പ്രവാസി എന്നും പ്രവാസി

dubai

 

ദുബായ് നഗരത്തിലെ വളരെ പഴയയാ കെട്ടിടത്തിലെ കുടുസ്സുമുറിയില്‍ വല്ലപ്പോഴും മാത്രമേ അതിലെ അന്തേവാസികളായ 14പേരും ഒരുമിച്ചുണ്ടാകാറുള്ളൂ. അങ്ങനെയുള്ള ഒരു വാരാന്ത്യ രാത്രിയായിരുന്നു അത്.

“ഞാന്‍ ബെര്ന്ന മാര്‍ച്ചില്‍ എന്തായാലും വിസ കേന്‍സലാക്കി പോയ്യാ” ഷുക്കൂര്‍ പറഞ്ഞു.

“ഇക്കാ, മാര്‍ച്ച് ഇക്കൊല്ലം മാത്രല്ല, അട്ത്ത കൊല്ലോം ഉണ്ടാകും. ഇക്ക മൂന്നാല്കൊല്ലായല്ലോ മാര്‍ച്ചീ പോന്നാ, മാര്‍ച്ചീ പോന്നാ എന്ന്‍ പറയ്ന്ന്‍. ഇങ്ങള് പോയേന്നൂല്ല ഇങ്ങളെ ഞമ്മക്ക് അറിഞ്ഞൂടെ. ഇക്ക ചുമ്മാ വെറും വാക്ക് പറയ്യാ” പ്രായം കൊണ്ട് ഏറ്റവും ചെറിയവനായ അജ്മല്‍ പറഞ്ഞു.

“എടാ മോനേ, അജ്മലേ, ഈയ്യ് ഇബ്ട ബ്ന്നിട്ട് കൊല്ലം അഞ്ചാറല്ലേ ആയുള്ളൂ. ഞാനേ ഇരുപത്തിമൂന്നാമത്തെ ബയസ്സില് ബന്നതാ. ഇപ്പോ ബയസ്സ് 54 ആയി. കയിഞ്ഞ മുപ്പതുകൊല്ലം കൊണ്ട് ഈ ചെറിയ പണീം ബെച്ചോണ്ട് മൂന്ന്‍പെണ്മക്കള്ള്ളേളന തെറ്റില്ലാത്ത രീതീല് പഠിപ്പിക്കയും കെട്ടിച്ചയക്കയും ചെയ്ത്.മോനെ പഠിപ്പിച്ച് ഇന്‍ജിനീയറാക്കി വിസിറ്റിംഗ് വിസട്ത്ത് ഈട കൊണ്ടാന്ന്‍ പണിയും ആക്കികൊട്ത്ത്. ബല്യ മണിമാളികേന്നുയല്ലേലും ചെറ്മട്ടത്തില്ള്ള ഒര് പൊര ഓക്കും മക്കക്കും ആക്കികൊട്ത്തിട്ടുണ്ട്. അത്രക്കൊക്കെ മതീന്ന്‍. എനി ബാക്കീള്ള കാലം ഞമ്മടെ നാട്ടീ പോയി നാട്ടിലെ മണ്ണിന്‍റെ മണോം, ശുദ്ധവായും, പുഴേം മഴേം ഒക്കെ ഒന്നാസ്വദിച്ച് ജീവിക്കട്ടെ”.

“അയിന് ഇക്കാ നാട്ടില് ഇപ്പം ഏടയാ മഴ. ഈട്ത്തപോലേന്നെ പൊരിഞ്ഞ ചൂടല്ലേ നാട്ടിലും. വേനല്‍ക്കാലത്ത് എ.സിയില്ലാണ്ട് ജീവിക്കാനേ പറ്റൂല്ലാന്നാ സുബൈദ പറെന്നെ. പുഴകളൊക്കെ വറ്റിയങ്ങില്ല്യാണ്ടായി. ശുദ്ധവായു ആണോ ഇപ്പം നാട്ടില്ള്ളത്, ഈ ഫാക്ടറികള് പൊറത്ത് വിട്ന്ന വിഷവായുയല്ലേ മുയ്വനും” റസാഖ് ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഇപ്പോഴത്തെ അവസ്ഥയില്‍ സങ്കടപ്പെട്ടുകൊണ്ട് പറഞ്ഞു.

“അല്ല ഇക്കാ, നാട്ടീ പോയാല് ജീവിതച്ചെലവിന് ഇങ്ങള് എന്താ ചെയ്യാ, മോനയച്ചേരുവായിരിക്കും അല്ലേ. അതോ ഇത്രേന്നാളും പണീട്ത്തതിന്‍റെ വല്ല നീക്കിയിരിപ്പും ഉണ്ടാ” സലീമിന്‍റെ വകയാണ് ചോദ്യം.

“എന്ത് നീക്കിയിര്പ്പാന്‍റെ സലീമേ, ഉള്ളതെല്ലാം നൊട്ടിപെറുക്കി മക്കളേല്ലം ഒര് വയിക്കാക്കീല്ലേ. എന്റുപ്പാന്റെ ഒര് പഴേ ചായക്കടണ്ട് അങ്ങ്നാട്ടില്. ഉപ്പ മരിച്ചേപിന്നെ ആരും നോക്കാനില്ലാണ്ട് പൂട്ടിയിട്ടിര്ക്ക്യാ. അതൊന്ന്‍ നന്നാക്കിയെട്ത്ത് എന്തേലും കച്ചോടം ചെയ്യണം. പിന്നെ സൈനബാന്‍റെ പേരില് ഞാനൊരു ചെറിയ തെങ്ങിന്‍തോപ്പ് വാങ്ങിനേന്നു. പത്തിരുപത്തെട്ടുകൊല്ലായി ഓളന്‍റ കൂട പൊറുക്കാന്‍ തൊടങ്ങീട്ട്. ഇന്നേവരെ ഒര് പൊന്നിന്‍റെതരി പോലും മേടിച്ചോട്ക്കാന്‍ അനക്ക് പറ്റീട്ടില്ല. അയിന്‍റത്തൂന്നും എന്തേലും കിട്ടൂന്ന്‍ വിചാരിക്കാ. മോനോടൊന്നും ഞാന്‍ ചോയിക്കൂല. ഓന് പെണ്ണൊക്കെ കെട്ട്ണ്ടതല്ലേ. പിന്നെ വാ കീറിയ റബ്ബ് അന്നം തരാതിരിക്ക്വോ. അതൊക്കങ്ങ് നടക്കും”.

