാണ,ച്ചുഴിയൊരുക്കുന്ന
സുഖദമോർമ്മയായ് നിറഞ്ഞുനിൽക്കും ഞാൻ.
വഴുതി നിൽക്കുന്ന കുളപ്പടവിൻ്റെ
വിളളലിൽ നിന്നു,മുരഗമിഴികളായ്
മദമുതിർക്കുന്ന നിൻ്റെ യൗവ്വന-
ക്കാഴ്ച്ചയി,ലിഴഞ്ഞീടു,മിന്നു ഞാൻ.
ഇടവഴിയിലെ കൊച്ചുവല്ലികൾ
പെറ്റ പൂക്കളായ് നിൻ ചെവിയുടെ
പുറകിലെ മൃദു സ്പർശനത്തിനാ-
ലുൾപ്പുളകത്തി,ന്നിക്കിളിയാകും.
പിണഞ്ഞു വീഴുന്ന മുടിക്കുറുമ്പിനെ
വകഞ്ഞുമാറ്റി നീ, കടഞ്ഞ വാലുള്ള
കുരുന്നു കണ്ണാടിത്തിളക്കവും നോക്കി
നിറുകിൽ സിന്ദൂരക്കുറിയെഴുതവേ
തിരിച്ച്, നിൻ കണ്ണിൽ രമിച്ചു നോക്കുന്ന
പ്രണയമായി ഞാൻ പ്രതിഫലിച്ചിടും.