പ്രവാസം

pravasamഇരുട്ടില്‍‍ നിന്നും അയാള്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റത് ആരുടെയോ വിളീ കേട്ടായിരുന്നു. ഒച്ചയും അനക്കും ഒന്നുമില്ലായിരുന്ന ആ ഇടനാഴിയില്‍ ഇരുട്ടിന്റെ മറ പറ്റി ആരോ…… ഒരു നിഴല്‍ പോലെ അയാള്‍ കണ്ടു.

”ആരാത്? ” അയാള്‍ വിറക്കുന്ന ഒച്ചയില്‍ ചോദിച്ചു.

പെട്ടന്ന് ആ നിഴല്‍ ഒന്നനങ്ങി. പിന്നെ കുപ്പായത്തില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ടോര്‍ച്ചെടുത്ത് അയാളുടെ നേരെ തെളിച്ചു. പ്രകാശം കണ്ണുകളിലേക്കു വന്നു വീണപ്പോള്‍ ഇരു കൈകളൂം കൊണ്ട് കണ്ണുകള്‍ മൂടി അയാള്‍ പേടിച്ചരണ്ട കുട്ടിയേപ്പോലെ നിലവിളിച്ചു കൊണ്ടു പറഞ്ഞു.

”ആ വെളിച്ചം ഒന്നു കെടുത്തു എനിക്കു പേടിയാകുന്നു” ആദ്യം വന്ന നാളുകളില്‍ അയാള്‍ക്ക് ഇരുട്ടു പേടിയായിരുന്നു. അന്ധകാരത്തിന്റെ കരിമ്പടം പുതച്ച ആ കാരാഗൃഹത്തില്‍ യുദ്ധതടവുകാരനായി വന്നിട്ട് ഇരുപത് വര്‍ഷത്തിലേറെയായി. സ്വന്തം രാജ്യത്തിനു വേണ്ടി ഒരായുധമേന്തുകയോ ഒരു പട്ടാളക്കാരന്റെ കുപ്പായമിടുകയോ ചെയ്യാത്ത ഞാന്‍ എങ്ങെനെ ഒരു യുദ്ധ തടവുകാരനായി? സ്വന്തം രാജ്യത്തേക്കാള്‍ ഈ ദേശത്തെ ആയിരുന്നു അയാള്‍ കൂടുതല്‍ സ്നേഹിച്ചത്. പ്രവാസിയായി ഇവിടെ വന്നിട്ട് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു. ഇവിടുത്തെ മനുഷ്യരും മണ്ണിന്റെ മണവും കാറ്റിന്റെ കുളിരും എല്ലാം…. ഞാന്‍ ചെയ്ത തെറ്റ് എന്താണ്? ഈ രാജ്യത്തേയും ഇവിടെയുള്ള മനുഷ്യരെയും സ്നേഹിച്ചതാണോ?

”നിങ്ങളുടെ ശിക്ഷ നാളെ തീരുകയാണ്” ആ മനുഷ്യന്‍ വെളിച്ചം കെടുത്തി. കാരാഗൃഹത്തിന്റെ ഉള്ളിലേക്ക് തല ചെരിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

”നിങ്ങള്‍ക്ക് സ്വന്തം രാജ്യത്തിലേക്കു മടങ്ങിപ്പോകാം”

പിന്നെ ആ മനുഷ്യന്റെ ബൂട്സിന്റെ ഒച്ച ഇടനാഴിയും കടന്ന് അകന്നകന്ന് പോയി. കാരാഗൃഹത്തിന്റെ കവാടം കാലങ്ങള്‍ക്കു ശേഷം തുറക്കപ്പെട്ടു. വെളിച്ചത്തിലേക്കയാള്‍ കാലെടുത്തു വച്ചു. പെട്ടന്ന് ഭയന്നിട്ടെന്നവണ്ണം അയാള്‍ കാല്‍ പിന്‍വലിച്ചു.