“ഞമ്മളീ പ്രവാസികള് നാട്ടിലെറങ്ങാന്‍ കാത്തിരിക്കയാ ചെല ആള്ക്കാര് ചോരയൂറ്റി കുടിക്കാന്. ഞമ്മള് പതിനഞ്ച്പതിനാറു മണിക്കൂറോളം പണീട്ത്ത്ണ്ടാക്ക്‌ന്ന കായ്യാ. ഓര്ടെ ബിചാരം മരം ഇങ്ങ്നെ കുല്ക്കി പെറുക്കിയെട്ക്ക്‌ന്നതാന്നാ” ഒരനുഭവസ്ഥനെപ്പോലെ അന്‍വര്‍ പറഞ്ഞു.

“അയിന് ഞമ്മള നാട്ട്‌കാര് പണിയെട്ത്ത് ജീവിക്കൂലല്ലോ. പണിയെട്ക്ക്‌ന്നതു മുയ്വന്‍ ബംഗാളികളും ആസാമികളും അല്ലേ. പണിയെട്ത്ത് ജീവിക്ക്‌ന്നോനല്ലേ അയിന്‍റെ ബെല മനസ്സിലായൂ”. കൊണ്ടോട്ടിക്കാരന്‍ കാദറു പറഞ്ഞു.

“ഞമ്മളീ ബര്‍ക്ക്‌ സൈറ്റില് ഒര് സമയത്ത് ഒര് സിമന്‍റ്ചാക്കേ ചൊമക്ക്ന്ന്‍ളളൂ. എന്നാ ജീവിതത്തില് ഒരേ സമയത്ത് നാലുയഞ്ചും സിമന്‍റ് ചാക്കാ ചൊമക്ക്‌ന്നെ. പൊര എന്ന കടമ്പ കടന്നപ്പോ ഒര് സിമന്‍റ് ചാക്ക് എറക്കിവെച്ചു. മൂത്തമോളെ കെട്ടിച്ചപ്പോ രണ്ടാമത്തെ സിമന്‍റ് ചാക്കും എറക്കിവെച്ച്. അങ്ങനെയെല്ലാ സിമന്‍റ്ചാക്കും എറക്കിവെച്ച് ഇപ്പളാ ഒന്ന്‍ നടു നിവര്‍ത്തിയേ. എനി നാട്ടീപോയി സ്വസ്ഥായി നാടിന് വേണ്ടി എന്തേലും ചെയ്യണം. കാലാകാലോം ഈ അന്യനാട്ടില് കെടന്നാ മതിയാ. ഞമ്മക്ക് പെറ്റനാടിനോടുയില്ലേ ഒര് ബാധ്യത.”

പിറ്റേന്നു തന്നെ സൈനബാനെ വിളിച്ച് ഷുക്കൂര്‍ തന്‍റെ തീരുമാനമറിയിച്ചു. അവര്‍ക്ക് ഇതില്‍പ്പരം ഒര് സന്തോഷം വേറെയില്ല. സൈനബ പറഞ്ഞു.

“ഇക്കാ, ഞാനിതിക്കാനോട് അങ്ങട്ട് പറയ്യാനിരിക്ക്യാര്ന്ന്‍. ഇക്കയിങ്ങ് പോരിക്കാ, ഞമ്മക്കുപ്പാന്‍റെ പീടിയേല് ചായകച്ചോടം നടത്തി ജീവിക്കാ. മക്കളൊക്കെ വല്തായി ഓരോ വയിക്കായില്ലേ അനക്കിനിയും ഒറ്റയ്ക്ക് വയ്യ” സൈനബയുടെ വാക്കുകള്‍ കൂടി കേട്ടപ്പോള്‍ ഷുക്കൂര്‍ തിരികെ മടങ്ങാനുള്ള തന്‍റെ തീരുമാനം ഒന്നുകൂടി ഉറപ്പിച്ച് ദിവസങ്ങളെണ്ണി മാര്‍ച്ചെത്താന്‍ കാത്തിരിക്കാന്‍ തുടങ്ങി.

ബാല്‍ക്കണിയില്‍ നിന്ന്‍ ദുബായ്നഗരത്തിന്‍റെ മാസ്മരിക സൗന്ദര്യം കണ്ടുകൊണ്ടിരിക്കയാണ് ഷുക്കൂര്‍. മാനം മുട്ടാന്‍ മത്സരിക്കയാണ് കെട്ടിടങ്ങളെന്ന്‍ തോന്നും. ഈ നഗരത്തില് സങ്കടവും കണ്ണീരും മാത്രം വിധിച്ചിട്ടുള്ള എത്രയോ ആളുകളുണ്ട്. അതൊന്നും ഈ നഗരത്തിന്‍റെ മുഖത്ത് പ്രതിഫലിക്കുന്നേയില്ല. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണപ്രപഞ്ചത്തില്‍‍ കുളിച്ച് എപ്പോഴും പുഞ്ചിരിതൂകികൊണ്ട് നില്ക്കയാണ് ദുബായ്നഗരം. ഇത്പോലെ ഒരിക്കലും കരയാതെ എപ്പോഴും സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു.

വരുമ്പോയെന്താ കൊണ്ട് വരേണ്ടതെന്ന്‍ ചോദിക്കാനാ സൈനബാനെ വിളിച്ചത്.

“ഇക്ക അബ്ട്ന്ന്‍ ഒയിവാക്കി വര്ന്നത് മക്കക്കും മരുമക്കക്കൊന്നും അത്ര പിട്ച്ചിട്ടില്ല. ഉപ്പാക്ക് അയിന് മാത്രം പ്രായോന്നുമായിട്ടില്ലല്ലോ, ഇപ്പം തന്നെന്തിനാ പണിയിട്ടേച്ച് ബര്ന്നതെന്നാ ഓര് ചോയിക്ക്ന്നെ. മാസാമാസം ഒര് തൊക കിട്ട്ന്നത് കളയണ്ടാന്നാ ഓര്ടെ അഭിപ്രായം”.

“ഓര് പറേന്നതൊന്നും യ്യീ കാര്യാക്കണ്ട. ഇത്രേം നാളും ഞമ്മള് ഒലിക്കുമേണ്ടി ജീവിച്ചില്ലേ. എനി കൊറച്ച്കാലേങ്കിലും ഞമ്മക്കുമേണ്ടി ജീവിക്കണ്ടെ”.

