പനങ്കാവിലെ കാഞ്ഞിരത്തോടു ചേര്‍ന്നുള്ള ഓലപ്പുരയില്‍ അപ്പുമണിസ്വാമികള്‍ മൂന്നുനാള്‍ മൗനവൃതത്തിലായിരുന്നു. ജലപാനംപോലുമില്ലാതെ ആരുടെ ചോദ്യങ്ങള്‍ക്കും മറുപടിയില്ലാതെ എന്നാല്‍ എല്ലാത്തിനും മറുപടിയായി അപ്പുമണി സ്വാമികള്‍ മുനകൂര്‍ത്തമൗനത്തില്‍ തറഞ്ഞികിടന്നു.
മൂന്നാം നാള്‍ അഭിജിത് മുഹൂര്‍ത്തത്തില്‍ അപ്പുമണിസ്വാമികള്‍ മൗനംവെടിഞ്ഞു.
“ഗായത്രികരകവിയും, ആനപ്പാറമുങ്ങും, ഒറ്റയ്ക്കുന്നവര്‍ ഒരുമിച്ചുപോകും.”
അപ്പുമണിസ്വാമികളുടെ ആദ്യത്തെ പ്രവചനം. കേട്ടവര്‍ക്ക് ഒന്നും മനസ്സിലായില്ല. ഗായത്രിപ്പുഴയുടെ നടുക്കുള്ള ആനപ്പാറ ഒരു കാലത്തും മുങ്ങിയിട്ടില്ല. പുഴ, പാലം കവിഞ്ഞൊഴുകിയപ്പോഴും ആനപ്പാറയുടെ കഴുത്തുവരെ മാത്രമേ വെള്ളം കയറിയിട്ടുള്ളും. അറുപതുകളിലെ വെള്ളപ്പൊക്കത്തില്‍പോലും ആനപ്പാറ മുങ്ങിയതായി കേട്ടുകേള്വിയില്ല. അതുമല്ല, ഈ വേനലില്‍ നീരൊഴുക്കുനിലച്ച പുഴ എങ്ങനെ കരകവിയും?
പക്ഷേ, അതു സംഭവിച്ചു. തമിഴ്നാട്ടിലെ വൃഷ്ടി പ്രദേശങ്ങളില്‍ കാലം തെറ്റിയെത്തിയ പേമാരി ഗായത്രിപ്പുഴയെ കരകവിയിച്ചു. പാലത്തെ വിഴുങ്ങിയ മലവെള്ളം പതുക്കെപ്പതുക്കെ ആനപ്പാറയേയും അകത്താക്കി. അരനാഴികനേരത്തേക്ക് ആനപ്പാറ വെള്ളത്തിനടിയില്‍ കിടന്നു. നാട്ടുകാര്‍ക്ക് അത് ആദ്യത്തെ അനുഭവമായിരുന്നു.
വേനലിലെ വിസ്മയമായി മാറിയ വെള്ളപ്പൊക്കം നൂറുകണക്കിനാളുകളുടെ ജീവനെടുത്തു.
ഒരു കുടുംബത്തിലെ മൂന്നും നാലും അംഗങ്ങള്‍ ഒരുമിച്ച് മരണത്തിനിരയായി. ഒറ്റയ്ക്കുന്നവര്‍ ഒരുമിച്ചുപോകുമെന്ന പ്രവചനത്തിന് അടിവരയിടുന്നതായിരുന്നു പുഴയോരത്തെ കൂട്ടമരണങ്ങള്‍.
മൂന്നാം നാള്‍ ഗായത്രിപ്പുഴ പൂര്‍വ്വസ്ഥിതിയിലേക്കു തിരിച്ചുപോയെങ്കിലും പനങ്കാവിലെ ഓലപ്പുരയിലേക്കു ജനപ്രവാഹം തുടങ്ങുകയായി.
വേലുണ്ണിയുടെ കാണാതായ കറവപ്പശുവിനെ കുഴല്‍മന്ദം ചന്തയില്‍ വില്പനയ്ക്കായി നിര്‍ത്തിയിട്ടുണ്ടെന്നു വെളിച്ചപ്പെടുത്തിയതായിരുന്നു മറ്റൊരു വിസ്മയം. ചന്തപിരിയും മുമ്പ് കുഴല്‍മന്ദത്ത് പാഞ്ഞെത്തിയ വേലുണ്ണിയും കൂട്ടരും മോഷ്ടാക്കളില്‍ നിന്നും പശുവിനെ തിരിച്ചുപിടിച്ചു. പിന്നീട് വര്‍ഷങ്ങളോളം ആശ്രമത്തിലേക്ക് പാല് വേലുണ്ണിയുടെ വീട്ടില്‍നിന്നായിരുന്നു.
ചെല്ലാണ്ടിയുടെ നാടുവിട്ടുപോയ പന്ത്രണ്ടു വയസ്സുകാരന്‍ തെലുങ്കുദേശത്താണെന്നു ചൂണ്ടിക്കാണിച്ചതായിരുന്നു മറ്റൊന്ന്. തിരുപ്പതിക്കടുത്തുള്ള ഒരു ചായക്കടയില്‍ പാത്രം കഴുകിക്കൊണ്ടിരുന്ന പയ്യനെ അന്വേഷണ സംഘം പിടിച്ചപിടിയാലെ നാട്ടിലെത്തിക്കുകയായിരുന്നു.
അപ്പുമണി സ്വാമികളുടെ വാക്കുകള്‍ ഒന്നും പതിരായില്ല. വെള്ളിയാഴ്ചകളിലെ സ്വാമികളുടെ വെളിച്ചപ്പെടുത്തലുകള്‍ക്കായി ആശ്രമത്തിലേക്ക് ആളുകള്‍ മലവെള്ളം പോലെ ഒഴുകിത്തുടങ്ങി. പലദേശങ്ങളില്‍ നിന്നുമെത്തിയവര്‍ കല്പനകല്ക്കു കാതോര്‍ത്ത് ഊഴം കാത്തുനിന്നു.
മൂന്നാലു വര്‍ഷംക്കൊണ്ട് പനങ്കാവിലെ ആശ്രമത്തിന്റെ രൂപവും ഭാവവും മാറി. പനമ്പട്ടമേഞ്ഞ കാഞ്ഞിരമരച്ചുവട്ടിലെ ഒറ്റമുറി ആശ്രമം ഏക്രകളിലേക്കു വ്യാപിച്ചു. അപ്പുമണിസ്വാമികള്‍ പലദേശങ്ങളില്‍ ആരാധകരുള്ള ആള്‍ദൈവമായി.