”വേഗം നടക്ക് നിങ്ങളെ ഇന്നു തന്നെ അതിര്‍ത്തിയില്‍ കൊണ്ടൂ ചെന്നാക്കേണ്ട കടമ എന്റേതാണ്” പാറാവുകാരന് പറഞ്ഞു.

പ്രധാന കവാടത്തിലെത്തിയപ്പോള്‍ അയാളുടെ കൈകളില്‍ ഒരു ഭാണ്ഡക്കെട്ട് പാറാവുകാരന്‍ ഏല്പ്പിച്ചു പറഞ്ഞു.

”ഇതൊക്കെ നിങ്ങളുടേതാ” ആ ഭാണ്ഡക്കെട്ട് നെഞ്ചോട് ചേര്‍ത്തപ്പോള്‍ മറന്നു പോയ പലതും അയാളുടെ ഓര്‍മ്മയിലേക്കു ഇറങ്ങി വന്നു.

”എനിക്കെന്റെ മുഖം ഒന്നു കാണണം”

”ദാ അവിടെ” പാറാവുകാരന്‍ ചൂണ്ടിക്കാട്ടിയ ഇടത്തേക്ക് അയാള്‍ ചെന്നു. കണ്ണാടിയിലേക്ക് മുഖം ഉയര്‍ത്തി.

”അയ്യോ ഇതു ഞാനല്ല” എന്ന നിലവിളിയോടെ മുഖം പൊത്തിക്കൊണ്ട് കൈയിലെ ഭാണ്ഡക്കെട്ട് നെഞ്ചോടു ചേര്‍ത്തവിടെ ഒരു കോണിലിരുന്ന് വാവിട്ടു കരഞ്ഞു. അയാളുടേ കണ്ണുകള്‍ കുഴിയിലാണ്ട് ചോര നഷ്ടപ്പെട്ടിരുന്നു. നീണ്ടു വളര്‍ന്ന ജട പിടിച്ച മുടി. എല്ലുകള്‍ മാത്രം തള്ളി നില്ക്കുന്ന മുഖം, ശുഷ്ക്കിച്ച ശരീരം.

പട്ടാള ട്രക്ക് കുന്നുകളും താഴ്വരകളും കടന്ന് അതിര്‍ത്തിയെ ലക്ഷ്യം വെച്ച് നീങ്ങി. അപ്പോള്‍ ആ വഴിയില്‍ പലതും അയാളുടെ ഓര്‍മ്മകളിലേക്ക് ഒഴുകിയിറങ്ങി.

അന്ന് അതിര്‍ത്തികളില്‍ വിലക്കുകള്‍ ഇല്ലായിരുന്നു. ഇരു രാജ്യങ്ങളിലേയും പട്ടാളക്കാര്‍ ഒന്നിച്ച് ഈദും ഹോളിയും ക്രിസ്തുമസും ജന്മദിനങ്ങളും ആഘോഷിച്ചിരുന്ന നാളുകള്‍. അതിര്‍ത്തി കടന്നു പോകുമ്പോള്‍ പട്ടാളക്കാര്‍ ഓര്‍മ്മിപ്പിക്കും തിരികെ വരുവാന്‍ മറക്കരുത്. എല്ലാവരോടും യാത്ര പറഞ്ഞ് സ്വന്തം നാട്ടിലേക്കുള്ള യാത്രയില്‍ എല്ലാം തിരിഞ്ഞു മറിഞ്ഞു. യുദ്ധ വിമാനങ്ങള്‍ ചീറിപ്പാഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലും ബോംബുകള്‍ വര്‍ഷിച്ചു. മലമടക്കുകളില്‍ പീരങ്കികളുടെ ഗര്‍ജ്ജനം. എല്ലാം അവസാനിച്ചു . അയാളുടെ പ്രിയ പത്നി ……ജനിച്ചു വീണ സ്വന്തം കുഞ്ഞിനെ ഒന്നു കാണാന്‍ കഴിയാത്ത നിര്‍ഭാഗ്യവാനായ ഒരച്ഛന്‍. കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര്‍ അടര്‍ന്ന് വീണു.
ട്രക്ക് പട്ടാള ബാരിക്കേടുകള്‍ കടന്ന് അതിര്‍ത്തിയിലേക്കു കുതിച്ചു കയറുമ്പോള്‍ പാറാവുകാരന്‍ പറഞ്ഞു.