അങ്ങനെ കാത്തുകാത്തിരുന്ന ആ സുദിനം വന്നെത്തി. മരുഭൂമിയുടെ മടുപ്പില്‍ നിന്നും നാടിന്‍റെ ഊഷ്മളതയിലേക്ക് ഷുക്കൂര്‍ പോകുന്ന ദിവസം. പെട്ടിയൊക്കെ കെട്ടി റൂമില്‍ നിന്ന്‍ ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ കാദറ് പറഞ്ഞു.

“ഷുക്കൂര്‍ക്കാ, അങ്ങനെ ഇങ്ങള് ഇബ്ട്ന്ന്‍ രക്ഷപ്പെട്ട്, അനക്ക്എനി എന്നോളീ ഒന്ന്‍ രക്ഷപ്പെടാന്‍ പറ്റ്ക”. കാദറിന് ഒര് സിമന്‍റ്ചാക്ക് കൂടി എറക്കിവെക്കാനുണ്ട്. ഇളയമോളെ കൂടി കെട്ടിച്ച് വിടണം. എയര്‍പോര്‍ട്ടിലേക്ക്‌ പോകുമ്പോള്‍ കാറിന്‍റെ ഗ്ലാസ് താഴ്ത്തി, പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ക്കെന്നും പരിഹാരമായ പണക്കാര്‍ക്ക് പണം ചെലവഴിക്കാനുള്ള ഒരുപാധിയായ ദുബായ് നഗരത്തെ ഷുക്കൂര്‍ അവസാനമായി കണ്‍കുളിര്‍ക്കെ കണ്ടു. ഒന്നുമില്ലേലും പത്ത്മുപ്പത് കൊല്ലത്തോളം തന്‍റെ സങ്കടങ്ങളും പരാതികളുമൊക്കെ ക്ഷമയോടെ കേട്ട നഗരമല്ലേ.

എയര്‍പോര്‍ട്ടിലെത്തി സെക്യൂരിറ്റിചെക്കിംഗും ഒക്കെ കഴിഞ്ഞ് സ്വസ്ഥമായി ഒരിടത്ത് ഇരുന്നതിനു ശേഷമാണ് സൈനബാനെ വിളിച്ചത്.

“സൈനബാ, എയര്‍പോര്‍ട്ടിലേക്ക്‌ കുറെയാളൊന്നും വരണ്ടാട്ടോ. ആരെങ്കിലും ഒന്നോ രണ്ടോ പേര് വന്നാമതി”.

“അതിക്കാ, ഇങ്ങള് ആട്ന്നെന്നെ ഒര് ബണ്ടീം പിടിച്ച് ഇങ്ങ് പോര്. ഇങ്ങളെ കൂട്ടാന്‍ ബെരാന്‍ പറഞ്ഞപ്പോ മക്കക്കും മരുമക്കക്കുമൊക്കെ ഓരോരോ തെരക്ക്കള്. ഒര് ബണ്ടി ഏര്‍പ്പാടാക്കാന്‍പോലും ആളില്ല” സൈനബാക്ക്‌ അത് വലിയ സങ്കടമായിരുന്നു”.

“സാരില്ല്യ സൈനബാ, ഞാനൊറ്റയ്ക്ക് ബന്നോളാം. അറിയാത്ത വയ്യിയോന്നുയല്ലല്ലോ. ഞമ്മടെ നാടല്ലേ”. ആദ്യമൊക്കെ ലീവിന് നാട്ടില്‍ പോകുമ്പോള്‍ ഒരു കാറില്‍ കൊള്ളാത്തത്രയും ആള്‍ക്കാര് എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ വരാറുള്ളത് ഷുക്കൂര്‍ ഓര്‍ത്തു. ഷുക്കൂറിന് അതില്‍ വലിയ അതിശയമൊന്നും തോന്നിയില്ല. ഇതൊക്കെ ഒര് പ്രവാസീടെ ജീവിതത്തില് പറഞ്ഞിട്ട്ള്ളതാ. പൊന്‍മുട്ടയിട്ന്ന താറാവ്‌ അതിന്‍റെ മുട്ടയിടലങ്ങ് നിറുത്തിയാല്‍ എന്തായിരിക്കും അതിന്‍റെ അവസ്ഥ അങ്ങനെ കണക്കാക്കിയാമതി.

നാട്ടിലെത്തിയതിന്‍റെ മൂന്നാം നാള്‍ ആ ഗ്രാമത്തിലെ യുവജന ക്ലബ്ബിന്‍റെ ഭാരവാഹികളായ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഷുക്കൂറിനെ കാണാന്‍ വന്നു. അതില്‍ ഷുക്കൂറിന്‍റെ ആത്മാര്‍ത്ഥസുഹൃത്തായിരുന്ന രാജന്‍റെ മകന്‍ അശ്വിനുമുണ്ടായിരുന്നു. മൂന്നാല് കൊല്ലം മുന്‍പേ ഒരു കാര്‍ ആക്സിഡന്‍റില്‍ രാജന്‍ മരിച്ചുപോയി.

“ഇക്കാ, യുവജനക്ലബ്ബിന്‍റെ നേതൃത്വത്തിലുള്ള വായനശാല പുതുക്കിപണിയാന്‍ ആലോചിക്ക്‌ന്ന്‍ണ്ട്. അതിന് സംഭാവന പിരിക്കാനിറങ്ങിയതാ ഞങ്ങള്. ഇക്ക ക്ലബ്ബിന്‍റെ പ്രവര്‍ത്തനങ്ങളിലും പൊതുകാര്യങ്ങളിലുമെല്ലാം മുന്‍പന്തിയില്‍ നിന്നിരുന്ന ആളായിരുന്നുവെന്ന് എന്‍റെ അച്ഛന്‍ പറഞ്ഞ് ഞാന്‍ കേട്ടിട്ട്ണ്ട്”അശ്വിന്‍ പറഞ്ഞു.

“അതൊക്കെ ഒര് കാലായിര്ന്ന്‍ മക്കളേ, നാട്ടില് എന്ത് കാര്യണ്ടായാലും ഒര് മരണം നടന്നാലും ഒര് കല്യാണംണ്ടേലും സമരം ചെയ്യാനാണേലും സംഭാവന പിരിക്കാനായാലും ഞാനും രാജനുമൊക്കെ മുന്പീ തന്നെയ്ണ്ടായിര്ന്ന്‍. പിന്നെ ഗള്‍ഫീ പോയപ്പോ അതൊക്കെയങ്ങ് നിന്ന്‍.

“ഇക്ക പാര്‍ട്ടീലും പ്രവര്‍ത്തിച്ചിട്ട്ണ്ടായിര്ന്ന്‍ അല്ലേ” മറ്റൊരു പയ്യന്‍ ചോദിച്ചു.

“ഉണ്ടായിര്ന്നോന്നാ MRP പാര്‍ട്ടിക്കുമ്മേണ്ടി എത്ര അടീം ചവുട്ടും ഞാന്‍ കൊണ്ടിട്ട്ണ്ട്. പാര്‍ട്ടി ഇപ്പളും അന്‍റെയിതാ ഇബ്ടതന്നേണ്ട്”നെഞ്ചില്‍ കൈവച്ചുകൊണ്ട് ഷുക്കൂര്‍ പറഞ്ഞു. നല്ലൊരു തുക സംഭാവനയായി കൊടുത്തുകൊണ്ട് ഷുക്കൂര്‍ തുടര്‍ന്നു.

“സംഭാവന മാത്രല്ല, നാടിന് ഗൊണംണ്ടാവ്ന്ന ഏതൊരു കാര്യത്തിനും ഇങ്ങളെ കൂട ഞാനുംണ്ട്. ഞാനെനി തിരിച്ച് പോന്നില്ല. ഇബ്ട തന്നെയുണ്ടാകും”.

അവര് പോയി കഴിഞ്ഞപ്പോഴാണ് തെക്കേതിലെ ശാരദേടത്തി വന്നത്. ശാരദേടത്തിയുടെ മകന്‍ മണിയനും ഷുക്കൂറും സ്ക്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ഷുക്കൂറിനെ പോലെ മണിയനും ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ്. പക്ഷേ MRP യുടെ നേരെയെതിര്‍ പാര്‍ട്ടി PCM ലാണെന്നു മാത്രം. പാര്‍ട്ടികള്‍ തമ്മിലുള്ള വൈര്യം അവരുടെ സൗഹൃദത്തെയോ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഐക്യത്തെയോ ഒട്ടും ബാധിച്ചിരുന്നില്ല.

ദിവസങ്ങള്‍ വലിയ അല്ലലില്ലാതെ കൊഴിഞ്ഞുപോയി. അതിനിടെ ഉപ്പാന്‍റെ ചായക്കട ചെറുതായൊന്നു പുതുക്കിപണിത് ഷുക്കൂറും സൈനബയും കൂടി ചായകച്ചോടം തുടങ്ങി. ജോലിക്കാരായിട്ട് അവര് രണ്ടുപേരും തന്നെ. ശാരദേടത്തിയും അല്ലറചില്ലറ സഹായങ്ങളെന്തേലും ചെയ്തു കൊടുക്കും. ചായകച്ചോടം തരക്കേടില്ലാതെ പോയികൊണ്ടിരുന്നു. പക്ഷേ തെങ്ങിന്‍തോപ്പില്‍ നിന്ന്‍ പ്രതീക്ഷിച്ച ആദായമൊന്നും കിട്ടിയില്ല. തേങ്ങ പറിക്കാനൊന്നും ആളേം കിട്ടാനില്ല. ചായകച്ചോടത്തോടൊപ്പം ഒരരികിലൂടെ ഷുക്കൂറിന്‍റെ പൊതുപ്രവര്‍ത്തനവും നടന്നിരുന്നു.

ആ ഗ്രാമത്തിലെ നാലേക്കര്‍ പാടം നികത്തി ഫാക്ടറി പണിയാനുള്ള ഒരു പ്രമുഖ വ്യവസായഗ്രൂപ്പിന്‍റെ സംരംഭത്തിനെതിരെ ഷുക്കൂറിന്‍റെ നേതൃത്വത്തില്‍ യുവജനക്ലബ്ബ് പ്രവര്‍ത്തകര്‍ സമരം തുടങ്ങി. ആ സമരത്തില്‍ നിന്ന്‍ പിന്മാറാന്‍ പലേ ഭാഗങ്ങളില്‍ നിന്നും ഷുക്കൂറിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. MRP പാര്‍ട്ടിയിലെ ഉന്നതരും ഷുക്കൂറിനോട് പറഞ്ഞു. “ആ സമരം അങ്ങ് അവസാനിപ്പിച്ചേക്ക്‌,ആ വ്യവസായഗ്രൂപ്പിന്‍റെ ഉടമ മാമച്ചന്‍ പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാ”പക്ഷേ സമരക്കാര്‍ പിന്മാറിയില്ല. ആ സമരം കൊണ്ട് അവസാനം എന്തുണ്ടായി. ഗുണ്ടകളുടെ ഇരുട്ടടിയേറ്റ് ഷുക്കൂര്‍ അഞ്ചാറു ദിവസം ആശുപത്രിയില്‍ കിടന്നു. നിലം നികത്തപ്പെടാണ്ടുമിരുന്നില്ല. ഫാക്ടറി ഉയരാണ്ടുമിരുന്നില്ല. ആ സംഭവത്തോടെ കെട്ടിയോന്‍റെ നാടുനന്നാക്കല്‍ പ്രവര്‍ത്തനത്തിനോട് സൈനബ വിയോജിപ്പ്‌ പ്രകടിപ്പിച്ചു തുടങ്ങി. “ഇങ്ങക്ക് ബല്ല ആവശ്യണ്ടാര്ന്നോ നാടു നന്നാക്കാന്‍ പോണ്ടെ. ഇങ്ങള് പത്തുമുപ്പതുകൊല്ലം പൊറത്ത് ജീവിച്ചോണ്ടാ മനസ്സിലാബാത്തെ. ഈ നാടാകെ മാറിപ്പോയി. എനിയാര് ബിചാരിച്ചാലും ഇത് നന്നായാന്‍ പോന്നില്ല. ഷുക്കൂര്‍ ഹോസ്പിറ്റലില്‍ കിടക്കുന്ന സമയത്ത് പെണ്മക്കളും അവരുടെ പുതിയാപ്ലമാരും ഷുക്കൂറിനെ കാണാന്‍ വന്നു. അതൊരു നാട്ടുനടപ്പാണല്ലോ. മൂത്ത മരുമോന്‍ അനസ് പറഞ്ഞു. “ഉപ്പാക്ക് ഈന്‍റെല്ലം ബല്ല കാര്യണ്ടോ, മിണ്ടാണ്ട് ആ ദുബായിലെ പണീം നോക്കി അബ്ട തന്നങ്ങ് കയിഞ്ഞാപോരായിര്ന്നാ. ഉള്ളനേരത്ത് നാലുചക്രംണ്ടാക്കാന്‍ നോക്കാണ്ട് നാട് നന്നാക്കാന്‍ നടക്ക്ന്ന്‍”.