” ഇവിടെ നിന്നും നിങ്ങളുടെ രാജ്യത്തിലെ എല്ലാ ദിക്കുകളിലേക്കും വണ്ടി കിട്ടും”

ട്രക്ക് പൊടി പടര്‍ത്തി ഒരൊച്ചയോടെ നിന്നു. പാറാവുകാരന്‍ അയാളെ കൈപിടിച്ച് മെല്ലെയിറക്കി യാത്ര പറയുമ്പോള്‍ ആ മനുഷ്യന്‍ അയാളെ ആശ്ലേഷിച്ചു. പിന്നെ മെല്ലെ കൈ ഉയര്‍ത്തി പറഞ്ഞു.

” ഭായി കദാഫിസ് അള്ള നിങ്ങളെ അനുഗ്രഹിക്കട്ടെ”

അതിര്‍ത്തിയില്‍ നിന്നും അയാള്‍ യാത്ര തുടര്‍ന്നു കൊണ്ടേയിരുന്നു. അയാള്‍ നഗരത്തില്‍ എത്തിയപ്പോള്‍ സന്ധ്യയോടടുത്തിരുന്നു. നഗരകവാടങ്ങള്‍ തകര്‍ന്നു കിടന്നിരുന്നു. വീടുകളൂം പള്ളീകളൂം ക്ഷേത്രങ്ങളും എല്ലാം ഒരു കല്‍കൂമ്പാരമായി കിടക്കുന്നു. ഈ നഗരത്തിനെന്തു പറ്റി? ഇവിടെ മനുഷ്യരൊന്നുമില്ലേ? തകര്‍ന്നടിഞ്ഞ നഗരത്തിലൂടെ അയാള്‍ നടന്നു. തന്റെ പ്രിയ പത്നിയേയും മകളേയും അന്വേഷിച്ച്. പക്ഷെ എല്ലാ വഴികളും അയാളുടെ ഓര്‍മ്മകളില്‍ നിന്നും മാറ്റപ്പെട്ടതു പോലെ തോന്നി. ഞാന്‍ എവിടെയാണ്?…….ആകാശത്തിലേക്കു കൈ മലര്‍ത്തി ദൈവത്തോടായി അയാള്‍ ചോദിച്ചു. അയാളുടെ നിലവിളീ നഗരത്തിന്റെ ബാക്കി അങ്ങിങ്ങായി ഉയര്‍ന്നു നിന്നിരുന്ന കൊത്തളങ്ങളെ പിടിച്ചുലച്ചു. അതും ഒരൊച്ചയോടെ നിലം പതിച്ചു. അതിലെവിടെയോ അയാള്‍………. ആകാശത്തിലേക്കു ധൂളി ഉയര്‍ന്നു ആകാശത്തിന്റെ കിളിവാതില്‍ തുറന്ന് ദൈവം, അയാളെ ഒന്നു നോക്കി. പിന്നെ ആ വാതില്‍ വലിയ ഒച്ചയില്‍ അടഞ്ഞു. ആ അടഞ്ഞ വാതിലിനപ്പുറം ദൈവത്തിന്റെ കരച്ചില്‍ അയാള്‍ കേട്ടു. വെളിച്ചമൊന്നും കടന്നു ചെല്ലാത്ത ആ കല്‍ക്കൂമ്പാരത്തിനടിയിലെവിടെയോ അയാള്‍ ഇന്നും ജീവിക്കുന്നു …തനിച്ച് ഒരു പ്രവാസിയേപ്പോലെ………

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English