ഒരുദിവസം രാത്രി ചായപ്പീടികയില്‍ നിന്ന്‍ എത്തിയപ്പോള്‍ സൈനബ പറഞ്ഞു.

“ദുബായീന്ന്‍ സജാദ് വിളിച്ചിട്ട്ണ്ടായിര്ന്ന്‍”.

“എന്താ വിശേഷിച്ച്” ആകാംക്ഷയോടെ ഷുക്കൂര്‍ ആരാഞ്ഞു.

“ഓനാട ഒര് പെണ്‍കുട്ടിയെ കണ്ടുവെച്ചിട്ട്ണ്ടെന്ന്. ഓന്‍റെ കമ്പനീല് തന്നെ പണിയെട്ക്ക്‌ന്ന കുട്ട്യാ. ഓളെ ഉപ്പയും ഉമ്മയുയെല്ലാം ആട തന്നെയാ. ഉപ്പാക്ക് അബ്ട കച്ചോടാ. ഓര് ബല്യ പൈസക്കാരാന്നാ ഓന്‍ പറഞ്ഞേ”മടിച്ചു മടിച്ചു കൊണ്ട് സൈനബ പറഞ്ഞു.

“ബല്യടത്ത്ന്ന്‍ള്ള ഒര് ബന്ധം ബേണാ സൈനബാ, ഞമ്മക്ക് ഞമ്മടെ കൊക്കിലൊതിങ്ങിയത് ബല്ലതും നോക്കാ. ഇത് ബേണ്ടാന്ന്‍ബെച്ചേക്കാന്‍ യ്യീ ഓനോടൊന്ന്‌ പറ”.

“എനി ബേണ്ടാന്ന്‍ ബെക്കാനൊന്നും പറ്റില്ല. ഓന് വാക്ക്‌ കൊട്ത്ത്ന്നാ പറഞ്ഞേ” സൈനബയുടെ തല കുനിഞ്ഞിരുന്നു.”

“യ്യീ എന്തായീ പറേന്നെ, വാക്ക് കൊട്ത്ത്ന്നാ,അയിന് കെട്ട്ന്ന ചെക്കനല്ലല്ലോ ചെക്കന്‍റെ ഉപ്പേല്ലേ വാക്ക് കൊട്ക്കണ്ടെ” ഷുക്കൂര്‍ അത്ഭുതത്തോടെ ചോദിച്ചു.

“ഞമ്മടെ കാലത്തൊക്കെ അങ്ങന്യാര്ന്ന്‍. ഇപ്പം കാലം മാറീല്ലേ. ഇപ്പത്തെ കുട്ട്യേള്ടെ രീതി ഇങ്ങനാരിക്കും. ഇങ്ങളായിട്ട് ഒന്നിനുമെതിര് പറയണ്ട. ഓന്‍റെ ആശന്താന്ന്‍ ബെച്ചാല്‍ അത്പോലങ്ങ് നടത്തികൊട്ത്തേക്ക്‌”.

പിറ്റേന്ന് ദുബായീന്ന്‍ സജാദ് വിളിച്ചപ്പോള്‍ ഷുക്കൂര്‍ തന്നെയാണ് ഫോണെടുത്തത്.

“ഉപ്പാ, ഞാനിന്നലെ ഉമ്മാന്‍റടുത്ത് ചില കാര്യങ്ങളൊക്കെ പറഞ്ഞിന്,ഉമ്മ പറഞ്ഞില്ലേ”.

“ങ്ഹാ, അയിന് യ്യീയെല്ലാം തീരുമാനിച്ചില്ലേ, എനി ഞാനെന്തഭിപ്രായം പറയ്യാനാ”.

“അയിന് ഉപ്പാന്‍റഭിപ്രായം ഞാന്‍ ചോയിച്ചില്ലല്ലോ, കല്യാണം നടത്താന്‍ ന്‍റെ കയ്യില്‍ ഒരഞ്ചിന്‍റെ പൈസയില്ല. എനീള്ളകാലത്ത് ജോലികൊണ്ട് വല്യമെച്ചോന്നുണ്ടാവൂല. ബിസിനസ്സാ നല്ലത്ന്ന്‍ ഓളെ ഉപ്പ പറഞ്ഞ്. അതുകൊണ്ട് എന്‍റെയിലുള്ളതെല്ലാം പെറുക്കികൂട്ടി ഞാനൊരു കടയ്ക്ക് അഡ്വാന്‍സ് കൊട്ത്തിരിക്കയാ. കല്യാണം നടത്താനുള്ള പൈസ ഉപ്പ തരണം”.

“അന്‍റെയില്‍ ഏട്ന്നാ മോനേ പൈസ, ചായപ്പീടേന്ന്‍ കിട്ട്ന്ന തുച്ഛമായ പൈസ അനക്കും ഇന്‍റെ ഉമ്മാക്കും ജീവിക്കാന്‍ തന്നെ തെകയ്ന്നില്ല. യ്യീ പെണ്ണ്‍കെട്ടാന്‍ സ്വരൂപിച്ച് വെച്ചോട്ടേന്ന്‍ കര്തിയാ ഇന്നോട് ഞാന്‍ പൈസയൊന്നും ചോയിക്കാണ്ടിര്ന്നെ”.

“ആരും പറഞ്ഞില്ലല്ലോ ഉള്ള പണിയും ഇട്ടേച്ച് നാട്ടീ പോയിരിക്കാന്. ഉപ്പ എന്തൊക്കെ പറഞ്ഞാലും ശരി കല്യാണം നടത്താനുള്ള പൈസ ഉപ്പ ശരിയാക്കിതരണം. കല്യാണം വലിങ്ങനെ നടത്തയും വേണം. ഓളെ കുടുംബക്കാരൊക്കെ ബല്യ ആള്ക്കാരാ. ഇത്താത്തമ്മാരുടെ കല്യാണേല്ലോ ഉപ്പെന്നെയല്ലേ നടത്തിയത്. അന്‍റെ കാര്യം വന്നപ്പോ മാത്രയെന്താ മുട്ടാപോക്ക് ന്യായങ്ങള്‍ പറേന്നെ”.

“എന്തൊക്കെ പറഞ്ഞാലും ഇല്ലാത്ത പൈസണ്ടാവ്വോ”.

“എന്നാ ഒര് കാര്യം ചെയ്യ്‌. ഉമ്മാന്‍റെ പേരിലുള്ള ആ തെങ്ങിന്‍തോപ്പങ്ങ് വിക്ക്. അയിന്‍റത്ത്ന്ന്‍ വല്യ ആദായൊന്നും കിട്ട്ന്നൂല്ലല്ലോ. പിന്നെ ബെച്ചോണ്ടിരിന്നിട്ടെന്താ”.

“അത് ഞാന്‍ കൊട്ക്കൂല. അത് ഓക്ക് ഞാന്‍ മേടിച്ചോട്ത്തയാ”.

“ഇങ്ങനത്തെ സെന്‍റിമെന്‍റ്സിനൊന്നും ഇന്നത്തെ കാലത്ത് ഒരു വിലയുമില്ല. ഇങ്ങള് അത് കൊട്ത്ത് കാര്യം നടത്താന്‍ നോക്ക്”. അതും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു.

ഹൃദയം പൊട്ട്ന്ന വേദനയോടെ ഷുക്കൂര്‍ ആ തെങ്ങിന്‍തോപ്പ്‌ വിറ്റു. കല്യാണോക്കെ കെങ്കേമമായി നടന്നു. രണ്ടുദിവസം കൊണ്ട് തന്നെ നവദമ്പതികള്‍ ദുബായിക്ക് മടങ്ങുകയും ചെയ്തു.

വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കാലം നീങ്ങികൊണ്ടിരിക്കേ പെട്ടൊന്നൊരു ദിവസം ആ ഗ്രാമാന്തരീക്ഷത്തിലാകെ ചോരയുടെ മണം പടര്‍ന്നു. MRP പാര്‍ട്ടിപ്രവര്‍ത്തകനായ അഷ്റഫിനെ PCM പാര്‍ട്ടിയില്‍പ്പെട്ട ആരോ വെട്ടിക്കൊന്നു. മണിയന്‍റെ വീട്ടുകാരും തൊട്ടയല്‍പക്കമായ അഷ്റഫിന്‍റെ വീട്ടുകാരും തമ്മില്‍ നേരത്തെതന്നെ അതിര്‍ത്തിതര്‍ക്കം നിലനിന്നിരുന്നു. അഷ്റഫിനെ കൊന്നത് മണിയനാണെന്ന് നുണപ്രചാരണം നടത്തി MRP പാര്‍ട്ടിപ്രവര്‍ത്തകര്‍ മണിയനെയും വെട്ടി. അത് പിന്നെ അങ്ങനെ വേണല്ലോ. ശാരദമ്മേടെ പ്രാര്‍ത്ഥന ദൈവം കേട്ടത് കൊണ്ടായിരിക്കാം മണിയന്‍ മരിച്ചില്ല. ഗുരുതരമായി പരിക്കേറ്റ മണിയന്‍ മൂന്നാഴ്ചയോളം ആശുപത്രിയില്‍ കിടന്നു. വേണ്ടപ്പെട്ടവരാരുമില്ലാതിര്ന്ന ആ അമ്മയ്ക്കും മോനും താങ്ങായും തണലായും ഷുക്കൂറും സൈനബയും കൂടെത്തന്നെയുണ്ടായിരുന്നു. മണിയന് ആശുപത്രിയില്‍ കൂട്ടിരുന്നു ശുശ്രുഷിച്ചതെല്ലാം ഷുക്കൂറായിരുന്നു. അതിനിടെ സംഭവവികാസങ്ങള്‍ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു. ചോരയുടെ ചുവപ്പ് പടര്‍ന്നയാ ഗ്രാമാന്തരീക്ഷത്തില്‍ മതസര്‍പ്പം കൊടുംവിഷം ചീറ്റി. കൊല്ലപ്പെട്ടത് ഒരു മുസല്‍മാന്‍ കൊന്നതോ ഒരു ഹിന്ദു. ഇത്രയും പോരെ. മണിയന്‍റെ കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ഷുക്കൂറും സൈനബയും ചെയ്തുകൊടുക്കുന്നത് ഷുക്കൂറിന്‍റെ പാര്‍ട്ടിയില്‍പ്പെട്ടവര്‍ക്കും ഷുക്കൂറിന്‍റെ മതത്തില്‍പ്പെട്ടവര്‍ക്കും അത്ര പിടിച്ചില്ല.

ഷുക്കൂര്‍ തങ്ങളുടെ പാര്‍ട്ടിയില്‍പ്പെട്ടയാളല്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകനായി അഭിനയിച്ച് പാര്‍ട്ടിരഹസ്യങ്ങള്‍ എതിര്‍പാര്‍ട്ടിക്ക് ചോര്‍ത്തികൊടുക്കാന്‍ വന്ന ചാരനാണെന്നും MRP പാര്‍ട്ടി കമ്മിറ്റി കൂടി കണ്ടെത്തി. ഷുക്കൂര്‍ ഇത്രയുംകാലം പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും വഞ്ചിക്കുകയായിരുന്നെന്നും ആ കമ്മിറ്റി വിലയിരുത്തി. മാത്രമല്ല ഷുക്കൂറിന്‍റെ പാര്‍ട്ടിയിലെ അംഗത്വം റദ്ദാക്കുകയും ചെയ്തു. അതവിടം കൊണ്ടും അവസാനിച്ചില്ല. രോഷാകുലരായ MRP അണികള്‍ ഷുക്കൂറിന്‍റെ ചായക്കട തല്ലിതകര്‍ത്തു.

പിറ്റേന്ന് പള്ളിയില്‍ നിന്നും നിസ്ക്കാരം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഷുക്കൂര്‍. അപ്പോള്‍ പള്ളിയിലെ മുസല്യാര്‍ ഷുക്കൂറിനെ അടുത്ത് വിളിച്ചിട്ട് ചോദിച്ചു.

“അല്ല ഷുക്കൂറേ, യ്യീയ് ഈ ചെയ്യ്‌ന്നതൊക്കെ ശര്യാണെന്ന്‍ തോന്ന്‍ന്ന്‍ണ്ടാ” ഷുക്കൂറിന് ഒന്നും മനസ്സിലായില്ല. അയാള്‍ ചോദ്യഭാവത്തില്‍ മുസല്യാരെ ഒന്നു നോക്കി.

“ഞമ്മളെ കൂട്ടത്തില്‍ പെട്ടൊര്ത്തനെ കൊന്നോനയാ യ്യീ ശുശ്രൂഷിക്കയും സഹായിക്കയും ചെയ്യ്ന്നെ. ഒര് മുസ്ലീം സഹോദരന് മറ്റൊരു മുസ്ലീം സഹോദരനെ കൊന്നോന് എന്നും ശത്രു തന്നെയാ”.

“അല്ല മുസല്യാരേ, നിരപരാധിയായ ഒര്ത്തനെ ക്രൂശിക്കാനും ഒറ്റപ്പെട്ത്താനും ഖുര്‍ആനില്‍ പറഞ്ഞിട്ട്ണ്ടാ” തെല്ലൊരമര്‍ഷത്തോടെ ഷുക്കൂര്‍ ചോദിച്ചു.

“ഇന്നോട് പറഞ്ഞിട്ടൊന്നും കാര്യയില്ല. യ്യീ എനിയും കാഫരീങ്ങള്ടെ തോളീ കയ്യിട്ട് നടക്കയാണേല് ഇന്‍റെ ഒര് കാര്യത്തിനും ഇന്നാട്ടിലെ ഒര് മുസല്‍മാനും സഹകരിക്കില്ല. ഇത്ഞമ്മള്‍ മുസ്ലീം സഹോദരങ്ങള്‍ ഒറ്റക്കെട്ടായി എട്ത്ത തീര്മാനാ. ഈ നാട്ടില് ഞമ്മളെ കൂട്ടരാ കൂട്തല് ഉള്ളേന്ന്‍ ഇനിക്കറിയ്യാലോ”.

അങ്ങനെ സംഘര്‍ഷഭരിതമായ സംഭവങ്ങളിലൂടെ ഷുക്കൂര്‍ പോയി കൊണ്ടിരിക്കുമ്പോഴാണ് ഒരുദിവസം രണ്ടാമത്തെ മകള്‍ റസിയ മുഖം വീര്‍പ്പിച്ച്, കണ്ണീരു പൊഴിച്ച്, മൂക്ക് പിഴിഞ്ഞ് വീട്ടിലേക്ക് കയറി വന്നത്.

“എന്താ മോളെ, ന്താ പറ്റ്യേ ന്‍റെ കുട്ടിക്ക്” പിതൃസഹജമായ വേവലാതിയോടെ ഷുക്കൂര്‍ ആരാഞ്ഞു.

“ന്‍റെ വീട് പണി നടക്ക്ന്ന കാര്യോം ഉപ്പാക്ക് അറിയ്യാലോ. കാശില്ലാത്തത്കൊണ്ട് അത് മൊടങ്ങികെടക്ക്‌യാ. എനിയും ഒര് പത്തുലക്ഷം ഉറുപ്പ്യയെങ്കിലുംണ്ടെങ്കിലേ എല്ലാ പണിയും തീര്‍ത്ത് കേറിപാര്‍ക്കാനൊക്കൂ. മാത്രല്ല വീട്പണിക്ക് ന്‍റെ വീട്ടീന്ന്‍ പൈസയൊന്നും തന്നില്ലാന്ന്‍ പറഞ്ഞ് അമ്മായിയമ്മ അനക്ക് ഇരിക്കപൊറുതി തരുന്നില്ല.

“അയിന് 4500സ്ക്വ. ഫീറ്റ് പൊരേന്‍റെല്ലം ആവശ്യണ്ടായിര്ന്നാ. ഈയ്യും കെട്ടിയോനും മോനും മാത്രല്ലേയുള്ളൂ”

“ഉപ്പ എന്ത് വര്‍ത്താനാ ഇപ്പറേന്നെ. ഇക്കാടെ കൂട്ട്കാര്ടെ വീടെല്ലാം 6000 ഉം 7000 ഉം സ്ക്വ. ഫീറ്റാ ഞങ്ങടെ വീടാ ഏറ്റം ചെറ്ത്”

“ആട്ടെ ഇതിപ്പോ അന്നോട് പറഞ്ഞിട്ടെന്താ”.

“ഞാന്‍ പിന്നെ ആരോട് പറേന്ന്‍. ഒരഞ്ചുലക്ഷം ഉറുപ്പ്യയെങ്കിലും ഉപ്പ ശരിയാക്കി തരണം. പൈസ വാങ്ങാനാ ന്‍റെ അമ്മായിയമ്മയും കെട്ടിയോനും എന്നെ ഇങ്ങട്ട് വിട്ടത്. പൈസയില്ലാണ്ട് തിരിച്ച് പോണ്ടാന്നാ പറഞ്ഞെ”.

“അഞ്ചുലക്ഷം പോയിട്ട് ഒരഞ്ച്റുപ്പ്യവരെ അന്‍റെ കയ്യില്ല്ല്ല. ആകെയുള്ള വരുമാനമാര്‍ഗ്ഗമായിരുന്നു ആ ചായക്കട. അതും പാര്‍ട്ടിക്കാര് തല്ലിതകര്‍ത്ത്”

“അനക്കെന്തായാലും പൈസ കിട്ടിയേ പറ്റൂ. പൈസയില്ലാണ്ട് ഞാനിബിട്ന്ന്‍ പോയാല്‍ നാളെ ഞാന്‍ സ്റ്റൌ പൊട്ടിതെറിച്ചോ കെണറ്റില്‍ വീണോ മരിച്ചെന്ന വാര്‍ത്തയായിരിക്കും ഉപ്പ കേക്ക്ക.” പറഞ്ഞുതീര്‍ന്നതും അവള്‍ ഏങ്ങലടിച്ച് കരയാന്‍തുടങ്ങി.

“യ്യീ ബേജാറാവാണ്ടിരി റസിയാ, പാര്‍ട്ടിക്കാര് തച്ച് തകര്‍ത്ത ചായപീട്യയൊന്ന്‍ നന്നാക്കിയെട്ക്കണേല് അയിന്‍റെ മേലെ നല്ലൊരു പൈസ എറക്കണം. അയിനും മേണ്ടീട്ട് ഈ പറമ്പിന്‍റെ പൊറകീന്ന്‍ ഒരഞ്ച് സെന്‍റ് കൊട്ത്താലോന്ന്‍ ഞാന്‍ ആലോചിക്കയാ. സ്ഥലം കച്ചോടാവാണേല്‍‍ ഒര് രണ്ട് ലക്ഷം ഉറുപ്പ്യ ഞാന്‍ ശരിയാക്കിതരാ. ബാക്കി ഇന്‍റെ കെട്ടിയോനോട്‌ വേറെ ഏട്ന്നേലും കിട്ട്വോന്ന്‍ നോക്കാമ്പറ”

“ഉപ്പ ഒര് കാര്യം ചെയ്യ്‌, ന്തായാലും സ്ഥലം കൊട്ക്കാന് തീരുമാനിച്ചതല്ലേ. ഒര് പത്ത്സെന്‍റങ്ങ് കൊട്ക്ക്‌. അപ്പം അനക്ക് അഞ്ച് ലക്ഷം തെകച്ച് തരാലോ. പത്ത്സെന്‍റ് പോയാലും ബാക്കി ഇരുപത് സെന്‍റില്ലേ”.

“ഞാനെന്‍റെ ബാക്കീള്ള മക്കളോടൊക്കെ ഒന്ന്‍ ചോയിക്കട്ടെ. ഒര് കാര്യം ചെയ്യുമ്പോള്‍ എല്ലാരോടും ചോയിക്ക്ന്നതല്ലേ അയിന്‍റെ ഒര് മര്യാദ”.

പിറ്റേന്ന് തന്നെ മൂത്തമോളെ വിളിച്ച് സ്ഥലം വില്‍ക്കുന്ന കാര്യം പറഞ്ഞു.

“ഉപ്പാ, അനക്കും പൈസക്ക്‌ ഭയങ്കര ടൈറ്റ്ള്ള സമയാ. ഉപ്പ സ്ഥലം കൊട്ക്കയാണേല്‍ ഒര് മൂന്നു ലക്ഷം ഉറുപ്പ്യ അനക്കും ശരിയാക്കിതാ. ഇക്ക ഒര് സ്ഥലം കരാറാക്കീട്ട് തീറ് എട്ക്കാന്‍ പൈസയില്ലാണ്ട് നെട്ടോട്ടോട്യ്യാ.”

ഇളയവള്‍ക്ക് ചെറിയ കാറ് മാറ്റി വലിയ കാറ് വാങ്ങണം. അവള്‍ക്കും വേണം പണം. ദുബായിലേക്ക് വിളിച്ച് സജാദിനോട്‌ കാര്യങ്ങളൊക്കെ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു.

“അനക്കും പൈസക്ക്‌ ആവശ്യണ്ട്. ഞാനൊരു പുതിയ ബിസിനസ്സ് തൊടങ്ങീട്ട് ഇന്‍വസ്റ്റ് ചെയ്യാന്‍ പൈസയില്ലാണ്ട് പെട്ടിരിക്ക്യാ. ഉപ്പ ഒര് കാര്യം ചെയ്യ്‌. വീടും ചുറ്റുയുള്ള നാലുസെന്‍റ് സ്ഥലവും ഒഴിച്ച് ബാക്കിയൊക്കെ അങ്ങ് കൊട്ത്തേക്ക്‌. അപ്പോ എല്ലാര്ടെ ആവശ്യങ്ങളും നടക്കുയല്ലോ.”

ഫോണ്‍ വെച്ചപ്പോള്‍ ഷുക്കൂറിന് ആശ്വാസമാണ് തോന്നിയത്. പാര്‍ത്തുകൊണ്ടിരിക്കുന്ന പൊര വിറ്റിട്ട് റോട്ടീ പോയീ കെടന്നോളീ എന്ന്‍ പറഞ്ഞില്ലല്ലോ. അതു മഹാ ഭാഗ്യം. ഒരു പ്രായം കഴിഞ്ഞാല്‍ മക്കളെ അനുസരിച്ച് ജീവിക്കുന്നതാ നല്ലതെന്ന്‍ ഷുക്കൂറിന് തോന്നി. രോഗം വന്ന്‍ വീണ് എണീറ്റുനടക്കാന്‍ പറ്റാണ്ടായാല്‍ ആശുപത്രിയില്‍ കൊണ്ടുപോണേല്‍ അവരെ തന്നെ വിളിക്കണല്ലോ. ഷുക്കൂര്‍ മക്കള് പറഞ്ഞപോലെ വീടും നാലുസെന്‍റ് സ്ഥലവും ഒഴികെ ബാക്കി സ്ഥലം വിറ്റ് മക്കളോരോരുത്തരും ചോദിച്ച കാശെല്ലാം കൊടുത്തു തീര്‍ത്ത് ബാക്കിവന്ന നക്കാപ്പിച്ച പൈസ കൊണ്ട് ചായക്കട ആവും വിധം നന്നാക്കിയെടുത്ത് കച്ചോടം പുനരാരംഭിച്ചു. ദിവസങ്ങള്‍ ആഴ്ചകളായി ആഴ്ചകള്‍ മാസങ്ങളായി. ചായക്കടയിലെ കച്ചോടം ഓരോ ദിവസം കഴിയുന്തോറും കുറഞ്ഞു കുറഞ്ഞു വരികയാണ്. മുസ്ലീം സഹോദരന്മാര്‍ ഒറ്റകെട്ടായി എടുത്ത തീരുമാനം നടപ്പിലാക്കി തുടങ്ങിയെന്ന്‍ ഷുക്കൂറിന് തോന്നി. ഒരൊറ്റ മുസല്‍മാനും കടയില്‍ കയറുന്നില്ല. കച്ചോടം ഇനി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നവസ്ഥയായി.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ്, ഒര് രാത്രീല്, ഗദ്ഗദത്തോടെ ഷുക്കൂര്‍ സൈനബാനോട്‌ പറഞ്ഞു.

“സൈനബാ, ഞാന്‍ ദുബെയിലേക്ക് തന്നെ തിരിച്ച് പോയ്യാ. ഞാനാദിക്ക്‌ പണീട്ത്ത കമ്പനീലെ അര്‍ബ്ബാബ് വിസയും ടിക്കറ്റും അയച്ചേരാന്ന്‍ പറഞ്ഞിട്ട്ണ്ട്. അയിന്‍റെ പൈസ മെല്ലെനെ നയിച്ച് ബീട്ടിയാ മതി. ഒരൊറ്റ ആശയേ അനക്ക് എനീള്ളൂ. മരിക്ക്‌ന്നത് ഈ പെറ്റനാടിന്‍റെ നെഞ്ചില്‍ കെടന്നോണ്ടാകണം. ആ സമയത്ത് യ്യീയ്യും അന്‍റട്ത്ത്ണ്ടാകണം. ആ ആശേങ്കിലും പടച്ചോന്‍ നടത്തിതന്നാ മതിയായിര്ന്ന്. എല്ലാം നിറകണ്ണുകളോടെ കേട്ടിരിക്കാനേ സൈനബയ്ക്കായുള്ളൂ”.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English